TopTop
Begin typing your search above and press return to search.

സമ്പന്നര്‍ സുരക്ഷിത ഇടം തേടി പലായനം ചെയ്യുന്നു, പോക്കിടങ്ങളില്ലാത്ത പാവങ്ങള്‍; 1665-ലെ ലണ്ടന്‍ നഗരം: 'പ്ലേഗ്: ഒരു വാര്‍ഷിക പത്രിക'

സമ്പന്നര്‍ സുരക്ഷിത ഇടം തേടി പലായനം ചെയ്യുന്നു, പോക്കിടങ്ങളില്ലാത്ത പാവങ്ങള്‍; 1665-ലെ ലണ്ടന്‍ നഗരം: പ്ലേഗ്: ഒരു വാര്‍ഷിക പത്രിക

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍ : ആദ്യഭാഗം ഇവിടെ -

ഹോമര്‍, സോഫോക്ലിസ്, ത്യൂസിഡീഡ്‌സ്... കൊറോണ കാലത്ത് മഹാവ്യാധികാല രചനകളിലൂടെ ഒരു സഞ്ചാരം

]

ഭാഗം 2

''London might well be said to be all in tears; the mourners did not go about the streets indeed, for nobody put on black or made a formal dress of mourning for their nearest friends; but the voice of mourners was truly heard in the streets. The shrieks of women and children at the windows and doors of their houses, where their dearest relations were perhaps dying, or just dead, were so frequent to be heard as we passed the streets, that it was enough to pierce the stoutest heart in the world to hear them. Tears and lamentations were seen almost in every house, especially in the first part of the visitation; for towards the latter end men's hearts were hardened, and death was so always before their eyes, that they did not so much concern themselves for the loss of their friends, expecting that themselves should be summoned the next hour.'' (A Journal of the Plague Year-Daniel Defoe)

മഹാമാരികള്‍ പ്രതിഭകളെ തപിപ്പിക്കുക പലതരത്തിലാവും. പലരും വ്യാധികാലം സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധിയിലേക്ക് ഉറ്റുനോക്കുമ്പോള്‍, മറ്റു ചിലര്‍ സാമൂഹികമായ ആഘാതങ്ങളിലേക്കും വേറെ ചിലര്‍ ജൈവികവും ആധിഭൗതികവുമായ തുറവികളിലേക്കും സഞ്ചരിക്കും. ഇതില്‍ നിന്നൊക്കെ ഭിന്നമായ ആലോചനകളും പ്രതിഭകളെ സമ്പന്നമാക്കാം. കാഴ്ചകളെ അവയായി കണ്ടും രേഖപ്പെടുത്തിയും നടത്തുന്ന സര്‍ഗാത്മകമായ ഒരു തരം ഉടമ്പടി. അത്തരം പ്രതിഭയുടെ അന്വേഷണമാണ് 'പ്ലേഗ്: ഒരു വാര്‍ഷിക പത്രിക' (A Journal of the Plague Year). റോബിന്‍സണ്‍ ക്രൂസോ എന്ന വിഖ്യാത പുസ്തകത്തിലൂടെ പ്രസിദ്ധനായ ഡാനിയേല്‍ ഡീഫോ (1660- 1731) എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ രചന. മഹാവ്യാധി സാഹിത്യശാഖയിലെ ശ്രദ്ധേയ സംഭാവനകളിലൊന്ന്.

ജീവനാശത്തേക്കാള്‍ ഒരു വേള തീഷ്ണമാകുക, വ്യാധീകാലം നമ്മളെ മനുഷ്യരാക്കി തീര്‍ക്കുന്ന, മനുഷ്യാവസ്ഥ നിര്‍ണയിക്കുന്ന മൂല്യങ്ങളുടെ മേലെ നടത്തുന്ന സംഹാര കേളികളാവും. നമുക്ക് മോഹകങ്ങളായ പലതിനേയും അത് അപഹരിച്ചെടുക്കും. മനുഷ്യത്വത്തേയും മുമുക്ഷ്വത്വത്തേയും അവിവേകങ്ങളുടെ സഞ്ചികയിലേക്ക് തള്ളും. ജനങ്ങളെ ദുര്‍മന്ത്രവാദികളുടേയും നിമിഷ മോക്ഷ ദാതാക്കളുടേയും ജോത്സ്യന്മാരുടേയും മുന്നിലേക്ക് നയിച്ചുകൊണ്ടുപോകും. പണം കൊടുത്താല്‍ കിട്ടുന്ന പ്രവചനങ്ങള്‍ തേടി നടന്ന് തെരുവുകള്‍ തോറും ആളുകള്‍ ഒച്ച വെയ്ക്കും. കണ്ണുകളടച്ച്, ചെവി പൂട്ടി അവര്‍ നടവഴികളില്‍ നിന്നും തേങ്ങിക്കരയും. ദുരിതങ്ങള്‍ വിളംബരം ചെയ്യുന്ന പഞ്ചാംഗങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തും. ശരീരത്തേയും മനസ്സിനേയും കടയുന്ന മഹാമാരിക്കു മധ്യേ ഉച്ചത്തില്‍, ഭയത്തോടെ പിറുപിറുക്കും, ആക്രേശിക്കും. അഗ്നിവര്‍ഷിച്ച് കടന്നുപോകുന്ന വാല്‍നക്ഷത്രങ്ങള്‍, ശവക്കല്ലറകള്‍ തുറന്നു പുറത്തുവരുന്ന പ്രേതാത്മാക്കള്‍. എല്ലാം അവരെ ആവേശിക്കും. അങ്ങനെയായിരുന്നു 1665-ലെ ലണ്ടന്‍ നഗരവും.

ഡാനിയേല്‍ ഡീഫോ എന്ന അഞ്ചു വയസ്സുകാരന്‍ കണ്ട ആ നഗരം. അരനൂറ്റാണ്ടിനുശേഷം അദ്ദേഹം എഴുതിയ മഹാമാരിയുടെ വാര്‍ഷിക പത്രിക ഇത്തരം പരശതം കാഴ്ചകളെ ചേര്‍ത്ത് വെയ്ക്കുന്നുണ്ട്. പ്ലേഗിന്റെ വരവും പോക്കും കണ്ട ഒരാളുടെ നേര്‍സാക്ഷ്യമാണ് 'പ്ലേഗ് ഒരു വാര്‍ഷിക പത്രിക'. മഹാമാരിയുടെ ഈ കണക്കെടുപ്പ് പുസ്തകത്തെ ചരിത്രമെന്നോ ചരിത്ര നോവലെന്നോ ഫിക്ഷനായി തീരുന്ന നോണ്‍ ഫിക്ഷനെന്നോ നോണ്‍ഫിക്ഷനായി തീരുന്ന ഫിക്ഷനെന്നോ ഒക്കെ വിശേഷിപ്പിക്കാം. ലക്ഷണങ്ങളും ലക്ഷണക്കേടുകളുമുള്ള പുസ്തകം. ഡിവൈന്‍ കോമഡി അടക്കമുള്ള ഒട്ടേറെ ശ്രദ്ധേയ രചനകള്‍ വഴി എഴുത്തു നാള്‍വഴികളില്‍ സ്വന്തം ഇടം കണ്ടെത്തിയാളാണ് ഡീഫോ. എന്നാല്‍ ഡീഫോയുടെ ജീവിതകാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ട പുസ്തകമായിരുന്നില്ല 'പ്ലേഗ്: ഒരു വാര്‍ഷിക പത്രിക'. പ്ലേഗ് പ്രമേയമായ ഒട്ടേറെ പുസ്തകങ്ങള്‍ അക്കാലത്ത് ഇറങ്ങുകയും പലതും നിരവധി പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തെങ്കിലും ഡീഫോയുടെ പുസ്തകം അദ്ദേഹത്തിന്റെ ജീവിത കാലത്ത് ഒരു പകര്‍പ്പിനപ്പുറത്തേക്ക് പോയില്ല.

കാലാനുസൃതം അടുക്കിയ സംഭവവിവരണത്തിന്റെ സ്വഭാവമാണ് പുസ്തകത്തിനുള്ളത്. പ്രത്യേക ശീര്‍ഷകങ്ങളില്ല. അധ്യായത്തിരിവുകളില്ല. തികഞ്ഞ വസ്തുതാകഥനം പോലെയുള്ള ആഖ്യാനം. എച്ച് എഫ് എന്നയാളാണ് ആഖ്യാതാവ്. ഡീഫോയുടെ തന്നെ മാതുലനായ ഹെന്റി ഫോയാണ് അതെന്ന് പില്‍ക്കാലത്ത് വെളിവാക്കപ്പെട്ടു. കിഴക്കന്‍ ലണ്ടനിലെ വൈറ്റ് ചാപ്പല്‍ ജില്ലയില്‍ അത്യാവശ്യം അറ്റകുറ്റപ്പണികളും മറ്റും നടത്തി ഉപജീവനം കഴിച്ചു വന്നയാളായിരുന്നു ഹെന്റി ഫോ. സ്ഥിതിവിവര കണക്കുകളും വസ്തുതകളും പട്ടികകളും സര്‍ക്കാര്‍ കുറിപ്പുകളും മറ്റും ചേര്‍ത്ത് വസ്തുതാകഥനത്തിന്റെ ഉള്‍ത്തലം സൃഷ്ടിക്കാനായി ഡാനിയേല്‍ ഡീഫോ ശ്രമിക്കുന്നുണ്ട്. ചരിത്ര സംഭവങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തല്‍ എന്നാണ് ഈ പുസ്തകത്തെ വാറ്റ്‌സണ്‍ നിക്കോള്‍സണിനെപ്പോലുള്ളവര്‍ വിശേഷിപ്പിച്ചത്. വസ്തുതകളുമായി കണ്ണിചേരാത്ത ഒന്നിനേയും ഡാനിയേല്‍ ഡീഫോ തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തയാറായില്ലെന്നു ചിലര്‍ വാദിക്കുമ്പോള്‍, അതല്ല കഥയെന്ന് പറയുന്നവരും കുറവല്ല.

2.

മരണ ചത്വരങ്ങളിലെ തിരിച്ചറിവുകള്‍

പ്ലേഗ് എവിടെനിന്നാണ് ലണ്ടനില്‍ എത്തിയതെന്ന ചര്‍ച്ചയോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഹോളണ്ടില്‍ നിന്നാണെന്നും അല്ല ഇറ്റലിയില്‍ നിന്നാണെന്നും ടര്‍ക്കിയില്‍ നിന്നാണെന്നുമൊക്കെയുള്ള സൂചനകള്‍ നല്‍കുമ്പോഴും അവസാനം ഹോളണ്ടില്‍ നിന്നുതന്നെയെന്ന തീരുമാനത്തിലേക്ക് എത്തുന്നു. വാര്‍ത്തകളും ഗോസിപ്പുകളും കണ്ടെത്താന്‍ അക്കാലത്ത് പത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്ലേഗ് വിശേഷങ്ങള്‍ വാമൊഴിയായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കൊണ്ടിരുന്നത് അത്ര വേഗത്തിലൊന്നുമായിരുന്നില്ല. മഹാമാരിയെ കുറിച്ചുള്ള അറിവ് ഏവര്‍ക്കും ഉണ്ടായിരുന്നുവെന്നത് വാസ്തവം തന്നെ. നാട് വിട്ട് സുരക്ഷിതമായ ഒരിടത്തേക്ക് പോകേണ്ടതുണ്ടോ എന്ന ചിന്തയിലായി എച്ച്.എഫ്. ഒടുവില്‍ അതു വേണ്ടെന്ന് അദ്ദേഹം ഉറപ്പിക്കുന്നു.

സമ്പന്നരെല്ലാവരും സുരക്ഷിതമായ ഇടം തേടി പലായനം ചെയ്യുന്നത് അദ്ദേഹം കണ്ടു. എന്നാല്‍ പാവപ്പെട്ടവരാകട്ടെ, രോഗം പടര്‍ന്ന ഇടങ്ങളില്‍ തന്നെ ശേഷിച്ചു. അവര്‍ക്ക് പോക്കിടങ്ങളുണ്ടായിരുന്നില്ല. അതിനുള്ള മാര്‍ഗവും ശേഷിയും ഉണ്ടായിരുന്നില്ല. ''There was hardly a horse to be bought or hired in the whole city''; എല്ലായിടങ്ങളും അടയ്ക്കപ്പെട്ടിരുന്നു. ചത്വര കവാടങ്ങള്‍ താഴിടപ്പെട്ടു. ആളുകളൊക്കെ സ്വന്തം ഇടങ്ങളില്‍ കുടങ്ങി. മൂശേട്ടകളെപ്പോലെ പെരുമാറി. വിശേഷിച്ചും സമ്പന്നര്‍. തങ്ങളുടെ ഇച്ഛകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വന്നത് അവരെ വല്ലാതെ ക്ഷുഭിതരാക്കി.

പലവ്യഞ്ജനവും മറ്റും വാങ്ങിക്കാനായി പുറത്തിറങ്ങരുതെന്നുള്ള അധികാരികളുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് സമ്പന്നര്‍ തങ്ങളുടെ സാധുക്കളായ വീട്ടുവേലക്കാരെ സാധനങ്ങള്‍ വാങ്ങാനായി തെരുവിലേക്കിറക്കി. ഇത് വിനാശം വരുത്തുമെന്ന് വിവേകത്തോടെ ചിന്തിക്കാനൊന്നും അവര്‍ക്കായില്ല. ''This necessity of going out of our houses to buy provisions, was in a great measure the ruin of the whole city.'' മാംസം വില്‍ക്കുന്നയാള്‍ അത് മുറിച്ച് നല്‍കില്ല. തൂക്കിയിട്ടിരിക്കുന്നിടത്തു നിന്നും ആവശ്യക്കാര്‍ എടുത്തുകൊണ്ടുപോകണം. പണമാകട്ടെ കടക്കാരന്‍ കൈനീട്ടി വാങ്ങില്ല. വിനാഗിരി നിറച്ച ഒരു ബക്കറ്റില്‍ നാണയങ്ങള്‍ നിക്ഷേപിച്ച് മടങ്ങുകയാണ് ചെയ്യേണ്ടത്. അക്കാലത്തെ അണുനാശനവിദ്യ.

പ്ലേഗ് ബാധയില്‍ ലണ്ടന്‍ നഗരത്തില്‍ അഞ്ചു പേരില്‍ ഒരാള്‍ വെച്ച് മരിച്ചു പോകുന്നുണ്ടായിരുന്നു. തെരുവുകളുടെ അറ്റത്തൊക്കെ ശവശരീരങ്ങള്‍ നിരനിരയായി കിടന്നു. രോഗബാധിതരുടെ വീടുകള്‍ക്കു മുന്നില്‍ അധികാരികള്‍ ഒരടി നീളമുള്ള ചുവന്ന കുരിശ് സ്ഥാപിച്ചു. വളരെ ദൂരെ വച്ചു തന്നെ ആളുകള്‍ത്ത് തിരിച്ചറിയാന്‍ പാകത്തിന്. വാതിലുകളില്‍ പതിപ്പിച്ച കുരിശിനു മേലെ വലിയ അക്ഷരത്തില്‍, 'കര്‍ത്താവേ, ഞങ്ങളുടെ മേലെ കരുണ ചൊരിയേണമേ'യെന്ന് എഴുതി വച്ചിരുന്നു. വീടുകള്‍ക്കു മുന്നില്‍ കാവലും ഏര്‍പ്പെടുത്തിയിരുന്നു.

പ്ലേഗ് എല്ലാവരിലും വല്ലാതെ ഭീതിയും ഉത്കണ്ഠയും നിറച്ചു. ദു:ഖവും വേവലാതികളും എല്ലാ മുഖങ്ങളിലും നിറഞ്ഞു. ആളുകള്‍ വ്യാജ വൈദ്യന്മാരുടേയും ഭാവി പ്രവാചകരുടേയും ജോത്സ്യന്മാരുടേയും നിഗൂഡജ്ഞാനികളുടേയും ഒക്കെ പിന്നാലെ പരക്കം പാഞ്ഞു; അവരില്‍ നിന്നും രക്ഷാവഴികള്‍ ലഭിക്കുമെന്ന പ്രത്യാശയില്‍. ഭയം ജനിപ്പിക്കുന്നതൊന്നും വായിക്കരുതെന്ന് അധികാരികള്‍ തിട്ടൂരം ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ അത്തരം പുസ്തകങ്ങള്‍ തന്നെ തേടി നടന്നു വായിച്ചു. കൂടുതല്‍ ഭയത്തിലാറാടി അവര്‍ ഉന്മത്തരായി.

അതേസമയം നഗരഭരണാധികരികള്‍ വലിയ തിരക്കിലായിരുന്നു. ഉദ്യോഗസ്ഥന്മാര്‍ ചത്വരങ്ങള്‍ തോറും, വീടുകള്‍ തോറും തെരച്ചിലുകള്‍ നടത്തി. രോഗം ബാധിച്ച ആളുകളുടെ വീടുകള്‍ അടച്ചുപൂട്ടി. കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി: "If any person shall have visited any man known to be infected of the plague, or entered willingly into any known infected house, being not allowed: The house wherein he inhabiteth shall be shut up."

ആളുകള്‍ ഒന്നിച്ചുകൂടാനിടയുള്ള എല്ലാ പരിപാടികളും റദ്ദാക്കി. എന്നാല്‍ എച്ച്.എഫ് വീടുകള്‍ അടച്ചു പൂട്ടുന്നതിനും മറ്റും എതിരായിരുന്നു. ഇത് ഗുണത്തേക്കാള്‍ ദോഷം വിളിച്ചുവരുത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. ജനങ്ങള്‍ അധികാരികളില്‍ നിന്നും കാര്യങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഇത്തരം അടച്ചുപൂട്ടലുകള്‍ കാരണമാകുമെന്നും എച്ച്.എഫ് കരുതി.

അത്യസാധാരണമായ വേദനമൂലം സ്വയം ശ്മശാനക്കുഴികളിലേക്ക് എടുത്തെറിയപ്പെടുന്ന രോഗബാധിതര്‍, തെരുവുകള്‍ തോറും വലിയ നിലവിളികളുമായി നടക്കുന്നവര്‍, ആര്‍ത്തന്മാരായ സാധാരണക്കാരുടെ കരുണാര്‍ദ്രമായ പലായനങ്ങള്‍, മക്കളേയും പേറി പായുന്ന ദു:ഖാര്‍ത്തരായ പിതാക്കന്മാര്‍, ഏത് വിധേന കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടൂ എന്നറിയാതെ വിഷമിക്കുന്ന ഗൃഹനാഥന്മാര്‍, വീടും നാടും കൊള്ളയടിച്ച് കിട്ടിയ തക്കത്തില്‍ ധനമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍, ദൈവങ്ങളുടെ പേരില്‍ തട്ടിപ്പു നടത്തുന്നവര്‍... ഇങ്ങനെ തന്റെ മുന്നില്‍ തെളിയുന്നവയുടെ സുദീര്‍ഘകഥനം തന്നെ എച്ച്.എഫ് നടത്തുന്നുണ്ട്.

''It is here, however, to be observ'd, that after the funerals became so many, that people could not toll the bell, mourn, or weep, or wear black for one another, as they did before; no, nor so much as make coffins for those that died; so after a while the fury of the infection appeared to be so increased, that in short, they shut up no houses at all; it seem'd enough that all the remedies of that kind had been used till they were found fruitless, and that the plague spread itself with an irresistible fury, so that, as the fire the succeeding year, spread itself and burnt with such violence, that the citizens in despair, gave over their endeavosur to extinguish it, so in the plague, it came at last to such violence that the people sat still looking at one another, and seem'd quite abandon'd to despair; whole streets seem'd to be desolated, and not to be shut up only, but to be emptied of their inhabitants...''

എന്നാല്‍ എച്ച്.എഫ് കേട്ടുകേള്‍വികളെ അത്രയ്ക്കങ്ങു വകവെച്ചു കൊടുക്കാന്‍ തയാറല്ല. മഹാമാരിക്കാലത്തെ കാരുണ്യത്തിന്റെ കഥകളും സംഭവഗതികളും എച്ച്.എഫ് കാണാതെ പോകുന്നുമില്ല. പാവങ്ങളുടെ ജീവിതാവസ്ഥകള്‍ അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അതേസമയം, ആഖ്യാനങ്ങള്‍ വായനക്കാരെ പലപ്പോഴും വല്ലാതെ വിഷമത്തിലാക്കുന്നുമുണ്ട്. അടിക്കടി അന്യോന്യം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കാര്യങ്ങള്‍ കടന്നുവരുന്നു. നേരത്തെ പറഞ്ഞതിന് കടകവിരുദ്ധമായ കാര്യങ്ങള്‍. വഴിവിട്ടു നടക്കുന്ന, ആവര്‍ത്തിക്കുന്ന, മുഷിപ്പിക്കുന്ന, വല്ലാതെ നീണ്ടു പോകുന്ന ആഖ്യാനങ്ങള്‍ വായനക്കാരെ മടുപ്പിലേക്ക് കൊണ്ടെത്തിക്കുന്നു പോലുമുണ്ട്. ഇത്തരം ഘടനാപരമായ പ്രശ്‌നങ്ങളെ തല്‍ക്കാലം നമുക്ക് വിട്ടുകളയാം.

രോഗം ബാധിച്ച നഗരം വിട്ട് സുരക്ഷിതമായ ഇടത്തിലേക്ക് പോകാതിരുന്നത് തന്റെ വീഴ്ചയായി എച്ച്.എഫ് പോകപ്പോകെ മനസ്സിലാക്കുന്നു. മഹാമാരിയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി എവിടേയ്‌ക്കെങ്കിലും ഓടി രക്ഷപ്പെടല്‍ തന്നെ, അദ്ദേഹം ഉറപ്പിച്ചു. താന്‍ ഈ നഗരത്തില്‍ തന്നെ തുടര്‍ന്നത് വലിയ പിഴയാണ്. ആ പാപത്തിന് അദ്ദേഹം ദൈവത്തോട് മാപ്പിരന്നു. തുടര്‍ന്നുള്ള നാളുകള്‍ അടച്ചു പൂട്ടിയ വീട്ടില്‍ അദ്ദേഹം ചെലവിട്ടു. ശ്വാസംമുട്ട് തോന്നിയപ്പോഴൊക്കെ നഗര ചത്വരങ്ങളിലൂടെയുള്ള വഴികളിലേക്ക് ഇറങ്ങി.

എന്താവും ഈ രോഗത്തിനു കാരണം? പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങളൊക്കെ അദ്ദേഹത്തിന് അത്രയ്ക്കു ബോധ്യം വരാത്തതു പോലെ തോന്നി. മനുഷ്യര്‍ വരുത്തി വെച്ച് തന്നെയാകും ഇത്. പക്ഷെ ദൈവികമായ നിമിത്തവും രോഗബാധയ്ക്കുണ്ടാകണം. എച്ച്.എഫ് ഉറപ്പിച്ചു. രോഗം കാട്ടുതീപോലെ പടരുന്നത് അദ്ദേഹം കണ്ടു. രോഗപ്പകര്‍ച്ച ഭയപ്പെടുത്തിയെങ്കിലും മൃതദേഹങ്ങളൊന്നും വഴിവക്കുകളില്‍ ദീര്‍ഘമായി കിടക്കുന്ന അവസ്ഥയില്ലെന്നും അക്കാര്യത്തില്‍ നഗര അധികാരികള്‍ കാട്ടുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കണ്ടെത്തുന്നു.

സെപ്റ്റംബര്‍ ആയിരുന്നു ഏറ്റവും വിനാശകാരിയായ മാസം. ഏറെ ജീവനകള്‍ ആ മാസത്തില്‍ നഷ്ടമായി. പിന്നെ കാര്യങ്ങള്‍ പതുക്കെ ഭേദമാകാന്‍ തുടങ്ങി. ഇത് മനസ്സിലാക്കിയ ജനങ്ങള്‍ ജാഗ്രത കൈവിടാന്‍ തുടങ്ങിയതോടെ രോഗം വീണ്ടും തലപൊക്കി. പക്ഷെ അതും നീണ്ടുപോയില്ല. രോഗം വരുതിയിലായി. പതുക്കെ അപ്രത്യക്ഷമാവുകയും ചെയ്തു. മനുഷ്യര്‍ ജീവിതത്തിന്റെ സാധാരണ നില വീണ്ടെടുത്തു. പാപം നിറഞ്ഞ വഴികളിലേക്ക് മടങ്ങാതിരിക്കാന്‍ ആ രോഗാനുഭവത്തിന്റെ ആസന്ന ഭൂതകാലം ആളുകളെ പ്രേരിപ്പിച്ചതായി എച്ച്.എഫിന് തോന്നിയില്ല. അവര്‍ തീവ്രോന്മേഷത്തോടെ അത്തരം വഴികളിലേക്ക് വീണ്ടും കടന്നു. പ്ലേഗിന്റെ വിചാരണക്കാലം ജനങ്ങളെ ഒന്നും പഠിപ്പിച്ചില്ല. എച്ച്.എഫ് ഈ തിരിച്ചറിവോടെ സ്വന്തം കാവ്യശകലം ഉദ്ധരിച്ചു കൊണ്ടു ആ വാര്‍ഷിക പത്രിക അവസാനിപ്പിക്കുന്നു.

''I can go no farther here, I should be counted censorious, and perhaps unjust, if I should enter into the unpleasant work of reflecting, whatever cause there was for it, upon the unthankfulness and return of all manner of wickedness among us, which I was so much an eye-witness of my self; I shall conclude the account of this calamitous year therefore with a coarse but sincere stanza of my own, which I plac'd at the end of my ordinary memorandums, the same year they were written:

A dreadful Plague in London was,

In the Year Sixty Five,

Which swept an Hundred Thousand Souls

Away; yet I alive!''

(തുടരും)

അവലംബം

1.A Journal of the Plague Year, Daniel Defoe, Edited by Louis Landa, Oxfrord University Press

2.Contagion Fables Are Really About, Jill Lepore, The Newyorker, March 23, 2020

3.The Pandemic Imagination, Sidhartha Deb, The New Republic Magazine, March 16, 2020


Next Story

Related Stories