TopTop
Begin typing your search above and press return to search.

പ്രശാന്ത് ഭൂഷണ്‍ എന്ന നീതി വേട്ടക്കാരന്‍, 'കെണി'യിലായ പരമോന്നത കോടതി

പ്രശാന്ത് ഭൂഷണ്‍ എന്ന നീതി വേട്ടക്കാരന്‍, കെണിയിലായ പരമോന്നത കോടതി


ഇന്നിപ്പോൾ നമ്മൾ സംവദിക്കുന്ന ഓഗസ്റ്റ് 22 ൽ നിന്നും ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും നമ്മൾ സ്വതന്ത്രമായി എന്നു കരുതപ്പെടുന്ന 1947 ലെ അഗസ്റ്റിലേക്ക്‌, പറഞ്ഞും എഴുതിയും നാമേറെ പൊലിപ്പിച്ച അന്നത്തെ, അതെ, ആ 'അർധരാത്രിയിലെ സ്വാതന്ത്ര്യ'ത്തിലേക്ക് ഓടിയെത്താൻ വർഷങ്ങൾ എത്ര പിന്നാക്കം കിടക്കുന്നു. കാലചക്രം ഒരുപാട് തിരിഞ്ഞപ്പോൾ ഒരിക്കൽ കമ്മ്യൂണിസ്റ്റുകൾ സ്വപ്നം കണ്ടതുപോലെ ചെങ്കോട്ടയിൽ ചുവന്ന നക്ഷത്രം ഉദിച്ചില്ലെങ്കിലും കാവി പതാക പാറുന്നുണ്ട്. ഒത്തുതീർപ്പു സ്വാതന്ത്ര്യം എന്നു നെഹ്രുവിനെയും കോൺഗ്രസിനെയും പരിഹസിച്ച കമ്മ്യൂണിസ്റ്റുകൾ കേരളം ഭരിക്കുമ്പോഴും ഒരു താക്കീത് എന്ന പോലെ ഇത്തവണയും ദേശീയ പതാകയ്ക്ക് മുകളിൽ കേരളത്തിൽ കണ്ണൂരിൽ, അതെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നു അവകാശപ്പെടുന്ന കണ്ണൂരിൽ, ഒരു കാവിക്കൊടി പാറി. ആ കൊടി കേവലം ഒരു നിമിത്തമല്ലെന്നു അതിനുമുൻപ്‌ തന്നെ നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യയിൽ നടന്ന ശ്രീരാമ ക്ഷേത്ര ശിലയിടൽ ചടങ്ങിലൂടെ ഏറക്കുറെ വ്യക്തമായ കാര്യം തന്നെയാണ്. അല്ലെങ്കിൽ തന്നെ കോൺഗ്രസ് പാർട്ടി എന്നത് തകർന്നടിഞ്ഞ ഒരു തറവാടും നാഥനില്ലാ കളരിയും ആണെന്ന് തിരിച്ചറിഞ്ഞവർക്കു കുതിരകയറാൻ പോന്നിടം ഇതൊക്കെ തന്നെയാവണമല്ലോ എന്നു ചിന്തിച്ചു വശം കെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു ഇക്കഴിഞ്ഞ ദിവസം നമ്മുടെ പരമോന്നത നീതിപീഠം എന്നറിയപ്പെടുന്ന സുപ്രീം കോടതി മുൻപാകെ പ്രശാന്ത് ഭൂഷൺ എന്ന അഭിഭാഷകൻ മുന്നോട്ടു വെച്ച വെല്ലുവിളി. ആ ചങ്കൂറ്റത്തിന് ഒരുപാട് ഒരുപാട് നന്ദി. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി അവകാശപ്പെടുന്നത് പോലെ ഇന്ത്യയുടെ 130 കോടിയിലേറെ വരുന്ന ജനത ഒപ്പം ഉണ്ടായാലും ഇല്ലെങ്കിലും പൊരുതുന്ന മനുഷ്യ മനസ്സിന്റെ കരുത്തുറ്റ പ്രതീകം തന്നെയായി സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു പ്രശാന്ത് ഭൂഷൺ.

ഫ്രാൻസ് കാഫ്ക എന്ന എഴുത്തുകാരനും അദ്ദേഹത്തിന്റെ കൃതികളും മലയാളികൾക്ക് അപരിചിതമല്ല എന്നതുകൊണ്ടുതന്നെ അവയിലേക്ക് കടക്കുന്നില്ലെങ്കിലും കാഫ്ക വാക്കുകളിലൂടെ ആവർത്തിച്ചു കോറിയിട്ട വിലക്ഷണമായ നീതി നിർവഹണ സംവിധാനത്തെ തോലുരിഞ്ഞു പൊതുജന മധ്യത്തിൽ നിറുത്താൻ പോന്നതായിരുന്നു തനിക്കെതിരെ കോടതി സ്വമേധയാ എടുത്ത കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കോടതി മുൻപാകെ നൽകിയ വിശദീകരണവും നിലപാടും. "ബഹുമാനപ്പെട്ട കോടതിയുടെ വിധി ന്യായം ഞാൻ വായിച്ചു നോക്കി" എന്നു തുടങ്ങി "ഏതു കോടതിയുടെ മഹത്വം ഉയർത്തിപ്പിടിക്കാൻ ഞാൻ പരിശ്രമിച്ചിട്ടുണ്ടോ അതേ കോടതി തന്നെ എന്നെ കോടതി അലക്ഷ്യത്തിനു ശിക്ഷിക്കുന്നതിൽ അതിയായ വേദനയും ദുഖവും രേഖപ്പെടുത്തട്ടെ" എന്ന പതിഞ്ഞ താളത്തിൽ തുടങ്ങി ഒടുവിൽ ഇന്ത്യക്കു സ്വാതന്ത്ര്യം വാങ്ങി തന്നുവെന്നു നമ്മൾ വിശ്വസിക്കുന്ന, ആരുടേയും കരുണ തേടാതെ,അഹിംസയിൽ നിന്നും ഹിംസയിലേക്കു ഒരു വിളിപ്പാടകലം പോലുമില്ലെന്ന് തിരിച്ചറിഞ്ഞ, നമ്മുടെ സ്വന്തം രാഷ്ട്ര പിതാവെന്ന് നമ്മൾ കൊട്ടി ആഘോഷിക്കുന്ന ഗാന്ധിജിയെ കൂടി കൂട്ടുപിടിച്ചു പ്രശാന്ത് ഭൂഷൺ ആലപിച്ചത് വെറും ഒരു 'ഹംസ ഗീതം ' അല്ല.

അദ്ദേഹം തികച്ചും സഭ്യമായ ഭാഷയിൽ പറഞ്ഞതിന് മറ്റൊരു അർഥം കൂടിയുണ്ട്. അത് നമ്മൾ മലയാളികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പോന്ന ചൊല്ലണ്- 'മോന്തായം വളഞ്ഞാൽ അറുപത്തിയേഴും വളയും' എന്നത്. എന്നുവെച്ചാൽ മോന്തായം വളഞ്ഞാൽ കുറ്റം വിധിക്കപ്പെടാൻ ഘടകങ്ങൾ ബാക്കി നിൽക്കുന്നു എന്നു സാരം. ആരൊക്കെ എന്തൊക്കെ കണ്ടുപിടുത്തം നടത്തിയാലും കഴുക്കോൽ ഇല്ലാത്ത മേൽകൂര ഇന്നും സാധ്യമാണോ എന്നറിയില്ല. പറഞ്ഞുവന്നത് കേവലം പ്രയയോഗിക യുക്തിയെക്കുറിച്ചു മാത്രം ആണെന്നതിനാലും ഇവിടെ പരാമർശിച്ച മോന്തായം പരമോന്നത നീതിപീഠം ആണെന്നും തല്ക്കാലം മനസ്സിലാക്കണം എന്നൊരു അഭ്യർത്ഥന കൂടിയുണ്ട് എഴുത്തിന്റെ ഈ ഘട്ടത്തിൽ മുന്നോട്ടു വെക്കുവാൻ
.
ഇല്ലാത്ത ഒരു വീടിനെക്കുറിച്ചു ആലോചിക്കുക ഇന്നിപ്പോൾ വളരെ എളുപ്പമെന്നു കരുതുന്നവരുണ്ടാകും. അങ്ങനെ മസ്സിലുപിടിക്കാൻ വരട്ടെ. ഒരു വീടിന്റെ കെട്ടുറപ്പ് എന്നത് പോലെ പ്രധാനമാണ് ഒരു സമൂഹത്തിന്റെയും അതിനപ്പുറം ഒരു രാഷ്ട്രത്തിന്റെയും. ആ കെട്ടുറപ്പിന് ഊനം തട്ടിയിരിക്കുന്നുവെന്നു തന്നെയാണ് ബഹുമാന്യ കോടതിയെ ഒരാവർത്തി കൂടി പ്രശാന്ത് ഭൂഷൺ ഓർമ്മപ്പെടുത്തിയിരിക്കുന്നത്.
Adv Prashant Bushan Vs the Supreme court of India എന്ന ഈ കേസിന്റെ പ്രാധാന്യവും അതുതന്നെയാണ്. അപ്പോള്‍ മാത്രമേ പ്രശാന്ത് ഭൂഷൺ കോടതി മുൻപാകെ പ്രഖ്യാപിച്ച രാജിയില്ലാത്ത അഥവാ സന്ധിയില്ലാത്ത യുദ്ധത്തിന്റെ അർഥം ബോധ്യമാവുകയുള്ളു. നീതിക്കും ന്യായത്തിനും വേണ്ടിയുള്ള ഇത്തരം യുദ്ധങ്ങൾ അതിന്റെ മുറക്ക് നടക്കുമെങ്കിലും പോരാട്ടങ്ങൾ പരാജയപ്പെടുന്നിടത്തെ ബലികൾക്കുമേൽ അനന്തരാവകാശികൾ ചവുട്ടി മെതിച്ചു നടക്കുന്ന കാഴ്ച തികച്ചും അസഹനീയം തന്നെ. ശ്രീ ബുദ്ധനെയും യേശു ക്രിസ്തുവിനെയുമൊക്കെ പിൻഗാമികൾ എന്നവകാശപ്പെടുന്നവർ എങ്ങനെ സ്ഥാപനവൽക്കരിച്ചുവെന്നും അതിന്റെ ദൂഷിത ഫലങ്ങൾ എന്തെന്നും കൂടി ഒന്നാലോചിച്ചു നോക്കൂ. ഇത് തന്നെയാണ് ഗാന്ധിജിയെ കോൺഗ്രസിൽ നിന്നും അടർത്തി മാറ്റി ബി ജെ പി യും അമിത് ഷായും ചെയ്തുകൊണ്ടിരിക്കുന്നതും.
സത്യത്തിൽ പ്രശാന്ത് ഭൂഷൺ ചെയ്ത, അല്ലെങ്കിൽ ചെയ്തുവെന്ന് നമ്മുടെ പരമോന്നത നീതിപീഠം ആരോപിക്കുന്ന പാതകം എന്താണ്. ദേ, മോന്തായം വളഞ്ഞു എന്നു രണ്ടു ട്വീറ്റുകളിലൂടെ വിളിച്ചുപറഞ്ഞുവെന്നു കോടതി. രാജാവ് നഗ്നനെങ്കിൽ താൻ അതു ചൂണ്ടിക്കാട്ടുക എന്ന ധർമം മാത്രമേ ചെയ്തുള്ളൂവെന്നു പ്രശാന്ത് ഭൂഷൺ. ആര് പറഞ്ഞാലും ഇല്ലെങ്കിലും ഒരു സ്വയം പരിശോധനയിലൂടെ കോടതിക്കും അറിയാവുന്ന ഒരു പരമ സത്യം എന്നത് അടുത്തകാലത്ത് പുറത്തുവന്ന പല വിധി പ്രസ്താവങ്ങളിലൂടെ മാലോകർക്ക് വ്യക്തമായതാണ്. നീതിപീഠം എത്രകണ്ട് കാവി പുതച്ചു തുടങ്ങിയിരിക്കുന്നുവെന്നു ഇതേ നീതിപീഠത്തിലെ 'നിഷ്പക്ഷർ' വ്യക്തമാക്കി കഴിഞ്ഞതുമാണ്. ചത്തതിനെ വീണ്ടും കൊല്ലാൻ പാടില്ലെന്നൊരു ചൊല്ലുണ്ട്. ഇനിയിപ്പോൾ അതിന്റെ പേരിലാണോ ആവോ ഈ വിചിത്ര വിചാരണ നാടകം? വസ്തുതകൾ പരിശോധിക്കുമ്പോൾ അങ്ങനെ ആവാതിരിക്കാനാവില്ലല്ലോ!

അന്യായ കുറ്റം ചുമത്തപ്പെട്ട സോക്രട്ടീസിനെ പോലെ അല്ലെങ്കിൽ യേശു ക്രിസ്തുവിനെ പോലെ ശിക്ഷാവിധി ഏറ്റുവാങ്ങാൻ പ്രശാന്ത് ഭൂഷൺ തയ്യാറായിരുന്നില്ല എന്നിടത്താണ് നമ്മുടെ പരമോന്നത നീതി പീഠം ഒരു വലിയ കെണിയിൽ അകപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ പ്രശാന്ത് ഭൂഷനെപ്പോലെ ഒരു നീതി വേട്ടക്കാരൻ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. അപകടം മണത്ത കേന്ദ്ര സർക്കാരിനെ പ്രതിനിധാനം ചെയ്യുന്ന അറ്റോർണി ജനറൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും കോടതി എടുത്ത മെല്ലെപ്പോക്ക് നയം അഥവാ നിലപാട് വിളിച്ചോതുന്നത് വളഞ്ഞ മോന്തായം ഇനിയങ്ങോട്ട് വളഞ്ഞു തന്നെയേ ഇരിക്കൂ എന്നു കൂടിയാണ്.

മധ്യ കാല ഇംഗ്ലണ്ടിൽ ഉണ്ടായ ഒരു വലിയ കോടതി വ്യവഹാരത്തിലേക്കു ശ്രദ്ധ ക്ഷണിക്കാൻ പോന്ന ഒന്നായി മാറിയിരിക്കുന്നു ഈ കേസും. സ്റ്റുവാർട് രാജ ഭരണത്തിനെതിരെ അതിനു കീഴിലെ നീതിന്യായ കോടതി ഏർപ്പെടുത്തിയ 'സ്റ്റാർ ചേംബർ ' എന്ന പ്രത്യേക വിചാരണ സംവിധാനത്തെ വെല്ലുവിളിച്ച ജോൺ ലിൽബെർണിനെ ഓർമപ്പെടുത്തുന്നു പ്രശാന്ത് ഭൂഷൺ കേസ്. താൻ ഒരു സ്വതന്ത്ര പൗരനാണെന്നു പറഞ്ഞു രാജ ഭരണത്തെ എതിർത്ത ലിൽബെർണിനെ സ്റ്റാർ ചേംബർ അക്കാലത്തെ കനത്ത പിഴ ഒടുക്കാനും ചാട്ടവാർ അടിക്കും വിധേയമാക്കിയെങ്കിലും ഒടുവിൽ സ്റ്റാർ ചേംബർ എന്ന വിചിത്ര വിചാരണ സംവിധാനം ഒഴിവാക്കേണ്ട ഗതികേടിലേക്കു എത്തി എന്നതും ശ്രദ്ധേയമാണ്. സമാനമായ ഒരു അവസ്ഥയിലേക്കാണ് നമ്മുടെ പരമോന്നത നീതിപീഠവും ഇപ്പോൾ എത്തിനിൽക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് അല്ലെങ്കിൽ താൻ ചെയ്തുവെന്ന് നീതിപീഠം സ്വമേധയാ ആരോപിക്കുന്ന കുറ്റത്തിന് തന്നെ ശിക്ഷിക്കൂ എന്ന പ്രശാന്ത് ഭൂഷന്റെ നിലപാട് നീതിപീഠത്തെ എവിടെ വരെ എത്തിക്കും എന്നറിയാൻ ഇനി അടുത്ത തിങ്കളാഴ്ച വരെ കാത്തിരുന്നാൽ മതി. അതിനിടയിൽ പിടിച്ചു നിൽക്കാൻ പ്രശാന്ത് ഭൂഷണ് അനുദിനം വർധിക്കുന്ന പരസ്യ പിന്തുണ കൂടിയുണ്ട്. പിന്തുണ നൽകുന്നവരുടെ കൂട്ടത്തിൽ ന്യായത്തെയും നീതിയെയും കുറിച്ച് മാത്രം ആകുലപ്പെടുന്ന ന്യായാധിപന്മാർ കൂടിയുണ്ടെന്നത് പരമോന്നത നീതിപീഠത്തിന് ഒരു വലിയ വെല്ലുവിളി തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories