TopTop
Begin typing your search above and press return to search.

ഇസ്ലാമോഫോബിയയ്ക്കുള്ള ചേരുവ റെഡി, സംഘപരിവാര്‍ തുടങ്ങി

ഇസ്ലാമോഫോബിയയ്ക്കുള്ള ചേരുവ റെഡി, സംഘപരിവാര്‍ തുടങ്ങി


ബംഗാളിലെ മൂർഷിദാബാദിലും കേരളത്തിൽ കൊച്ചിയിലും നടത്തിയ റെയ്‌ഡുകളിൽ അൽ ഖായി‌ദ ബന്ധം സംശയിക്കുന്ന ഒൻപതു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ ) പിടികൂടി എന്ന വാർത്ത തീർച്ചയായും ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നുതന്നെയാണ്. അതുകൊണ്ടു തന്നെ ആ വാർത്ത പുറത്തുവന്ന ശനിയാഴ്ച തന്നെ ദൃശ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും വലിയ പ്രാധാന്യം തന്നെയാണ് നൽകിയത്. ഇന്നത്തെ (ഞായർ) പത്രങ്ങളും വലിയ പ്രാധാന്യത്തോടുകൂടിത്തന്നെ ആ വാർത്ത പ്രസദ്ധീകരിച്ചിട്ടുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഒരു വിഷയമെന്ന നിലയിൽ എൻ ഐ എ റെയ്‌ഡും അറസ്റ്റും ഒക്കെ ഏറെ പ്രാധാന്യം അർഹിക്കുമ്പോഴും പ്രസ്തുത സംഭവത്തെ നമ്മുടെ ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സമീപിച്ച രീതി ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും:അവരുടെ പ്രധാന ഉന്നം തീവ്രവാദ സംഘടനകളോ തീവ്രവാദികളോ അല്ല, മറിച്ചു കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം മാത്രമാണ്. എൻ ഐ എ റെയ്‌ഡും അറസ്റ്റുമൊക്കെ കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെതിരെ ഉപയോഗിക്കാൻ പോന്ന മൂർച്ചയേറിയ ഒരു ആയുധമായി മാറിയിരിക്കുന്നു. കേരള സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ സ്വര്‍ണ്ണക്കടത്തും അതുമായി ബന്ധപ്പെട്ടു ഉയർന്നുവന്നിട്ടുള്ള ഖുർആൻ വിവാദത്തിനുമിടയിൽ അതീവ പ്രഹരശേഷിയുള്ള മറ്റൊരു ആയുധം. തീവ്രവാദം, അതും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട തീവ്രവാദം ആവുമ്പോൾ കേരളവും അധികം വൈകാതെ തന്നെ സംഘപരിവാർ കൈപ്പിടിയിലൊതുങ്ങും എന്നൊരു പ്രതീതിയും ബോധപൂർവം സൃഷ്ടിക്കപ്പെടുന്നുണ്ട്.
കേരളത്തിൽ എന്നതുപോലെ തന്നെ പശ്ചിമ ബംഗാളിലും റെയ്‌ഡ്‌ നടക്കുകയും കൊച്ചിയിൽ നിന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തപ്പോൾ ബംഗാളിൽ ആറുപേർ പിടിയിലാവുകയും ചെയ്തിട്ടും 'ടൈംസ് നൗ ' പോലുള്ള ചാനൽ കേരളത്തിലെ റെയ്ഡിനും അറസ്റ്റിനും നൽകിയ അമിത പ്രാധാന്യം നോക്കുക. തൊട്ടു പിന്നാലെ ബി ജെ പി നേതാക്കൾ നടത്തിയ പ്രസ്താവനകളും നോക്കുക. സി പി എമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം കേരളത്തെ ഭീകരർക്കും രാജ്യ വിരുദ്ധ ശക്തികൾക്കും സുരക്ഷിതവും സ്വർഗ്ഗ തുല്യവുമാക്കിയിരിക്കുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളെ സംരക്ഷിച്ചതുപോലെ സ്വന്തം നാട്ടിലുള്ള ഭീകരരെയും സംരക്ഷിക്കാനുള്ള തിരക്കിലാണ് പിണറായി വിജയൻ ' എന്നായിരുന്നു ബി ജെ പി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്റെ പ്രസ്താവന. മുരളീധരന് പിന്നാലെ രംഗത്തുവന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞത് കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബി ജെ പി യുടെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുന്നുവെന്നും കേരളം മാറിമാറി ഭരിച്ച ഇടതു - വലതു മുന്നണികളുടെ മൃദുസമീപനമാണ് സംസ്ഥാനത്തു ഭീകരവാദം ശക്തമാക്കിയത് എന്നുമായിരുന്നു. ഇതോടൊപ്പം തന്നെ കേരള പോലീസ് സേനയിൽ തീവ്രവാദികളെ സഹായിക്കാൻ പച്ചവെളിച്ചം എന്ന പേരിൽ ഒരു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടെന്ന ഗുരുതരമായ ഒരാരോപണവും സുരേന്ദ്രൻ ഉന്നയിക്കുന്നുണ്ട്. മുരളീധരനും സുരേന്ദ്രനും ഉന്നയിക്കുന്ന അതേ ആക്ഷേപം തന്നെയാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനും ഉള്ളത്. സംഘപരിവാർ ആക്ഷേപത്തെ അതേപടി പിൻപറ്റുന്നില്ലെങ്കിലും ' ഇന്റലിജൻസ് വീഴ്ച ' എന്ന ഓമനപ്പേരിട്ടാണ്‌ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒക്കെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്.

കേരളത്തിലും കർണാടകത്തിലും ഭീകര സാന്നിധ്യമുണ്ടെന്നും ഐഎസിന്റെ ഇന്ത്യൻ മുഖമായ ഹിന്ദ് വിലായയിൽ 180 -200 അംഗങ്ങൾ ഉണ്ടെന്നുമുള്ള യു എൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് എൻ ഐ എ ഇപ്പോൾ ഭീകരക്കുവേണ്ടിയുള്ള റെയ്‌ഡ്‌ ശക്തമാക്കിയിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ചേർത്തുവായിക്കേണ്ട ഒന്നാണ് ഇക്കഴിഞ്ഞ ആഴ്ച രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്‌ഡി നടത്തിയ പ്രസ്താവന. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റിന് സാന്നിധ്യമുണ്ടെന്നാണ് ബി ജെ പി അംഗം വിനയ് സഹസ്രബുദ്ധയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞത്. കേരളത്തിന് പുറമെ കർണാടകം , ആന്ധ്രപ്രദേശ് , തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ , ബീഹാർ, ഉത്തർപ്രദേശ് , മധ്യപ്രദേശ്, ജമ്മു -കാശ്മീർ എന്നിവിടങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റിന് സാന്നിധ്യം ഉണ്ടെന്നു പറയുമ്പോഴും എന്തുകൊണ്ട് ബി ജെ പി യും കോൺഗ്രെസ്സുമൊക്കെ കേരളത്തെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നത് പരിശോധിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണ്. ഇവിടെയാണ് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസ്സും യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഖുർആൻ , ഈത്തപ്പഴ വിവാദവും മന്ത്രി കെ ടി ജലീലും അദ്ദേഹത്തിന്റെ മതവും
സ്വര്‍ണ്ണ
ക്കടത്തുകേസിൽ പിടിയിലായവരിൽ സ്വപ്ന, സരിത്‍, സന്ദീപ് നായർ എന്നിവർ ഒഴികെയുള്ളവരുടെ മതവുമൊക്കെ പ്രസക്തമാവുന്നത്.
ഇന്ത്യയിലെവിടെയും എന്ന പോലെ തന്നെ കേരളത്തിലും ഇസ്ലാമോഫോബിയ സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ് സംഘപരിവാർ സംഘടനകൾ. ആ ലക്‌ഷ്യം വെച്ച് അവർ നിർമ്മിച്ചെടുത്ത 'ലവ് ജിഹാദ്' എന്ന ആയുധം ഏശാതെ വന്നപ്പോൾ വീണുകിട്ടിയ ഒന്നായിരുന്നു 'ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് '. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനുവേണ്ടി സംസ്ഥാനത്തുനിന്നും 27 ഓളം പേർ പോവുകയും അവരിൽ ചിലർ കൊല്ലപ്പെട്ടുവെന്ന് വാർത്ത വരികയും ചെയ്തതോടുകൂടി കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റിന് വളക്കൂറുള്ള മണ്ണായി മുദ്രണം ചെയ്യുകയെന്നത് അവർക്കു എളുപ്പമായി. ഇതിനൊപ്പം അറബ് നാട്, യു എ ഇ കോൺസുലേറ്റ്, സ്വര്‍ണ്ണക്കടത്ത്, ഖുർആൻ വിതരണം, അതിൽ പങ്കാളികളായവരുടെ മതം എന്നിവയെല്ലാം കൂടി ചേരുമ്പോൾ എന്തുകൊണ്ടും ഇസ്‌ലാമോഫോബിയ വളർത്തിയെടുക്കാൻ പോന്ന ചേരുവയും റെഡി. അതിന്റെ കൂടെയാണ് കൊച്ചിയിൽ നിന്നും അൽ ഖായിദ ബന്ധം പറഞ്ഞു മൂന്ന് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവർ മൂന്നുപേരും ബംഗാൾ സ്വദേശികൾ ആണെങ്കിലും അവർ അറസ്റ്റിലായത് കേരളത്തിൽ കൊച്ചിയിൽ വെച്ചാകയാൽ കേരളം ഭീകരവാദികൾക്കു ഒളിയിടവും സ്വർഗ്ഗ തുല്യവും ആയി മാറിയിരിക്കുന്നു എന്ന കേന്ദ്ര സഹ മന്ത്രി വി മുരളീധരന്റെയും മറ്റും ആരോപണങ്ങൾക്ക് കൂടുതൽ കരുത്തു ലഭിച്ചേക്കും. ബി ജെ പി സർക്കാരുകൾ ഭരണം നടത്തുന്ന കർണാടകത്തിലെയും ഉത്തർപ്രദേശിലെയുമൊക്കെ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിധ്യമുണ്ടെന്ന് രാജ്യ സഭയിൽ കേന്ദ്ര മന്ത്രി തന്നെ സമ്മതിക്കുന്നു. കർണാടകത്തിൽ മാത്രം 26 ഓളം തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ ഉണ്ടെന്നു ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. ഇവയെല്ലാം അപ്പാടെ വിഴുങ്ങിക്കൊണ്ടോ കണ്ടില്ലെന്നു നടിച്ചോ കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ മാത്രം ലക്‌ഷ്യം വെക്കുമ്പോൾ അതിനു പിന്നിലെ അജണ്ട ഇസ്ലാമോഫോബിയ വളർത്തി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്ന സംഘപരിവാറിന്റെ അഖിലേന്ത്യ തലത്തിൽ തന്നെയുള്ള അജണ്ട നടപ്പിലാക്കാനുള്ള ശ്രമം അല്ലാതെ മറ്റെന്താണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories