TopTop
Begin typing your search above and press return to search.

സോണിയ ഗാന്ധി വിമര്‍ശിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ സി പി എമ്മിനെയും ലീഗിനെയും കുരുക്കുമ്പോള്‍

സോണിയ ഗാന്ധി വിമര്‍ശിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ സി പി എമ്മിനെയും ലീഗിനെയും കുരുക്കുമ്പോള്‍


എല്ലാ അർത്ഥത്തിലും ഒരു കരുത്തന്റെ പതനം തന്നെയാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി വകുപ്പ് മേധാവിയുമായ എം ശിവശങ്കറിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. ഇ ഡി അറസ്റ്റ് രേഖപ്പെടുത്തുകയും കസ്റ്റംസ് അവരുടെ ഊഴം കാത്തു നിൽക്കുകയും ചെയ്യുന്നു. ശിവശങ്കറിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ ഗുരുതര സ്വഭാവം ഉള്ളവയാണ്. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന സ്വർണക്കടത്തു ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ട് നിന്നുവെന്നും അതിനുവേണ്ടി വിദേശത്തേക്ക് ഡോളർ കടത്തിയെന്നും ഒക്കെ ആകയാൽ ഒടുവിൽ ശിവശങ്കര്‍ എത്തിച്ചേരുക എൻ ഐ എ യുടെ കരങ്ങളിലേക്ക് തന്നെയാവും. മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയായിരുന്നു ഇ ഡി ശിവശങ്കർ അയാൾ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്തതും രാത്രിയോടുകൂടി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിക്കായുള്ള പ്രതിപക്ഷ മുറവിളി കൂടുതൽ കരുത്താർജ്ജിച്ചിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നുകൊണ്ടാണ് ശിവശങ്കർ ഇപ്പോൾ അയാൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നതിനാൽ എല്ലാം മുഖ്യമന്ത്രിയുടെ കൂടി അറിവോടും സമ്മതത്തോടുംകൂടിയായിരുന്നുവെന്ന വാദമാണ് കോൺഗ്രസ്സും ബി ജെ പി യുമൊക്കെ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും ഇടതുമുന്നണി നേതാക്കളും പക്ഷെ ഇതിനെ പ്രതിരോധിക്കുന്നത് ശിവശങ്കറിനെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്ന മറുവാദം കൊണ്ടാണ്.

ശിവശങ്കറിന്റെ ചില നടപടികൾക്കെതിരെ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ള സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോലും മുഖ്യമന്ത്രിക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെ ശിവശങ്കർ വിഷയം ഇടതുമുന്നണിക്കുള്ളിൽ വിള്ളൽ വീഴ്ത്താൻ ഉപകരിക്കുമെന്ന പ്രതിപക്ഷ കണക്കുകൂട്ടലിനു മങ്ങലേൽപ്പിച്ചിരിക്കുന്നു.സി പി എം നേതൃത്വം മാത്രമല്ല, സി പി ഐ അടക്കമുള്ള ഇടതുമുന്നണിയിലെ മുഴുവൻ ഘടക കക്ഷികളും ശിവശങ്കർ വിഷയത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം നടക്കാൻ പോകുന്ന കാര്യമല്ലെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. മന്ത്രിയുടെ രാജി ആവശ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അത് എല്ലാ ദിവസവും ഉച്ചക്ക് 12 മണിക്ക് രമേശ് ആവശ്യപ്പെടുന്നതല്ലേ? ' എന്ന കാനം രാജേന്ദ്രന്റെ മറുചോദ്യത്തിലെ പരിഹാസത്തിൽ വ്യക്തമാകുന്നതും ഇതുതന്നെയാണ്. ഇതൊക്കെ പറയുമ്പോഴും പിണറായി വിജയന്റെ മികച്ച അഡ്മിനിസ്ട്രേറ്റർ എന്ന ഖ്യാതിക്കുമേൽ കരിനിഴൽ വീഴ്ത്താൻ പോന്ന ചിലത് അദ്ദേഹത്തിന്റെ മൂക്കിന് താഴെയിരുന്നുകൊണ്ടു ഒരു ഉദ്യോഗസ്ഥൻ ചെയ്തിരിക്കുന്നുവെന്നത് ഒരു വലിയ വാസ്തവമായിത്തന്നെ നിലനിൽക്കുന്നു. ബ്യൂറോക്രാറ്റിനെ അന്ധമായി വിശ്വസിക്കുകയും എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുക വഴി വലിയ ജാഗ്രതക്കുറവ് തന്നെയാണ് പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് സംഭവിച്ചിരിക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു.
കേവലമൊരു സ്വര്‍ണ്ണക്കടത്തിൽ ആരംഭിച്ചു ഏറ്റവുമൊടുവിലായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന ഐ ടി വകുപ്പ് തലവനായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിൽ എത്തിനിൽക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചു പറയുമ്പോൾ തന്നെ ഏറെ ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്റെ രാഷ്ട്രീയ ലാക്കോടുകൂടിയുള്ള നീക്കങ്ങളെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യുന്ന കാര്യത്തിലെന്നപോലെ തന്നെ രാഷ്ട്രീയ എതിരാളികളെയും ഇല്ലാതാക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന ഏർപ്പാട് ബി ജെ പി തുടങ്ങിവെച്ചത് ഒന്നാം മോദി സർക്കാരിന്റെ കാലത്തായിരുന്നുവെങ്കിൽ വർധിത പ്രഭാവത്തോടെ വീണ്ടും അധികാരത്തിൽ വന്നതോടെ ആ പ്രക്രിയക്ക് കൂടുതൽ വേഗം കൈവന്നിരിക്കുന്നു. കോടികൾ മറിയുന്ന പതിവ് കാലുമാറ്റ, പിളർത്തൽ തന്ത്രങ്ങൾക്കൊപ്പം തന്നെ സർക്കാരിനു കീഴിൽ വിനീതവിധേയമായി പ്രവർത്തിക്കുന്ന ഇ ഡിയും സി ബി ഐയും പോലുള്ള ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ചടുല നീക്കങ്ങളും ബി ജെ പി, എൻ ഡി എ ഇതര സർക്കാരുകൾ ഭരണം നടത്തുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അഭംഗുരം നടക്കുന്നുണ്ട്. യു എ പി എ ആക്ടിനെ പരമാവധി ദുരുപയോഗം ചെയ്തു ഇഷ്ടമില്ലാത്തവരെ ദേശവിരുദ്ധരായി മുദ്രകുത്തി കൃത്യമായ വിചാരണപോലുമില്ലാതെ തുറുങ്കിലടക്കുന്നതിനൊപ്പം തന്നെയാണ് ഒരൊറ്റ ഇന്ത്യയെന്നാൽ കേന്ദ്രത്തിൽ മാത്രമല്ല മുഴുവൻ സംസ്ഥാനങ്ങളിലും ബി ജെ പി ഭരണം എന്ന അജണ്ടയുമായി അവർ മുന്നോട്ടു പോകുന്നത്. അര നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ച (കേന്ദ്രത്തിൽ മാത്രമല്ല, ഭൂരിഭാഗം സംസ്ഥാനങ്ങളിലും) കോൺഗ്രസിനെ നേരത്തെ സൂചിപ്പിച്ച ചാക്കിട്ടുപിടുത്ത - ഭിന്നിപ്പിക്കൽ തന്ത്രത്തിലൂടെ ഏതാണ്ട് ദുർബലമാക്കിക്കഴിഞ്ഞെങ്കിലും ബി ജെ പി ഇപ്പോഴും ആ പാർട്ടിയുടെ പല ഉന്നത നേതാക്കളെയും കോൺഗ്രസ് ഭരണം നടത്തുന്ന സംസ്ഥാനങ്ങളെയും ലക്‌ഷ്യം വെക്കുന്നു. ബിഹാറിൽ ഒപ്പം നിൽക്കുമ്പോഴും നിതീഷ്‌കുമാറിനെ എങ്ങനെ നിഷ്പ്രഭനാക്കാം എന്ന ബി ജെ പി തന്ത്രവും കാണാതെ പോകാനാവില്ല. നിലവിൽ കമ്മ്യൂണിസ്റ്റുകൾ ഭരണത്തിലുള്ള ഏക സംസ്ഥാനം കേരളമാകയാൽ അതിനെ അവരുടെ അവസാനത്തെ തുരുത്തായി കണ്ടു അവിടെയും കനത്ത ആക്രമണം നടത്തുന്നതിന്റെ ഭാഗമായിക്കൂടിവേണം ഇപ്പോഴത്തെ അന്വേഷണങ്ങളെയും കാണാനെന്നു തോന്നുന്നുന്നു.

ദേശീയ തലത്തിൽ കോൺഗ്രസ് അപകടം തിരിച്ചറിഞ്ഞുവെന്നതിന്റെ സൂചനയാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ടൈംസ് ഓഫ് ഇന്ത്യയിൽ ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ ബി ജെ പി എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നു വ്യക്തമാക്കിക്കൊണ്ട് എഴുതിയ ലേഖനം. കേന്ദ്ര ഏജൻസികളെ വെച്ചുള്ള ബി ജെ പി യുടെ രാഷ്ട്രീയക്കളിക്കെതിരെ രാഹുൽ ഗാന്ധി നിരന്തരം ആക്ഷേപം ഉന്നയിക്കാറുണ്ടെങ്കിലും സോണിയ ഗാന്ധി ഇതാദ്യമായാണ് ഇക്കാര്യത്തിൽ കടുത്ത വിമർശനം ഉന്നയിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കേരളത്തിൽ നിലവിൽ അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചപ്പോഴും സി പി എമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളും സി പി ഐയുമൊക്കെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളിൽ രാഷ്ട്രീയം ആരോപിച്ചിരുന്നു. ദേശീയ തലത്തിൽ സി ബി ഐയെയും ഇ ഡി യേയുമൊക്കെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയം മണക്കുന്ന അന്വേഷണങ്ങളെ കോൺഗ്രസ് ശക്തമായി എതിർക്കുമ്പോൾ കേരളത്തിൽ കേന്ദ്ര ഏജൻസികളെ പൂവിട്ടു പൂജിക്കുന്ന തിരക്കിലാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊക്കെ. അതിനവർക്ക് അവരുടേതായ രാഷ്ട്രീയ ന്യായവുമുണ്ട്. അതാവട്ടെ തിരെഞ്ഞെടുപ്പ് വർഷത്തിൽ സർക്കാരിനെതിരെ വീണുകിട്ടുന്ന ഒരു അവസരവും നഷ്ടപ്പെടുത്താൻ പ്രതിപക്ഷം തയ്യാറാവില്ലെന്നത് തന്നെയാണ്.

എന്നാൽ യു ഡി എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് ഇക്കാര്യത്തിൽ വല്ലാത്തൊരു വിഷമവൃത്തത്തിൽ അകപ്പെട്ടിരിക്കുന്നു. നോട്ടു നിരോധനകാലത്തു 10 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്നതിന്റെ പേരിൽ മുൻ മന്ത്രി ടി കെ ഇബ്രാഹിം കുഞ്ഞും കണക്കിൽ കവിഞ്ഞ ധന സമ്പാദനത്തിന്റെ പേരിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ കെ എം ഷാജി എം എൽ എക്കുമെതിരെയും ഇ ഡി അന്വേഷണം നടത്തുന്നുവെന്നത് തന്നെയാവണം ലീഗിനെ ബുദ്ധിമുട്ടിലാക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories