TopTop
Begin typing your search above and press return to search.

മാനവികതയുടെ സമസ്ത ഭാവങ്ങള്‍, രാശികളും; ഇടശ്ശേരി, നമ്മുടെ കവിയെന്ന് നെഞ്ചോടു ചേര്‍ത്തു വിളിക്കാം

മാനവികതയുടെ സമസ്ത ഭാവങ്ങള്‍, രാശികളും; ഇടശ്ശേരി, നമ്മുടെ കവിയെന്ന് നെഞ്ചോടു ചേര്‍ത്തു വിളിക്കാം


''പദങ്ങള്‍ കൊഴുപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. താനുദ്ദേശിക്കുന്ന അര്‍ത്ഥം തന്നെ കബളിപ്പിച്ച് ചാടിപ്പോകാതിരിക്കാന്‍ ചുറ്റും തറച്ചുനിര്‍ത്തുന്ന കുറ്റികള്‍ മാത്രമാണ് അദ്ദേഹത്തിനു പദങ്ങള്‍...ആവിഷ്‌ക്കരിക്കപ്പെടുന്ന ആശയങ്ങള്‍ക്കു കവിതോചിതമായ ഒരു ഏകീഭാവം -മുന- നല്‍കാനൊരുപകരണമായേ അദ്ദേഹം വൃത്തത്തെ വകവെച്ചിട്ടുള്ളു. വികാരങ്ങളെ പറ്റിപ്പറഞ്ഞാലോ, കവിതയിലെ വികാരപരതയെന്ന തെറ്റായ മേല്‍വിലാസത്തില്‍ നടക്കുന്ന അതിഭാവുകത്വത്തില്‍ നിന്നു വളരെ അകന്നേ ഇടശ്ശേരി നില്‍ക്കാറുള്ളു. നിറപ്പുളപ്പും ദൗര്‍ബല്യങ്ങളും കലര്‍ന്ന തളിരുകളല്ല ഉറപ്പും ഊര്‍ജ്ജസ്വലതയും വായ്ച പച്ചിലകളാണ് അദ്ദേഹത്തിന്റെ കവിതകളില്‍ ഉള്ളത്'' (എന്‍. വി. കൃഷ്ണവാര്യര്‍)

'ചീറിക്കേറും കടത്തിന്‍ പ്രഹരമിതതരം ഏറ്റുകൊണ്ടു' ജീവിതത്തോടു വല്ലാതെ പൊരുതി കഴിയേണ്ടിവന്ന മനുഷ്യന്‍. അനുദിനം അവമാനിക്കപ്പെടുമെന്ന ഭീതിയോടെ വല്ലാതെ നീറിക്കൊണ്ടു ജീവിക്കേണ്ടി വന്നയാള്‍. മലയാളത്തിന്റെ പ്രീയകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജീവിതം ഇത്തരത്തില്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. പൂതപ്പാട്ടും പുത്തന്‍ കലവും അരിവാളും കൂട്ടുകൃഷിയും ഒക്കെ എഴുതിയ മലയാളത്തിന്റെ സ്വന്തം കവി, നാടകകാരന്‍. സാധാരണക്കാരായ കേരളീയര്‍ക്കുവേണ്ടി എഴുതുകയും അതില്‍ വര്‍ത്തമാന കാലജീവിതത്തെ സോദ്ദേശമായും സരളമായും ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇടശ്ശേരി.

'ഹിമിഗിരിപോലെ മഹാംബുധിപോലെ മഹാനഭസ്സുപോലെ'യുള്ളതായിരുന്നു ഇടശ്ശേരിയുടെ കാവ്യജീവിതം. ജീവിതത്തെ അതിന്റെ എല്ലാ ബഹുലതകളും ബൃഹദ്‌സ്വഭാവവും ഉള്‍ക്കൊണ്ടുകൊണ്ട്, യഥാതഥമായി കാവ്യത്തില്‍ സഞ്ചയിക്കുകയെന്നതായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. ബാലാമണിയമ്മയാണ് ഇടശ്ശേരിയെ ശക്തിയുടെ കവി എന്ന് വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് ഏറെ പ്രസിദ്ധമായ പ്രയോഗം. എന്നാല്‍ ഇടശ്ശേരി കവിതയ്ക്കു ശക്തി മാത്രമല്ല, കാരിരുമ്പിന്റെ കരുത്തും കാതലും ക്രൗര്യവുമുണ്ടെന്ന് ഡോ. കെ. അയ്യപ്പപണിക്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത്രമാത്രമല്ല, പൂതപ്പാട്ട് പകരുന്ന കാരുണ്യം. ഏതമ്മയും കരഞ്ഞുപോകുന്ന കാരുണ്യം. ഇടശ്ശേരി കവിതയില്‍ ജീവന്റെ സമസ്ത ഭാവങ്ങളും രാശികളുമുണ്ടെന്നും അയ്യപ്പപണിക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എല്ലാത്തരും അധീശവ്യവസ്ഥകളോടും അന്തമില്ലാതെ പോരാടിക്കൊണ്ടിരിക്കുന്ന അടിസ്ഥാന വര്‍ഗമനുഷ്യന്റെ സ്വത്വബോധവും അന്തസ്സുമാണ് ഈ കവിയുടെ ശക്തിയും കരുത്തും ചൈതന്യവും. അതായിരുന്നു ആ കവിതകള്‍ പേറുന്ന സൗന്ദര്യബോധവും. മൗലികവും അഗാധവും സര്‍വഭക്ഷകവുമായ ജീവിതത്വരയാല്‍ സാധൂകരിക്കപ്പെടുന്ന ധര്‍മ്മവ്യതിയാനങ്ങളുടെ ചിത്രീകരണത്തിലാണ് ഇടശ്ശേരിയുടെ ശക്തിയെന്ന് എം.എന്‍. വിജയനും വിശദീകരിക്കുന്നുണ്ട്.

''കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍''


ഇത്തരത്തില്‍ കുതികൊള്ളുന്ന മനുഷ്യത്വത്തിന്റെ കവിതകളായിരുന്നു ഇടശ്ശേരി എഴുതിയത്. വേദനകളെ കുഴിവെട്ടി മൂടാന്‍ ആവശ്യപ്പെടുന്ന ആ കവിയുടെ സ്വരൂപം ലളിതകോമളനോ തരളിതനോ ആയിരുന്നില്ല. കാല്‍പ്പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ചു നിന്നയാള്‍. ആര്‍ഭാടരഹിതമെങ്കിലും എല്ലുറപ്പുള്ള കവിതകളിലൂടെ സ്വന്തം ഇരിപ്പിടം തീര്‍ത്തയാള്‍. കോമളകാന്ത പദാവലികളോ ആകശസന്നിഭങ്ങളായ കാല്പനിക വിഷാദങ്ങളോ ഒന്നുമായിരുന്നില്ല ഇടശ്ശേരിയെ അലട്ടിയിരുന്നത്. ചുറ്റുപാടും നിലനിന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട്, എതിരുകളോട് എറ്റുമുട്ടി മുന്നേറിയ മാനവികതയുടെ മഹിതഗാഥകള്‍ ചമയ്ക്കുകയെന്ന ഉത്തരവാദിത്ത പൂര്‍ണമായ ദൗത്യമായിരുന്നു എഴുത്തിലൂടെ ഇടശ്ശേരി ഏറ്റെടുത്തത്.
ജീവിതം അത്യന്തം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. കഠിനമായ ദാരിദ്ര്യത്തിലും ക്ലേശങ്ങളിലും അദ്ദേഹം വിഷമിച്ചു. അത്തരം പ്രമേയങ്ങള്‍ അദ്ദേഹത്തിന്റെ രചനാലോകത്തും ധാരാളം കാണുന്നുണ്ടായിരുന്നു. ദാരിദ്യവും അതിനോടു ചേര്‍ന്നുള്ള കഠിനാനുഭവങ്ങളും അന്യന്റെ വിഷമതകളെ മനസ്സിലാക്കുനുള്ള മനസ്സ് അദ്ദേഹത്തില്‍ രൂപപ്പെടുത്തി. അന്യന്റെ വേദനകള്‍ തന്റേതെന്ന പോലെ ഏറ്റെടുക്കുകയും മരുന്ന് വാങ്ങാനായി കരുതിയ പണം പോലും മറ്റുളളവര്‍ക്കു നല്‍കാന്‍ തയാറാവുകയും ചെയ്തിട്ടുള്ള മഹാനുഭാവന്‍ ആകുന്നു ഇടശ്ശേരി.
ഇടശ്ശേരിയെ കുറിച്ചുള്ള ഏറ്റവും മനോഹരമായ ചിത്രം അക്കിത്തം നല്‍കുന്നതാണ്. ''എന്റെ ഓര്‍മ്മയിലുള്ള ഇടശ്ശേരിയുടെ ആദ്യചിത്രം കോടതിയില്‍ നിന്നും കടലാസുകെട്ടുകള്‍ കക്ഷത്തില്‍ വെച്ച്, ഗാന്ധിയന്‍ കുപ്പായവുമിട്ട് സാവധാനം നടന്നുവരുന്ന ഒരാളുടേതാണ്. വഴിവക്കിലെ ചായപ്പീടികയിലെ ആളുകളോട് കുശലം പറഞ്ഞുകൊണ്ടാണ് ആ വരവ്. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍. മുറുക്കിചുവപ്പിച്ച ചുണ്ടുകള്‍. ഇടശ്ശേരിക്ക് കവിതകളെഴുതാന്‍ പ്രത്യേകിച്ചൊരു സ്ഥലമോ അന്തരീക്ഷമോ ഒന്നും വേണ്ടിയിരുന്നില്ല. നടക്കുന്നതിനിടയില്‍ കവിതകള്‍ കുത്തിക്കുറിക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിന്.''

''മര്‍ത്യന്‍ സുന്ദരനാണ്, കാരണമുയിര്‍-
ക്കൊള്ളും വികാരങ്ങള്‍ തന്‍
നൃത്തത്തിന്നുമുതിര്‍ക്കുവാന്‍ സ്വയമണി-
ഞ്ഞിട്ടൊരരങ്ങാണവന്‍;
അത്യന്തം കമനീയമേ മഹിതമാ
യാലും മറിച്ചാകിലും
തല്‍ഭാവങ്ങളെ പൂര്‍ണമാണളവുകോ-
ലെന്നുള്ള കാലം വരെ''


കണ്ണീരും ഉപ്പും കലര്‍ന്ന ജീവിതത്തിന്റെ സൗന്ദര്യം പേറുന്നതാണ് ഇടശ്ശേരിയുടെ കവിതകള്‍. മര്‍ത്യ വിജയത്തിന്റെ മഹാഗാഥകള്‍ പാടുന്നു കവി. മനുഷ്യനും മറ്റു ജീവികളും പ്രകൃതിയും മറ്റും അടങ്ങുന്ന സഹജീവനത്തിന്റെ ഗുണാത്മകത നിറയുന്നതാണ് ആ കവിതകളുടെ അന്തസ്ഥലം. അവ മുന്നോട്ടുവെയ്ക്കുന്ന പാരിസ്ഥിതിക ദര്‍ശനവും അത് തന്നെ. പ്രകൃതിയുമായുള്ള ഒരു സന്തുലിത ജീവിതമെന്ന അടിസ്ഥാന സമീപനത്തിലാണ് ഇടശ്ശേരിയുടെ കവിത അസ്ഥിവാരമിടുന്നത്. മനുഷ്യനും ചരാചരങ്ങളും ഒക്കെ അടങ്ങുന്ന സന്തുലിതമായ ജീവിതം. അസംസ്‌കൃതമായ പ്രകൃതിയെ അടിസ്ഥാന വര്‍ഗ മനുഷ്യന്‍ മെരുക്കിയെടുക്കുന്ന കാഴ്ച ഇടശ്ശേരിയുടെ ഭാവനാപ്രപഞ്ചത്തില്‍ സമൃദ്ധമായി കാണാം.

പ്രകൃതിയെ കീഴടക്കി അഹങ്കരിക്കുന്ന നവനാഗരികതയുടെ ശബ്ദമല്ല, വിശാലമായ സഹജീവനത്തിന്റെ ആര്‍ദ്ര പ്രപഞ്ചമാകുന്നു അത്. കാളിയെ പ്രകൃതിയായും യുവാവിനെ മനുഷ്യനായും പ്രതീകവല്‍ക്കരിച്ചുകൊണ്ടുള്ള കാവിലെപ്പാട്ടിലും പൂതപ്പാട്ടിലുമൊക്കെ ഈ ശബ്ദം നമ്മള്‍ കാണുന്നു. പ്രകൃതിക്കു മുന്നില്‍ സ്വയം കഴുവേറ്റിക്കൊണ്ടു അതിനെ ആര്‍ദ്രവും സര്‍ഗാത്മകവുമാക്കി തീര്‍ക്കുന്ന മനുഷ്യപ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാകുന്നു ഇടശ്ശേരിയുടെ പാരിസ്ഥിതിക ദര്‍ശനം.


മര്‍ത്യ വിജയത്തിന്റെ കാഹളം മുഴക്കുമ്പോഴും അകന്നുപോകുന്ന ഗ്രാമലക്ഷ്മി അദ്ദേഹത്തെ വ്യാകുലപ്പെടുത്താതെ ഇരിക്കുന്നില്ല. മനുഷ്യ കേന്ദ്രിതമായ വികസനം എന്നതില്‍ ഊന്നുമ്പോള്‍ തന്നെ അടിസ്ഥാന വര്‍ഗ മനുഷ്യന്റെ അവകാശങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതാകുന്നു. പ്രകൃതി ചൂഷണം എന്നത് മനുഷ്യനു മേല്‍ തന്നെയുള്ള കടന്നുകയറ്റമാണെന്നും ഇടശ്ശേരി മനസ്സിലാക്കുന്നു. മനുഷ്യന്‍ യന്ത്രമായിതീരുന്ന കാലം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭീഷണമാകുന്നു. അതേക്കുറിച്ചുള്ള ആധികള്‍ ഇടശ്ശേരി കവിതയുടെ അന്തര്‍ധാരകളായി വര്‍ത്തിക്കുന്നത് കാണാം. അത്തരം യന്ത്രസംസ്‌കാരം നമ്മുടെ പുഴകളേയും അരുവികളേയും പ്രകൃതിയെ അപ്പാടെ തന്നെ അഴുക്കുചാലുകളാക്കി മാറ്റിത്തീര്‍ക്കില്ലേയെന്നും കവി ഭയക്കുന്നു.
പ്രകൃതിയുടെ മാനവീകരണം എന്നത് ഇടശ്ശേരിയുടെ ഇഷ്ടപ്രമേയമാണ്. കറുത്തചെട്ടിച്ചികള്‍ പോലുള്ള രചനകള്‍ അതിനുള്ള ഉത്തമനിദര്‍ശനങ്ങായി തീരുന്നു. ദേശകാലങ്ങളില്ലാതെ കടന്നുവരുന്ന പെരുമഴ മേഘങ്ങളില്‍ സംസ്‌കാര സമന്വയങ്ങളുടെ ചിഹ്നങ്ങളെ സ്വരൂപിക്കുന്നു ഈ കൃതഹസ്തനായ കവി. പ്രകൃതിയുടെ കാരുണ്യത്താല്‍ സമന്വയിക്കപ്പെടുന്ന നാട്. അത്തരം സമന്വയത്തില്‍ ഭിന്നതകളും വിഭജനങ്ങളും ഇല്ലാതെയാകുന്നു. പുത്തനാംതിങ്കള്‍ക്കലകള്‍ ഉദിപ്പിക്കുവാനായി എത്തുന്ന കറുത്ത ചെട്ടിച്ചികളെ അകറ്റി നിര്‍ത്തിയുള്ള തറവാടിത്ത ഘോഷണത്തോടൊപ്പമായിരുന്നില്ല ഒരിക്കലും കവി.

അധികാര വ്യവസ്ഥയുടെ ദൂര്‍നയങ്ങളുടെ കരാളഹസ്തങ്ങളില്‍ എരിഞ്ഞടങ്ങുന്ന, തകര്‍ന്ന മനുഷ്യനെയല്ല ആ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി ഉയര്‍ന്നുവരുന്ന മനുഷ്യനെയാണ് ഇടശ്ശേരി കാണിച്ചു തന്നത്. മനുഷ്യത്വത്തിന്റെ അപാര സാധ്യതകളില്‍ ഊന്നിനിന്നുകൊണ്ടു പോരടിക്കുന്നതാണ് യഥാര്‍ത്ഥ മാനവികതയെന്ന് അദ്ദേഹം വിശ്വസിച്ചു. അത് യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിനായുള്ള രചനകളില്‍ ഏര്‍പ്പെട്ടു. പട്ടിണികിടക്കുന്ന മക്കള്‍ക്കായി അരിക്കിഴിയും കൊണ്ടുവരുന്ന പിതാവ് ഒരു വലിയ സൂചകമാകുന്നു.
''അധികാരം കൊയ്യണമാദ്യം
അതിന്മേലാകട്ടെ പൊന്നാര്യന്‍''


എന്നത് ഇടശ്ശേരിയുടെ രാഷ്ട്രീയ ദര്‍ശനത്തെ വെളിപ്പെടുത്തുന്നു, വ്യക്തമായി തന്നെ. അധികാരം എന്ന വ്യവസ്ഥയ്ക്കുമേലെയാണ് യഥാര്‍ത്ഥപൊന്നാര്യന്‍ ഉയര്‍ന്നുവരേണ്ടതെന്ന് ഇടശ്ശേരി പ്രഖ്യാപിക്കുന്നു. പക്ഷെ ഈ ആശയത്തെ കര്‍ഷകന് പഠിക്കാന്‍ വേണ്ടിയാണ് ഈ കവിത എഴുതിയതെന്ന് വായനക്കാരന് തോന്നുകയില്ലെന്നും ആ കഥയ്‌ക്കോ ഈരടിയ്‌ക്കോ സ്വയമേവ കവിതയില്‍ പ്രാധാന്യമില്ലെന്നും കെ.എസ്. നാരായണ പിള്ള ചൂണ്ടിക്കാണിക്കുന്നു. സവിശേഷമായ രൂപശില്പമാണ് ഇടശ്ശേരി കവിതയില്‍ കാണുക. പല ഘടങ്ങളും സമന്വയിപ്പിച്ച് അവയിലോരോന്നിനും അതീതമായ ഒരു അനുഭൂതി വായനക്കാരന് നല്‍കുന്നതുകൊണ്ടാണ് ഇടശ്ശേരി കവിത കലാസൃഷ്ടിയെന്ന നിലയില്‍ ശക്തവും അവിസ്മരണീയവുമാകുന്നതെന്നും കെ. എസ്. നാരായണ പിള്ള വിശദീകരിക്കുന്നു.

അവതരണത്തിലെ നാടകീയതയാണ് മറ്റൊരു സവിശേഷത. വടക്കന്‍ പാട്ടുകളിലും മറ്റും കാണുന്ന തരത്തിലുള്ള ആഖ്യാനത്തിലെ നാടകീയത പൂതപ്പാട്ട് അടക്കമുള്ള നിരവധി കവിതകളില്‍ ദൃശ്യമാണ്. സംഭവങ്ങളുടേയും ദൃശ്യങ്ങളുടേയും വര്‍ണ്ണനയിലുള്ള ഉശിരും ആര്‍ജ്ജവവും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ ഇടശ്ശേരി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''ഗാന്ധി ഭക്തനും മാര്‍ക്‌സിയന്‍ തത്വശാസ്ത്രം എന്തെന്നു പഠിക്കാത്തവനുമായ ഒരുവന്‍ കേവലം വസ്തുനിഷ്ഠമായി എഴുതിപ്പോയ ചില കാവ്യങ്ങള്‍ പലതും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണ സാഹിത്യശേഖരത്തിലേക്ക് പാകമായി. ജീവിത പരാജയത്തിന് ഒരു കാരണം കൂടി. കോണ്‍ഗ്രസുകാര്‍ക്ക് ചുവന്ന പാര്‍ട്ടിക്കാരനാണ്. ചോപ്പന് ഞാന്‍ വെള്ളത്തൊപ്പിക്കാരനും! പക്ഷെ, മറന്നുകൂട, കവിയുടെ സ്വൈര്യ ജീവിതത്തിനു ഇതിലേറെ ഉപകരിച്ചിട്ടുള്ള മറ്റൊന്നില്ല.'
പക്ഷെ, താനൊരു ഈശ്വര വിശ്വാസിയാണെങ്കിലും എക്കാലത്തും അലട്ടിക്കൊണ്ടിരുന്ന വിശപ്പിനേയും സ്‌നേഹശൂന്യതയേയും പ്രതിപാദിക്കേണ്ടിവരുമ്പോള്‍ ആസ്തിക്യ സാധാരണമായ വിനയവും തത്വശാസ്ത്രങ്ങളുടെ നേര്‍ക്കുവേണ്ട ബഹുമാനവും എന്നെ വിട്ടുപിരിഞ്ഞിട്ടുണ്ടെന്ന് കവി തന്നെ എഴിതിയിട്ടുണ്ടെന്നതും കാണാതിരിക്കരുത്.

പരീക്ഷകള്‍ ഒരിക്കലും അവസാനിക്കുന്നില്ല

തികച്ചും സത്യസന്ധമായി ജീവിച്ച, ജീവിതത്തിലും സമൂഹത്തിലും ഇടപെട്ട മനുഷ്യനായിരുന്നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. കണ്ണും കാതും തുറന്ന് ജീവിച്ച മനുഷ്യന്‍. എന്നാല്‍ ഈ തിരക്കില്‍ പെട്ട് സ്വപ്‌നം കാണാനുള്ള കഴിവ് നഷ്ടപ്പെടാതിരിക്കട്ടെയെന്ന് അദ്ദേഹം മക്കളോട് പറയുമായിരുന്നു. മകന്‍ സതീഷ് നാരായണന്‍ പറയുന്നു: ''അനുഭവങ്ങള്‍ പകര്‍ത്തുമ്പോഴും ധാര്‍മ്മിക നിലപാടുകള്‍ കവിതയില്‍ വ്യജ്ഞിപ്പിക്കുമ്പോഴും സത്യസന്ധത പുലര്‍ത്തണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. സ്വന്തം കര്‍മ്മത്തിലെ ഔന്നത്യമേ കവിതയില്‍ കാണാവൂയെന്ന തരം നിര്‍ബന്ധം തന്നെ ഉള്ളതുപോലെ തോന്നിച്ചിരുന്നു. അതുപോലെ ജീവിതത്തിലും ഒട്ടൊക്കെ കവിതയും വേണമെന്നുണ്ടായിരുന്നു. കവിതയും പ്രായോഗിക ജീവതവും തമ്മിലുണ്ടായ സഹവാസവും വിനിമയവും ഞങ്ങളുടെ വീട്ടില്‍ ആരും പ്രത്യേകം സൂചിപ്പിക്കാതെ തന്നെ അംഗീകരിച്ച പ്രത്യേകതയായിരുന്നു. സ്‌കൂള്‍ പരീക്ഷയ്ക്കു അതര്‍ഹിക്കുന്നതിലധികം ഗൗരവം കൊടുത്തു കിണഞ്ഞുപഠിച്ചിരുന്ന ഞങ്ങളെ, അച്ഛന് ഓര്‍മ്മപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞില്ല: നോക്കൂ പരീക്ഷകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഈ തിരക്കില്‍ സ്വപ്‌നം കാണാനുള്ള നിങ്ങളുടെ കഴിവ് നഷ്ടപ്പെടാതിരിക്കട്ടെ.''
1906 ഡിസംബര്‍ 23നായിരുന്നു പൊന്നാനിയിലായിരുന്നു ഇടശ്ശേരിയുടെ ജനനം. 1921 ല്‍ അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം ഗോവിന്ദന്റെ ചുമലിലായി. പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠിപ്പവസാനിപ്പിച്ച് ജീവിതായോധനത്തിനായി ക്ലേശിക്കേണ്ട അവസ്ഥ. തുടര്‍ന്നു തൊഴില്‍ പഠിക്കാനായി വീടുവിട്ട ഗോവിന്ദന്‍ ആലപ്പുഴയില്‍ എത്തി വക്കീല്‍ ഗുമസ്തപ്പണി പഠിച്ചു. ബന്ധുവായ ശങ്കരന്‍ നായര്‍ക്കൊപ്പമായിരുന്നു ആദ്യകാലപഠനം. അതിനുശേഷം ആലപ്പുഴയില്‍ വക്കീലായ എ. കൃഷ്ണമോനോന്റെ ഒപ്പം ക്ലര്‍ക്കായി ചേര്‍ന്നു. പഠനകാലത്ത് ചെലവുകഴിയാനായി ട്യൂഷനെടുത്തു. ആദ്യമായി കൈയില്‍ കിട്ടിയ രണ്ടുരൂപ കൊണ്ടു അമ്മയ്ക്കു വാങ്ങിയ പുതപ്പ് തനിയ്ക്കു നാട്ടില്‍ പോവാനാവാത്തതിനാല്‍ ഒരാള്‍ വശം കൊടുത്തുവിട്ടു. അയാള്‍ അതുമായി അവിടെയെത്തിയപ്പോള്‍ അമ്മ കുഞ്ഞിക്കുട്ടിയമ്മ ജീവനോടെ ശേഷിച്ചിരുന്നില്ല. വസൂരി ബാധിതയായി അവര്‍ മരണമടഞ്ഞു. അതേക്കുറിച്ചും ഇടശ്ശേരി എഴുതിയിട്ടുണ്ട്:

''അവള്‍ക്കു കുളിരിനു കമ്പിളിവാങ്ങി-
പ്പിന്നീടൊന്നോ ഞാന്‍ ചെല്‍കേ,
ഒരട്ടിമണ്ണു പുതച്ചുകിടപ്പു
വീടക്കടമേ മമജന്മം''


ആലപ്പുഴയില്‍ ഏഴു വര്‍ഷവും കോഴിക്കോട് ഒരു വര്‍ഷവും വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു. കോഴിക്കോട്ട് കുഞ്ഞിരാമമേനോന്റെ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്യവെയാണ് ഗള്‍ഫില്‍ ജോലിക്കായി ശ്രമിച്ചെങ്കിലും കൊണ്ടുപോകാമെന്നേറ്റയാള്‍ ആകസ്മികമായി മരണമടഞ്ഞതിനെ തുടര്‍ന്ന് അത് നടന്നില്ല. ഗള്‍ഫില്‍ പോകാനായി കോഴിക്കോട്ടെ ജോലി മതിയാക്കി പൊന്നാനിക്കു മടങ്ങിയതിനാല്‍ തുടര്‍ന്നുള്ള കാലം അവിടെ രാമന്‍ മേനോന്‍ എന്ന അഭിഭാഷകനു കീഴില്‍ ഗുമസ്തനായി ജോലി ചെയ്തു.

മുപ്പത്തി രണ്ടാം വയസ്സില്‍ ഇടശ്ശേരി വിവാഹിതനായി. ടാഗോറിന്റെ കവിതകളും മറ്റും മൊഴിമാറ്റം നടത്തിയിട്ടുള്ള കവിത്വമുള്ള ഇടക്കണ്ടി ജാനകിയമ്മയായിരുന്നു ഭാര്യ. കഥാകൃത്ത് ഹരികുമാര്‍ അടക്കം പതിനൊന്നു മക്കള്‍. മൂന്നു പേര്‍ ശൈശവത്തില്‍ തന്നെ മരിച്ചു. ജോലി തേടി വീടുവിട്ടു നില്‍ക്കേണ്ടിവന്ന ഇടശ്ശേരി കത്തുകളിലൂടെ മക്കളോട് നിരന്തരം സംവദിച്ചു. ഈശ്വരവിശ്വാസം കൈവെടിയരുതെന്നും വിനയമുള്ളവരായിരിക്കണമെന്നുമൊക്കെ അദ്ദേഹം മക്കളെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പലതരം അസുഖങ്ങള്‍ അദ്ദേഹത്തെ നിരന്തരം അലട്ടിയിരുന്നു. പക്ഷെ തൊടിയിലെ പണികളും തോട്ടവും അദ്ദേഹം സ്വന്തം നിലയ്ക്കു പരിപാലിച്ചുപോന്നു. വീട്ടില്‍ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായിരുന്നില്ല ഇടശ്ശേരി. സാമൂഹത്തിലെ സമസ്ത കാര്യങ്ങളിലും ഇടപെടുന്നതായിരുന്നു ശീലം.


പരുക്കനായ ജീവിതാനുഭവങ്ങള്‍ കൊണ്ടാവാം, മക്കളോട് വാത്സല്യം അത്ര പ്രകടമായി അറിയിക്കുക അദ്ദേഹത്തിനു പതിവില്ലായിരുന്നു. കവിതയെ കുറിച്ച് കാര്യമായൊന്നും മക്കളോട് പറയുന്ന രീതിയും ഉണ്ടായിരുന്നില്ല. പക്ഷെ ശാസ്ത്രകാര്യങ്ങളും മറ്റും മക്കള്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. രാത്രിയില്‍ ആകാശത്തെ നക്ഷത്രജാലങ്ങളെ ഒക്കെ കാണിച്ച് ബിംങ്ബാങ് തിയറിയൊക്കെ ഇടശ്ശേരി വിശദീകരിച്ചു കൊടുത്തിരുന്നു.
''അച്ഛന്‍ ഞങ്ങളോട് സ്വന്തം കവിതയെ പറ്റി സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നാടകങ്ങളില്‍ പലതിലും പങ്കെടുക്കാന്‍ എനിക്ക് അവസരം തന്നുവെന്നതൊഴിച്ചാല്‍, അദ്ദേഹത്തിന്റെ സാഹിത്യം ഞങ്ങളില്‍ നിന്ന് വളരെ ഉയര്‍ന്ന നിലയില്‍ ഞങ്ങള്‍ക്ക് അപ്രാപ്യമായി നിലകൊണ്ടു.''ഇ. ഹരികുമാര്‍ എഴുതി. കനത്ത സാമ്പത്തിക ഭാരവും പേറിയുള്ളതായിരുന്നു ഇടശ്ശേരിയുടെ ജീവിതം. സ്വന്തം കുടുംബം മാത്രമല്ല പെങ്ങന്മാരേയും അവരുടെ മക്കളേയും ഒക്കെ അദ്ദേഹത്തിനു നോക്കേണ്ടതായുണ്ടായിരുന്നു. വക്കീല്‍ ഗുമസ്തനായി ജോലി ചെയ്യവെ തന്നെ ഭക്ഷണത്തിനായി പൊന്നാനിയിലെ ചായപ്പീടികയിലെ കണക്കെഴുത്തും അദ്ദേഹം നടത്തി. വിട്ടുമാറാത്ത ദാരിദ്ര്യം അനുയാത്ര ചെയ്തുകൊണ്ടിരുന്നതിനാല്‍ മൂത്ത രണ്ടുമക്കളേയും ജോലി തേടി വിദൂരസ്ഥലങ്ങളിലേക്ക് അയക്കേണ്ടിവന്നു. അക്കാര്യത്തില്‍ ഇടശ്ശേരിയ്ക്ക് വലിയ മനോവിഷമം ഉണ്ടായിരുന്നു.
കഠിനാനുഭവങ്ങളെ വലിയ പൊട്ടിച്ചിരിയില്‍ ഒതുക്കിവെയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു.''അച്ഛന്റെ പൊട്ടിച്ചിരിയ്ക്കു പിന്നില്‍ ഒളിച്ചുവെച്ചിരുന്ന ഹൃദയവ്യഥകള്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളു. അങ്ങനെ പൊട്ടിച്ചിരിയ്ക്കാനുള്ള കഴിവുണ്ടായിരുന്നില്ലെങ്കില്‍ അച്ഛന് എത്രയോ നേരത്തെ ഹൃദയാഘാതം വരുമായിരുന്നു'' മകന്‍ സതീ്ഷ് നാരായണന്‍ എഴുതി.

12 വയസ്സുമുതല്‍ കവിത എഴുതിത്തുടങ്ങി. അമ്മയും ജ്യേഷ്ഠത്തിയുമൊക്കെ കാവ്യ വാസന ഊട്ടിഉറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പൂതപ്പാട്ടില്‍ കവിതയെഴുതാത്ത ചെറിയേടത്തിയുടെ കഥാകഥന രീതിയെ പിന്‍പറ്റിയതായി സൂചിപ്പിച്ചുട്ടുണ്ട്. പൊന്നാനിക്കളരയില്‍ പയറ്റിത്തെളിഞ്ഞ എഴുത്തുകാരനായിരുന്നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. കെ. കേളപ്പന്റെ സഹചാരിയായ ഇടശ്ശേരി തികഞ്ഞ ഗാന്ധിയനായിരുന്നു. പൊന്നാനിയിലെ കൃഷ്ണപ്പണിക്കര്‍ വായനശാലയുടെ സ്ഥാപനത്തില്‍ ഇടശ്ശേരിയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നു. കുട്ടികൃഷ്ണമാരാരും വി.ടി ഭട്ടതിരിപ്പാടും ഉറൂബും അക്കിത്തവും ഒക്കെ ആ വായനശാലയില്‍ സ്ഥിരമായി എത്തിയിരുന്നു. ഇവരുമൊക്കെ സമ്പുഷ്ടമാക്കിയതായിരുന്നു 'പൊന്നാനിക്കളരി'. ഈ കളരിയില്‍ അഭ്യസിച്ച് സാഹിത്യത്തില്‍ വ്യക്തിമുദ്ര സ്ഥാപിച്ച ഒട്ടേറെ എഴുത്തുകാരുണ്ട്. കൃഷ്ണപ്പണിക്കര്‍ വായനശാല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. നാടകാവതരണം, സാഹിത്യസംവാദങ്ങള്‍, വയോജന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ സാംസ്‌കാരിക ഇടപെടലുകളാല്‍ ശ്രദ്ധേയമായിരുന്നു അവിടം. ഇത്തരത്തില്‍ സംഭവ ബഹുലമായിരുന്ന ആ ജീവിതം 1974 ഒക്ടോബര്‍ 16ന് അവസാനിച്ചു.

ആരായിരുന്നു ഇടശ്ശേരി? നമ്മുടെ കവിയെന്ന് നെഞ്ചോടു ചേര്‍ത്തു വിളിക്കാന്‍ ഒരു യഥാര്‍ത്ഥ മലയാളിക്ക് കഴിയുന്ന കവിയെന്നാണ് കെ. അയ്യപ്പ പണിക്കര്‍ പറയുന്നത്. ഇടശ്ശേരിയുടെ തന്നെ വാക്കുകളില്‍ ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് തോന്നുന്നു: 'ദാരിദ്ര്യത്തേയും കവിതയേയും സ്പര്‍ശിക്കാതെ സ്വന്തം ജീവിതത്തെ കുറിച്ച് എന്തെങ്കിലും ഉപന്യസിക്കൂ എന്നൊരാള്‍ ആവശ്യപ്പെട്ടാല്‍ എന്റെ മുഖം മൂകമാകും, ലേഖനം വെള്ളക്കടലാസും. നിത്യോപജീവനത്തിനുവേണ്ടി ഏര്‍പ്പെട്ട കഠിന സമരങ്ങളും എന്നെത്തന്നെ മറന്നു സോല്ലാസം വിഹരിച്ച കവിതാ മണ്ഡലങ്ങളും കൂടി സുദീര്‍ഘവും സുവിസ്തരവുമാക്കിയ ഈ ജീവിതമാണ് എന്റെ സമ്പാദ്യം''

അവലംബം:
1. ഇടശ്ശേരി-ഡോ.ഷീബ ദിവാകരന്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
2. കവി ദര്‍ശനം- കെ അയ്യപ്പ പണിക്കര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
3. കവിയരങ്ങ്- പ്രഫ. കെ.എസ്. നാരായണ പിള്ള, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
4. ഇടശ്ശേരിയുടെ വിവിധ കൃതികള്‍, അദ്ദേഹത്തെ കുറിച്ച് വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന അനുസ്മരണ കുറിപ്പുകള്‍

ചിത്രങ്ങള്‍: https://www.edasseri.org/


Next Story

Related Stories