TopTop
Begin typing your search above and press return to search.

ഗതികേട് കൊണ്ടാണ് സ്ത്രീകൾക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത്, സുനിത ദേവദാസ് സ്വന്തം അനുഭവം പറയുന്നു

ഗതികേട് കൊണ്ടാണ് സ്ത്രീകൾക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത്, സുനിത ദേവദാസ് സ്വന്തം അനുഭവം പറയുന്നു

മൂന്നു പെണ്ണുങ്ങൾ ഒരാളെ അടിച്ചതും നിയമം കയ്യിലെടുത്തതും ശരിയാണോ എന്നതാണല്ലോ പ്രധാന ചർച്ച. അങ്ങനെ തോന്നുന്നവർ ആദ്യം പോയി അടി കൊണ്ട വിജയൻ പി നായരുടെ ഒന്നുരണ്ടു വീഡിയോകൾ ഒന്ന് യുട്യൂബിൽ പോയി കാണണം. അയാൾ ചെയ്തതിനേക്കാൾ വലിയ വയലൻസ് അല്ല അവർ ചെയ്തത് എന്നും യൂട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ ആക്രമിച്ചത് അയാൾ ആണെന്നും ഇവർ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അയാളെ പോലെ പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ അല്ലാത്ത എല്ലാവര്‍ക്കും ബോധ്യമാവും.

നമ്മൾ ഈ വിഷയത്തെ നോക്കി കാണേണ്ടത് വേറെ തരത്തിലാണ്.

1. സൈബർ പരാതികൾ കൊടുക്കുമ്പോൾ അതിൽ നടപടി ഉണ്ടാകുന്നില്ല. സഹികെട്ട സ്ത്രീകൾ അതിൽ നേരിട്ട് തെരുവിലിറങ്ങി നിയമം കയ്യിലെടുക്കുന്നു. കേരള പോലീസ് ഇവിടെ എന്ത് ചെയ്യുകയാണ്?

2. ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്നത് ആരെയും എന്ത് അസഭ്യവും തോന്ന്യാസവും പറയാനുള്ള അവകാശമല്ല. യൂട്യൂബുകളും വലിയ സാമൂഹ്യവിപത്തുകൾ ആയിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ചർച്ചകൾ ഉയര്‍ന്നു വരുന്നത് ഒരു ശുദ്ധീകരണത്തിന് ഉപകരിക്കും.

3. ഏത് പേരിലുള്ള സ്ത്രീ ഇത് ചെയ്തു എന്നതിനപ്പുറം എന്ത് കൊണ്ട് ചെയ്തു , അയാൾ അടികിട്ടാവുന്ന എന്ത് കുറ്റം ചെയ്തു എന്നാണ് നമ്മൾ വിലയിരുത്തേണ്ടത്. നിങ്ങൾക്ക് ഭാഗ്യലക്ഷ്മിയോടും ശ്രീലക്ഷ്മിയോടും ദിയയോടുമൊക്കെ പലവിധ വിയോജിപ്പുകളും ഉണ്ടാവും. എന്നാൽ അത് ആ ആഭാസത്തരത്തെ പിന്തുണയ്ക്കാനുള്ള കാരണമാവരുത്.

4. നമുക്ക് ചുറ്റുമുള്ള മനുഷ്യരിൽ ഇത്രയേറെ ലൈംഗിക ദാരിദ്ര്യം ഉണ്ട് എന്നതാണ് നാം അറിയേണ്ടത്. ഒരാൾ ഇരുന്ന് നിരന്തരം വൃത്തികേട് പറയുന്നു എന്നതിനേക്കാൾ അത് കാണാനും അതിനെ സപ്പോർട്ട് ചെയ്യാനും ഇത്രയേറെ ആളുണ്ടാവുന്നു എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. അതിനെ ചൊല്ലിയാണ്, നമ്മുടെ പെൺമക്കൾക്ക് കൂടി ജീവിക്കേണ്ട ഇടമാണ് ഇത് എന്നോർത്ത് നാം ഭയപ്പെടുകയാണ് ചെയ്യേണ്ടത്

സോഷ്യൽ മീഡിയയിൽ ഇടപെടാൻ തുടങ്ങിയത് മുതൽ നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടുന്ന ആളായിരുന്നു ഞാനും. പരാതിയും കൊടുക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പരാതികൾ ഒന്നും കൊടുക്കാറില്ല. കാരണം കൊടുക്കുന്ന പരാതികളിലൊന്നും നടപടി ഉണ്ടാവാറില്ല.

ചില ഉദാഹരണങ്ങൾ പറയാം .

മന്ത്രി എ.കെ ശശീന്ദ്രനെ മംഗളം ചാനൽ ഹണി ട്രാപ്പിൽ കുടുക്കിയ ഒരു സംഭവം ഉണ്ടായപ്പോൾ ചിലർ മനഃപൂർവം ഇതാണ് ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയ സ്ത്രീ എന്ന് പറഞ്ഞു എന്റെ ഫോട്ടോ പ്രചരിപ്പിച്ചു. ആരാണ് അത് ചെയ്തത് എന്ന് ഞാൻ തന്നെ കണ്ടു പിടിച്ച് പോലീസിൽ പരാതിപ്പെട്ടെങ്കിലും ഇതുവരെ പ്രതികൾക്കെതിരെ കേരള പോലീസ് ഒന്നും ചെയ്തതായി അറിയില്ല.

ഒരു വര്‍ഷം മുൻപാണ് ചിലർ എന്റെ ഫോട്ടോ ആരുടെയോ നഗ്ന ഉടലിൽ മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. അന്നും പോലീസിൽ പരാതി കൊടുത്തു. അന്ന് പോലീസ് എന്നോട് പറഞ്ഞത് സൈബർ നിയമം വളരെ ദുര്‍ബലമാണെങ്കിലും ഫോട്ടോ മോർഫ് ചെയ്യുന്ന കേസുകളിലൊക്കെ നടപടി എടുക്കാൻ കഴിയും എന്നാണ്. എന്നാൽ ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിലെ പ്രതികളെയൊന്നും പിടിച്ചിട്ടില്ല.

കുറച്ചു മാസങ്ങൾക്ക് മുൻപ് ആരോ എന്റെ വാട്ട്സ്ആപ്പ് നമ്പർ ടെലഗ്രാമിലെ ഏതൊക്കെയോ കമ്പി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. എപ്പോ വേണമെങ്കിലും വിളിക്കാം, വീഡിയോ ചാറ്റിന് എപ്പഴും അവൈലബിൾ ആണ്, നിങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ അയയ്ക്കൂ, . ഇഷ്ടപ്പെട്ടാൽ വീഡിയോ കോൾ വിളിക്കാം എന്നൊക്കെ എഴുതിപ്പിടിപ്പിച്ചാണ് നമ്പർ പ്രചരിപ്പിച്ചത്. അതോടെ എന്റെ സ്വസ്ഥതയും സ്വൈര്യവും പോയി. ആളുകൾ രാവും പകലുമെന്നില്ലാതെ വിളിക്കുന്നു. നഗ്ന ചിത്രങ്ങൾ അയക്കുന്നു. ഞാൻ പത്തഞ്ഞൂറ് ആളുകളെ ഒക്കെ ബ്ലോക്ക് ചെയ്തു. പലരുടെയും ഫോൺ നമ്പർ ഫേസ്ബുക്കിൽ ഇട്ടു വിളിപ്പിച്ചു. ഒരു രക്ഷയുമില്ല.

അവസാനം എനിക്കൊരു ഐഡിയ തോന്നി. പ്രൊഫൈൽ പിക്ച്ചർ മാറ്റുക. അറ്റകൈ പ്രയോഗം എന്ന നിലയിൽ മനോജ് എബ്രഹാമിന്റെ ഈ ഫോട്ടോ ഇട്ടു. ബയോ ആയി സൈബർ പോലീസ് എന്നെഴുതി. അത്ഭുതകരമെന്നു പറയട്ടെ, വിളികൾ 90 ശതമാനവും കുറഞ്ഞു. ഫോട്ടോ അയയ്ക്കുന്നവർ ഡിപി കണ്ടിട്ട് ഫോട്ടോ സ്വയം ഡിലീറ്റ് ചെയ്യാൻ തുടങ്ങി. ആശ്വാസമായി.

ഇതൊക്കെയാണ് ഈ നാട്ടിലെ അവസ്ഥ.

എന്തുകൊണ്ട് പോലീസിൽ പരാതി കൊടുത്തില്ല എന്നായിരിക്കും നിങ്ങളുടെ ചോദ്യം. അനുഭവം ഗുരു എന്നാണ് എന്റെ ഉത്തരം. ഇത്തരത്തിൽ ഓൺലൈനിൽ ആരൊക്കെയോ ചേർന്ന് ഫോൺ നമ്പർ പ്രചരിപ്പിച്ചിട്ട് ദുരിതം അനുഭവിക്കുന്ന ആദ്യത്തെ ആളല്ല ഞാൻ. എനിക്കു മുമ്പും ശേഷവും അനേകം സ്ത്രീകൾക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവരൊക്കെ പരാതി കൊടുക്കാറുമുണ്ട്. ഒരു നടപടിയും ഉണ്ടാവാറില്ല. അതിനാലാണ് ഞാൻ പരാതിപ്പെടാൻ പോകാതിരുന്നത്. കൂടാതെ മുൻപ് പരാതിപ്പെട്ടപ്പോഴത്തെ അനുഭവങ്ങളും ഉണ്ട്.

എനിക്ക് എന്നെ വീഡിയോ കോൾ വിളിക്കുന്നവരെ വീട്ടിൽ കയറി തല്ലാനും തെറി വിളിക്കാനും ഉള്ള ശേഷിയില്ലാത്തതു കൊണ്ട് ഒക്കെ സഹിച്ചു വെറുതെ ഇരിക്കുന്നു. അതിനു കഴിയുന്ന പെണ്ണുങ്ങൾ പ്രതികരിച്ചു.

എനിക്ക് വ്യക്തിപരമായി ഈ അനുഭവങ്ങളൊക്കെ ഉള്ളത് കൊണ്ട്, ഒരു രക്ഷയുമില്ലാതെ നിയമം കയ്യിലെടുത്ത സ്ത്രീകളെ ഈ സാഹചര്യത്തിൽ പിന്തുണക്കേണ്ടി വരുന്നു. കാരണം ഗതികേട് കൊണ്ടാണ് സ്ത്രീകൾക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത്.

ആ സ്ത്രീകൾ വിജയൻ നായർക്ക് കൊടുത്ത അടി ഇവിടത്തെ പല പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെയും മുഖത്ത് കൊണ്ടിട്ടുണ്ട് എന്നതിൽ സന്തോഷവുമുണ്ട്.


സുനിത ദേവദാസ്

സുനിത ദേവദാസ്

മാധ്യമ പ്രവര്‍ത്തക, ഇപ്പോള്‍ ക്യാനഡയില്‍ ജീവിക്കുന്നു

Next Story

Related Stories