TopTop
Begin typing your search above and press return to search.

ഇപ്പോഴത്തെ നടപടികള്‍ കൊണ്ട് ജീവനും ജീവിതവും ഒന്നിച്ചു രക്ഷിക്കാനാകുമോ?

ഇപ്പോഴത്തെ നടപടികള്‍ കൊണ്ട് ജീവനും ജീവിതവും ഒന്നിച്ചു രക്ഷിക്കാനാകുമോ?

ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടും നാളെയെപ്പറ്റി ജനത്തിന് ഉറപ്പുണ്ടാകുന്നില്ല. ഉപഭോക്താക്കള്‍ പിന്നോട്ടു പോകുകയും വ്യവസായികള്‍ മൂലധന നിക്ഷേപം നടത്താതിരിക്കുകയും ചെയ്യുമ്പോള്‍ സമ്പദ്ഘടന വളരില്ല. ചിലപ്പോള്‍ ചുരുങ്ങിയെന്നും വരാം.

സ്വാതന്ത്ര്യത്തിനു ശേഷം ഒരിക്കലും നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയുടെ മധ്യത്തിലാണു രാജ്യം. കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം. ഇങ്ങനെയൊന്നിന്റെ സാധ്യത പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഒന്നാം വ്യാപനത്തെ വിജയകരമായി നേരിട്ടെന്ന അവകാശവാദം പരസ്യപ്പെടുത്തുന്നതിനിടെ രണ്ടാം വ്യാപനം തടയാനോ അതിനെതിരേ ഫലപ്രദമായ പ്രതിരോധമുയര്‍ത്താനോ കഴിഞ്ഞില്ല.ഇതിലെ കുറ്റകരമായ അനാസ്ഥയെപ്പറ്റി പറഞ്ഞിട്ടോ കുറ്റവിചാരണ നടത്തിയിട്ടു കാര്യമില്ല. വന്നതിന്റെ ശേഷകാര്യങ്ങളെപ്പറ്റി ചിന്തിക്കാം.

ഇനിയുംമോശമാകാം

പ്രതിദിനം നാലു ലക്ഷം പേര്‍ക്കു രോഗം ബാധിക്കുകയും നാലായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്യുന്ന നിലയിലേക്കാണു രാജ്യത്തു കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. 32 ലക്ഷത്തിലേറെപ്പേര്‍ ചികിത്സയിലാണ്.രോഗബാധയുടെയും മരണത്തിന്റെയും ഏറ്റവും കൂടിയ നിലയിലേക്ക് ഇനിയും കാര്യങ്ങള്‍ എത്തിയിട്ടില്ല. അതായതു കൂടുതല്‍ മോശമായ കാര്യങ്ങള്‍ ഇനി ഉണ്ടാകാം.

ജീവനോ ഉപജീവനമോ?

ലോകം മുഴുവന്‍ പടരുന്ന, അനുദിനം ഘടന മാറുന്ന ഒരു വൈറസിന്റെ ആക്രമണം രാജ്യത്തിനു കഴിഞ്ഞ ധനകാര്യ വര്‍ഷം കനത്ത ആഘാതമാണുണ്ടാക്കിയത്. രോഗത്തെ പിടിച്ചുകെട്ടാന്‍ നടപ്പാക്കിയ സമ്പൂര്‍ണ ലോക്ഡൗണ്‍ വാര്‍ഷിക ജിഡിപിയില്‍ എട്ടു ശതമാനത്തോളം ഇടിവ് വരുത്തി. കോടിക്കണക്കിനാള്‍ക്കാര്‍ക്ക് പണിയും വരുമാനവും ഇല്ലാതായി. നൂറില്‍ത്താഴെ രോഗബാധ വീതം ഉണ്ടായിക്കൊണ്ടിരുന്ന ദിവസങ്ങളില്‍ അടച്ചിട്ട രാജ്യം ഇപ്പോള്‍ ലക്ഷക്കണക്കിനാള്‍ക്കാര്‍ക്കു രോഗം പിടിക്കുമ്പോള്‍ അടയ്ക്കുന്നില്ല. പകരം നിയന്ത്രണങ്ങള്‍ മാത്രം. കഴിഞ്ഞ വര്‍ഷം ജീവന്‍ രക്ഷിക്കുന്നതിനെപ്പറ്റി പറഞ്ഞവര്‍ ഇപ്പോള്‍ ഉപജീവനത്തെപ്പറ്റി പറയുന്നു. ഈ ചിന്ത അന്നുണ്ടാകാതിരുന്നത് എന്തുകൊണ്ട് എന്ന് ആരും ചോദിക്കുന്നില്ല.

അബദ്ധം തിരുത്തുന്നു, പക്ഷേ....

കഴിഞ്ഞ വര്‍ഷം ചെയ്തത് അബദ്ധമായിരുന്നെന്നു പരോക്ഷമായി സമ്മതിക്കുകയാണ് ഇപ്പോള്‍. പക്ഷേ ഇപ്പോഴത്തെ നടപടികള്‍ കൊണ്ട് ജീവനും ജീവിതവും ഒന്നിച്ചു രക്ഷിക്കാനാകുമോ? മഹാമാരിയുടെ തുടക്കം മുതല്‍ ഉള്ള ചോദ്യമാണിത്. ഇതു മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്നതാണ് ജീവനാണോ ജീവിതമാര്‍ഗമാണോ (life or livelihood) രക്ഷിക്കേണ്ടത് എന്ന ചോദ്യം. കഴിഞ്ഞ വര്‍ഷം ജീവന്‍ രക്ഷിക്കാം എന്നവച്ചു. അതിനായി ലോക്ഡൗണ്‍ നടപ്പാക്കി.

അതു കൊണ്ടു ജീവന്‍ രക്ഷിച്ചോ? ഇല്ല. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ രാജ്യത്തു കോവിഡ് ബാധിതര്‍ 538. മരണം 10. ലോക്ഡൗണ്‍ കഴിയാറായപ്പോഴേക്ക് പ്രതിദിന രോഗബാധ പതിനായിരങ്ങളിലേക്കും മരണം നൂറുകളിലേക്കും കയറി. പിന്നീട് അതിന്റെ തോതു കുടിയിട്ടേ ഉള്ളു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24-നു തുടങ്ങിയ ലോക്ക് ഡൗണ്‍ മേയ് 31- മുതല്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ ലോക്ഡൗണ്‍ മൂലം രക്ഷപ്പെടുത്തിയ ജീവിതങ്ങള്‍ ലക്ഷങ്ങളാണെന്ന അവകാശവാദമാണു കേള്‍ക്കാനുണ്ടായിരുന്നത്.

സ്പാനിഷ് ഫ്‌ളൂവിന്റെ കണക്ക്

1918- 20 ലെ സ്പാനിഷ് ഫ്‌ളൂ ലോകത്ത് അഞ്ചു കോടിയോളം ജീവനപഹരിച്ചപ്പോള്‍ അതില്‍ രണ്ടു കോടി (40 ശതമാനം) ഇന്ത്യയിലായിരുന്നു. കോവിഡില്‍ ഇന്ത്യയുടെ നില അന്നത്തേതിലും വളരെ വളരെ ഉയര്‍ന്നതായി എന്നു കണക്കുകള്‍ വച്ച് വാദിച്ചു. ഓഗസ്റ്റ് ആദ്യത്തെ കണക്കു പ്രകാരം ലോകത്തെ കോവിഡ് ബാധയില്‍ 10 ശതമാനവും മരണത്തില്‍ ആറു ശതമാനവും മാത്രമേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളു. ലോക ജനസംഖ്യയുടെ 18 ശതമാനം ഉള്ള ഇന്ത്യ ലോക്്ഡൗണ്‍ വഴി നേട്ടമുണ്ടാക്കിയതിനു വേറേ തെളിവു വേണ്ടല്ലോ എന്നായിരുന്നു അവകാശവാദം.

ആഗോള മരണനിരക്ക് 3.7 ശതമാനമായിരുന്നപ്പോള്‍ ഇന്ത്യയില്‍ രണ്ടു ശതമാനമായിരുന്നു. ദശലക്ഷം ജനങ്ങളിലെ മരണം ഇന്ത്യയില്‍ വെറും 31. അന്നു യുകെയില്‍ 698 ഉം സ്‌പെയിനില്‍ 610 ഉം യുഎസില്‍ 488 - ഉം ആയിരുന്നു ഒരു ദശലക്ഷം ജനസംഖ്യയിലെ മരണം.

'നേട്ട 'ത്തിന്റെ വില

ഇതെല്ലാം നമ്മുടെ വലിയ നേട്ടമായി ചിത്രീകരിക്കപ്പെട്ടു. കോടി ക്കണക്കിനു പേര്‍ക്കു പണിയും വരുമാനവും നഷ്ടപ്പെട്ടതും മൂന്നു കോടിയിലേറെപ്പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴേക്കു പതിച്ചതും ജിഡിപി രണ്ടു വര്‍ഷം മുന്‍പത്തേതിലും കുറവായതുമൊക്കെ ഈ ' നേട്ട 'ത്തിനു കൊടുക്കേണ്ടി വന്ന വലിയ വിലയാണ്. രോഗത്തെ പിടിച്ചു കെട്ടിയില്ല. പക്ഷേ വളര്‍ച്ചയെ പിന്നോട്ടു പായിച്ചു. തൊഴിലില്ലാത്തവരുടെ സംഖ്യ നാലിരട്ടിയാക്കി. രണ്ടു വര്‍ഷം കൂടി കഴിഞ്ഞാലും കോവിഡിനു മുമ്പുള്ള തോതിലെ വളര്‍ച്ചയിലേക്കു രാജ്യം എത്താനിടയില്ല എന്നാണു കാര്യ വിവരമുള്ളവര്‍ പറയുന്നത്.

വളര്‍ച്ച നല്‍കുന്നത്

അതിന്റെ അര്‍ഥമെന്താണ്? ജിഡിപി വളര്‍ച്ച എന്നതു വെറുമൊരു സംഖ്യയല്ല. അതു രാജ്യത്തെ തൊഴിലും വരുമാനവും വര്‍ധിക്കുന്നതിന്റെ കണക്കാണ്. ഉയര്‍ന്ന തോതില്‍ ജിഡിപി വളരുമ്പോള്‍ രാജ്യത്തു വലിയതോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഉയര്‍ന്ന വളര്‍ച്ചത്തോത് ഉണ്ടായിരുന്ന 2005-08 കാലയളവില്‍ സാധാരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നു പോലും കാംപസ് റിക്രൂട്ട്‌മെന്റിനു വലിയ കമ്പനികള്‍ വന്നിരുന്നു. എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ ആറാം സെമസ്റ്ററില്‍ തന്നെ നിയമന ഉത്തരവ് കൈപ്പറ്റിയിരുന്നു.

വളര്‍ച്ച കുറയുമ്പോള്‍ കോഴ്‌സ് കഴിഞ്ഞു ടെസ്റ്റും ഇന്റര്‍വ്യുവും ആയി നടക്കാം. നിയമനം എന്നു കിട്ടുമെന്ന് ഉറപ്പില്ല.വളര്‍ച്ചയ്ക്കു പകരം തളര്‍ച്ച വരുമ്പോള്‍ ഉള്ള ജോലി പോകുകയോ വേതനം കുറയുകയോ ചെയ്യുന്നു. ഒരു വര്‍ഷമായി രാജ്യം അതാണു കാണുന്നത്.കഴിഞ്ഞ വര്‍ഷത്തെ അബദ്ധം ആവര്‍ത്തിക്കേണ്ട എന്നു വച്ച് ദേശീയ ലോക്ഡൗണ്‍ ഒഴിവാക്കിയത് ഈ പശ്ചാത്തലത്തിലാണ്.

വഴി തെളിയുന്നത് മാന്ദ്യത്തിന്

അതു കൊണ്ട് എന്തു സംഭവിച്ചു? അഥവാ എന്തു സംഭവിക്കും? ഉപജീവന മാര്‍ഗങ്ങള്‍ അടയരുത്; സാമ്പത്തിക വളര്‍ച്ച തടസപ്പെടരുത്; ഫാക്ടറി ഉല്‍പാദനം മുടക്കം കൂടാതെ നടക്കണം. ഇതൊക്കെയാണു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. അതൊക്കെ നടക്കുമോ? മാരുതി സുസുകി ജൂണില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ മേയ് ആദ്യം നടത്താന്‍ തീരുമാനിച്ചു. പത്തു ദിവസം ഫാക്ടറി ഉല്‍പ്പാദനം മുടക്കും. വേറേ ചില വാഹന കമ്പനികളും മെയിന്റനന്‍സ് നേരത്തേ ആക്കുന്നുണ്ട്. മറ്റു ചില കമ്പനികള്‍ ഓക്‌സിജന്‍ ഉല്‍പാദനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടി മറ്റ് ഉല്‍പ്പാദനങ്ങള്‍ നിര്‍ത്തിവച്ചു.

വാഹന വില്‍പ്പന ഏപ്രിലില്‍ 10 മുതല്‍ 20 വരെ ശതമാനം കുറവാകും. നിയന്ത്രണങ്ങള്‍ മേയ് 31 വരെ തുടരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച നിലയ്ക്ക് മേയിലും സ്ഥിതി വ്യത്യസ്തമാവുകയില്ല. സ്‌കൂള്‍ തുറക്കല്‍ നീണ്ടു പോകുന്നതിനാല്‍ സ്‌കൂള്‍ വാഹനങ്ങളുടെ വില്‍പ്പനയും നടക്കില്ല.

മാളുകള്‍ക്കും റീട്ടെയില്‍ ഷോറൂമുകള്‍ക്കും നിയന്ത്രണങ്ങള്‍ ചുമത്തിയതാേടെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വില്‍പ്പന കുറഞ്ഞു. ഗതാഗത നിയന്ത്രണങ്ങളും രോഗവ്യാപന ഭീതിയും മൂലം ജനം യാത്ര കുറച്ചു. ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക് സാധനങ്ങളുടെയും വില്‍പ്പന ഗണ്യമായി കുറഞ്ഞു. മിക്ക വ്യവസായങ്ങളും 75 ശതമാനമോ അതില്‍ താഴെയോ ഉല്‍പ്പാദന ശേഷി മാത്രമേ ഉപയോഗിക്കുന്നുള്ളു. പൊതുവേ ഒരു ഉല്‍പ്പാദന മാന്ദ്യത്തിന്റെ അന്തരീക്ഷം.

ഇതിനിടെ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം ഗുരുതരമായി. തന്മൂലം ഓക്‌സിജന്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി. ഇതു ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കു വലിയ ആഘാതമായി.

നാളെയെപ്പറ്റി പ്രതീക്ഷയില്ല

നൊമുറ ഇന്ത്യ എന്ന ബ്രോക്കറേജ് സ്ഥാപനം ആഴ്ച തോറും കണക്കാക്കുന്ന ബിസിനസ് റിസംഷന്‍ ഇന്‍ഡെക്‌സ് ഓഗസ്റ്റിലെ നിലവാരത്തിലേക്കു താഴുമെന്ന സൂചനയാണ് ഏപ്രില്‍ അവസാനയാഴ്ച നല്‍കുന്നത്. ഏപ്രിലിലെ ജിഎസ്ടി ഇ വേ ബില്‍ എണ്ണം കുത്തനെ കുറഞ്ഞു.ബാങ്കുകളിലെ നിക്ഷേപം 12 ശതമാനം വര്‍ധിക്കുമ്പോള്‍ വായ്പാ വര്‍ധന 5.6 ശതമാനം മാത്രം. വായ്പ എടുക്കാന്‍ വ്യവസായ മേഖല തയാറാകുന്നില്ല. ഒരു കമ്പനിയും ശേഷി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്നില്ല. ജനങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങും എന്നുണ്ടെങ്കിലേ കമ്പനികള്‍ ഉല്‍പ്പാദന ശേഷി കൂട്ടൂ. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ജനങ്ങളുടെ വാങ്ങല്‍ മനോഭാവം അനുകൂലമാകണം.

ജനങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുകയോ വീടു പണിയുകയോ കാര്‍ വാങ്ങുകയോ ചെയ്യുന്നത് പണിയും വരുമാനവും നാളെയും മറ്റന്നാളും ഉണ്ടാകും എന്ന് ഉറപ്പുള്ളപ്പോഴാണ്. ഇപ്പോള്‍ ആ ഉറപ്പില്ല. അതിനാല്‍ ജനം വായ്പയെടുത്തു വീടു പണിയുകയോ കാര്‍ വാങ്ങുകയോ ചെയ്യുന്നില്ല. അതു കൊണ്ടു തന്നെ വ്യവസായികളും വായ്പയെടുത്ത് ബിസിനസ് വളര്‍ത്തുന്നില്ല.

ഉപജീവന മാര്‍ഗങ്ങള്‍ അടയാതിരിക്കാന്‍ ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടും നാളെയെപ്പറ്റി ജനത്തിന് ഉറപ്പുണ്ടാകുന്നില്ല. ഉപഭോക്താക്കള്‍ പിന്നോട്ടു പോകുകയും വ്യവസായികള്‍ മൂലധന നിക്ഷേപം നടത്താതിരിക്കുകയും ചെയ്യുമ്പോള്‍ സമ്പദ്ഘടന വളരില്ല. ചിലപ്പോള്‍ ചുരുങ്ങിയെന്നും വരാം. അത് ഉപജീവന മാര്‍ഗങ്ങള്‍ കുറയ്ക്കും.

പ്രസക്തമായതു നടക്കുന്നില്ല

ഉപജീവന മാര്‍ഗങ്ങള്‍ കുറയാതിരിക്കാന്‍ ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടും ഇങ്ങനെ വന്നത് എന്തുകൊണ്ട്?കോവിഡിന്റെ ഈ രണ്ടാം തരംഗം അത്ര മാത്രം ഭീഷണമായതുകൊണ്ടു മാത്രമല്ല അത്. അതിന്റെ വ്യാപനം തടയാന്‍ പ്രസക്തമായ ഒരു കാര്യവും നടക്കുന്നില്ലെന്ന ബോധ്യം ജനത്തിനു വന്നതുകൊണ്ടു കൂടിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories