TopTop
Begin typing your search above and press return to search.

കെ കരുണാകരന്റെ ശിഷ്യത്വം, ഉമ്മന്‍ ചാണ്ടിയുമായുള്ള സഹവാസം, ശൈലജ ടീച്ചറൊട് അസൂയപ്പെടുന്ന രമേശ് ചെന്നിത്തലയെ നമ്മള്‍ മനസ്സിലാക്കണം

കെ കരുണാകരന്റെ ശിഷ്യത്വം, ഉമ്മന്‍ ചാണ്ടിയുമായുള്ള സഹവാസം, ശൈലജ ടീച്ചറൊട് അസൂയപ്പെടുന്ന രമേശ് ചെന്നിത്തലയെ നമ്മള്‍ മനസ്സിലാക്കണം

പ്രതിസന്ധികളുടെ കാലത്ത് ജനങ്ങളോട് ആത്മാര്‍ത്ഥതയോടെ സംസാരിക്കാനും അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനും കഴിയുകയെന്നത് പ്രധാനമാണ്, പ്രത്യേകിച്ച് രാഷ്ട്രീയകാര്‍ക്ക്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് പ്രതിസന്ധികളുടെ കാലത്ത് ജനങ്ങളില്‍ വിശ്വാസം ഉണ്ടാക്കാന്‍ കഴിയുന്ന വിധം സംസാരിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. മറ്റു മേഖലകളിലെ അവരുടെ വീഴ്ചകള്‍ വലിയ രാഷ്ട്രീയ ആഴങ്ങളുള്ളതാണെന്ന് പറയേണ്ടിവരുമ്പോള്‍ പോലും. പ്രത്യേകിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക്. അത് നിപ്പയുടെ കാലത്ത് കണ്ടതാണ്, ഇപ്പോള്‍ കൊറോണ ഭീഷണിയുടെ കാലത്തും അത് ആവര്‍ത്തിക്കുന്നു. അവര്‍ ജനങ്ങളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. ആശങ്കകള്‍ അറിയിക്കുന്നു. ധാര്‍ഷ്ട്യമില്ലാതെ, വ്യക്തതയോടെ സുതാര്യമായി കാര്യങ്ങളെ അവതരിപ്പിക്കുന്നു. ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രസംഗം വരെ ഇതിന് ഉദാഹരണമാണ്. ഇത്തരമൊരു അവസ്ഥയില്‍ ഇതിലും മെച്ചപ്പെട്ട് ഒരു നേതാവ്, മന്ത്രി എന്താണ് ചെയ്യുകയെന്നതിന് ഇന്ത്യയില്‍ മാതൃകയൊന്നുമില്ല. അങ്ങ് ഡല്‍ഹിയില്‍ 'കൊറോണ ഗോ, ഗോ കൊറോണാ' എന്ന് ബിജെപി മന്ത്രി പാടുപ്പാടി വൈറസിനെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന സമയത്താണിത്. ചൂടുകൂടിയാല്‍ വൈറസ് ഇല്ലാതായി പോകുമെന്ന് കെ മുരളിധരനും പഴയ ഡിജിപിയും പറയുന്ന രാഷ്ട്രീയക്കാരുടെ ഇടയില്‍നിന്നാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി അസാമാന്യ പാടവത്തോടെ ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങുന്നത്.

ഇതാണ് ഈ പേടിപ്പെടുത്തുന്നകാലത്തും ജനങ്ങള്‍ക്ക് ഒരു ആശ്വാസമായിട്ടുള്ളത്. ചിലരൊഴിച്ച് എല്ലാവരും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു. സര്‍ക്കാരിനെ പല കാര്യങ്ങളിലും നിശിതമായി വിമര്‍ശിക്കുന്നവര്‍ പോലും. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തിന്റെ അവസ്ഥയാണ് വിചിത്രം. അതിലേറെ അത്ഭുതപ്പെടുത്തുന്നതാണ് പ്രതിപക്ഷ നേതാവിന്റെ അവസ്ഥ. ഈ പേടിപ്പെടുത്തുന്ന കാലത്തും അദ്ദേഹത്തെ നയിക്കുന്നത് അസൂയയാണോ വിവരക്കേടാണോ എന്ന് മാത്രം വ്യക്തമല്ല. കഴിഞ്ഞ കുറച്ചുദിവസമായി ഈ പ്രശ്‌നം രമേശ് ചെന്നിത്തലയ്ക്കുണ്ടെങ്കിലും ഇന്നാണ് അദ്ദേഹം അത് തുറന്നു പറഞ്ഞത്. ഇമേജ് ബില്‍ഡ് ചെയ്യാന്‍ നോക്കൂന്നു മന്ത്രി എന്ന്. അവര്‍ ദിവസവും പല തവണ വാര്‍ത്ത സമ്മേളനം നടത്തുന്നുവെന്ന്. അങ്ങനെ മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ പലതാണ്. ഒന്നാലോചിച്ചാല്‍ ചെന്നിത്തല മറ്റെന്താണ് ചെയ്യുക. അദ്ദേഹം വന്നതും ഇപ്പോഴും തുടരുന്നതുമായ രാഷ്ട്രീയ സഹവാസങ്ങള്‍ ഇങ്ങനെ അല്ലാതെ മറ്റെന്താണ് അദ്ദേഹത്തെ കൊണ്ട് പറയിക്കേണ്ടത്.

വ്യാജ പ്രതിച്ഛായ നിര്‍മ്മാണത്തിലൂടെ കേരളത്തില്‍ നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാക്കളാല്‍ സജീവമായൊരു സംഘടനയിലായതുകൊണ്ടാവും ചെന്നിത്തലയ്ക്ക് ഇങ്ങനെ പറയാന്‍ കഴിഞ്ഞത്. കേരളത്തിന്റെ ആരോഗ്യമന്ത്രി, സംസ്ഥാനം ഭീതിദമായ ഒരു സാഹചര്യത്തെ നേരിടുമ്പോള്‍ ജനങ്ങളോട് നിരന്തരം സംസാരിക്കുന്നത് പ്രതിച്ഛായ നിര്‍മ്മാണത്തിനുവേണ്ടിയാണെന്ന് തോന്നുന്ന നിലയിലേക്കാണ് രമേശ് ചെന്നിത്തലയെ അദ്ദേഹം ഇക്കാലമത്രയും പിന്തുടര്‍ന്നുവന്ന രാഷ്ട്രീയം കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്നതാണ് ഇതില്‍നിന്ന് തെളിയുന്നത്. അതില്‍ യഥാര്‍ത്ഥത്തില്‍ അസ്വാഭാവികതയൊന്നുമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഗുരു ആരാണ്? കെ കരുണാകരന്‍. ആരാണ് പിന്നീട് അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസിനെ നയിക്കുന്നത്? ഉമ്മന്‍ചാണ്ടി. ആരാണ് അദ്ദേഹം ബഹുമാനത്തോടെ കാണുന്ന നേതാവ്? എ കെ ആന്റണി. ഈ മൂന്ന് നേതാക്കളുടെയും രാഷ്ട്രീയത്തിന്റെ സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശി തന്നെയാണ് ചെന്നിത്തലയെന്ന് ഇപ്പോഴത്തെ നിലപാടുകള്‍ തെളിയിക്കുന്നുണ്ട്. മരണാനന്തരം ഏത് ജനവിരുദ്ധ പ്രത്യയശാസ്ത്ര പ്രചാരകനെയും ഋഷി സമാനമായി കാണുന്ന കാലത്തിന് മുമ്പ് തന്നെ കരുണാകര മഹത്വം ഇടം വലം ഇരിക്കുന്ന ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം ആരും ഋഷിയും മികച്ച സംഭവനകള്‍ നല്‍കിയ നേതാവുമാകില്ല. ചെന്നിത്തലയുടെ രാഷ്ട്രീയ ഗുരു കെ കരുണാകരന്റെ കേരളത്തിനുള്ള സംഭാവനയെന്താണ്. തട്ടില്‍ എസ്റ്റേറ്റ്, രാജന്‍ കേസ്, അക്കാലത്തെ പോലീസ് നരനായട്ട് എന്നതിലപ്പുറം എന്തായിരുന്നു അദ്ദേഹത്തിന്റെ സംഭാവന യഥാര്‍ത്ഥത്തില്‍? 'രാഷട്രീയ ചാണക്യന്‍' എന്നു പറയും വൈതാളിക സംഘം. ആ തന്ത്രങ്ങള്‍ കണ്ട് കേരളം അത്ഭുതപ്പെട്ടുവെന്നും ഇന്നും പലരും വെറുതെ പറയും. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ കൊണ്ട് അങ്ങനെ കേരളം ഞെട്ടിയിട്ടൊന്നുമുണ്ടാവാനിടയില്ല. സ്വന്തം ഗ്രൂപ്പിലയും എതിര്‍ ഗ്രൂപ്പിലെയും ആളുകള്‍ ഞെട്ടുകയോ തരിച്ചു പോവുകയോ ചെയ്തിട്ടുണ്ടാകും. അത്രമാത്രം. ആ ഗുരുവിന്റെ ശിഷ്യനാണ് ചെന്നിത്തല. അങ്ങനെയുള്ളൊരാള്‍ സ്‌റ്റേറ്റ്‌സ്മാനായി രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന് വെറുതെ പ്രതീക്ഷിക്കരുത്.

പിന്നെ ആരാണ് അദ്ദേഹത്തിനൊപ്പം ഇപ്പോഴും കോണ്‍ഗ്രസിലുള്ളത്. പിണങ്ങിയും ഇണങ്ങിയും മുന്നേറുന്നത്. ഉമ്മന്‍ ചാണ്ടി. പ്രതിച്ഛായ നിര്‍മ്മാണം ഒരു അസംബന്ധ കലയാണെന്ന് ചെന്നിത്തല പഠിച്ചുകാണുക അദ്ദേഹത്തില്‍നിന്നുതന്നെയാകും. വില്ലേജ് ഓഫിസര്‍മാര്‍ തീര്‍ക്കേണ്ട പണി പോലും കലക്ടേറ്റിലെത്തി, പാതി രാത്രിവരെ ജനത്തെ കൊണ്ട് കാത്തുനിര്‍ത്തി പ്രശ്‌ന പരിഹാരം ചെയ്ത് ചെയ്തുകൊടുത്ത് ഇമേജ് സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച നേതാവ്. ബസില്‍ സഞ്ചരിക്കുന്നതിന്റെയും ട്രയിനിലുറങ്ങുന്നതിന്റെയും ചിത്രങ്ങള്‍ മുന്തിയ പത്രങ്ങളില്‍ വരുത്തി ത്യാഗിയായ നേതാവിനെക്കുറിച്ചുള്ള പ്രതിച്ഛായ സൃഷ്ടിക്കാന്‍ യത്‌നിച്ച നേതാവ്. പിന്നെ ഉള്ളത് എ കെ ആന്റണി. അദ്ദേഹത്തിന്റെത് ഏറെ പറയപ്പെട്ട കഥതന്നെ. കേരളത്തിലെ കോണ്‍ഗ്രസില്‍ ചെന്നിത്തല കണ്ടും അനുഭവിച്ചും വളര്‍ന്ന നേതാക്കളും സമകാലികരുമായതില്‍ ചിലരാണിവര്‍. ഇങ്ങനെയുള്ള ഇടങ്ങളില്‍നിന്ന് രാഷ്ട്രീയം പഠിക്കുകയും ഇപ്പോഴും അഭ്യസിക്കുകയും ചെയ്യുമ്പോള്‍ പിന്നെ ചെന്നിത്തല ഈ ആപത്ത് കാലത്തും എന്തു പറയുമെന്നാണ് ലോകം മനസ്സിലാക്കേണ്ടത്. ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങളില്‍ ഇമേജ് ബില്‍ഡിങ് എക്‌സര്‍സൈസ് കണ്ടെടുക്കുന്ന നേതാവ് കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നതാണ് ഒരു പ്രശ്‌നം. അതു പക്ഷെ ഇവിടുത്തെ ജനങ്ങളുടെ തെറ്റല്ല. നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പാര്‍ട്ടിയുടേതാണ്‌.


Next Story

Related Stories