TopTop
Begin typing your search above and press return to search.

ജി സുധാകരന്‍ പറഞ്ഞ 'സോപ്പ് കുട്ടപ്പന്‍'മാരുടെ രാഷ്ട്രീയം ഇതുതന്നെയാണോ? തരൂര്‍ 'വികാസ് പുരുഷന്‍' ആകുമ്പോള്‍

ജി സുധാകരന്‍ പറഞ്ഞ സോപ്പ് കുട്ടപ്പന്‍മാരുടെ രാഷ്ട്രീയം ഇതുതന്നെയാണോ? തരൂര്‍ വികാസ് പുരുഷന്‍ ആകുമ്പോള്‍


കഴിഞ്ഞ ദിവസം ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന അനുഭവമുള്ള മന്ത്രി ജി സുധാകരന്‍ വികാരത്രീവമായ ഒരു ചോദ്യം മുന്നോട്ട് വെച്ചു, "പത്തോ പന്ത്രണ്ടോ പതിമൂന്നോ വയസ് കാലം മുതല്‍ ഇഷ്ടമുള്ള പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു, ചൂവരെഴുതുകയും പോസ്റ്ററൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും അനൌണ്‍സ്മെന്‍റ് നടത്തുകയും കോര്‍ണര്‍ യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്ത്, അങ്ങനെ വളര്‍ന്ന് വളര്‍ന്ന് ഓരോ രംഗത്ത് എത്തുന്നവര്‍ക്ക് ഇന്ന് കേരളത്തില്‍ വിലയുണ്ടോ?" എന്നതായിരുന്നു അത്.

ശരാശരി രാഷ്ട്രീയ പ്രവര്‍ത്തകന്‍/നേതാവ് എങ്ങനെയാണ് രൂപപ്പെടുന്നു എന്നതിന്റെ ഒരു നിര്‍വചനമാണ് സുധാകരന്‍ മന്ത്രി അവതരിപ്പിച്ചത്. എന്തായാലും ജി സുധാകരന്‍ ആരെയെങ്കിലും ടാര്‍ജറ്റ് ചെയ്തു പറഞ്ഞതാണോ അതോ അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ സൂചിപ്പിച്ചതുപോലെ "ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന രാഷ്ട്രീയ സംസ്കാരത്തെ കുഴിവെട്ടി മൂടാനുള്ള സംഘടിത ശ്രമ"മെന്ന വലിയ പ്രതലത്തില്‍ കാണേണ്ട വിഷയത്തെ അവതരിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരും വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നുവന്നവരാണ്.

നിലവില്‍ സുധാകരന്‍ സഖാവ് പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കാതെ മുഖ്യധാര രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി നില്‍ക്കുന്ന നേതാവ് ശശി തരൂര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും തരൂര്‍ എടുക്കുന്ന നിലപാടുകള്‍ അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിക്കാര്‍ക്കോ അല്ലെങ്കില്‍ പൊതുവേ പാര്‍ട്ടി ഭേദമന്യേയുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കും വിയോജിപ്പ് തോന്നുന്ന കാര്യങ്ങളാണ്.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച നിലപാട് തന്നെ ഉദാഹരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കേന്ദ്ര നടപടിയെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിക്കുകയും അതിന് കോണ്‍ഗ്രസ്സിന്റെയും യു ഡി എഫിന്റെയും പിന്തുണ പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്യുകയും കെ പി സി സി അദ്ധ്യക്ഷന്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി വരികയും ചെയ്തിട്ടും തരൂരിന് ഒരു കുലുക്കവുമുണ്ടായിട്ടില്ല.

അദ്ദേഹം ഇന്നലെ നടത്തിയ പ്രതികരണത്തിന്റെ മലയാള മനോരമ തലക്കെട്ട് തന്നെ താന്‍ പ്രത്യേകമൊരു രാഷ്ട്രീയക്കാരനാണ് എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു- "തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരില്‍ തന്നെപ്പെടുത്തേണ്ട". "ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞു തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതില്ല.",
തരൂര്‍ പറയുന്നു.

എന്നാല്‍ തരൂരിന്റെ നിലപാടിലുള്ള ഈര്‍ഷ്യ മുല്ലപ്പള്ളി പരോക്ഷമായി പ്രകടിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടു മനോരമ മറ്റൊരു വാര്‍ത്തയും കൊടുത്തിട്ടുണ്ട്. "നമുക്കാര്‍ക്കും അദാനിയെപ്പോലുള്ള കുത്തക കമ്പനികളുടെ പേ റോളില്‍ അംഗങ്ങളാകേണ്ട കാര്യമില്ല." എന്നായിരുന്നു ഒരു പൊതുപരിപാടിക്കിടെ മുല്ലപ്പള്ളി പറഞ്ഞത്. ഇത് തരൂരിന് എതിരെയോ അതോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അദാനിയുടെ വിമാനം ഉപയോഗിച്ച മോദിക്കെതിരെയോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

എന്തായാലും സംസ്ഥാനത്തിന്റെ സ്വത്ത് ഒരു കുത്തക കമ്പനിക്ക് പ്രത്യേകിച്ചും ബിജെപിയുടെ പ്രിയപ്പെട്ട ഒരു മുതലാളിക്ക് കൈമാറുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പ്രകടമായ എതിര്‍പ്പുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. തരൂര്‍ അല്ലാതെ മറ്റൊരു കോണ്‍ഗ്രസ്സുകാരനും ഔദ്യോഗിക അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു വന്നിട്ടില്ല.

നേരത്തെ പറഞ്ഞ, താന്‍ പ്രതിനിധീകരിക്കാത്ത രാഷ്ട്രീയക്കാരില്‍ നിന്നും വിഭിന്നമായി സമീപകാലത്ത് തരൂര്‍ സ്വീകരിച്ച ചില നിലപാടുകള്‍ നോക്കാം;

കോവിഡ് കാലത്ത് എന്തിനും ഏതിനും പ്രതിപക്ഷം ഇടങ്കോലിടുന്നു എന്ന വിമര്‍ശനം ചാനല്‍ ചര്‍ച്ചകളില്‍ സി പി എം നേതാക്കള്‍ ഉയര്‍ത്തുമ്പോള്‍ അവര്‍ മാതൃകയായി ഉയര്‍ത്തി കാണിച്ചത് ശശി തരൂരിനെ ആയിരുന്നു. കോവിഡ് രണ്ടാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുക്തകണ്ഠം സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച നേതാവായിരുന്നു തരൂര്‍. ആ കാര്യം പിണറായി വിജയന്‍ തന്നെ തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ എടുത്തുപറയുകയും ചെയ്തിരുന്നു. "ദുരന്തമുഖത്ത് മലയാളി ഒറ്റക്കെട്ട്, ഇതാണ് എന്റെ കേരളാ മോഡല്‍" എന്നാണ് തരൂരിന്റെ നിലപാട്.

മറ്റൊന്ന് കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി പ്രസിഡണ്ട് ആകുന്നത് സംബന്ധിച്ചാണ്. രാഹുല്‍ എ ഐ സി സി അദ്ധ്യക്ഷന്‍ ആകാന്‍ താല്‍പ്പര്യപ്പെടുന്നിലെങ്കില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ കണ്ടെത്തണം എന്നായിരുന്നു തരൂരിന്റെ ആവശ്യം. അതിന് ശേഷമാണ് രമേശ് ചെന്നിത്തല പോലും രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചത്.

ഏറ്റവും സുപ്രധാനമായ ഒന്നു പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറണം എന്ന് കഴിഞ്ഞ 5 വര്‍ഷക്കാലമായി ശശി തരൂര്‍ ഉയര്‍ത്തുന്ന വാദമാണ്. 'പ്രസിഡന്‍ഷ്യ
ല്‍
ഭരണ സമ്പ്രദായത്തിനുള്ള വാദഗതി' എന്ന തലക്കെട്ടില്‍ കഴിഞ്ഞ ജൂലൈ 25നു ദി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ ശശി തരൂര്‍ ഒരു ലേഖനം എഴുതുകയുണ്ടായി. സമീപകാലത്ത് കര്‍ണ്ണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന കുതിരക്കച്ചവട രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് നമ്മുടെ പാര്‍ലമെന്‍ററി സമ്പ്രദായം തകര്‍ന്നു എന്നും മാറ്റം അനിവാര്യമാണെന്നും തരൂര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മോദിയെ പോലെ ഒരു സ്വേച്ഛാധിപതിയെ ശക്തിപ്പെടുത്താനെ അത്തരമൊരു സംവിധാനത്തിന് സാധിക്കുകയുള്ളൂ എന്ന നിലപാടാണ് പൊതുവേ കോണ്‍ഗ്രസ്സ് കൈക്കൊണ്ടിട്ടുള്ളത്. തരൂരിന്റെ വാദം അംഗീകരിക്കാന്‍ എന്തായാലും ആ പാര്‍ട്ടി തയ്യാറായിട്ടില്ല. പാര്‍ലമെന്‍ററി ജനാധിപത്യത്തിന് അല്ല കുഴപ്പം, മറിച്ച് അതിപ്പോള്‍ അട്ടിമറിച്ചിരിക്കുകയാണ് എന്നതാണ് കോണ്‍ഗ്രസ് നിലപാട്.
തരൂരിന്റെ ഈ വേറിട്ട നടപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് എന്നതിന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് കാലത്തെ നാടകീയ നടപടികള്‍ നോക്കിയാല്‍ മതി. തരൂരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ ഇറങ്ങാതിരിക്കുകയും ഒടുവില്‍ ഒരു നിരീക്ഷകനെ തരൂരിന്റെ പരാതിയുടെ ആടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വത്തിന് നിയോഗിക്കേണ്ടി വരികയും ചെയ്തത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. തരൂര്‍ തോല്‍ക്കുമെന്നും കുമ്മനം രാജശേഖരനിലൂടെ ബിജെപി തിരുവനന്തപുരം മണ്ഡലം പിടിച്ചെടുക്കുമെന്നുവരെ പ്രവചനങ്ങള്‍ ഉണ്ടായി.

എന്നാല്‍ ആരും തന്നെ പ്രതീക്ഷിച്ച ഫലമായിരുന്നില്ല കേരളത്തിലേത് എന്നതുകൊണ്ടു തന്നെ തരൂരിന്റെ വിജയം അത്ര കണ്ട് വിശകലനം ചെയ്യുകയുണ്ടായില്ല.

എന്തായാലും വിമാനത്താവള വിഷയത്തില്‍ താന്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും വികസനമാണ് തന്റെ ലക്ഷ്യമെന്നും പറയുമ്പോള്‍ തരൂരിയന്‍ സ്റ്റൈല്‍ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ആശ്വസിക്കാം. വേറിട്ട നിലപാട് കൈക്കൊണ്ടതിലൂടെ 'വികസന'രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരായി ബിജെപി മാറുന്നത് തരൂര്‍ തടഞ്ഞിരിക്കുന്നു എന്നത് തന്നെ.

ജി സുധാകരന്‍ ഉപമാലങ്കാരത്തോടെ പറഞ്ഞ 'സോപ്പ് കുട്ടപ്പന്‍' മാരുടെ രാഷ്ട്രീയം ഇതാണോ?


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories