TopTop
Begin typing your search above and press return to search.

ശബരിമല വിധി, മൂന്നാമത്തെ അജണ്ട പൂര്‍ത്തിയാക്കാന്‍ സംഘ്പരിവാറിന് സഹായമാകുമോ?

ശബരിമല വിധി, മൂന്നാമത്തെ അജണ്ട പൂര്‍ത്തിയാക്കാന്‍ സംഘ്പരിവാറിന് സഹായമാകുമോ?

സംഘ്പരിവാറിന്റെ ആദ്യ ലക്ഷ്യങ്ങളില്‍ പ്രധാനമായും മൂന്നെണ്ണമാണുള്ളതെന്നാണ് സാധാരണ പറയാറുള്ളത്. അവ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ സ്ഥിരമായി സ്ഥാനം പിടിക്കുന്നതുമാണ്. ഒന്ന് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, രണ്ട് കശ്മീരിന് പ്രത്യേക അധികാരം നല്‍കിയ 370 വകുപ്പ് പിന്‍വലിക്കുക, മൂന്ന് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കുക. ബിജെപി രൂപികരിക്കപ്പെട്ടതു മുതല്‍ അവരുടെ പ്രകടന പത്രികയില്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നവയാണ് ഇത് മൂന്നും.

മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആറ് മാസത്തിനുള്ളില്‍ ബിജെപിയ്ക്ക് അവരുടെ പ്രധാനപ്പെട്ട ഒരു അജണ്ട പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി. അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളുണ്ടായിട്ടും ഇപ്പോഴും അവിടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യുന്നു. ബാക്കി രണ്ട് പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് പൂര്‍ത്തിയാക്കാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി കഴിഞ്ഞു. രാജ്യത്തെ പരമോന്നത നീതിപീഠം രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കി കഴിഞ്ഞു. അമ്പലം പൊളിച്ചിട്ടാണ് പള്ളി പണിതത് എന്നതിന് തെളിവില്ലെങ്കിലും രാമന്‍ ജനിച്ച സ്ഥലത്താണ് ബാബ്‌റി മസ്ജിദ് പണിതതെന്ന ഹിന്ദു വിശ്വാസത്തെ പരിഗണിച്ച് ക്ഷേത്രം നിര്‍മ്മിക്കാനാണ് കോടതി ഉത്തരവിട്ടത്. അതിന്റെ നിര്‍മ്മാണം ഉടന്‍ നടക്കുമെന്ന് ഉറപ്പാണ്. അങ്ങനെ രണ്ട് കാര്യങ്ങളില്‍ ലക്ഷ്യം കൈവരിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞെന്ന് പറയാം. ഇനി മൂന്നാമത്തേത്,ഏകീകൃത വ്യക്തി നിയമം സംബന്ധിച്ചുള്ളതാണ്. ഇവിടെയാണ് കഴിഞ്ഞ ദിവസത്തെ ശബരിമല വിധി പ്രസക്തമാകുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം നടത്താമെന്ന കഴിഞ്ഞ വര്‍ഷത്തെ വിധിക്കെതിരെയാണ് നിരവധി റിവ്യു ഹര്‍ജികള്‍ നല്‍കപ്പെട്ടത്. സാധാരണ ഗതിയില്‍ സുപ്രീം കോടതി എങ്ങനെയാണ് റിവ്യു പെറ്റീഷനുകള്‍ പരിഗണിക്കേണ്ടതെന്ന് തീരുമാനിക്കുകയെന്ന കാര്യത്തില്‍ ഇതിനകം വ്യാപകമായ ചര്‍ച്ചകള്‍ തന്നെ നടന്നുകഴിഞ്ഞിട്ടുണ്ട്. തെറ്റായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിധിയുണ്ടാവുകയോ, നിര്‍ണായക വസ്തുതകള്‍ പരിഗണിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമോ ഉണ്ടായാല്‍ മാത്രമാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുകയെന്നതാണ് സുപ്രീംകോടതിയുടെ രീതിയെന്നാണ് നിയമരംഗത്തുളളവര്‍ തന്നെ പറയുന്നത്. സുപ്രീം കോടതിയുടെ തന്നെ ഇതുമായി ബന്ധപ്പെട്ട മുന്‍കാല വിധികള്‍ പുനഃപരിശോധന ഹര്‍ജികളെ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇതാണെന്നും നിയമരംഗത്തുള്ളവര്‍ പറയുന്നു. പുനഃപരിശോധന ഹര്‍ജി പരിഗണിക്കാനുള്ള മാനദണ്ഡങ്ങള്‍ പ്രത്യക്ഷത്തില്‍ ഇല്ലാതിരുന്നിട്ടും ശബരിമലയിലെ പുനഃപരിശോധന ഹര്‍ജികള്‍ മറ്റൊരു വിശാല ബഞ്ചിന്റെ വിശ്വാസ സംബന്ധമായ നിരവധി കാര്യങ്ങളിലെ തീരുമാനം വന്നതിന് ശേഷം തീരുമാനിക്കാമെന്ന പറഞ്ഞ് മാറ്റുകയാണ് ചെയ്തത്. ഇങ്ങനെ രൂപികരിക്കപ്പെടുന്ന ഏഴംഗ ബഞ്ചിന്റെ പരിഗണനയ്ക്കായി വിശാലമായ ഏഴ് കാര്യങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീക്കുള്ള ചില നിയന്ത്രണങ്ങള്‍, ദാവൂദി ബെഹ്‌റ സമൂദായത്തിലെ ചേലാകര്‍മ്മ വിഷയം തുടങ്ങിയ കാര്യങ്ങള്‍ ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടതാണെന്നാണ് കോടതി പറഞ്ഞത്. ഒരോ മതത്തിലേയും വ്യക്തി നിയമങ്ങള്‍ക്ക് പകരം ഏകീകൃത നിയമമെന്ന നീക്കത്തിലേക്ക് കോടതി തന്നെ വഴിക്കാട്ടുന്നുവെന്നതാണ് ഏഴ് നിര്‍ദ്ദേശങ്ങളിലൂടെ കടുന്നുപോകുമ്പോള്‍ മനസ്സിലാകുക. മുസ്ലീങ്ങളുടെ പള്ളി പ്രവേശനത്തെയും ശബരിമലയിലെ യുവതി പ്രവേശന നിരോധനത്തിലുമുള്‍പ്പെട്ടിട്ടുള്ളത് സമാനമായ വിഷയമാണെന്ന തോന്നലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിലുള്ളത്. മതത്തിലെ കാര്യങ്ങള്‍ മതത്തിലെ ആചാര്യന്മാര്‍ക്ക് തീരുമാനിക്കാമെന്ന ശിരൂര്‍ മഠക്കേസിലെ വിധിയും വീണ്ടും പരിഗണിക്കാനാണ് നിര്‍ദ്ദേശം.

പുതിയ ചീഫ് ജസ്റ്റീസ് രൂപീകരിക്കുന്ന ഏഴംഗ ബഞ്ച് ഈ വിഷയങ്ങളില്‍ വാദം കേട്ട് തീരുമാനം ഉണ്ടാകുമ്പോള്‍ എല്ലാ മതങ്ങള്‍ക്കും പൊതുവില്‍ ബാധകമായ നിര്‍ദ്ദേശങ്ങളാണ് അതിലുണ്ടാവുകയെന്നതാണ് മൂന്നോട്ട് വെച്ചിട്ടുള്ള ഏഴ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചന. ഇത് ഏകീകൃത വ്യക്തി നിയമമെന്ന ബിജെപിയുടെ പ്രിയ വിഷയം നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകളെ സജീവമാക്കുകയും ചെയ്യും. കോടതിയുടെ ഇടപെടലോടെയാണ് ബിജെപിയ്ക്ക് അയോധ്യയില്‍ രാമക്ഷേത്രം സാധ്യമാക്കാന്‍ കഴിയുന്നത്. ഏകീകൃത വ്യക്തി നിയമത്തിന്റെ കാര്യത്തിലും കോടതി ഇടപെടല്‍ ബിജെപിയ്ക്ക് സഹായകരമാകുമോ എന്നതാണ് ഇനി അറിയേണ്ടത്. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories