TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസില്‍ നേതാവിന് വേണ്ടിയുള്ള മുറവിളി, ജീവന്‍ നിലനിര്‍ത്താനുള്ള അവസാന പിടച്ചില്‍

കോണ്‍ഗ്രസില്‍ നേതാവിന് വേണ്ടിയുള്ള മുറവിളി, ജീവന്‍ നിലനിര്‍ത്താനുള്ള അവസാന പിടച്ചില്‍


സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കു വഹിച്ച ഒരു ദേശീയ പ്രസ്ഥാനം എന്നതുമാത്രമായിരുന്നില്ല, അതിനപ്പുറം സ്വതന്ത്ര ഇന്ത്യയുടെ ഭരണം ഏറെക്കാലം കയ്യാളാൻ കഴിഞ്ഞുവെന്നതുകൂടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I N C ) എന്ന പാർട്ടിയെ പതിറ്റാണ്ടുകളോളം നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയും ഒറ്റക്കക്ഷിയും ആക്കി നിലനിറുത്തിയത്. അതേസമയം തന്നെ കൊളോണിയൽ ഭരണകാലത്തെ 'വെളുത്ത സായിപ്പ്' ഭരണം 'കറുത്ത സായിപ്പ്' ഏറ്റെടുത്തു എന്നതുകൊണ്ടു മാത്രം പ്രഭ കെട്ടുപോയതുമല്ല ആ പാർട്ടി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ കൃത്യവും വ്യക്തവുമായി വായിച്ചെടുക്കാൻ ശ്രമിക്കുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാവുന്നതേയുള്ളു. കോൺഗ്രസിനെ ഇപ്പോളിവിടെ ഒരു പുനർ വായനക്ക് വിധേയമാക്കാൻ ശ്രമിക്കുമ്പോൾ എ ഒ ഹ്യൂം ( Alan Octavian Hume ) എന്ന സ്കോട്ട്ലൻഡുകാരന് പ്രസ്തുത പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ ഉണ്ടായിരുന്ന പങ്കുമായി ബന്ധപ്പെട്ട പഴയകാല രാഷ്ട്രീയ കോലാഹലങ്ങളിലേക്കോ ഇന്ത്യ സ്വതന്ത്രമായാലുടൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു എന്ന വാദത്തിലേക്കോ ഒന്നും ഇവിടെ തല്ക്കാലം കടക്കുന്നില്ല. എങ്കിലും പ്രസ്തുത പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു പറയുമ്പോൾ കാണാതെ പോകാനാവാത്ത ചില യാഥാർഥ്യങ്ങൾ നമുക്കു മുന്നിലുണ്ട് . അതിലേക്കു വെളിച്ചം വീശാൻ പോന്ന ഒരു നീക്കം ഇക്കഴിഞ്ഞ ദിവസം ഒരു സംഘം മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും ഉണ്ടായിരിക്കുന്നു.
ഇന്ന് (ഓഗസ്റ്റ്24 നു) ചേരാൻ നിശ്ചയിച്ചിട്ടുള്ള കോൺഗ്രസ് പ്രവർത്തക സമിതി (C W C) യോഗത്തിനു മുന്നോടിയായി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് പാർട്ടിക്ക് ഒരു മുഴുവൻ സമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉന്നയിച്ചു താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരിക്കുന്നു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ പാർട്ടി നേതൃത്വത്തിൽ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തയച്ചവരുടെ കൂട്ടത്തിൽ തിരുവനന്തപുരം എം പി ശശി തരൂരും മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയും മുൻ രാജ്യ സഭാധ്യക്ഷനും ഒക്കെയായിരുന്ന പി ജെ കുര്യനും ഉണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ തനിക്കുള്ള പങ്കും നിലപാടും 'അഴിമുഖം' പ്രതിനിധിയോടു സമ്മതിച്ച പി ജെ കുര്യൻ കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നതുമാത്രമാണ് തങ്ങളുടെ ഉദ്ദേശമെന്നും എന്നാൽ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും വിശദീകരിക്കുന്നു. ശശി തരൂർ നേരത്തെ തന്നെ ഇതേ ആവശ്യം പലവട്ടം പരസ്യമാക്കിയിട്ടുള്ള ആളാകയാൽ പുതുതായി ഒരു വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതേസമയം എ കെ ആന്റണിയെ പോലുള്ളവർ ഇക്കാര്യത്തിൽ പാലിക്കുന്ന മൗനം ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്രത്തിൽ മാത്രമല്ല സംസ്ഥാനങ്ങളിലും സ്ഥിരഭരണം നിലനിറുത്തിപ്പോന്നിരുന്ന കോൺഗ്രസ് ഇന്നിപ്പോൾ കേന്ദ്രത്തിൽ എന്നല്ല രാജ്യത്തെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണത്തിൽ ഇല്ലെന്നു മാത്രമല്ല രണ്ടാം സ്ഥാനം പോലും നഷ്ട്ടപ്പെട്ട അവസ്ഥയിലാണുതാനും. ഒരു തിരിച്ചുവരവിന് കിണഞ്ഞു പരിശ്രമിക്കുന്നു എന്നൊക്കെ പല നേതാക്കളും വീരവാദം മുഴക്കുമ്പോഴും ദേശീയ തലത്തിൽ അതിനായി പാർട്ടിയെ സജ്ജമാക്കാനും ഒറ്റക്കെട്ടായി നയിക്കാനും പോന്ന ഒരു നേതാവില്ലെന്നത് പോകട്ടെ, ആ പാർട്ടിക്ക് ഒരു സ്ഥിരം അധ്യക്ഷൻ ഇല്ലെന്നതാണ് ഇന്നത്തെ ദുരവസ്ഥ. അധികാരവും സ്ഥാനമാനങ്ങളും തേടി പലരും പുതിയ ലാവണങ്ങളിൽ ചേക്കേറിയെന്നത് ശരിയാണ്. പക്ഷെ അപ്പോഴും കോൺഗ്രസ് എന്ന പാർട്ടി തീർത്തും ഇല്ലാതായിട്ടില്ലെന്നു മാത്രമല്ല ഇന്ത്യലെമ്പാടും ഒരു സജീവ സാന്നിധ്യമാണുതാനും. അങ്ങനെയുള്ള ഒരു പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ പോന്ന ഒരു നേതാവ് വേണമെന്ന വളരെ ലളിതമായ ഒരാവശ്യമാണ് ചില മുതിർന്ന നേതാക്കൾ കത്തിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളത്.

2019 ലെ ലോക് സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും പുതുതായി വരുന്ന ആൾ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാൾ ആവണമെന്നും രാഹുൽ പല തവണ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന സോണിയ ഗാന്ധി ഇപ്പോഴും താൽക്കാലിക അധ്യക്ഷ ആയി തുടരുകയാണ്. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം രാഹുലിന് മാത്രം ആയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള രാജി പാർട്ടിയെ കൂടുതൽ തളർത്താൻ മാത്രമേ ഉപകരിച്ചുള്ളു. രാഹുലിന് പകരക്കാരിയായി സഹോദരി പ്രിയങ്കയെ ഉയർത്തിക്കാട്ടാൻ പാർട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ആ നീക്കം പല കാരണങ്ങളാൽ വിജയം കണ്ടില്ല. പ്രിയങ്ക അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിൽ രാഹുലിനുള്ള അതൃപ്തിയും ഒരു വലിയ ഘടകം തന്നെയായിരുന്നു. രാഹുൽ തിരികെ വരാൻ വിസമ്മതിക്കുകയും ഒരു മുഴുവൻ സമയ അധ്യക്ഷന്റെ അഭാവം പാർട്ടിയെ കൂടുതൽ ദുര്‍ബലമാക്കുകയും ചെയ്യുന്നുവെന്ന തിരിച്ചറിവിൽ നിന്നു തന്നെയായാണ് ശശി തരൂരിനെപ്പോലുള്ള നേതാക്കൾ മുഴുവൻ സമയ അധ്യക്ഷൻ എന്ന ആവശ്യവുമായി നേരത്തെയും രംഗത്ത് വന്നത്. ഈ ആവശ്യം കൂടുതൽ കരുത്താർജ്ജിക്കുന്നു എന്ന് തന്നെയായാണ് ഇപ്പോഴത്തെ നീക്കത്തിൽ നിന്നും വ്യക്തമാകുന്നത്.
ഗാന്ധി കുടുംബത്തിന് വെളിയിൽ നിന്നുള്ളവർ നേരത്തെയും പല തവണ പാർട്ടിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുണ്ടെങ്കിലും ഏവർക്കും സ്വീകാര്യനായ ഒരാളെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് കരുതുന്നവരാണ് പാർട്ടി നേതാക്കളിൽ അധികവും. ഇക്കൂട്ടത്തിൽ ഗാന്ധി കുടുംബ ഭക്തരും അല്ലാത്തവരുമുണ്ട്. എന്നാൽ ഇപ്പോഴത്തെ നില തുടർന്നാൽ പാർട്ടി കൂടുതൽ ദുർബലവും ശിഥിലവും ആവുന്നിടത്തേക്കാണ് കാര്യങ്ങൾ എത്തുക എന്ന കാര്യത്തിൽ തർക്കം വേണ്ട. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് എന്ന ആ വലിയ പാർട്ടി ഇന്നത്തെ അവസ്ഥയിലേക്ക് എത്തിപ്പെട്ടതിനു കാരണങ്ങൾ പലതുണ്ടെങ്കിലും ഗാന്ധി കുടുംബം എന്ന ഒരു സങ്കല്പത്തിൽ ആ പാർട്ടിയെ തളച്ചിടാൻ ശ്രമിച്ചതും ഏറെ അപകടം ചെയ്തുവെന്ന് പാർട്ടി നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടായാൽ മാത്രമേ ഒരു മേജർ സർജറിയിലൂടെ പാർട്ടിക്ക് ഒരു പുതിയ മുഖവും വർധിത വീര്യവും ഉണ്ടാക്കിയെടുക്കാനാവൂ. അത്തരത്തിൽ ഒരു തീരുമാനം ഇന്ന് നടക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ ഉണ്ടാകുമോ എന്നാണു ഏവരും ഉറ്റുനോക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories