Top

വാളയാറില്‍ നീതി നിഷേധിക്കപ്പെടുമ്പോള്‍ എന്തുകൊണ്ട് ശങ്കരനാരായണനെ ഓര്‍മ്മിക്കുന്നു

വാളയാറില്‍ നീതി നിഷേധിക്കപ്പെടുമ്പോള്‍ എന്തുകൊണ്ട് ശങ്കരനാരായണനെ ഓര്‍മ്മിക്കുന്നു

വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടിരിക്കുന്നു. ഇനി അവര്‍ നമ്മുടെ മുന്നില്‍ വന്ന് നെഞ്ചു വിരിച്ച് നടക്കും. കേരള മനസാക്ഷിയെ ഇത്രമാത്രം ചോദ്യം ചെയ്ത ഒരു സംഭവമായിട്ടും കേസിലെ പ്രതികള്‍ എങ്ങനെ കുറ്റവിമുക്തരായെന്നും ആരാണ് അതിന് ഉത്തരവാദികളെന്നുമാണ് പൊതുസമൂഹം ഇപ്പോള്‍ അന്വേഷിക്കുന്നത്. കുട്ടികളുടെ നീതിയ്ക്ക് വേണ്ടിയുള്ള ശബ്ദം സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു. കുറ്റവാളികളെന്ന് സമൂഹം ഒന്നടങ്കം വിശ്വസിക്കുകയും ആരോപണ വിധേയരാകുകയും ചെയ്തവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുന്ന നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എങ്കിലും വാളയാര്‍ പ്രത്യേകതകള്‍ ഏറെയുള്ള ഒരു കേസാകുന്നത് എന്തുകൊണ്ടാണ്?

ഒമ്പതും പതിമൂന്ന് വയസുള്ള രണ്ട് കുരുന്നുകള്‍. അച്ഛനും അമ്മയും ഈ നശിച്ച ലോകത്തില്‍ ആ കുരുന്നുകളെ ഒറ്റക്കാക്കി പോകുന്നത് വീട്ടിലെ ഇല്ലായ്മകള്‍ കൊണ്ടും രണ്ടു പേരും പരസ്പരം തുണയാകുമെന്ന ഉറപ്പിലും ദൈവമെന്ന വിശ്വാസത്തിലുമായിരിക്കും. ആ കുരുന്നുകളിലേക്കാണ് കാമഭ്രാന്തുമായി ചിലര്‍ കടന്നുകയറിയത്. ആദ്യം കടന്നാക്രമിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയമായിരുന്നിരിക്കും ആ കടന്നാക്രമണങ്ങള്‍. തങ്ങളുടെ ശരീരത്തില്‍ അവരെന്ത് ചെയ്യുന്നുവെന്ന് പോലുമറിയാതെയാകണം ആ കുരുന്നുകള്‍ വേദനകളത്രയും സഹിച്ചത്. ആദ്യം മൂത്ത കുഞ്ഞും പിന്നീട് ഇളയ കുഞ്ഞും അവരുടെ കാമവെറിയ്ക്ക് ഇരകളായപ്പോള്‍ മക്കളെയോര്‍ത്ത് സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയ ആ വീട് പൂര്‍ണമായും ഉറങ്ങി. തുടര്‍ച്ചയായ പീഡനങ്ങള്‍ക്കിടയില്‍ ഒരു കുരുന്ന് മരിക്കുകയോ അല്ലെങ്കില്‍ കൊലപ്പെടുത്തുകയോ ചെയ്തു. ഇനിയെന്ത് വഴി? വീടിനുള്ളില്‍ കെട്ടിത്തൂക്കാം ആത്മഹത്യയാണെന്നും പറഞ്ഞു പരത്താം. നാട്ടുകാര്‍ സംശയിക്കില്ല. അതു പ്രാവര്‍ത്തികവുമാക്കി. അത്രയും ഉയരത്തില്‍ ഒരു പതിനൊന്നുകാരി എങ്ങനെ തൂങ്ങിമരിക്കുമെന്ന ചോദ്യം ഉയര്‍ന്നെങ്കിലും നിസഹായാവസ്ഥ നാട്ടുകാരെയും വീട്ടുകാരെയും നിശബ്ദരാക്കി. അനിയത്തി വാവ, ആ ഒമ്പത് വയസുകാരിയും തൂങ്ങി മരിച്ചപ്പോള്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു. പ്രതികളെക്കുറിച്ചുള്ള സൂചന നല്‍കിയത് കുട്ടികളുടെ അമ്മയാണ്. പ്രതികള്‍ കീഴടങ്ങുകയും തെളിവുകളെല്ലാം അവര്‍ക്കെതിരാകുകയും ചെയ്തു. ആ നരാധമന്‍മാരാണ് ഇപ്പോള്‍ കുറ്റവിമുക്തരായത്. അവരാണ് ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഇനി നമ്മുടെ മുന്നില്‍ നെഞ്ച് വിരിച്ച് നടക്കാന്‍ പോകുന്നത്. അതിന് കാരണം കേസ് ഫയല്‍ ചെയ്തതില്‍ പോലീസിനുണ്ടായ പരാജയം തന്നെയാണ്. മരിച്ച ആദ്യ കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞപ്പോള്‍ തന്നെ അന്വേഷണം ശക്തമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ രണ്ടാമത്തെ കുട്ടിയും മരിക്കില്ലായിരുന്നു. ഇളയ കുഞ്ഞിന്റെ മൊഴി ആദ്യ കൊലപാതകത്തില്‍ നിര്‍ണായകമാകുമെന്നും പോലീസ് ചിന്തിച്ചില്ല. വീട്ടില്‍ നിന്നും മുഖംമറച്ച് ഇറങ്ങിപ്പോയവരെക്കുറിച്ച് പിന്നീട് വന്ന കഥകള്‍ക്ക് നിയമത്തിന് മുന്നില്‍ എന്ത് പ്രസക്തി? കൂടാതെ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ റിപ്പോര്‍ട്ടും നല്‍കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.

ഈയവസരത്തില്‍ ഓര്‍മ്മ വരുന്നത് 2001ലെ ഒരു പത്രവാര്‍ത്തയാണ്. 2006 വരെയും ഞാന്‍ കൃത്യമായി പിന്തുടര്‍ന്ന വാര്‍ത്ത. കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റബര്‍ തോട്ടത്തില്‍. കൃഷ്ണപ്രിയ എന്ന ആ 12കാരി പീഡിപ്പിക്കപ്പെട്ടിരുന്നു. ഒരു കൊച്ചുകുഞ്ഞിനോട് ഇവനൊക്കെ എങ്ങനെ കാമം വന്നുവെന്നും ഇവനൊക്കെ ലിംഗം കൊണ്ട് മാത്രം ചിന്തിക്കാന്‍ എങ്ങനെ മനസു വന്നുവെന്നുമാണ് ആദ്യം ആലോചിച്ചത്. കേസിന്റെ വിചാരണ തുടങ്ങി. പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. ആ സംഭവമേ നമ്മള്‍ മറന്നു തുടങ്ങിയപ്പോള്‍ കേള്‍ക്കാം കേസിലെ പ്രതി വെടിയേറ്റ് മരിച്ചു. 2002 ജൂലൈ 27നാണ് കൃഷ്ണപ്രിയയുടെ അയല്‍ക്കാരന്‍ കുന്നുമ്മല്‍ മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചത്. ജാമ്യത്തിലിറങ്ങിയ അയാള്‍ക്കായി കൃഷ്ണപ്രിയയുടെ അച്ഛന്‍ മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേ വീട്ടില്‍ ശങ്കരനാരായണന്‍ കാത്തിരിക്കുകയായിരുന്നു. ഒരു തോക്കുമായി. കൂടെ രണ്ട് സുഹൃത്തുക്കളും. ആ പിഞ്ചു ശരീരത്തെ കശക്കിയെറിഞ്ഞ ആ ഭ്രാന്തിനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍. കൃത്യം നിര്‍വഹിച്ച ശേഷം കുറ്റം ഏറ്റുപറഞ്ഞ് ഇവര്‍ പോലീസിന് കീഴടങ്ങുകയും ചെയ്തു.

നിസഹായനായ ശങ്കരനാരായണനെ കരുത്തനാക്കിയത് എന്താണ്. തന്റെ ജീവിതത്തിന്റെ ആ വലിയ വെളിച്ചം കെടുത്തിയവന്‍ അതിനായി നടത്തിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നിരിക്കണം. കൂടാതെ പിടിക്കപ്പെടുന്നതിന് മുമ്പ് വരെയും നടത്തിയ നാടകങ്ങളും. വിദ്യ പൂവഞ്ചേരി തന്റെ കളിക്കൂട്ടുകാരിയായ കൃഷ്ണപ്രിയയെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. 'ബലാത്സംഗം ചെയ്യപ്പെടുന്ന ഏതു പെണ്‍കുട്ടിക്കും എന്റെ മുന്നില്‍, പച്ചയും ക്രീമും യുണിഫോം ഇട്ട പ്രിയയുടെ മുഖമാണ്.' എന്നാണ് വിദ്യ പറയുന്നത്. കൃഷ്ണപ്രിയയെ കാണാതായതും അന്നത്തെ രാത്രിയുമാണ് വിദ്യയുടെ കുറിപ്പില്‍ വിവരിക്കുന്നത്. അതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകരമായ രാത്രിയായിരുന്നു അത്. പൂവഞ്ചേരി എന്ന ഗ്രാമത്തില്‍ അന്ന് രാത്രി ഉറഞ്ഞുകൂടിയ നിശബ്ദത എല്ലാവരും അരുതാത്തത് കേള്‍ക്കാന്‍ തയ്യാറെടുക്കുന്നതിന്റെ തെളിവായാണ് വിദ്യയ്ക്ക് ഇപ്പോള്‍ തോന്നുന്നത്. തേവരുടെ അമ്പലത്തിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ കൃഷ്ണപ്രിയ മരിച്ചുകിടക്കുന്നുവെന്നും ആരോ കൊന്നിട്ടതാണെന്നും കൊന്നത് പീഡിപ്പിച്ചാണെന്നും അന്ന് അവര്‍ കേട്ടു. വിദ്യയുടെ വാക്കുകളില്‍ നിന്നുതന്നെ ആ സ്ഥലത്തിന്റെ പ്രത്യേകതയും പ്രതി എന്തുകൊണ്ട് അവിടം തന്നെ തെരഞ്ഞെടുത്തുവെന്നതും വ്യക്തമാകും. 'ആ റബ്ബര്‍ തോട്ടം എന്നും ഇരുട്ട് നിറഞ്ഞതായിരുന്നു. ആ വഴി ഞാന്‍ ഒരിക്കല്‍പോലും പോയിട്ടില്ല. പ്രിയയുടെ വീട്ടിലേക്കുള്ള എളുപ്പവഴി ആ തോട്ടത്തിലൂടെയായിരുന്നു. അധികം വീടുകളും അകന്നകന്നാണുള്ളത്. ഇല്ലംവക പറമ്പ് നിരന്നു കിടക്കുകയാണ്. അമ്പലപ്രദേശത്തുകൂടി ഒറ്റക്ക് പോവാന്‍ പേടിയാണ് ഞങ്ങള്‍ കുട്ടികള്‍ക്ക്. പ്രേതങ്ങള്‍, ബ്രഹ്മരക്ഷസ് തുടങ്ങിയ കേട്ടുകേള്‍വി മാത്രമുള്ള രൂപങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന പ്രദേശങ്ങളായതിനാല്‍ പ്രിയയെങ്ങനെ ഒറ്റക്ക് അതിലൂടെ നടക്കുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴും മക്കളെ അതിലൂടെ ഒറ്റക്കയക്കാന്‍ എനിക്ക് പേടിയാണ്.' വീട്ടിലേക്കെത്തിച്ചേരാന്‍ മറ്റൊരു വഴിയുണ്ടായിരുന്നെങ്കില്‍ ആ പന്ത്രണ്ടുകാരി പേടിപ്പെടുത്തുന്ന ഈ വഴി തെരഞ്ഞെടുത്തേക്കില്ലായിരുന്നു.

മുഹമ്മദ് കോയയ്ക്ക് അനുകൂലമായ ഘടകങ്ങളും ഇതായിരുന്നു. പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലും തെങ്ങ് കയറാനും പറമ്പിലെ പണികള്‍ക്കും പോയി ഗ്രാമത്തിലെ ഓരോ കുട്ടികളിലും അയാളുടെ കണ്ണ് പതിഞ്ഞിട്ടുണ്ടായിരിക്കണം. കൃഷ്ണപ്രിയയുടെ വീട്ടിലെയും പറമ്പിലെ പണികള്‍ക്ക് എത്തുമായിരുന്ന കോയ എത്രയോ വട്ടം ദാഹിച്ചപ്പോള്‍ ആ കുഞ്ഞുകൈകളില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചിരിക്കുന്നു. എന്നാല്‍ അയാളുടെ ദാഹം അതായിരുന്നില്ലെന്നറിയാന്‍ നാമെത്രയോ വൈകി? സ്‌കൂള്‍ വിട്ടാല്‍ ഇരുട്ട് നിറഞ്ഞ റബ്ബര്‍ തോട്ടത്തിലൂടെ കൃഷ്ണപ്രിയ ഒറ്റക്കാകും വരികയെന്നത് അയാള്‍ മനസിലാക്കിയിരുന്നു. അതിനാല്‍ തന്നെ കൃത്യത്തിനായി ഈ സ്ഥലം തെരഞ്ഞെടുക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് നാട്ടുകാര്‍ക്കൊപ്പം കൃഷ്ണപ്രിയയ്ക്കായുള്ള തെരച്ചിലിനും ഇയാളുണ്ടായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളെ ഒരാള്‍ ബലാത്സംഗം ചെയ്തുകൊന്നുവെന്ന് കേള്‍ക്കുമ്പോള്‍ ശങ്കരനാരായണനെന്ന അച്ഛന്റെ മനസില്‍ എന്തായിരിക്കും ഉണ്ടായിരുന്നത്?

പോക്‌സോ കേസുകള്‍ ഇന്നത്തെ പോലെ സജീവമല്ലാത്ത അന്ന് പ്രതിക്ക് ഒരിക്കലും വധശിക്ഷ ലഭിക്കില്ലെന്ന് ആ അച്ഛനും കൂട്ടര്‍ക്കും അറിയാമായിരുന്നു. കാലം കഴിയുമ്പോള്‍ കോയ ജയില്‍ മോചിതനാകുമെന്നും. അങ്ങനെ വന്നാല്‍ തന്റെ മകളുടെ ദുരന്തം മറ്റു കുഞ്ഞുങ്ങള്‍ക്ക് നേരെയും നീളാമെന്ന ഭയമാണ് ശങ്കരനാരായണനെന്ന നിസഹായനായ മനുഷ്യനെക്കൊണ്ട് അത് ചെയ്യിച്ചത്. വൈരം, ജനകന്‍ എന്നീ മലയാള സിനിമകള്‍ ശങ്കരനാരായണന്റെ ജീവിതമാണ്. എന്നാല്‍ അദ്ദേഹം ആഗ്രഹിച്ച പോലെയായില്ല കാര്യങ്ങള്‍. ഇവിടെ കൃഷ്ണപ്രിയയും കോയ മാരും ആവര്‍ത്തിക്കുകയാണ്. വാളയറിലെ കുഞ്ഞു സഹോദരിമാരും കടന്ന് അത് പോകുന്നു.

നിയമത്തിന്റെ കണ്ണില്‍ ശങ്കരനാരായണന്‍ തെറ്റുകാരനായിരിക്കാം. എന്നാല്‍ നീതിയുടെയും മനസാക്ഷിയുടെയും കണ്ണില്‍ ശങ്കരനാരായണന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനാണ്. ആ വിശേഷണത്തിന് ഏറ്റവും അര്‍ഹനായ വ്യക്തി. അതുകൊണ്ടാണല്ലോ.. നിയമവ്യവസ്ഥകളെയെല്ലാം പാടെ മറന്ന് കോടതി പോലും അദ്ദേഹത്തെ വെറുതെവിട്ടത്. എന്തുകാരണം കൊണ്ടാണെങ്കിലും ആര്‍ക്കും നിയമം കയ്യിലെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ട് പേരെയും ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. എന്നാല്‍ ഹൈക്കോടതി കേരള ജനതയുടെ മനഃസാക്ഷിക്കൊപ്പമായിരുന്നു. 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി അദ്ദേഹത്തെയും സുഹൃത്തുക്കളെയും വെറുതെവിട്ടു. കോടതിയുടെ മാനുഷിക മുഖം മലയാളി കണ്ട അപൂര്‍വം ചില ദിവസങ്ങളിലൊന്നായിരുന്നു അത്. 'മൃതശരീരം വീണ്ടെടുക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റി, ക്രിമിനല്‍ സ്വഭാവമുള്ള പ്രതിക്ക് മറ്റ് ശത്രുക്കളുമുണ്ടാകും, അവര്‍ കൃത്യം നിര്‍വഹിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചില്ല' തുടങ്ങിയ അപൂര്‍വ വാദമുഖങ്ങളാണ് കോടതി നിരത്തിയത്.

ശങ്കരനാരായണനും ശാന്തകുമാരിക്കും രണ്ട് ആണ്‍മക്കള്‍ക്ക് ശേഷം ജനിച്ച ഏകമകളായിരുന്നു കൃഷ്ണപ്രിയ. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവള്‍ക്ക് മുപ്പത് വയസായിട്ടുണ്ടാകുമായിരുന്നു. കാലികളെ വളര്‍ത്തിയാണ് ശങ്കരനാരായണന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. മകളോടൊത്ത് കിടന്നുറങ്ങിയ കിടക്കയില്‍ പിന്നീടൊരിക്കലും അദ്ദേഹം ഉറങ്ങിയിട്ടില്ല. മകള്‍ മരിച്ച വിഷമത്തില്‍ താടിയും മുടിയും നീട്ടി വളര്‍ത്തി, തന്റെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയവന്റെ അവസാന ശ്വാസവും നിലയ്ക്കും വരെ തോക്ക് താഴെ വയ്ക്കാതെ നടന്നു. മഞ്ചേരി സെഷന്‍സ് കോടതി തന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോള്‍ മാത്രമാണ് ആ അച്ഛന്‍ ആ ദുരന്തത്തിന് ശേഷം ആദ്യമായി ചിരിച്ചത് തന്നെ. ഹൈക്കോടതി വെറുതെ വിട്ട ശങ്കരനാരായണന്‍ ഇന്ന് മകള്‍ ഉറങ്ങുന്ന മണ്ണില്‍ പേരക്കുട്ടിയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുകയാണ് അദ്ദേഹം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories