TopTop
Begin typing your search above and press return to search.

ജനങ്ങളോട് വിശന്നിരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, കര്‍ഷക പ്രക്ഷോഭ കാലത്ത് ആ കുറിയ ഖദര്‍ധാരിയെ ഓര്‍ക്കുമ്പോള്‍

ജനങ്ങളോട് വിശന്നിരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, കര്‍ഷക പ്രക്ഷോഭ കാലത്ത് ആ കുറിയ ഖദര്‍ധാരിയെ ഓര്‍ക്കുമ്പോള്‍
രാജ്യത്തെ ജനങ്ങൾ ഒരുനേരത്തെ ആഹാരം ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കേണ്ടി വരുന്ന ഒരു പ്രധാനമന്ത്രി ഇക്കാലത്താണെങ്കിൽ ദുർബലനെന്ന പഴി കേൾക്കേണ്ടി വന്നേനെ. കടുത്ത ഭക്ഷ്യദൌർലഭ്യതയെ നേരിടുകയായിരുന്നു ലാൽ ബഹാദൂർ ശാസ്ത്രിയുടെ സർക്കാർ. പല സംസ്ഥാന സർക്കാരുകളും ഹോട്ടലുകളിലെ വിപുലമെന്ന് അന്ന് വിലയിരുത്തപ്പെട്ട തീൻസമയങ്ങൾ റദ്ദാക്കുക വരെ ചെയ്തു. മൈസൂരിൽ അക്കാലത്ത് വൈകുന്നേരങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന്...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


രാജ്യത്തെ ജനങ്ങൾ ഒരുനേരത്തെ ആഹാരം ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കേണ്ടി വരുന്ന ഒരു പ്രധാനമന്ത്രി ഇക്കാലത്താണെങ്കിൽ ദുർബലനെന്ന പഴി കേൾക്കേണ്ടി വന്നേനെ. കടുത്ത ഭക്ഷ്യദൌർലഭ്യതയെ നേരിടുകയായിരുന്നു ലാൽ ബഹാദൂർ ശാസ്ത്രിയുടെ സർക്കാർ. പല സംസ്ഥാന സർക്കാരുകളും ഹോട്ടലുകളിലെ വിപുലമെന്ന് അന്ന് വിലയിരുത്തപ്പെട്ട തീൻസമയങ്ങൾ റദ്ദാക്കുക വരെ ചെയ്തു. മൈസൂരിൽ അക്കാലത്ത് വൈകുന്നേരങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന് ഹോട്ടലുകൾക്ക് വിലക്കുണ്ടായിരുന്നു!

യാഥാർത്ഥ്യത്തെ സ്വീകരിക്കാൻ മടി കാണിക്കാതിരിക്കുകയെന്നത് ലാൽ ബഹാദൂർ ശാസ്ത്രിയെന്ന, വളരെ ചുരുങ്ങിയ കാലം മാത്രം ഇന്ത്യ ഭരിച്ച ഭരണാധികാരിയുടെ ഗുണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചരിത്രകാരനായ രാമചന്ദ്ര ഗുഹ എൻഡിടിവിയിലെഴുതിയ ലേഖനത്തിൽ ഇക്കാര്യം വിശദീകരിക്കുന്നത് ഹിന്ദിവിരുദ്ധ പ്രക്ഷോഭകാലത്ത് ശാസ്ത്രി സ്വീകരിച്ച നയം ചൂണ്ടിക്കാട്ടിയാണ്. ഇംഗ്ലീഷിനുണ്ടായിരുന്ന ഔദ്യോഗികഭാഷയെന്ന പദവി നീക്കം ചെയ്ത തന്റെ നടപടിക്കെതിരെ ദക്ഷിണേന്ത്യയിൽ വ്യാപകമായ പ്രക്ഷോഭങ്ങളുയർന്നു വന്നപ്പോൾ ശാസ്ത്രി ഒട്ടും താമസിക്കാതെയും ഗർവ് പ്രകടിപ്പിക്കാതെയും നിലപാട് തിരുത്തി. ഇംഗ്ലീഷിന്റെ ഔദ്യോഗികഭാഷാപദവി പുനസ്ഥാപിച്ചു. മാത്രവുമല്ല, പിന്നീട് റേഡിയോയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു.

കർഷകരോട് ചിലത് ത്യജിക്കാൻ ആവശ്യപ്പെടുന്ന മറ്റൊരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ ഘട്ടത്തിലാണ് ശാസ്ത്രിയുടെ ജന്മദിനം കടന്നുപോകുന്നത്. ശാസ്ത്രിയുടെ കാർഷികവിപ്ലവ മുന്നേറ്റവും, അക്കാലത്ത് അദ്ദേഹം ഉയർത്തിയ 'ജയ് ജവാൻ, ജയ് കിസാൻ' എന്ന മുദ്രാവാക്യവും വീണ്ടും ചർച്ചയിലെത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ചൈന അതിർത്തിയിലെ തിരിച്ചടികളുടെയും, രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളുടെയും സാഹചര്യത്തിൽ ഈ ചർച്ചകൾ വേണ്ടത്ര ഉച്ചത്തിലാകുന്നുണ്ടോയെന്ന് ആരും സംശയിച്ചു പോകുമെങ്കിലും.

ശാസ്ത്രിയുടെ കാലത്തു നിന്നും വ്യത്യസ്തമായി കർഷകരോട് തങ്ങളുടെ വിപണന രീതികളിൽ മാറ്റം വരുത്താനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. വലിയ തോതിലുള്ള ഉൽപാദനശേഷി വളരെക്കാലം മുമ്പു തന്നെ രാജ്യം നേടിക്കഴിഞ്ഞതാണ്. എന്നാൽ ഇങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന വിളകൾ വിൽക്കുന്നതിന് 'പരമ്പരാഗത'മെന്ന് കേന്ദ്ര സർക്കാർ ആക്ഷേപിക്കുന്ന മാർഗങ്ങളാണ് കർഷകർ പിന്തുടരുന്നത്. ഓരോ പ്രദേശത്തെയും കാർഷികവിളകൾ കർഷകരുടെയും സർക്കാരിന്റെയും കൂടി പിന്തുണയോടെ നിലനിൽക്കുന്ന മണ്ഡികളിൽ വിൽപന നടത്തുന്നതിനെക്കാൾ ലാഭകരമായിരിക്കും ആവശ്യക്കാർക്ക് നേരിട്ട് വിൽക്കുന്നത്. മണ്ഡികളെ ഇടനിലകേന്ദ്രങ്ങളായും ഇടനിലക്കാരുടെ മാത്രം ആവശ്യത്തിന് നിലനിൽക്കുന്ന സ്ഥാപനങ്ങളായുമാണ് സർക്കാർ കാണുന്നത്. ഇവയ്ക്ക് പുറത്തേക്ക് കർഷകരെ എത്തിക്കുന്നതോടെ ബഹുരാഷ്ട്ര കമ്പനികൾക്കും നേരിട്ട് കാർഷികോൽപ്പന്നങ്ങൾ വാങ്ങാനാകും. മണ്ഡി വ്യവസ്ഥയെ ത്യജിക്കുന്നത് ഗുണകരമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. എന്നാൽ അത് ഗുണകരമാകില്ലെന്ന് കർഷകരും വാദിക്കുന്നു.

വളപ്രയോഗം ശരിയായ കാർഷികരീതിയല്ലെന്ന ഇന്ത്യൻ കർഷകരുടെ അശാസ്ത്രീയമായ ധാരണയെ ഇല്ലാതാക്കാൻ നിയമങ്ങൾ സ്ഥാപിക്കുകയോ കർഷകരെ പ്രകോപിപ്പിക്കുകയോ ചെയ്യേണ്ടി വന്നില്ല ലാൽ ബഹാദൂർ ശാസ്ത്രിക്ക്. എംഎസ് സ്വാമിനാഥൻ രണ്ടായിരത്തോളം കാർഷികകേന്ദ്രങ്ങൾ സ്ഥാപിച്ചു. അവിടങ്ങളിൽ പുതിയ കൃഷിരീതി നടപ്പാക്കി. കർഷകർ വിളവ് നേരിട്ട് കണ്ട് കണ്ണുതള്ളി. ഈ സമീപനത്തിന് അവിശ്വസനീയമായ ഫലമാണുണ്ടായത്. രാജ്യം മുഴുവനും പുതിയ കൃഷിരീതിയെ പിന്തുടരാൻ തയ്യാറായി. കൃഷിയുമായി ബന്ധമില്ലാത്ത ചില പരിസ്ഥിതി വരട്ടുവാദികൾ മാത്രമാണ് പുറന്തിരിഞ്ഞ് നിന്നത്. ഒരു മാതൃക കാണിക്കുകയും അതിലൂടെ ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യണമെങ്കിൽ പ്രസ്തുത മാതൃക വിജയകരമാകുമെന്ന ഉറപ്പ് സർക്കാരിനും ഉണ്ടാകണം.

ഒരുനേരം വിശന്നിരിക്കുകയെന്ന ശാസ്ത്രിയുടെ ആഹ്വാനം ഒരു നിലമൊരുക്കലായിരുന്നെന്ന് ഇന്ത്യ പിന്നീട് തിരിച്ചറിഞ്ഞു. ആ വിശപ്പിന് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നില്ലെങ്കിലും ത്യാഗത്തിന് ഫലം നേടിയെടുക്കുന്ന ഗാന്ധിയൻ ശാഠ്യം ശാസ്ത്രി കൈവിട്ടില്ല. കാർഷിക വിപ്ലവത്തിന്റെ ആവശ്യകതയെ രാജ്യത്തിന് ബോധ്യപ്പെടുത്തിയ ആ നീക്കം നയപരമെന്ന് വാഴ്ത്തപ്പെട്ടു. വലിയ തോതിലുള്ള വളപ്രയോഗങ്ങളെ താങ്ങാൻ ശേഷിയുള്ള പുതിയ വിത്തിനങ്ങളെയും, പുതിയ കൃഷിരീതികളെയും രാജ്യത്തിന്റെ യാഥാസ്ഥിതികമായ കാർഷികരംഗം സ്വീകരിക്കുമോയെന്ന സംശയം നിലനിന്നിരുന്നു. വിശപ്പ് എന്ന യാഥാർത്ഥ്യത്തെ തന്നെ മുന്നിലേക്ക് നിർത്തിയായിരുന്നു ശാസ്ത്രിയുടെ നീക്കം. രാജ്യം വലിയ ഭക്ഷ്യക്ഷാമത്തെ നേരിടുകയാണെന്നും ജനങ്ങൾ ഒരുനേരത്തെ ഭക്ഷണം ത്യജിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ഇത്തരം ത്യാഗങ്ങൾ അപരിചിതമല്ലാത്ത ജനങ്ങൾ ഈ ആഹ്വാനത്തിൽ തെറ്റായൊന്നും കണ്ടില്ല.

എന്നാൽ ജനങ്ങളുടെ വിശപ്പിനെ മറ്റൊരു രീതിയിലാണ് നരേന്ദ്രമോദി സർക്കാർ ഉപയോഗിക്കുന്നതെന്ന് കാണാം. കർഷകരിൽ സമ്മർദ്ദപ്രയോഗത്തിന് ഏറ്റവും നല്ല അവസരമെന്ന നിലയിലാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ സർക്കാർ കാണുന്നതെന്ന് തോന്നും കാർഷിക ബില്ലുകൾ കൊണ്ടുവന്ന രീതി ശ്രദ്ധിച്ചാൽ. കോവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധിയെ ജനങ്ങൾ എങ്ങനെ നേരിടുന്നുണ്ടാകുമെന്ന ചോദ്യത്തിന് മറുപടിയായി സാമ്പത്തികശാസ്ത്രജ്ഞർ നൽകുന്ന ഉത്തരം ഈയവസരത്തിൽ ഓർക്കാവുന്നതാണ്. അവർ ചെലവുകളിൽ കുറവ് വരുത്തും. തുടക്കത്തിൽ വിനോദങ്ങൾക്കായുള്ള ചെലവുകൾ വേണ്ടെന്നു വെക്കും. പുതിയ വസ്ത്രങ്ങൾ വാങ്ങാതിരിക്കും. അടിവസ്ത്രങ്ങൾ വാങ്ങാതിരിക്കും. കുട്ടികളെ സ്കൂളിൽ വിടുന്നത് അവസാനിപ്പിക്കും. ഏറ്റവുമൊടുവിൽ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ കുറവ് വരുത്തും. വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും, ഇന്ത്യൻ റിസർവ് ബാങ്കിന്റെ മുൻ ഗവർണറുമായ രഘുറാം രാജൻ രാജ്യം നേരിടാനിരിക്കുന്ന ഈ പ്രശ്നത്തെ സെപ്തംബർ മാസത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ 23.9 ശതമാനത്തിന്റെ ഭീമമായ ഇടിവ് സംഭവിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോഴായിരുന്നു രഘുറാം രാജന്റെ ഈ പ്രതികരണം. ജനങ്ങളുടെ കൈവശം പണമെത്തിക്കേണ്ടെന്ന തന്റെ സാമ്പത്തികശാസ്ത്ര നിലപാട് ആവർത്തിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വളർച്ചയെ ആസ്പദിച്ചാണ് ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയുടെ നിലനിൽപ്പ് എന്നതിനാൽത്തന്നെ കോവിഡ് കാല കെടുതികളെ നേരിടാൻ തക്കതായ ഒരു ബൃഹത്തായ വളർച്ചയൊന്നും ഇക്കാലയളവിൽ പ്രസ്തുത മേഖലയിലുണ്ടായി എന്ന് കരുതാൻ വയ്യ. 3 ശതമാനത്തിന്റെ വളർച്ചയാണ് 2019-20 കാലയളവിൽ കാർഷികമേഖല രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജനങ്ങളിൽ പണമെത്തിക്കുന്നതിന് പകരം അവരിൽ നിന്നും പണം തട്ടിപ്പറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അത് കോർപറേറ്റുകൾക്ക് വേണ്ടിയാണെന്നും കർഷകർ കുറ്റപ്പെടുത്തുന്നു.

താൻ ആവിഷ്കരിച്ച പദ്ധതി മഹത്തരമാണെന്ന തോന്നലിനെ കർഷകരിലേക്ക് പകർന്നു നൽകുന്നിടത്താണ് സി സുബ്രഹ്മണ്യവും സ്വാമിനാഥനും ശാസ്ത്രിയുമെല്ലാം വിജയിച്ചത്. കർഷകരെ ബോധവൽക്കരിക്കുകയെന്ന വളരെ ശ്രമകരമായ ദൌത്യം അവരേറ്റെടുത്തു. പരമ്പരാഗതമായ കൃഷിരീതികളെ ഏതാണ്ടൊരു മതാനുഷ്ഠാനം പോലെ കാണുന്നവരായിരുന്നു അവർ. വളരെ അപരിഷ്കൃതമായ കൃഷിരീതികളിലൂടെ അവരുൽപാദിപ്പിച്ചത് 12 ദശലക്ഷം ടൺ ധാന്യമായിരുന്നു. 50 കോടി ജനങ്ങളുണ്ടായിരുന്നു. 1966-67 കാലത്ത് 10 ദശലക്ഷം ടൺ ധാന്യങ്ങകൾ ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നു. സ്വാമിനാഥൻ ഇതിനെ വിശേഷിപ്പിച്ചത് 'തൊഴിലില്ലായ്മയുടെ ഇറക്കുമതി' എന്നാണ്. ഈ ഉയർന്ന തോതിലുള്ള ഇറക്കുമതിയിൽ നാലഞ്ച് വർഷം കൊണ്ട് വൻ കുറവാണ് വന്നത്. ഇറക്കുമതി വെറും 3 ദശലക്ഷം ടണ്ണാക്കി കുറയ്ക്കാൻ കാർഷികവിപ്ലവ പരിപാടികൾക്ക് സാധിച്ചു. ഇന്ന് വർഷങ്ങൾക്കിപ്പുറം 70 ദശലക്ഷം ടൺ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാഷ്ട്രമായി ഇന്ത്യ വളർന്നതിനു പിന്നിൽ ശാസ്ത്രിയുടെ ദീർഘവീക്ഷണവും ശാസ്ത്രോന്മുഖത്വവുമുള്ള രാഷ്ട്രീയ നീക്കങ്ങളാണ്.

ഇന്ന് ലാൽ ബഹാദൂർ ശാസ്ത്രിയെ ഓർമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അതിനായി ഉപയോഗിച്ച വാക്കുകളിൽ അദ്ദേഹത്തെ കൃത്യമായി വിലയിരുത്തുന്നുണ്ട്. ലാളിത്യവും നിശ്ചയദാർഢ്യവും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. നിലപാടുകൾക്ക് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാനും, ആ നിലപാടുകളിൽ ഉറച്ചു നിൽക്കാനും ശാസ്ത്രിക്കുള്ള കഴിവ് വലുതായിരുന്നു. ഇന്ത്യ-പാക് യുദ്ധകാലം അദ്ദേഹത്തിന്റെ ആരുറപ്പുള്ള നിൽപ്പിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഇതോടൊപ്പം തന്നെ കാണേണ്ട ഒന്നാണ് കാർഷികവിപ്ലവത്തിന് അദ്ദേഹം നടത്തിയ അടിത്തറയൊരുക്കൽ. ആദ്യത്തേത് യുദ്ധവും രണ്ടാമത്തേത് യുദ്ധസമാനമെന്ന് വിശേഷിപ്പിക്കാവുന്ന പ്രവർത്തനവുമായിരുന്നു.

കാർഷികരംഗത്ത് ഒരു മാതൃകാപരിണതി കൊണ്ടുവരികയെന്ന തന്റെ ലക്ഷ്യത്തിന് പോരുന്ന കരുത്തരായ ആളുകളെത്തന്നെ നേതൃനിരയിൽ കൊണ്ടുവരാനും ശാസ്ത്രിക്കായി. തികച്ചും ആധുനികരായ, സാങ്കേതികോന്മുഖമായ സമീപനമുള്ള രണ്ടുപേരെ അദ്ദേഹം മുന്നിൽ നിർത്തി. കൃഷിമന്ത്രിയായ സി. സുബ്രഹ്മണ്യം, കൃഷിശാസ്ത്രജ്ഞനായ എംഎസ് സ്വാമിനാഥൻ എന്നിവർ. 1966ൽ മെക്സിക്കോയിൽ വികസിപ്പിച്ചെടുത്ത കുറിയ ഗോതമ്പ് ഇനത്തെ ഇന്ത്യയുടെ സാഹചര്യത്തിലേക്ക് പരിവർത്തിപ്പിച്ച് കൊണ്ടുവരണമെന്ന സ്വാമിനാഥന്റെ ആവശ്യത്തെ അന്നത്തെ കൃഷിമന്ത്രി സുബ്രഹ്മണ്യം അംഗീകരിച്ചു. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള, വലിയ റിസ്കുള്ള ഇത്തരമൊരു തീരുമാനമെടുക്കാൻ ശാസ്ത്രിയുടെ ഉയർന്ന രാഷ്ട്രീയബോധത്തിന് സാധിച്ചു.

കർഷകരില്‍ കൃഷിവിപണിയിൽ തങ്ങൾ പരാജയപ്പെടാൻ പോകുകയാണെന്ന ഭീതി അനുഭവിക്കേണ്ടി വരുന്നുണ്ട്. അതിർത്തിയിൽ നിരന്തരമായ മെക്കിട്ടുകേറ്റങ്ങൾക്ക് വിധേയരാകുന്ന ജവാൻമാരുടെ കാര്യവും മറിച്ചല്ല. ഈ സന്ദർഭത്തിലാണ് ലാൽ ബഹാദൂർ ശാസ്ത്രിയെന്ന കുറിയ ഖദർധാരിയെ രാജ്യം ഓർക്കുന്നത്.

Next Story

Related Stories