TopTop
Begin typing your search above and press return to search.

ജോസും ജോസ് മോനും കുട്ടനാടിനുവേണ്ടി മുട്ടനാടുകളെപോലെ കൊമ്പ് കോർക്കുമ്പോഴാണ് പിറവത്തൊരു പുട്ടുകച്ചവടം

ജോസും ജോസ് മോനും കുട്ടനാടിനുവേണ്ടി മുട്ടനാടുകളെപോലെ കൊമ്പ് കോർക്കുമ്പോഴാണ് പിറവത്തൊരു പുട്ടുകച്ചവടം

അങ്ങനെ ഏറെ മസ്സിലുപിടുത്തത്തിനൊടുവിൽ ആ കേരള കോൺഗ്രസ് പാർട്ടിയും പിളർന്നിരിക്കുന്നു. പാർട്ടിയുടെ പേര് കേരള കോൺഗ്രസ് -ജേക്കബ്. എണ്ണിയാൽ ഒടുങ്ങാത്ത, തങ്ങളിൽ ചേരാത്തതായ ഒരുപാടെണ്ണം കേരള കോൺഗ്രസ് ലേബലിൽ കേരളത്തിൽ സുലഭമെന്നതിനാലും ഇക്കൂട്ടത്തിൽ മാതൃ സംഘടന എന്നൊക്കെ പറയപ്പെടുന്ന സാക്ഷാൽ കേരള കോൺഗ്രസ് - എം എന്ന പാർട്ടി അടക്കം ഒട്ടു മിക്കതും ഏതാണ്ട് ഒരേ അവസ്ഥയിൽ ആയതിനാലും ഇന്നിപ്പോൾ പിളർന്ന പാർട്ടിയുടെ പേര് കേരള കോൺഗ്രസ് -ജേക്കബ് എന്ന് പ്രത്യേകം പറയുന്നു എന്നേ ഉള്ളു. എന്നാൽ നടുവേ പിളർന്നുവെന്നു പാർട്ടിയുടെ ചെയർമാൻ സ്ഥാനം വഹിച്ചു വന്നിരുന്ന ജോണി നെല്ലൂർ പറയുമ്പോഴും പിളർന്നിട്ടില്ലെന്നാണ് സ്ഥാപക നേതാവ് ടി എം ജേക്കബിന്റെ പുത്രനും നിലവിൽ ജേക്കബ് വിഭാഗത്തിന്റെ ഏക എം എൽ എ യുമായ അനൂപ് ജേക്കബ് പറയുന്നത്. ഇതൊക്കെ കേരള കോൺഗ്രെസ്സുകളിലെ പിളർപ്പ് ഘട്ടത്തിൽ കേൾക്കാറുള്ള സ്ഥിരം പല്ലവി. പക്ഷെ വലിയ ആളും ആരവവും ഇല്ലാത്ത ഒന്നെങ്കിലും നിലവിൽ യു ഡി എഫിൽ ഘടകനാണ് ഈ പാർട്ടി എന്നത് കൊണ്ട് തന്നെ അനൂപിനെ പോലെ തന്നെ യു ഡി എഫിനും ഏറെ തലവേദന സൃഷ്ടിക്കാൻ പോന്നതാണ് ഈ പിളർപ്പ്. ജോണി നെല്ലൂർ വിഭാഗം പോകാൻ ഒരുങ്ങുന്നത് നിലവിൽ യു ഡി എഫിനൊപ്പം തന്നെ നിൽക്കുന്ന പി ജെ ജോസെഫിനൊപ്പം ആണെന്നത് പോലും യു ഡി എഫ് നേതൃത്വത്തിന്റെ തലവേദന കുറക്കുന്നില്ല, നേരെ മറിച്ചു അത് കൂട്ടുകയാണ് ചെയ്യുന്നത്. കാരണം സ്വന്തം പാർട്ടിയെ മാണി കേരള കോൺഗ്രസിൽ ലയിപ്പിച്ച പി ജെ യും മാണി പുത്രൻ ജോസ് കെ മാണിയും തമ്മിലുള്ള പിരിയിൽ നാടകം ഇനിയും ഔദോഗികമായി പൂർത്തിയാട്ടില്ല. അതിനിടയിലാണ് ജോണി നെല്ലൂർ വക ഈ പുതിയ ലയന -പിരിയൽ കലഹം. ഔദോഗികമായി പിരിഞ്ഞിട്ടില്ലെങ്കിലും ഉടനെ ഉപ തിരെഞ്ഞെടുപ്പ് നടക്കേണ്ട കുട്ടനാട് സീറ്റിനു വേണ്ടി ജോസും ജോസഫും അവകാശവാദം ഉന്നയിച്ചിരിക്കുകായാണെന്നതും യു ഡി എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തലവേദന ഇരട്ടി ആകുകയേ ഉള്ളു എന്ന കാര്യത്തിൽ തർക്കം വേണ്ട. എന്നാൽ ഇതൊക്കെ കണ്ടു ഒരാൾ ശവക്കല്ലറയിൽ കിടന്നു ഒരു പക്ഷെ ഇപ്പോൾ കുടു കൂടാ ചിരിക്കുന്നുണ്ടാകും. മറ്റാരുമല്ല, ലയനത്തിന്റെയും പിളർപ്പിന്റെയും അപ്പോസ്തോലനായ സാക്ഷാൽ കരിംകോഴക്കൽ മാണി മാണി എന്ന കെ എം മാണി തന്നെ. പിളരുന്തോറും വളരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എന്നു ആദ്യമായി പറഞ്ഞതും പഠിപ്പിച്ചതും മാണി തന്നെ ആയിരുന്നല്ലോ. അല്ലെങ്കിലും 1964 ൽ കോൺഗ്രസിനെ പിളർത്തി നസ്രാണിയും നായരും ചേർന്ന് പടച്ചുണ്ടാക്കിയ കേരള കോൺഗ്രസിന്റെ ജാതകം മാറ്റി എഴുതിയതും ആ പാലാക്കാരൻ വക്കീൽ തന്നെ ആയിരുന്നില്ലേ! എന്നാൽ പിളരാൻ മാത്രമല്ല, ലയിക്കാനും കേരള കോൺഗ്രസിന് കഴിയുമെന്നും തെളിയിച്ച ആൾ കൂടിയാണ് മാണി. കെ എം മാണി മരിച്ചെങ്കിലും അദ്ദേഹം മുന്നോട്ട് വെച്ച പിളർപ്പ്, ലയനം തുടങ്ങിയ രാഷ്ട്രീയ കലാപരിപാടികൾ അദ്ദേഹത്തിന്റേതുൾപ്പെടെയുള്ള കേരള കോൺഗ്രസ് വിഭാഗങ്ങൾ അവിരാമം തുടരുന്നു എന്നു തന്നെ വേണം കരുതാൻ. മാണിയുടെ മരണത്തിനു തൊട്ടു പിന്നാലെ പിളരാനുള്ള മോഹം ആദ്യം പ്രകടമായത് അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിൽ ആയിരുന്നുവെങ്കിൽ ആ മോഹം ഇപ്പോൾ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലേക്കും പടർന്നു കയറിയിരിക്കുന്നു. പിളരാനുള്ള ആ മോഹം ഒരു ലയനത്തെ സ്വപനം കണ്ടുകൂടിയാവുമ്പോൾ മാണിക്ക് ശേഷവും അദ്ദഹത്തിന്റെ സിദ്ധാന്തം പച്ച പിടിച്ചു നിൽക്കുന്നു , ചുരുങ്ങിയ പക്ഷം കേരള കോൺഗ്രസ് വിഭാഗങ്ങൾക്കിടയിലെങ്കിലും. കോൺഗ്രസിനെ പിളർത്തി കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയെ പടച്ചുണ്ടുണ്ടാക്കിയത് നായരും നസ്രാണിയും ചേർന്നായിരുന്നുവെങ്കിലും അധികം വൈകാതെ തന്നെ അത് നസ്രാണി കോൺഗ്രസ് ആയി മാറിയെന്നതും ചരിത്രം. നസ്രാണി വിവാഹ വേളയിൽ പുരോഹിതൻ വിവാഹം ആശീർവദിക്കുന്ന നേരത്തു പാടുന്ന ഒരു പാട്ടുണ്ട് . പുതിയ കുടുംബം പിറക്കുന്നതുമായി ബന്ധപ്പെട്ട ഒന്ന്. ആ പുതിയ കുടുംബത്തിന്റെ കതിരുകൾ പാലാക്കാരുടെ കുഞ്ഞുമാണിയും അദ്ദേഹത്തിന്റെ പാർട്ടിക്കാരും എന്നും മനസ്സിൽ കൊണ്ട് നടന്നിരിക്കണം. കുടുംബം രണ്ടാകുമ്പോഴും ഒന്നാണെന്ന ചിന്ത തന്നെയാവണം പിളർപ്പിന്റെയും ലയനത്തിന്റെയും അപ്പോസ്തോലനായ മാണിയെ നയിച്ചതും ഇപ്പോഴും കേരള കോൺഗ്രസിനെ വ്യത്യസ്ത ഗ്രുപ്പുകളെ നയിക്കുന്നതും. അതുകൊണ്ടു തന്നെ തങ്ങൾ തുടർന്നും പിളർന്നും ലയിച്ചും മുന്നേറും എന്നു അവർക്കു വേണമെങ്കിൽ ആശ്വസിക്കാം. പക്ഷെ ഈ പിളർപ്പിന്റെയും ലയനത്തിന്റെയും ആഘാതം മുഴുവൻ പേറേണ്ടി വരുന്ന പുറത്തു നിൽക്കുന്നവരുടെ സ്ഥിതി അതല്ലല്ലോ! ചിരിക്കണോ കരയണോ എന്നറിയാതെ വിമ്മിട്ടപ്പെടുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ കാര്യം തന്നെ എടുക്കുക. കെ എം മാണിയുടെ മരണത്തെ തുടർന്നു അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലഹം തുടർച്ചയായി അഞ്ചു പതിറ്റാണ്ടു അദ്ദേഹം കുത്തകയാക്കി വെച്ചിരുന്ന പാലാ മണ്ഡലത്തിൽ മാണി പുത്രന്റെ നിർബന്ധത്തിനു വഴങ്ങി യു ഡി എഫ് അംഗീകരിച്ച സ്ഥാനാർത്ഥിയുടെ നാണം കെട്ട പരാജയത്തിലാണ് കലാശിച്ചത്. വീണ്ടും ജോസും ജോസഫും കുട്ടനാടിനുവേണ്ടി മുട്ടനാടുകളെപോലെ കൊമ്പ് കോർക്കുമ്പോൾ, അംഗബലം കൂട്ടാൻ ജോസഫ് തങ്ങളുടെ തന്നെ മറ്റൊരു ഘടക കക്ഷിയെ പിളർത്തുമ്പോൾ കോൺഗ്രസ് നേതൃത്വം വല്ലാത്തൊരു ഗതികേടിലേക്കു തന്നെയാണ് എത്തിപ്പെടുന്നത്. പാലാ ആവർത്തിക്കാതിരിക്കാൻ കുട്ടനാട് കേരള കോൺഗ്രസിൽ നിന്നും തിരിച്ചെടുത്തു അടുത്ത നിയമ സഭ തിരെഞ്ഞെടുപ്പിൽ ഒന്നുകിൽ ആ സീറ്റു തന്നെ അല്ലെങ്കിൽ അവർ ആവശ്യപ്പെടുന്ന മറ്റൊരു സീറ്റു എന്നതായിരുന്നു കോൺഗ്രസിന്റെ പുതിയ നീക്കമെങ്കിൽ അതിനെയും പൊളിക്കാൻ പോന്ന ലയന തന്ത്രമാണ് ജോസഫും ജോണിയും ചേർന്ന് ഇപ്പോൾ ചമച്ചിരിക്കുന്നത്. അപ്പോൾ പിന്നെ തലവേദന കൂടാതെ തരമില്ലല്ലോ.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories