TopTop
Begin typing your search above and press return to search.

പെണ്ണല്ലേ, കണ്ണില്‍ കുറച്ച് മുളക് ഒക്കെയാവാം, എതിര്‍ത്താല്‍ അധിക്ഷേപിക്കാം, ക്ഷമിച്ചു കൂടെ എന്നും ചോദിക്കാം; രജിത് കുമാര്‍മാരുടെ ന്യായങ്ങള്‍

പെണ്ണല്ലേ, കണ്ണില്‍ കുറച്ച് മുളക് ഒക്കെയാവാം, എതിര്‍ത്താല്‍ അധിക്ഷേപിക്കാം, ക്ഷമിച്ചു കൂടെ എന്നും ചോദിക്കാം; രജിത് കുമാര്‍മാരുടെ ന്യായങ്ങള്‍

2017ൽ ഡേവിഡ് ഇവാൻ എന്ന വിദേശിക്ക് ഇന്ത്യയിൽ ഒരു അനുഭവം ഉണ്ടായി. "റെസ്റോറന്റിൽ നിന്നു കഴിച്ച ഭക്ഷണം കൊള്ളില്ല" എന്ന അഭിപ്രായം തുറന്നുപറഞ്ഞതിന് അവിടത്തെ ചീഫ് ഷെഫ് ഡേവിഡിന്റെ കണ്ണുകളിലേക്ക് മുളക് എറിഞ്ഞു. മുഖവും നെഞ്ചും പൊള്ളി. മുളക് പൊള്ളിച്ച അദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ച കുറച്ച് നാളുകളിലേക്ക് നഷ്ടപ്പെട്ടു. ഷെഫിനെ കസ്റ്റഡിയിൽ എടുത്തു. "കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുമായിരുന്നു" എന്ന് ഡേവിഡിനെ പരിശോധിച്ച ഡോക്ടർ അഭിപ്രായപ്പെട്ടു. വാർത്തകളിൽ നിന്നും അറിഞ്ഞ വിവരങ്ങൾ ആണിവ.

മുളകിൽ അടങ്ങിയ capsaicin എന്ന വസ്തു ചിലർക്ക് മാരകമായ irritant (ഉപദ്രവകാരിയായ വസ്തു) ആയേക്കാം. വളരെ കുറച്ച് മുളക്പൊടി ആണെങ്കിലും അലർജി ഉള്ളവരെ സംബന്ധിച്ച് അത് അപകടകരമാണ്. മുളക് തട്ടിയപ്പോൾ ഡേവിഡിന് സംഭവിച്ചത് പോലെ ആർക്കൊക്കെ സംഭവിക്കും എന്ന് പ്രവചിക്കാനാകില്ല. ഇന്നലെ വരെ മുളക് അലർജി ഇല്ലാഞ്ഞവർക്ക് നാളെ അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്. ആർക്കും അലർജി ഇല്ലാത്ത വസ്തു മറ്റൊരാൾക്ക്‌ അലർജി ആകാനും സാധ്യത ഉണ്ട്. ഒരേ വസ്തുവിന്റെ പ്രത്യേകവകഭേദങ്ങൾ മാത്രം ചിലരിൽ അലർജി ഉണ്ടാക്കും. ചുരുക്കിപ്പറഞ്ഞാൽ അലർജി എന്നത് ആർക്കും പ്രവചിക്കാനാവാത്ത ഒന്നാണ്.

ഇനി നമുക്ക് ഐപിസി സെക്ഷൻ 87 ഒന്ന് നോക്കാം. ഒരാളുടെ മരണത്തിലോട്ടോ മാരകമുറിവിലേക്കോ നയിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടെ അല്ലാ എങ്കിൽ, അയാളുടെ സമ്മതത്തോടെ മറ്റൊരാൾ ചെയ്യുന്ന പ്രവൃത്തി കുറ്റകരം ആവുന്നില്ല.

മേല്‍പ്പറഞ്ഞ സംഭവത്തിൽ ചീഫ് ഷെഫിന് ശിക്ഷ കിട്ടാൻ സാധ്യത കുറവാണ്. കാരണം capsaicin എന്നത് മാരക irritant ആകാം എന്ന കാര്യം അയാൾക്ക് അറിയണമെന്നില്ല. കുട്ടികളെ അനുസരണ പഠിപ്പിക്കാൻ മലദ്വാരത്തിലും കണ്ണിലും മുളക് തേച്ചുകെട്ടിയിടുന്ന പേരെന്റിംഗ് അഭിമാനപുരസ്സരം മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുന്ന മുതിർന്ന തലമുറയെ ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ മരണം/മാരകമുറിവുകൾ ഉണ്ടാക്കേണ്ട ഉദ്ദേശ്യം അയാൾക്ക് ഉണ്ടെന്നു സ്ഥാപിക്കാനും പ്രയാസമായേക്കാം.

എന്നാൽ വിവിധ റിസേർച്ച് പേപ്പറുകൾ ഡൌൺലോഡ് ചെയ്തു നിരന്തരം കൈകളിൽ സൂക്ഷിക്കുകയും ചോദ്യം ചെയ്യുന്നവരെ അവ കാണിക്കുകയും ചെയ്യുന്ന ഒരു സസ്യശാസ്ത്ര അധ്യാപകൻ ആണ് അത് ചെയ്തതെങ്കിൽ നമ്മൾ എന്ത് മനസിലാക്കണം എന്നത് മാത്രമാണ് ചോദ്യം. സസ്യശാസ്ത്രത്തിന് അന്യം നിൽക്കുന്ന വസ്തുവാണോ മുളക്? രജത് കുമാറിനെ പോലെ സസ്യശാസ്ത്രത്തിൽ അധ്യാപകനായ ആൾക്ക് കൃത്യമായി അറിയാമായിരിക്കും ഇക്കാര്യം. ആ പ്രവൃത്തി ഏറ്റുവാങ്ങുന്നയാൾക്ക് മരണമോ മാരകമുറിവോ സംഭവിച്ചു എങ്കിൽ കുറ്റത്തിന്റെ ആഴം കൂടുന്നു. ഇവിടെ മരണം നടന്നില്ല. എന്നാൽ രേഷ്മ രാജന്റെ കണ്ണുകൾക്ക് ഒരുപാട് നാളത്തെ പരിചരണം ആവശ്യമായി എന്നും കാഴ്ചയ്ക്ക് തകരാറുണ്ട് എന്നും വാർത്തയിലൂടെ അറിയുന്നു. ഒരാൾക്ക് മറ്റൊരാളുടെ ശാരീരിക ഉപദ്രവം (section319 IPC) കാരണം ഇരുപത് ദിവസത്തേക്കെങ്കിലും അയാളുടെ സാധാരണ ജീവിതക്രമങ്ങൾ സ്വയം ചെയ്യാൻ സാധിക്കാതെയാകുന്ന പക്ഷം ഉപദ്രവം മാരകമായതാണ്. അതായത് section 320 IPC (grievous hurt). ഏഴ് വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റം. ഇത്രയും വിവരമുള്ള ഒരാൾ ചെയ്തതിനാൽ തന്നെ 'തമാശയ്ക്ക് ചെയ്തത്' എന്ന വാദം ഒരു കോടതിയും അംഗീകരിക്കാനും സാധ്യതയില്ല.

ഇത്തരം പ്രവൃത്തികൾക്ക് സമ്മതം എഴുതിവാങ്ങുന്ന ഒരു ക്രിമിനൽ ഷോ ആണോ ആ അധ്യാപകന് വളം വെക്കുന്നത് എന്ന ചോദ്യവും ഇവിടെ ഉയരേണ്ടതുണ്ട്. ആ ഷോ അവതരിപ്പിക്കുന്നയാളുടെ ഉദ്ദേശ്യം നോക്കണ്ട കാര്യമില്ല. ഈ അഭിനേതാക്കൾ അവരുടെ ജോലി മാത്രമാണല്ലോ ചെയ്യുന്നത്.

ഇതെല്ലാം കഴിഞ്ഞാണ് രേഷ്മയ്ക്കെതിരെ സൈബർ അറ്റാക്കും നടക്കുന്നത്. "ക്ഷമിക്കാൻ ആകില്ലേ?" എന്നു പോലും അവതാരകൻ ചോദിച്ചതാണ് അന്ന് അത്ഭുതപ്പെടുത്തിയത്. അതിന് ശേഷം അവർക്ക് സൈബർ അറ്റാക്കിന്റെ മേളം ആയിരുന്നു. എതിർ സ്ഥാനത്ത് പെണ്ണാണെങ്കിൽ ക്ഷമയുടെ മാതാവും ആൺ ആണെങ്കിൽ റഫ് ആന്‍ഡ് ടഫ് ആകണമെന്നും നമ്മൾ എവിടൊക്കെയോ പഠിച്ചിട്ടുണ്ട്. പ്രേമനൈരാശ്യത്തിൽ പുരുഷൻ സ്ത്രീക്കെതിരെ എറിയുന്ന ആസിഡ് സംഭവം വായിച്ചാൽപോലും.

ഇര സ്വന്തം വീട്ടിലെ പെണ്ണായാൽപോലും പിന്നീട് അവളെ വാക്കുകൾകൊണ്ട് അതിക്രമം ചെയ്യുന്നതരത്തിൽ പ്രത്യേക മനോഭാവം ഉള്ള സമൂഹം കൂടിയാണ് നമ്മൾ. "നീ അങ്ങനെ നടന്നിട്ടല്ലേ ഇപ്പോ ഇങ്ങനെ സംഭവിച്ചത്" എന്ന് കേൾക്കാത്ത എത്ര പെൺകുട്ടികൾ ഉണ്ടോ ആവോ നാട്ടിൽ.

ആംബുലൻസിൽ ആകട്ടെ, സൗഹൃദവലയത്തിൽ ആകട്ടെ, ഷോകളിൽ ആകട്ടെ, സിനിമാലോകത്താകട്ടെ, സ്ത്രീയാണോ? എങ്കിൽ കുറച്ച് അതിക്രമമൊക്കെ ആകാം എന്നാണ്. മിസ്റ്റർ മരുമകനിൽ റേപ്പില്‍ നിന്ന് അനിയത്തിയെ രക്ഷിച്ചുകൊണ്ട് അവളുടെ സ്ഥാനത്ത് വില്ലന്റെ അനിയത്തിയെ റേപ്പ് ചെയ്യാൻ കൊണ്ടിട്ട ദിലീപിന്റെ കഥാപാത്രം ചിരിക്കുമ്പോൾ നമ്മുടെ നാട്ടിലെ #NotAllMen മുറവിളി നടത്തുന്ന ഒരു ആവറേജ് മലയാളിപുരുഷന്റെ അസ്സൽവകഭേദം മാത്രമാണ് മറനീക്കി പുറത്ത് വരുന്നത്. ദിലീപ് ആ വേഷം മനോഹരമായി ചെയ്യുകയും ചെയ്തു. സ്ത്രീകളിൽ അത്രമാത്രം വെറുപ്പ് സൃഷ്ടിക്കും വിധം ആ വേഷം മികച്ചതാക്കാൻ ദിലീപിനല്ലാതെ മറ്റാർക്കുകഴിയും എന്നവിധം ആയിരുന്നു ദിലീപിന്റെ അഭിനയം എന്ന് വേണമെങ്കിൽ പറയാം.

അന്യന്റെ/അന്യയുടെ, അത് സ്വന്തം വീട്ടിലെ ആൾ ആണെങ്കിൽ പോലും അടിസ്ഥാന മനുഷ്യാവകാശം ഉള്ള മറ്റൊരു വ്യക്തിയാണ് എന്ന തിരിച്ചറിവ് കുഞ്ഞു പിള്ളേരുടെ പുസ്തകങ്ങളിൽ നിറച്ചുവെക്കാതെ, അത് വ്യക്തമാക്കാൻ റോൾ പ്ലേകൾ അടക്കം അവരെക്കൊണ്ട് ചെയ്യിക്കാതെ സമൂഹത്തിന്റെ വ്യക്തിഹത്യാപരമായ രീതികൾക്ക് ഇവിടെ മാറ്റം ഉണ്ടാകില്ല. കുറച്ചു മുളകുപൊടി എറിഞ്ഞാലും ചൂഴ്ന്ന് നോക്കിയാലും അനുവാദമില്ലാതെ ഒന്ന് തൊട്ടാൽ പോലും അത് വ്യക്തിഹത്യ തന്നെയാണ് എന്ന് മനസിലാക്കുന്ന ഒരു തലമുറ ഇവിടെ അടിയന്തിരമായി ഉടലെടുക്കേണ്ടതുണ്ട്. എത്ര പേരുടെ മനസുകളാണ് ഓരോ ദിവസത്തെയും കടന്നാക്രമണങ്ങളിൽ ഇല്ലാതാകുന്നത്? അതിനെ പ്രതിരോധിക്കാൻ വ്യക്തിയുടെ അവകാശങ്ങൾ മുറുകെപിടിക്കാൻ കഴിയുന്ന മറ്റൊരു തലമുറ ഉണ്ടാവുക തന്നെ വേണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories