TopTop
Begin typing your search above and press return to search.

രതിയും മൃതിയും നന്മതിന്മകളും; പ്ലേഗ് കാലത്ത് ഡെക്കാമറോണ്‍ കഥന ചികിത്സ നടത്തിയ ആശ്ലേഷങ്ങള്‍

രതിയും മൃതിയും നന്മതിന്മകളും; പ്ലേഗ് കാലത്ത് ഡെക്കാമറോണ്‍ കഥന ചികിത്സ നടത്തിയ ആശ്ലേഷങ്ങള്‍

[കൊറോണ കാലത്ത് മഹാവ്യാധികളുടെ ചരിത്രം, എഴുത്തുകള്‍ വായിക്കുമ്പോള്‍ : ആദ്യഭാഗങ്ങള്‍ ഇവിടെ -

ഹോമര്‍, സോഫോക്ലിസ്, ത്യൂസിഡീഡ്‌സ്... കൊറോണ കാലത്ത് മഹാവ്യാധികാല രചനകളിലൂടെ ഒരു സഞ്ചാരം

, (2)

സമ്പന്നര്‍ സുരക്ഷിത ഇടം തേടി പലായനം ചെയ്യുന്നു, പോക്കിടങ്ങളില്ലാത്ത പാവങ്ങള്‍; 1665-ലെ ലണ്ടന്‍ നഗരം: 'പ്ലേഗ്: ഒരു വാര്‍ഷിക പത്രിക'

]

ഭാഗം 3

മനുഷ്യരെ മനുഷ്യര്‍ക്കു മധ്യേ തടവിലിടുന്ന ഇടം എന്ന് നോവലിനെ (Novel as the place where the human being is abandoned to other human beings) ആല്‍ബേര്‍ കമ്യൂ നിര്‍വചിച്ചിട്ടുണ്ട്. ഇത്തരം പ്രതിഭോദ്വീപ്തങ്ങളായ തടവുകള്‍ക്ക് മഹാവ്യാധികള്‍ പശ്ചാത്തലമായി തീരുന്നതും അപൂര്‍വമല്ല. പ്ലേഗ്, കോളറ എന്തിന് ഇക്കാലത്തെ നമ്മുടെ ഉറക്കം കെടുത്തുന്ന കൊറോണ പോലുള്ള മഹാമാരികള്‍ വരെ ഇത്തരത്തില്‍ മനുഷ്യര്‍ തന്നെ തങ്ങളുടെ സഹജാതരായ മനുഷ്യരെ തടവിലിടുന്ന അവസ്ഥയെ പുന:സൃഷ്ടിക്കുന്നതിനുള്ള വസ്തുനിഷ്ട സാഹചര്യങ്ങളെ സൃഷ്ടിച്ചുനല്‍കുന്നതായി കാണാം. നഗര ചത്വരങ്ങളില്‍ പ്ലേഗ് മനുഷ്യരെ എപ്രകാരം തടവിലിടുന്നുവെന്ന ഡീഫോയിലൂടെ കഴിഞ്ഞ ലക്കത്തില്‍ നമ്മള്‍ കണ്ടു. ഇത്തരം തടവുകളുടെ അന്ത:സ്ഥലങ്ങളിലൂടെ പ്രതിഭയുടെ പ്രകാശവര്‍ഷങ്ങള്‍ ചൊരിഞ്ഞ്, മനുഷ്യാവസ്ഥയുടെ നാം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത തുരഗങ്ങളേയും ഗജങ്ങളേയും കാട്ടി തരികയാണ് ഈ ഗണത്തില്‍പ്പെട്ട ഉത്തമ രചനകളൊക്കെയും ചെയ്യുന്നത്.

മഹാദുരന്തകാല സാഹിത്യം, ആപത്ക്കരങ്ങളും വന്‍നാശങ്ങളും ഏല്‍പ്പിച്ചു നല്‍കുന്ന അപരഗ്രഹസഞ്ചാരികളും ഭൂകമ്പങ്ങളും അണുനാശകങ്ങളും പ്രകൃതി വിക്ഷോഭങ്ങളും ഒക്കെ അന്ത:സ്ഥലങ്ങളാക്കി തീര്‍ക്കുമ്പോള്‍ മഹാവ്യാധി സാഹിത്യത്തില്‍ നാശം വിതയ്ക്കുന്ന അപരപക്ഷത്ത് നിലകൊള്ളുന്നത് മനുഷ്യര്‍ തന്നെയാകുന്നു- മനുഷ്യന്റെ സ്പര്‍ശം, അവരുടെ നിശ്വാസം, ഗന്ധം, അവരുടെ ആശ്ലേഷം, സ്‌നേഹം നിറയ്ക്കുന്ന അവരുടെ ശ്രവങ്ങള്‍ പോലും. അവയൊക്കെ ഒപ്പമുള്ളവന് വിനാശകാരികളാകുന്നു. അപരന്റെ അസ്തിത്വം വിനാശകാരിയായ സാന്നിധ്യമായിത്തീരുന്നു. മനുഷ്യന്‍ തന്നെ അവരുടെ നിലനില്‍പ്പിനെ ഭീഷണമാക്കുന്ന അപരാനുഭവമായി മാറുന്നു. ഈ അപരാനുഭവത്തിന്റെ ഉള്‍ത്തലങ്ങളിലേക്കാണ് മഹാവ്യാധി സാഹിത്യങ്ങളൊക്കെ നമ്മളെ അനുയാത്ര ചെയ്യിക്കുന്നത്.

നാടോടികഥന കൗതുകങ്ങളുടെ അടരുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡെക്കാമറോണ്‍ എന്ന ഇറ്റാലിയന്‍ കഥൗസൗധവും ഇത്തരത്തില്‍ നമ്മെ തടവിലിടുന്ന മനുഷ്യരുടെ അപരത്വങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. രസകരമായി സമയം ചെലവിടാന്‍ ആഗ്രഹിക്കുന്ന അലസ വനിതകളെ കരുതി എഴുതപ്പെട്ട ഈ കൃതിയുടെ ഉപരിഘടനയ്ക്കുള്ളില്‍ വളരെ ഗൗരവതരമായ സാഹിത്യവും സന്നിവേശവും ഉണ്ട്. പത്തു ദിവസങ്ങളിലെ സംഭവങ്ങള്‍ എന്നാണ് ഡെക്കാമറോണ്‍ എന്ന ശീര്‍ഷകവാക്ക് അര്‍ഥമാക്കുന്നത്. പത്തു നാള്‍ കൊണ്ടു പറഞ്ഞുതീര്‍ത്ത കഥകളുടെ സമാഹാരം എന്ന് ദ്യോതിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ ഗ്രീക്ക് പദം രചയിതാവായ ജിയോവാനി ബൊക്കാച്ചിയോ ഉപയോഗിച്ചിരിക്കുന്നത്. 1313 മുതല്‍ 1375 വരെ ഇറ്റലിയില്‍ ജീവിച്ചിരുന്ന ജിയോവാനി ബൊക്കാച്ചിയോ 1347-48 കാലത്ത് യൂറോപ്പിലാകമാനം പടരുകയും നൃശംസമായ മരണങ്ങള്‍ (black death) സമ്മാനിക്കുകയും ചെയ്ത പ്ലേഗ് ബാധക്കാലത്തെ പശ്ചാത്തലത്തില്‍ രചിച്ച പുസ്തകമാണിത്.

2 കോടിയോളം ആളുകളാണ് പ്ലേഗ് ബാധിതരായി അക്കാലത്ത് യൂറോപ്പിലാകമാനം മരണമടഞ്ഞത്. നാടാകെ ഭീതി പടര്‍ന്നു. ജനജീവിതം അത്രകാലവും സാക്ഷ്യവഹിക്കാത്ത പല വഴികളിലേക്കും സഞ്ചരിച്ചു. എഴുത്തുകാരുടേയും കലാകാരന്മാരുടേയും മേലെ പലതരത്തിലുള്ള സ്വാധീനതകളാണ് പ്ലേഗ് സൃഷ്ടിച്ചത്. ഫ്‌ളോറന്‍സിലെ സംഭവഗതികളില്‍ ബൊക്കാച്ചിയോ വല്ലാതെ ഖിന്നനായിരുന്നു താനും. ഇറ്റലിയിലെ ഫ്ലോറന്‍സില്‍ വലിയ ദുരന്തങ്ങള്‍ വിതച്ച പ്ലേഗ്ബാധയില്‍നിന്നു രക്ഷനേടാനായി പലായനം ചെയ്യുന്ന ഏഴ് യുവതികളും മൂന്ന് യുവാക്കന്മാരുമാണ് ഡെക്കാമറോണിലെ പ്രധാന കഥാപാത്രങ്ങള്‍. രോഗപീഡയുടെ മധ്യേ നിലകൊള്ളുമ്പോഴും മറ്റു പല എഴുത്തുകാരും ചെയ്തതുപോലെ തികച്ചും ക്രൈസ്തവമായ ഒരു കാഴ്ച സ്വീകരിക്കാന്‍ ബൊക്കാച്ചിയോ സന്നദ്ധനായിരുന്നില്ലെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രതിയും മൃതിയും നന്മ തിന്മകളും ഒക്കെ ആഖ്യാനം ചെയ്യപ്പെടുന്ന ഒരു കൂട്ടം കഥകളാണ് പത്തുനാള്‍ കൊണ്ട് പറയപ്പെട്ടത്. കഥകള്‍ക്കുള്ളിലെ കഥനങ്ങള്‍ നല്‍കുന്ന ചേതോഹാരിത, നൂറു കഥകളിലായി പരന്നു കിടക്കുന്ന ഈ കഥാകാശത്തിലുണ്ട്. ഒരു ആഖ്യാനത്തിനുള്ളില്‍ നിരവധി ആഖ്യാനങ്ങള്‍ കടന്നുവരുന്ന ഗദിത കഥ (frame story) എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട ആഖ്യാന രൂപത്തിന്മേലാണ് ഘടനാപരമായ അടരുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആശ്ചര്യകരമായ കഥന കൗതകം നിലനിര്‍ത്തുന്ന ഈ ആഖ്യാനങ്ങളൊക്കെ തന്നെ ഭൂമിയില്‍ കാലുറപ്പിച്ച് നില്‍ക്കുന്ന സാധാരണക്കാരുടെ ജീവിതങ്ങളുമായി ഇഴ ചേര്‍ന്നുവരുന്നു. ആയിരത്തിയൊന്നു രാവുകള്‍ പോലെയോ കഥാസരിത് സാഗരംപോലെയോ ഒക്കെ വിശാലമായ കഥനാന്തരീക്ഷവും കഥനകുതൂഹലവും ഈ ആഖ്യാന സ്വരൂപത്തെ വ്യത്യസ്താനുഭവമാക്കി മാറ്റുന്നു.

2.

രക്ഷതേടല്‍, വിപരീത ഭാവങ്ങള്‍, ചാക്രിക കഥനകുതൂഹലങ്ങള്‍

നാടിനേയും നഗരത്തേയും പ്ലേഗ് ഗ്രസിച്ച പശ്ചാത്തലത്തില്‍ ഏഴു യുവതികള്‍ നഗരത്തിലെ സാന്ത മരിയ നൊവെല്ല പള്ളിയില്‍ ഒത്തുചേരുന്നു. എല്ലായിടത്തും മരണം മാത്രം. കൂട്ടത്തില്‍ മുതിര്‍ന്നവളായ പാമ്പിനിയ (Pampinea) ഈ ദുരന്തക്കാഴ്ചകള്‍ക്കൊന്നും സാക്ഷിയാകാന്‍ നില്‍ക്കാതെ നമുക്ക് എവിടേയ്‌ക്കെങ്കിലും പലായനം ചെയ്യാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുന്നു. ഈ രോഗപ്പകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ അതാണ് വഴിയെന്ന് അവര്‍ കണ്ടെത്തുന്നു. ഡോക്ടര്‍മാര്‍ അടക്കം എല്ലാവരും പറയുന്നത് മൃതിയെ അടയാളപ്പെടുത്തുന്നവ മാത്രമാണ് ഫ്‌ളോറന്‍സില്‍ കാണാനും കേള്‍ക്കാനും ഉള്ളതെന്നാണ് ('physicians caution against: the depressing affects of seeing and hearing nothing except what betokens death'). അവര്‍ മാറി നില്‍ക്കാന്‍ നിശ്ചയിക്കുന്നു.

ഒറ്റയ്ക്കു പോകുന്നതില്‍ ആശങ്ക തോന്നിയ യുവതികള്‍ പള്ളിയില്‍ വെച്ച് പരിചയപ്പെട്ട മൂന്നു യുവാക്കളേയും ഒപ്പം കൂട്ടി. ഈ പത്തുപേരാണ് ഡെക്കാമറോണിലെ പ്രധാന കഥാപാത്രങ്ങള്‍. തുറന്ന സ്ത്രീ-പുരുഷ സൗഹൃദത്തെ അനുവദിച്ചു കൊടുക്കുന്ന വിശാലമായ കാഴ്ചപ്പാടൊന്നും ഇല്ലാത്ത സമൂഹത്തിന്മേലാണ് ബൊക്കാച്ചിയോ ഇത്തരം ഒരു കൂട്ട് സൃഷ്ടിക്കുന്നതെന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുന്‍പൊരിക്കലും പരിചയമില്ലാത്തവരേയും കൂട്ടി മഹാമാരി കാലത്ത് യാത്രോദ്യുക്തരാവുകയും ഒന്നിച്ചൊരിടത്ത് ഒത്തുകൂടി കഥപറഞ്ഞ് ദിവസങ്ങള്‍ ചിലവഴിക്കുകയും ചെയ്യുന്നതിനായിട്ടാണ് ബൊക്കാച്ചിയോ തന്റെ കഥാപാത്രങ്ങളെ സജ്ജരാക്കിയത്. ഈ mixed-sex brigata പ്ലേഗ് എന്ന മഹാവ്യാധി കാലത്തിന്റെ സൃഷ്ടിയായിരുന്നു. മനുഷ്യര്‍ മനുഷ്യരെ തടവിലിടുന്ന കാലത്ത് രൂപപ്പെടുന്ന സവിശേഷ സൃഷ്ടികള്‍. നിലവിലുള്ള മൂല്യകല്പനകളെ ചോദ്യം ചെയ്യുന്ന അണിമകള്‍ ആ രചനയുടെ രൂപീകരണഘട്ടം മുതല്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്.

രോഗപ്പകര്‍ച്ചയ്ക്കു നിദാനമാകുന്ന പൈശാചികമായ വായു (wicked air) വില്‍ നിന്നും രക്ഷ നേടി ഫ്ലോറന്‍സിനു പുറത്തുള്ള ഫീസോളിലെ സുന്ദരമായ ഒരു ഭവനത്തിലാണ് അവര്‍ അഭയം കണ്ടെത്തിയത്. ഉദ്യാനങ്ങളും രമ്യഹര്‍മ്യങ്ങളും നിറഞ്ഞ ചേതോഹരമായ സ്ഥലം. രോഗഹേതുകങ്ങളായ പദാര്‍ഥങ്ങള്‍ (bad humors entering the body) ഒരു തരത്തിലും ശരീരത്തിലേക്ക് എത്താതിരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കാന്‍ അവര്‍ നിശ്ചയിച്ചു. വാല്യക്കാരോട് അസുഖകരങ്ങളായ ഒരു വാര്‍ത്തകളും അവിടേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അവര്‍ ചട്ടം കെട്ടി. അവിടെ സമയം കൊല്ലാനായി ഒരു വഴി അവര്‍ കണ്ടെത്തി. കഥ പറയുക. ഈ കഥനം രോഗ പ്രതിരോധത്തിന് ഉതകുന്ന തരത്തിലുള്ള ഒരു ചര്യയയായി പോലും തീരുന്നുണ്ട്. കളികളടക്കം അവരുടെ ചിന്തയിലേക്ക് എത്തിയ മറ്റെല്ലാ കാര്യങ്ങളും ശരീരത്തിലെ ഏതെങ്കിലും ഒക്കെ മൂലകങ്ങളെ പ്രകോപിപ്പിച്ച് മഹാവ്യാധിയിലേക്ക് കൊണ്ടെത്തിക്കുമെന്ന് ആശങ്കപ്പെട്ടതിനാലാണ്, കഥ പറയുന്നതിനും അതിന്റെ അവസാനത്തില്‍ ഗീതവും നൃത്തവും ചെയ്യുന്നതിനും തീരുമാനിച്ചത്. എല്ലാ വാതില്‍പ്പടികളിലും എത്തിനില്‍ക്കുന്നത് മരണമാകുന്നു. അതുകൊണ്ടുതന്നെ കഥയിലും ഗീതത്തിലുടേയും ഒക്കെ സംജാതമാകുന്ന ആനന്ദത്തെ മരണത്തിന്റെ കരാളതയ്ക്കു നേരെയുള്ള പ്രതിസിദ്ധാന്തമായി (pleasure as reaction to death) അവതരിപ്പിക്കാനാണ് ബൊക്കാച്ചിയോ ശ്രമിക്കുന്നത്. പ്ലേഗിനു നിമിത്തമാകുന്ന മൂലികകളില്‍ നിന്നും ശരീരത്തെ വിമലീകരിക്കുന്ന വൈദ്യശാസ്ത്രപരമായ (it wards off the bad humors which make one susceptible to the plague) തലം കൂടി അതില്‍ ചേര്‍ത്തുവെയ്ക്കുകയും ചെയ്യുന്നു.

ഡെക്കാമറോണിന്റെ കഥാകഥനത്തിനു സവിശേഷമായ ഒരു സമ്പ്രദായവും ഈ സംഘം കണ്ടെത്തി. കൂട്ടത്തിലുള്ള ഒരാളെ വീതം രാജാവോ രാജ്ഞിയോ ആയി ഓരോ ദിവസത്തേക്കും തെരഞ്ഞെടുക്കും. ആ വ്യക്തിയുടെ നിര്‍ദേശപ്രകാരമുള്ള ഒരു കഥ വീതം പത്തുപേരും പത്തുദിവസവും പറയണം. പൊതു സ്വഭാവമുള്ളതും സാമ്യമുള്ളതുമായ വിഷയങ്ങളെ പ്രതിപാദിക്കുന്നതാവണം ഓരോ ദിവസവും പറയപ്പെടുന്ന കഥകള്‍. കഥ പറച്ചില്‍ അവസാനിക്കുമ്പോള്‍ നൃത്തവും ഗാനാലാപവും നടക്കും.

ആദ്യനാളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് മനുഷ്യരില്‍ സഹജമായ തിന്മകളെ കുറിച്ചാണ്. എന്നാല്‍ അവതരണത്തിന്റെ സ്വഭാവം നര്‍മ്മ പ്രധാനവും. തൊട്ടടുത്ത നാളുകളില്‍ വിധിയുടെ കൈകളില്‍ പെട്ടുപോകുന്ന മനുഷ്യാവസ്ഥയും ഇച്ഛാശക്തിയാല്‍ മനുഷ്യര്‍ വിധിയ്ക്കുമേല്‍ കൊടി നാട്ടുന്നതും ഒക്കെയായിത്തീരുന്നുണ്ട് കഥാപ്രമേയങ്ങള്‍. നാലാം ദിവസത്തിലേക്ക് എത്തുന്നതോടെ പ്രണയവും ദുരന്തവുമൊക്കെ കഥനവിഷയമായി കടന്നുവരുന്നു. പ്രണയപൂര്‍ത്തിയിലേക്ക് എത്തുന്ന കമിതാക്കളുടെ ചിത്രം വരയ്ക്കുന്നതാണ് അഞ്ചാം നാളിലെ കഥകള്‍. തൊട്ടടുത്ത ദിവസം അവരുടെ കഥാലോകം വീണ്ടും നര്‍മോക്തികളെ വട്ടം ചുറ്റുന്നു. ആഹ്ളാദഭരിതമായിത്തീരുന്നു അവരുടെ കഥാകഥനം. കൗശലം, വഞ്ചന, അശ്ലീലം തുടങ്ങിയ പ്രമേയങ്ങളെ ചുറ്റിപ്പറ്റി തുടര്‍ ദിനങ്ങള്‍ വിടര്‍ന്ന് പരിലസിക്കുന്നു. പത്താം നാളില്‍ പഴയ പ്രമേയങ്ങളിലൂടെ ഒരു വട്ടം കൂടി സഞ്ചരിച്ച് കഥന ചക്രം പൂര്‍ത്തിയാക്കുന്നു.

ജീവിതത്തെ ആഹ്ളാദത്തോടേയും ദു:ഖത്തോടേയും കദനത്തോടേയും സ്‌തോഭത്തോടേയും ഒക്കെ നോക്കി കാണുന്ന കഥകളുടെ വൈവിധ്യ, വൈചിത്ര്യ സഞ്ചികയാണ് ഈ പുസതകം. നാടോടി സാഹിത്യത്തിലൂടേയും ഐതിഹ്യങ്ങളിലൂടേയും മറ്റും പകര്‍ന്നു കിട്ടിയ കഥകളെ തികഞ്ഞ സൃഷ്ട്യുന്മുഖതയോടെ സഞ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഡെക്കാമറോണിന്റെ സവിശേഷത. തീര്‍ത്തും മൗലികമാണ് അതിന്റെ ഉള്ളടക്കമെന്ന് പറയാന്‍ ആവില്ല. അല്ലെങ്കില്‍ തന്നെ മൗലികത എന്നത് കലയില്‍ എക്കാലത്തും ചോദ്യം ചെയ്യപ്പെടുന്ന സങ്കല്പം തന്നെ ആണല്ലോ. അതെന്തായാലും, ബൈക്കാച്ചിയോയുടെ പ്രതിഭയുടെ ഉരകല്ലില്‍ ഡെക്കാമറോണില്‍ ആഖ്യാനം ചെയ്യപ്പെട്ട കഥകള്‍ക്കൊക്കെ പുത്തന്‍ മാനവും പ്രകാശവും കൈവരുന്നു.

മാഹാവ്യാധികള്‍ നിറഞ്ഞ ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ തമോഭയമാര്‍ന്ന ആക്രന്തനങ്ങളെ വാരണം ചെയ്യാന്‍ പക്വമായ തരത്തിലാണ് ഉള്ളടക്ക സ്വീകരണവും ആഖ്യാനവും എന്നതാണിതിന്റെ പ്രധാന സവിശേഷത. മനസ്സിന് ഊഷ്മളത പകരാന്‍ പാകത്തിലുള്ള വൈവിധ്യമാര്‍ന്ന ചേരുവകള്‍ ഈ കഥാസമ്മേളനത്തിലുണ്ട്. രസകരമായി ജീവിതം ചിലവിടാന്‍ ആഗ്രഹിക്കുന്ന വായനക്കാരെയാണ് ബൊക്കാച്ചിയോ പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും ജീവിതാനുഭവങ്ങളുടെ എല്ലാത്തരത്തിലുമുള്ള തടങ്ങളും അടരുകളും ജീവിതം സഞ്ചയിക്കപ്പെടുന്ന തിണകളെല്ലാം തന്നേയും ഇതിന്റെ ഉള്‍പ്പിരിവുകളില്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അലസനിമിഷങ്ങളുടെ കാമനകളെ അഭിസംബോധന ചെയ്യുന്ന കൃതി മാത്രമെന്ന് ഡെക്കാമറോണിനെ കാണുന്നത് തികഞ്ഞ പരിമിതപ്പെടുത്തലായി തീര്‍ന്നേക്കാം. മരണം മാത്രം മണക്കുന്ന നാളുകളില്‍ രൂപപ്പെടുന്ന നര്‍മ്മത്തിലും നിഴലിച്ച് നല്‍ക്കാതിരിക്കാന്‍ ദുരന്തകാമനകള്‍ക്ക് ആവാതിരിക്കുമോ? ഉണര്‍വ് കാലത്തിന്റെ രചനയെങ്കിലും ബൗദ്ധിക തത്വ പ്രചാരണങ്ങള്‍ക്ക് ഒരുമ്പെടുന്നില്ലെന്നത് ജീവിതത്തെ ഉടമ്പടികളില്ലാതെ സ്വീകരിക്കുന്ന എഴുത്തുകാരന്റെ സാന്നിധ്യത്തെ അനാവരണം ചെയ്യുന്നു. ചാരുതയാര്‍ന്ന കഥാതലവും ഉദ്വേഗം നിറഞ്ഞ ആഖ്യാനവും നര്‍മ്മവും തത്വചിന്താഭരിതമായ ഉള്‍ത്തലവും ഒക്കെ സമഞ്ജസം ചേര്‍ന്നതോടെ അതു നൂറ്റാണ്ടുകളിലൂടെ പാഠാന്തരങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാന്‍ സാധുതയാര്‍ന്ന ജൈവികതയാര്‍ന്ന കൃതിയായി തീര്‍ന്നുവെന്ന് കാണാം.

3.

അഗാധ ദു:ഖങ്ങളുടെ ആമുഖം

14-ാം നൂറ്റാണ്ടിലെ മനുഷ്യര്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ലോകവുമായി പുലര്‍ത്തിവന്ന ബന്ധത്തെ അപ്പാടെ മാറ്റിമറിയ്ക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നതായിരുന്നു തീര്‍ത്തും നിഗൂഢമായ സഞ്ചാര പഥങ്ങളിലൂടെ എത്തിയ വിനാശകാരിയായ പ്ലേഗ്. ചിന്താശീലരിലും സാധാരണക്കാരിലും ഒരു പങ്ക്, പഴയ നിയമത്തിലേതിനു സമാനമായ വലിയ ഒരു മനുഷ്യനാശത്തെ തന്നെ ആ മഹാവ്യാധിയ്‌ക്കൊപ്പം കണ്ടു. എന്നാല്‍ കുറേപ്പേര്‍ തികച്ചും ആകസ്മികമായെട്ടെത്തിയ മഹാമാരിയെന്നും. എങ്കിലും അവരതിനോട് ഒരുപാട് ദൈവശാസ്ത്രപരമായ പരികല്‍പ്പനകളേയും ചേര്‍ത്തുവെച്ചു. പക്ഷെ, ഫ്‌ളോറന്‍സ് നഗരത്തിന്റെ യഥാതഥ ചിത്രണം നടത്തി ബൊക്കാച്ചിയോ നിലത്ത് കാലൂന്നിനില്‍ക്കാനാണ് ശ്രമിച്ചത്. ഏതെങ്കിലും ദൈവിക ക്രൂദ്ധത മാത്രമായി രോഗാവസ്ഥയെ ചുരുക്കി വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. മാത്രമല്ല, ചില പരാമര്‍ശങ്ങളിലേക്ക് കടക്കുന്നുണ്ടെങ്കില്‍ പോലും മധ്യമാര്‍ഗ്ഗത്തിലൂടെ ചരിക്കുകയും പക്ഷം ചേരാതിരിക്കുകയും ചെയ്യാന്‍ ബൊക്കാച്ചിയോ പ്രത്യേക ശ്രദ്ധ വച്ചുപുലര്‍ത്തുന്നുമുണ്ട്.ആരോഗ്യം, സ്ഥിരത തുടങ്ങിയവയൊക്കെ തികച്ചും മിഥ്യകളാണെന്ന ധാരണയും അദ്ദേഹത്തെ ഭരിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള ബന്ധത്തില്‍ ദ്രോഹബദ്ധതയും അനിശ്ചിതത്വവും വന്നുപെടുന്നതിനെക്കുറിച്ചും ബൊക്കാച്ചിയോ വ്യാകുലനാകുന്നു.

തന്നെ നയിക്കുന്ന വിചാരങ്ങളെ കുറിച്ച് ബൈക്കാച്ചിയോ ഡെക്കാമറോണിന്റെ ആമുഖത്തില്‍ എഴുതുന്നു: ''As often, most gracious ladies, as I bethink me, how compassionate you are by nature one and all, I do not disguise from myself that the present work must seem to you to have but a heavy and distressful prelude, in that it bears upon its very front what must needs revive the sorrowful memory of the late mortal pestilence, the course whereof was grievous not merely to eyewitnesses but to all who in any other wise had cognisance of it. But I would have you know, that you need not therefore be fearful to read further, as if your reading were ever to be accompanied by sighs and tears. This horrid beginning will be to you even such as to wayfarers is a steep and rugged mountain, beyond which stretches a plain most fair and delectable, which the toil of the ascent and descent does but serve to render more agreeable to them; for, as the last degree of joy brings with it sorrow, so misery has ever its sequel of happiness. To this brief exordium of woe--brief, I say, inasmuch as it can be put within the compass of a few letters--succeed forthwith the sweets and delights which I have promised you, and which, perhaps, had I not done so, were not to have been expected from it. ''

അഗാധ ദു:ഖങ്ങളുടെ ഹ്രസ്വമായ ആമുഖം (brief exordium of woe) എന്നാണ് ഡെക്കാമറോണിന്റെ പ്രവേശികയുടെ ആദ്യഖണ്ഡികയില്‍ തന്നെ നമ്മള്‍ കാണുന്നത്. പത്തുനാള്‍ കഥനത്തില്‍ പ്ലേഗ് ഒരു പ്രത്യേക വിഷയമായി തീരുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആമുഖത്തില്‍ ഫ്‌ളോറന്‍സിനെ മഥിക്കുന്ന ദുരന്തത്തിലുള്ള വേവലാതികള്‍ ബൈക്കാച്ചിയോ പ്രകാശിപ്പിക്കുന്നുണ്ട്. നാലാം ദിവസത്തെ അഞ്ചാം ഉപകഥയായ ലിസബെറ്റ കഥയിലും മറ്റുമുള്ള വിദൂര പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ മറ്റു ഭാഗങ്ങളില്‍ അദ്ദേഹം തികഞ്ഞ മൗനമാണ് മാഹാമാരിയെ കുറിച്ച് പുലര്‍ത്തുന്നത്. ആഖ്യാന സവിശേഷതയിലൂടെ മഹാമാരിയുടെ ബാഹ്യാഘാതങ്ങളെ ചെറുക്കുക കൂടി ആണെന്നതിനാല്‍ മഹാവ്യാധി കാലത്തെ കഥന ചികിത്സ എന്ന തരത്തിലാണ് പ്രഖ്യാത കൃതിയുടെ അടിയന്തര രചനാ പരിസരം. (ഇത്തരം എഴുത്തുകാരേയോ കലാകാരന്മാരേയോ കണ്ടെത്തുക എന്നതാവണം, കോവിഡിന്റെ കാലത്തെ വീട്ടിലെ അടച്ചിരിപ്പുണ്ടാക്കുന്ന മനോവ്യാധികളേയും വ്യക്തി- സാമൂഹിക സങ്കീര്‍ണതകളേയും അഭിസംബോധന ചെയ്യാന്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന നമ്മുടെ ഭരണാധികാരികളുടെ മുന്നിലുള്ള ഒരു മാര്‍ഗം എന്നു തോന്നുന്നു. ഡെക്കാമറോണിന്റെ രചനയുടെ ബലതന്ത്രത്തില്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച കേരളത്തിലെ പൗരസമൂഹത്തിനു മുന്നില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുള്ള ഉത്തരമുണ്ടെന്ന് തോന്നുന്നു).

രോഗത്തിണര്‍പ്പുകള്‍ പടര്‍ത്തി തെരുവുകളില്‍ കൂടി കിടക്കുന്ന മൃതശരീരങ്ങള്‍ക്കു മുന്നിലെത്തുമ്പോള്‍ പൂവുകള്‍ കൊണ്ട് മറകള്‍ സൃഷ്ടിയ്ക്കുന്നതടക്കമുള്ള ദൃശ്യങ്ങളെ ബൊക്കാച്ചിയോ ആമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എവിടെത്തിരിഞ്ഞാലും രോഗത്തിന്റേയും മൃതദേഹത്തിന്റേയും മനംപുരട്ടുന്ന നാറ്റം. അഴുകുന്ന ജഡങ്ങളില്‍ നിന്നും ഏത് നിമിഷവും തങ്ങളുടെ ശരീരത്തിലേക്ക് രോഗം ബാധിക്കാമെന്ന് എല്ലാവരും ഭയന്നു. ചടങ്ങുകളൊന്നുമില്ലാതെ ജഡങ്ങള്‍ കൂട്ടം കൂട്ടമായി സംസ്‌കരിച്ചു. പലരും അജ്ഞാത നാമധാരികളായി ലോകം വിട്ടു. ഇത്തരം വിഭ്രാമകക്കാഴ്ചകളിലൂടെ ഏത് സമയത്തും തങ്ങളെ ഗ്രസിക്കാനിടയുള്ള രോഗത്തെ കുറിച്ചുള്ള ഭീതിയുമായി ഒരു ജനത അപ്പാടെ ഭയചകിതരായി നടന്നു. അവര്‍ പ്രതിരോധം എന്ന കണക്കെ, പൂവുകള്‍ കൈകളില്‍ കരുതിയിരുന്നു. വൃണങ്ങള്‍ അലങ്കരിച്ച മൃതശരീരങ്ങളുടെ അടുത്തെത്തുമ്പോള്‍ പൂവുകള്‍ സ്വന്തം മുഖത്തോട് ചേര്‍ത്ത് വെച്ചു. പരിച പോലെയോ മുഖംമൂടിപോലേയോ പൂവുകള്‍ കൊണ്ടവര്‍ സ്വയം പ്രതിരോധം സൃഷ്ടിച്ചു. പൂവുകളുടെ ഒരു പുതിയ ധര്‍മ്മം ആ ജനത മഹാവ്യാഥീകാലത്ത് പഠിച്ചു.

ആളുകള്‍ സ്വന്തം ഗാത്രത്തില്‍ നിന്നും പോലും ഒളിച്ചുപോകാന്‍ ആഗ്രഹിച്ചതുപോലെ. എല്ലാവരില്‍ നിന്നും അകന്നു ജീവിക്കാന്‍ തുടങ്ങി. ചങ്ങാതികളെ ഉപേക്ഷിച്ച്, കുടുംബങ്ങളെ ഉപേക്ഷിച്ച്, പ്രണയങ്ങളെ ഉപേക്ഷിച്ച് അവര്‍ ഒളിച്ചു കടന്നു. നഗരകാന്താരങ്ങളിലെ ഭീതി അവരെ ശ്വാസം മുട്ടിച്ചു. മരിച്ചവര്‍ക്കൊന്നും ആചാരപരമായ അടക്കുകള്‍ ഉണ്ടായില്ല. പലരും ദൈവശിക്ഷയെന്ന് കരുതി രോഗത്തില്‍ നിന്നും രക്ഷ നേടാന്‍ നീണ്ട പ്രാര്‍ഥനകളില്‍ മുഴുകിയപ്പോള്‍ കൂറേപ്പേര്‍ ദൈവത്തേയും ദൈവമക്കളേയും കുറിച്ച് ആശങ്കാകുലരായി. ദൈവത്തിന് രോഗശാന്തി നേടിത്തരാനാകാത്തത് തങ്ങളുടെ പ്രാര്‍ഥനകളുടേയോ തങ്ങളെ പ്രാര്‍ഥനകളിലേക്ക് നയിക്കുന്നവരുടേയോ പിഴ മൂലമാണെന്ന് അവര്‍ കരുതി. പുരോഹിതന്മാരൊക്കെ കൂട്ടമായി മരിക്കാന്‍ തുടങ്ങിയതോടെ പ്രാര്‍ത്ഥനയ്ക്കും ചടങ്ങുകള്‍ക്കുമായി അവരെ കിട്ടാനില്ലാതെയായി. മറ്റൊരു കൂട്ടരാവട്ടെ എല്ലാത്തിനേയും വിനാശം ഗ്രസിച്ചിരിക്കുന്നുവെന്നും തിന്ന്, കുടിച്ച്, മദിച്ച് ശിഷ്ടദിനങ്ങള്‍ ആഹ്ളാദഭരിതമാക്കുക എന്ന വിചാരത്തിലായിരുന്നു. മരണം പടിപ്പുറത്ത് നിന്ന് വിളിച്ചുകൊണ്ടേയിരിക്കുമ്പോള്‍ ധാര്‍മ്മികതയേയും മറ്റും കുറിച്ചുള്ള വിചാരങ്ങളെ ദൂരേയ്‌ക്കെറിഞ്ഞ് ശിഷ്ടദിനങ്ങളില്‍ ചിത്താവിഷ്ടരാവുക എന്ന ഉള്‍വിളിയിലായിരുന്നു അവര്‍. ഭ്രാന്തങ്ങളായ ചിത്തവൃത്തികളുമായി അവര്‍ ഉന്മാദബാധിതരെപ്പോലെ ജീവിതം ആഘോഷിക്കാന്‍ ശ്രമിച്ചു.

രോഗപ്പകര്‍ച്ച തീവ്രവാമാകുന്നതിനിടെ, രാജ്യത്തിന്റെ സമ്പദ്ഘടന അപ്പാടെ തകര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ലാതെയായി. കിട്ടുന്നവയുടെ വില നിമിഷം പ്രതി കുതിച്ചുയര്‍ന്നു. എല്ലാത്തിനും പഞ്ഞം, വറുതി. കര്‍ഷകരുടേയും തൊഴിലാളികളുടെയും ജീവന്‍ പ്ലേഗ് കവര്‍ന്നെടുത്തതോടെ കൃഷിയിടങ്ങളിലെ പണികള്‍ മുടങ്ങി. ആഭിജാതരായ പ്രഭുക്കളും കര്‍ഷകരും തമ്മിലുള്ള ഭിന്നതകള്‍ വര്‍ധിച്ചു. അവര്‍ക്കിടയില്‍ കലാപങ്ങളുണ്ടായി. സാമൂഹികാന്തരീക്ഷം അപ്പാടെ ശിഥിലമായി. ജീവിതം മരണത്തേക്കാള്‍ നൃശംസവും ശ്വാസം മുട്ടിക്കുന്ന അനുഭവവുമായി. മരണമായിരുന്നു എല്ലായിടത്തും ഗന്ധിച്ചത്. സ്വന്തം മക്കളുടെ മൃതശരീരങ്ങള്‍ അടക്കാന്‍ പോയിരുന്ന പിതാക്കന്മാര്‍ സാധാരണക്കാഴ്ചകളായിരുന്നു അന്നാളുകളില്‍.

'And I, Agnolo di Tura, carried with my own hands my five little sons to the pit; and what I did many others did likewise.' ബൊക്കാച്ചിയോ രേഖപ്പെടുത്തിയതല്ല ഈ വാക്കുകളെങ്കിലും ഫ്‌ളോറന്‍സിലെ അക്കാലത്തെ നേര്‍ക്കാഴ്ച തന്നെ. ഇത്തരം എത്രയോ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍. ഫ്‌ളോറന്‍സില്‍ മാത്രം ഓരോ അഞ്ചാളുകളിലും മൂന്നു പേര്‍ വെച്ചെങ്കിലും പ്ലേഗ് ബാധിച്ച് മരിച്ചു. കണക്കുകള്‍ പലതുണ്ടായിരുന്നു. ബൊക്കാച്ചിയോയുടെ കണക്കില്‍ ഒരു ലക്ഷം പേര്‍ ഫ്‌ളോറന്‍സില്‍ മാത്രം ഇരുണ്ട വ്യാധിയിലൂടെ മരണമടഞ്ഞു. ഒരുപാട് കവികളും കലാകാരന്മാരും പൗരപ്രമുഖരും ഒക്കെ പ്ലേഗിന്റെ ഇരകളായി.

പ്ലേഗ് ബാധയുണ്ടാക്കുന്ന ശാരീരിക വിഷമതകളെ കുറിച്ചോ അതിന്റെ ചികിത്സാ നാള്‍വഴികളെ കുറിച്ചോ ഡെക്കാമറോണിന്റെ മുഖ്യഖണ്ഡത്തില്‍ എഴുതാന്‍ ബൊക്കാച്ചിയോ മെനക്കെടുന്നില്ലെങ്കിലും ആമുഖത്തിലാണ് ഇതേക്കുറിച്ചുള്ള സവിസ്തര ചര്‍ച്ചകളും പ്രതിപാദനവും നടക്കുന്നത്.

ഒരു ഭാഗം കാണുക: ''Not such were they as in the East, where an issue of blood from the nose was a manifest sign of inevitable death; but in men and women alike it first betrayed itself by the emergence of certain tumours in the groin or the armpits, some of which grew as large as a common apple, others as an egg, some more, some less, which the common folk called gavoccioli. From the two said parts of the body this deadly gavocciolo soon began to propagate and spread itself in all directions indifferently; after which the form of the malady began to change, black spots or livid making their appearance in many cases on the arm or the thigh or elsewhere, now few and large, now minute and numerous. And as the gavocciolo had been and still was an infallible token of approaching death, such also were these spots on whomsoever they shewed themselves. Which maladies seemed to set entirely at naught both the art of the physician and the virtues of physic; indeed, whether it was that the disorder was of a nature to defy such treatment, or that the physicians were at fault--besides the qualified there was now a multitude both of men and of women who practised without having received the slightest tincture of medical science--and, being in ignorance of its source, failed to apply the proper remedies; in either case, not merely were those that recovered few, but almost all within three days from the appearance of the said symptoms, sooner or later, died, and in most cases without any fever or other attendant malady.''

തന്റെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ മറ്റു പരിചയക്കാര്‍ക്കോ ഏത് തരത്തിലാണ് ആ രോഗം ബാധിച്ചതെന്നോ ഏത് തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്നോ കാര്യമായൊന്നും രേഖപ്പെടുത്താന്‍ അദ്ദേഹം ഉദ്യമിച്ചിട്ടില്ല. വ്യക്തിപരമായി വ്യാധി ഏത് തരത്തില്‍ ബാധിച്ചുവെന്ന പ്രഥമപുരുഷ ആഖ്യാനത്തിനും അദ്ദേഹം ഒരുമ്പെട്ട് കാണുന്നില്ല. രോഗം ഉണ്ടാക്കുന്ന സാമൂഹികാഘാതത്തിലായിരുന്നു ബൊക്കാച്ചിയോയുടെ ഊന്നല്‍. രോഗം എത്രമാത്രം അപമാനവീകരിക്കപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുന്നുവെന്ന് പറയാനാണ് ബൊക്കാച്ചിയോ ശ്രമിച്ചതെന്ന് പറയാം. അതിനെക്കുറിച്ചുള്ള ചിന്തകളൊക്കെ പങ്കുവെച്ചതാകട്ടെ, ചുറ്റുമുള്ള ചിത്രങ്ങളില്‍ നിന്നെന്നതിനേക്കാള്‍ ലഭ്യമായിട്ടുള്ള മധ്യകാലാനന്തര രചനകളില്‍ നിന്നും അദ്ദേഹം പരിചയപ്പെട്ട കാര്യങ്ങളില്‍ നിന്നുമായിരുന്നുവെന്നാണ് പില്‍ക്കാലത്ത് കൃതിയെ ആഴത്തില്‍ പഠിച്ചവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചില സമകാലീക ചിത്രങ്ങള്‍ അദ്ദേഹം അനാവരണം ചെയ്യാതെ ഇരിക്കുന്നില്ല. പ്ലേഗ് ബാധിച്ച് മരിച്ച ഒരാളുടെ രോഗാണുപ്പകര്‍ച്ച ഏറ്റ കീറത്തുണിയെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ രണ്ടു പന്നികള്‍ മരിച്ചുപോകുന്നത് സ്വന്തം കണ്ണുകള്‍ കൊണ്ടു കണ്ടതാണെന്ന് അദ്ദേഹം എഴുതുന്നുമുണ്ട്.

വ്യക്തിനിഷ്ഠവും സാമൂഹികവുമായ ചിഹ്നങ്ങളിലൂടേയും അടയാളപ്പെടുത്തലുകളിലൂടേയും ഫ്‌ളോറന്റൈന്‍ വാസികളുടെ സ്വഭാവങ്ങളും ശീലങ്ങളും നിരീക്ഷിക്കുകയാണ് ബൊക്കാച്ചിയോ. തികച്ചും പ്രാകൃതമായ ശീലങ്ങളിലേക്ക് ആ നഗരവാസികള്‍ കടന്നുപോകുന്നത് അദ്ദേഹം കണ്ടു. ബൊക്കാച്ചിയോ ഒരു കാലത്തും അത്തരം വഴിവിട്ടു നടത്തങ്ങള്‍ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ പുരോയാനങ്ങള്‍ എല്ലായിടത്തും ഉണ്ടായിരുന്നു. നന്മകളുടെ എല്ലാ ജൈവിക തുടര്‍ച്ചകളേയും പ്ലേഗ് കോശങ്ങള്‍ പടര്‍ന്ന ആ സാമൂഹിക സ്വത്വം ഇല്ലാതാക്കുന്നത് തികഞ്ഞ ദു:ഖത്തോടേയും വേവലാതികളോടേയും അനിഷ്ടത്തോടേയും അതിലേറെ ധര്‍മ്മവ്യസനങ്ങളോടും അദ്ദേഹത്തിനു സ്വീകരിക്കേണ്ടി വന്നു. ധാര്‍മ്മികതയുടെ വിധിയെഴുത്തുകള്‍ മായ്ച്ചു കൊണ്ടു ക്രൂരോന്മിഷിതങ്ങളായ സര്‍റിയല്‍ ച്യുതീ ചിത്രങ്ങള്‍ ആ സമൂഹത്തിന്റെ ചുമരകളില്‍ ദൃശ്യമാകുന്നതും ബൊക്കാച്ചിയോ ആമുഖത്തില്‍ സവിസ്തരം രേഖപ്പെടുത്തുന്നുണ്ട്.

രോഗപ്പകര്‍ച്ചയിലെ ഫ്‌ളോറന്‍സ് നഗരത്തില്‍ ധാര്‍മ്മികതയറ്റ സ്ത്രീകളുടെ വലിയ നിരയെ തന്നെ സൃഷ്ടിക്കുന്നത് ബൊക്കാച്ചിയോ ദു:ഖത്തോടെ കണ്ടു. രോഗബാധിതരായ സ്ത്രീകള്‍ വിവസ്ത്രരായി. പുരുഷ വാല്യക്കര്‍ക്കു മുന്നില്‍പോലും തങ്ങളുടെ നഗ്നത അവര്‍ ദൃശ്യമാക്കി. ധാര്‍മ്മികതയും നന്മയും ഇല്ലാതെയാകുന്ന അത്തരം കാഴ്ചകളില്‍ ബൊക്കാച്ചിയോ ചരിത്രത്തിന്റെ സ്വാഭാവികമായ പരിണിതിയെ കണ്ട് ശാന്തത അറ്റവനായി. അപമാനവീകരണത്തിന്റെ അങ്ങേത്തലയ്ക്കല്‍ പോയി ആ സമൂഹം മുട്ടുന്നത് അദ്ദേഹത്തിന് വലിയ ആപല്‍സൂചനയായി. തന്റെ കഥാപാത്രങ്ങള്‍ക്ക് കഥനചികിത്സ വിധിച്ചത് അവയെ വാരണം ചെയ്യുന്ന സമൂഹസൃഷ്ടി കൂടി മനസ്സില്‍ വെച്ചായിരുന്നിരിക്കണം. ബൊക്കാച്ചിയോയെ സംബന്ധിച്ചിടത്തോളം എത്രനാള്‍ ഒരാള്‍ ജീവിച്ചുവെന്നതുപോലെ തന്നെ പ്രധാനമായിരുന്നു എങ്ങനെ ആ ജീവിതം മുന്നോട്ട് കൊണ്ടുപോയി എന്നതും.

അക്കാലത്തെ ഫ്‌ളോറന്‍സ് നഗരം അതുമാത്രമായിരുന്നില്ലെന്ന് മധ്യകാല ചരിത്ര പണ്ഡതനായ ആല്‍ബെര്‍ട്ടോ ടെനറ്റിയെപ്പോലുള്ളവര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ബൊക്കാച്ചിയെയെപ്പോലെ അത്രമാത്രം കിറുകൃത്യതയോടെ ഫ്‌ളോറന്‍സ് സമൂഹം ഇരുള്‍ മരണകാലത്ത് നേരിട്ട പ്രതിസന്ധികളെ വരച്ചിട്ട മറ്റൊരു എഴുത്തുകാരനില്ലെന്ന് എഴുതിയതും ടെനറ്റി തന്നെയായിരുന്നുവെന്ന് ഓര്‍മ്മിക്കണം. ഏത് തലത്തില്‍ പരിശോധിച്ചാലും മഹാവ്യാധീ കാലങ്ങളിലെ രചനകളില്‍ സവിശേഷമായ ഇടം സ്വന്തമാക്കിയ കൃതിയാകുന്നു ഡെക്കാമറോണ്‍.

(തുടരും)

അവലംബം

1. The Decameron, Giovanni BoccaccioTranslated by John Payne, epub books, 171 Madison Avenue, New York, N.Y

2. Literature as Recreation in the Later Middle Ages, Olson, Glending. Cornell University Press.

3. The Black Death and Peasant's RevoltCourie, Leonard W, Wayland Publishers,New York.


Next Story

Related Stories