TopTop
Begin typing your search above and press return to search.

ആഗോളീകരണ കാലത്ത് പണം നടത്തുന്ന ആഗോള പര്യടനം

ആഗോളീകരണ കാലത്ത് പണം നടത്തുന്ന ആഗോള പര്യടനം

ആഗോളീകരണ കാലത്ത് പണം നടത്തുന്ന ആഗോള പര്യടനത്തിന്റെ ഒരു വശം മനസിലാക്കാം

രാജ്യം ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉല്‍പാദനം ഏഴു ശതമാനമെങ്കിലും കുറയും. ഇതിനു മുന്‍പത്തെ നാലു മാന്ദ്യങ്ങളേക്കാള്‍ കടുപ്പം. 1958 (ജിഡിപിയില്‍ 1.2 ശതമാനം ഇടിവ്), 1966 ( 3.6%), 1973 (0.32%), 1980 (5.2%) വര്‍ഷങ്ങളിലായിരുന്നു മുന്‍ മാന്ദ്യങ്ങള്‍. അവയെല്ലാം വരള്‍ച്ചയുടെ ഫലമായിരുന്നു. 1973-ല്‍ എണ്ണവിലക്കയറ്റവും വിഷയമായിരുന്നു. ഇത്തവണത്തേത് കോവിഡും ലോക്ക് ഡൗണും മൂലമുള്ളതാണ്.

മാന്ദ്യമല്ല ചിന്താവിഷയം. ഈ മാന്ദ്യത്തിനിടയില്‍ ഓഹരി വിപണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ശ്രദ്ധേയം. കഴിഞ്ഞ മാര്‍ച്ച് 24-ന് 25,639 ആയിരുന്ന സെന്‍സെക്‌സ് ഇക്കഴിഞ്ഞ 16-ന് 52,517 ലെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അല്‍പം താണെങ്കിലും മാര്‍ച്ചിലെ ആഴങ്ങളില്‍ നിന്ന് ഇരട്ടി ഉയരത്തിലാണു സൂചികകള്‍.

എങ്ങും കുതിപ്പ്

ഇത് ഇന്ത്യയിലെ മാത്രം ഓഹരി വിപണിയുടെ കഥയല്ല. ലോകമെങ്ങും ഇതു തന്നെ അവസ്ഥ. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക റിക്കാര്‍ഡിലാണ്. ജപ്പാനിലെ നിക്കൈ സൂചിക 30 വര്‍ഷത്തിനു ശേഷം 30,000 പോയിന്റിനു മുകളിലായി.എന്താണ് ഓഹരി വിപണികള്‍ ചെയ്യുന്നത്? ലോകം മുഴുവന്‍ മാന്ദ്യത്തിലായിരിക്കുമ്പോള്‍ വിപണികള്‍ ഉത്സാഹപൂര്‍വം കുതിച്ചു പായുന്നു. അതെന്തുകൊണ്ട്?

ശുഭാപ്തിവിശ്വാസം

ശുഭാപ്തി വിശ്വാസം. അതാണു വിപണിയെ നയിക്കുന്നത്. നാളെ നന്നാകും എന്ന വിശ്വാസം. കോവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. 42000-ല്‍ നിന്ന് 25,000 ലേക്ക്. രാജ്യത്ത് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുന്നു. വിദേശങ്ങളിലും അങ്ങനെ തന്നെ. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നു. ആ ഭീതിയില്‍ പെട്ടെന്നു വിപണികള്‍ ഇടിഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു.

പിന്നീടു വിപണികള്‍ തിരിച്ചുകയറിയതും അതിവേഗത്തിലാണ്. താഴ്ച തുടങ്ങിയ സ്ഥാനത്തും നില്‍ക്കാതെ അത് കുതിപ്പ് തുടരുന്നു.ഇങ്ങനെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഓഹരികള്‍ കുതിച്ചു പായുന്നത് ശുഭാപ്തി വിശ്വാസം ഒന്നുകൊണ്ടു മാത്രമാണോ?അല്ല. ഓഹരികള്‍ വാങ്ങുന്നത് ശുഭാപ്തി വിശ്വാസം മൂലമാണ്. പക്ഷേ വാങ്ങാന്‍ പണം വേണം. പണം ഉപയോഗിച്ചു കൂടുതല്‍ പേര്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ വിപണി ഉണരുന്നു; ഉയരുന്നു; കുതിക്കുന്നു.

പണം ഒഴുകുന്നു

വിപണിയില്‍ മുടക്കാന്‍ കുടുതല്‍ പണമുണ്ട്. അഥവാ വിപണിയിലേക്കു കൂടുതല്‍ പണം വരുന്നുണ്ട്. എവിടെ നിന്നാണിത്? ഇവിടെയാണു മൂലധനത്തിന്റെ ആഗോള യാത്ര മനസിലാക്കേണ്ടത്. ആഗോളീകരണത്തിന്റെ ഏറ്റവും വലിയ ഫലങ്ങളിലൊന്നാണ് മൂലധനത്തിന്റെ ഈ യാത്ര.വികസിത രാജ്യങ്ങളില്‍ നിന്നുള്ള വലിയ ഫണ്ടുകള്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ തങ്ങളുടെ പണം നിക്ഷേപിക്കുന്നു. ഏറ്റവും എളുപ്പം നിക്ഷേപിച്ച് ഏറ്റവും എളുപ്പം ആദായം മടക്കിക്കൊണ്ടുപോകാന്‍ പറ്റിയത് ഓഹരി - കടപ്പത്ര വിപണികളാണ്. അതു കൊണ്ട് അവിടെ കൂടുതല്‍ നിക്ഷേപിക്കുന്നു.ഇങ്ങനെ വരുന്ന വിദേശ പണമാണ് ഇന്നു മിക്ക വികസ്വര രാജ്യങ്ങളിലും വിപണികളെ താങ്ങി നിര്‍ത്തുന്നത്. വികസ്വര രാജ്യങ്ങള്‍ മാത്രമല്ല ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങളിലും വിദേശ ഫണ്ടുകളാണു വിപണിയെ നിയന്ത്രിക്കുന്നത്. സ്വന്തം നാട്ടില്‍ പലിശ കുറവ്; നിക്ഷേപത്തിനു കിട്ടുന്ന ലാഭവും കുറവ്. ഇതാണ് ഇത്തരം ഫണ്ടുകളെ വിദേശ രാജ്യങ്ങളിലേക്കു നയിക്കുന്നത്.പെന്‍ഷന്‍ - റിട്ടയര്‍മെന്റ് ഫണ്ടുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും മറ്റുമാണ് ഇത്തരം നിക്ഷേപത്തിനു പണം നീക്കിവയ്ക്കുന്നത്. ചില രാജ്യങ്ങളുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളും ഇങ്ങനെ നിക്ഷേപം നടത്തുന്നു ണ്ട്.

സ്റ്റാര്‍ട്ടപ്പുകളും ഫണ്ടുകളും

വിപണിയിലെ ഇടപെടലിനു പുറമേ വിപണിക്കു പുറത്തുള്ള മൂലധന നിക്ഷേപത്തിലും വിദേശ ഫണ്ടുകള്‍ ഇന്നു വലിയ പങ്കുവഹിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളെപ്പറ്റി നാം കേള്‍ക്കാറുണ്ടല്ലോ. അവയില്‍ ആദ്യം മുതല്‍ മുടക്കുന്ന ഏഞ്ചല്‍ ഫണ്ടുകള്‍, വെഞ്ചര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ തുടങ്ങിയവയും മൂലധനത്തിന്റെ ഈ ആഗോള യാത്രയുടെ ഭാഗമാണ്.

പുതിയ ബിസിനസ് ആശയങ്ങള്‍ നേരിട്ട് വിപണിയില്‍ അവതരിപ്പിച്ചാല്‍ വേണ്ടത്ര നല്ല പ്രതികരണം കിട്ടിയെന്നു വരില്ല. ചില ബിസിനസുകള്‍ കുറേ വര്‍ഷം നഷ്ടം വരുത്തി പ്രവര്‍ത്തിച്ച ശേഷമേ ലാഭത്തിലാകൂ. ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് അതിനുള്ള ക്ഷമയില്ല. ഇത്തരം ഫണ്ടുകള്‍ അഞ്ചും ആറും വര്‍ഷം കാത്തിരിക്കാന്‍ തയാറാണ്. നീണ്ട കാത്തിരിപ്പ് വെറുതെയല്ല. നല്ല ആദായം ലഭിക്കും. പ്രതിവര്‍ഷം 25-30 ശതമാനം ആദായം ലഭിക്കുന്നതാണു മിക്ക വെഞ്ചര്‍കാപ്പിറ്റല്‍ നിക്ഷേപങ്ങളും.

ഇന്ത്യയില്‍ 849 വെഞ്ചര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍, 45 ഫാമിലി ഫണ്ടുകള്‍, 44 ഏഞ്ചല്‍ നെറ്റ് വര്‍ക്കുകള്‍, 2751 ഏഞ്ചല്‍ നിക്ഷേപകര്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായാണ് 'സ്റ്റേറ്റ് ഓഫ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം 2020 ' റിപ്പാേര്‍ട്ടില്‍ പറയുന്നത്. 2019-ല്‍ 766 ഇടപാടുകളിലായി 1270 കോടി ഡോളര്‍ (91,710 കോടി രൂപ) ഈ ഫണ്ടുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ മുടക്കി.

ആശയമുണ്ടാേ, പണമുണ്ട്

ഓഹരി വിപണിയിലായാലും സ്റ്റാര്‍ട്ടപ്പുകളിലായാലും വിദേശ ഫണ്ടുകള്‍ പണം മുടക്കുമ്പോള്‍ രാജ്യത്തെ സംരംഭകത്വത്തിനാണ് ഉണര്‍വുണ്ടാകുന്നത്. ആശയങ്ങള്‍ ഉള്ളവര്‍ക്ക് പണം പ്രശ്‌നമല്ലാത്ത അവസ്ഥ വരുന്നു. വിദ്യാഭ്യാസ മേഖലയില്‍ മലയാളി ബൈജു രവീന്ദ്രന്റെ ബൈജൂസിനുണ്ടായ വളര്‍ച്ചയ്ക്കു കടപ്പാട് വിദേശിയും സ്വദേശിയുമായ ഫണ്ടുകളോടാണ്.

മൂലധനത്തിന്റെ ആഗോള യാത്ര അഥവാ ആഗോളീകരണത്തിന്റെ ഒരു വശമാണ് ഇവിടെ അവതരിപ്പിച്ചത്. ഈ നല്ല വശത്തോടൊപ്പം വേറെ പ്രശ്‌നവശങ്ങളുമുണ്ട്. വിദേശപണം സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതു പോലെ തന്നെ സംരംഭകത്വത്തിന്റെ ഗതി നിയന്ത്രിക്കുകയും ചെയ്യും. ഫണ്ടുകാരും അവരുടെ വിദഗ്ധരും പറയുന്നതുപോലെ വേണം പ്രവര്‍ത്തനം എന്നാകും. അവര്‍ക്കു സ്വീകാര്യമായ പദ്ധതികള്‍ക്കേ പണം കിട്ടൂ എന്നു വരും. അവരുടെ പണം വരുകയും പോകുകയും ചെയ്യുന്നതിനു തക്ക വിധം നിയമങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കും. കറന്‍സിയുടെ വിനിമയ നിരക്ക് തങ്ങള്‍ക്കനുകൂലമായി നിലനിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തും. ഇങ്ങനെ പല നെഗറ്റീവ് കാര്യങ്ങളും ഇതിലുണ്ട്.

വാല്‍ക്കഷണം

പണത്തേക്കാള്‍ വിലപ്പെട്ടതു സമയമാണ്. നിങ്ങള്‍ക്കു കൂടുതല്‍ പണമുണ്ടാക്കാം. പക്ഷേ കൂടുതല്‍ സമയം ഉണ്ടാക്കാന്‍ പറ്റില്ല.

ജിം റോണ്‍

(സെവന്‍ സ്ട്രാറ്റജീസ് ഫോര്‍ വെല്‍ത്ത് ആന്‍ഡ് ഹാപ്പിനസിന്റെ രചയിതാവ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)റ്റി.സി.മാത്യു

റ്റി.സി.മാത്യു

മുതിര്‍ന്ന ധനകാര്യ മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories