TopTop
Begin typing your search above and press return to search.

കൈകള്‍ കൂപ്പി, കാല്‍നടയ്ക്കുപോകുന്ന ഏകാകി; എ. രാമചന്ദ്രന്റെ ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം

കൈകള്‍ കൂപ്പി, കാല്‍നടയ്ക്കുപോകുന്ന ഏകാകി; എ. രാമചന്ദ്രന്റെ ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം

ഇവിടെ ഗാന്ധി ഏകാകിയാകുന്നു. കൈകള്‍ കൂപ്പി, കാല്‍നടയ്ക്കു പോകുന്ന ഒരാള്‍. ഭൂമിയിലേക്ക് നോക്കി എന്തോ തിരയുന്ന ഒരാള്‍.കാലത്തിലൂടെ തിരശ്ചീനമായും ലംബമായും എക്കാലവും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജൈവചിന്തകന്‍. അത്ഭുതാതിരേകങ്ങളാല്‍ കാലം സാകൂതം ഉറ്റുനോക്കുന്ന ഗാന്ധി എന്ന വഴികാട്ടി. സമൂഹത്തെ ആകെ ഉഴുതുമറിച്ച ചിന്തകളുടെ മഹാസാഗരമായ ഗാന്ധി, ശ്രോതവ്യങ്ങളെ ഒരുക്കിവെയ്ക്കുന്ന പ്രകൃതി. ഇവയ്ക്കിടയില്‍ ദോലനം ചെയ്യുന്ന എ. രാമചന്ദ്രന്‍ എന്ന ചിത്രകാരന്റെ പ്രതിസ്പന്ദങ്ങള്‍. 'ദി മഹാത്മ ആന്‍ഡ് ദി ലോട്ടസ് പോണ്ട്' എന്ന ശീര്‍ഷകത്തില്‍ ശാന്തി നികേതനിലെ പ്രഫ. ആര്‍ ശിവകുമാര്‍ ക്യൂറേറ്റ് ചെയ്ത് കൊച്ചി ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തിലെ രചനകള്‍ സമകാലീക സമൂഹത്തോട് പല വിതാനങ്ങളില്‍ സംവദിക്കുന്നു.

കാഴ്ചയില്‍ നിശ്ചലങ്ങളായ ആ ദൃശ്യങ്ങള്‍ മൗനത്തിന്റെ വിനയനങ്ങളാല്‍ ജീവത്താകുന്നു. രേഖപ്പെടുത്തപ്പെടാത്ത ഒരു ജനസഞ്ചയം വഴിയേതെന്ന് തിരഞ്ഞ് ആ മഹാമനീഷിയുടെ മുന്നില്‍ നില്‍ക്കുന്നത് ചിത്രകാരന്‍ വരച്ചിട്ടില്ല. അദൃശ്യങ്ങളായി ആര്‍ത്ത് നില്‍ക്കുന്ന പുരുഷാരം പക്ഷെ ദൃശ്യമല്ലാതെ നാം അനുഭവിക്കുന്നുണ്ട്. നാമും അതില്‍ പെടുന്നുവെന്നത് തന്നെ കാരണം. വളരെ നിഡൂഢവും അത്രതന്നെ സങ്കീര്‍ണ്ണവുമായ ഗാന്ധി സ്വത്വത്തിലേക്ക് ആഴ്ന്നിറങ്ങുന്നവയാണ് എ. രാമചന്ദ്രന്റെ ചിത്രങ്ങള്‍.

കാലത്തിലൂടെ, കാലങ്ങളിലൂടെ തിരിഞ്ഞും തിരഞ്ഞും പോകുന്ന ഗാന്ധിയെ ചുരുക്കം സ്ട്രോക്കുകളില്‍ കരുക്കിയിടുകയാണ് ചിത്രകാരന്‍. ഗാന്ധി എന്ന വ്യക്തിയുടേയും അദ്ദേഹത്തിന്റെ ജീവിതമാകുന്ന സന്ദേശത്തിന്റേയും വിവിധ അടരുകള്‍ക്കൊപ്പം വളര്‍ന്ന ചിത്രകാരനാണ് എ.രാമചന്ദ്രന്‍. പ്രതിഭയുടെ ഉദ്വിഗ്‌നുതകളും അതിന്റെ പ്രസാദങ്ങളുമേറ്റ ചിത്രകാരന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങളാണ് ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ സഞ്ചയിക്കപ്പെട്ട ചിത്രങ്ങള്‍.

ഗാന്ധി മാത്രമല്ല, ഈ പ്രദര്‍ശനത്തിന്റെ ഉള്‍ത്തലം. താമരക്കുളം പശ്ചാത്തലമാക്കിയുള്ള ദീര്‍ഘസൃഷ്ടങ്ങളായി രചനകളും ഇതിനൊപ്പമുണ്ട്. എട്ട് എണ്ണച്ചായ ചിത്രങ്ങള്‍, 56 ജലച്ചായ ചിത്രങ്ങള്‍, 25 രേഖാചിത്രങ്ങള്‍ ഗാന്ധിജിയുടെയും താമരയുടെയും രണ്ട് പ്രതിമകള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. പ്രധാനമായും രണ്ട് പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയ രചനകളാണ് പ്രദര്‍ശനത്തിലുള്ളത്. മഹാത്മാഗാന്ധി എന്ന മനുഷ്യശ്രേഷ്ഠനും താമരക്കുളം എന്ന ജൈവതടവും. രണ്ടാമത്തേത് പോകെപ്പോകെ, പ്രകൃതി എന്ന വിശാലമായ പ്രമേയമായി രൂപപ്പെടുന്നു. ഗാന്ധി ചിത്രങ്ങളാവട്ടെ, രാഷ്ട്രീയവും സാമൂഹികവും സമകാലീകവുമായ ഉള്‍ക്കനങ്ങള്‍ പേറുന്നവയും.

പ്രദര്‍ശനത്തിന്റെ ആദ്യ ഭാഗത്ത് ഗാന്ധിജിയെ അന്വേഷിക്കുന്ന, ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്ന കലാകാരനെയാണ് കാണാനാവുക. മാറുന്ന കാലത്തിനായി ചിത്രകാരന്‍ താന്‍ ഉള്‍ക്കൊണ്ട ഗാന്ധിയെ പകര്‍ത്തി നല്‍കുന്നു. 1960 മുതല്‍ ഉള്ള രേഖാചിത്രങ്ങള്‍, 30 പൈസ സ്റ്റാമ്ബുകള്‍ക്കായി എ.രാമചന്ദ്രന്‍ വരച്ച ചിത്രങ്ങള്‍, 2016ല്‍ ചെയ്ത 'മൊണുമെന്റല്‍ ഗാന്ധി - ഹേ റാം' ശില്പം തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആകുല ചിത്തനായ ഈ ശില്പത്തിലെ ഗാന്ധി കാഴ്ചക്കാരനോട് ആഴത്തില്‍ സംവേദിക്കുന്നു.വേവലാതികള്‍ പങ്കുവെയ്ക്കുന്നു. പോകെപ്പോകെ കാഴ്ചക്കാരനും വേവലാതിക്കാരനായി മാറുന്നു.

ഗാന്ധിയുടെ രേഖാചിത്രങ്ങള്‍ക്ക് സമകാലീക രാഷ്ട്രീയ പരിസരത്ത് കൈവരുന്ന മാനങ്ങള്‍ ഏറെയാണ്. വിശേഷിച്ചും രാജ്യം അന്യത്ര കടന്നുപോന്നിട്ടില്ലാത്ത പരീക്ഷണങ്ങളുടെ സമകാലീക പശ്ചാത്തലത്തില്‍. കാലത്തോട് തിരിഞ്ഞു നില്‍ക്കുന്ന ഗാന്ധിയുടെ രചന ഇതില്‍ സവിശേഷമായ അര്‍ഥവ്യാപ്തി കൈവരിക്കുന്നു. ഈ സമകാലീക പാഠ നിര്‍മിതിയില്‍ ഗാന്ധി ആന്റ് സെഞ്ച്വറി കള്‍ട്ട് ഓഫ് വയലന്‍സ് എന്ന ശീര്‍ഷകത്തിലുള്ള രചന എടുത്തുപറയേണ്ടതാണ്. ഗാന്ധിയാനന്തര കാലത്തെ കലാപാംശം നിറയുന്ന നാടിനെ കുറിച്ചുള്ള വേവലാതികള്‍ ഈ ചിത്രത്തിന്റെ ഇന്‍സ്‌കെപ്പായി തീര്‍ന്നിട്ടുണ്ട്.

ഗാന്ധി ചിത്രങ്ങള്‍ പൊലെ തന്നെ ഉള്‍ക്കാമ്ബേകുന്നവയാണ് താമരക്കുളം പശ്ചാത്തലമാക്കിയുള്ള പ്രകൃതി ചിത്രണങ്ങളും. ച്യുതികളുടേയും ധ്വംസനങ്ങളുടേയും നിഷേധാത്മകത സൃഷ്ടിക്കുന്ന വര്‍ത്തമാനകാല പ്രശ്നപരിസരത്തില്‍ ഗാന്ധിയേയും പ്രകൃതിയേയും അഭിസംബോധന ചെയ്യുന്ന പ്രതിഭയുടെ അന്വേഷണങ്ങളാണ് രചനകളില്‍ പ്രതിബിംബിക്കുന്നത്. പരിസ്ഥിതിയുടെ മേലെ വികസനത്തിന്റെ മുഖാവരണം ഇട്ട് നടക്കുന്ന ധ്വംസനങ്ങള്‍. ഗാന്ധിയന്‍ മൂല്യങ്ങളില്‍ നടക്കുന്ന അധിനിവേശങ്ങളും അവയ്ക്ക് സംഭവിക്കുന്ന ച്യുതികളും. ഇത്തരം ഒരു ഗൈഡിംഗ് മോട്ടിഫിനെ ചിത്രകാരന്‍ അപ്പാടെ സ്വീകരിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യം.

രാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തോട് ചേര്‍ന്നുള്ള നഗ്ദ, ഏകലിഞ്ചി, ജോഗി കാ തലാബ്, ഒബേശ്വര്‍ എന്നി വലിയ താമരത്തടങ്ങളിലേക്കുള്ള നിരന്തര യാത്രകളില്‍ നിന്നാണ് താമരക്കുളം പശ്ചാത്തലമാക്കിയുള്ള ദീര്‍ഘസൃഷ്ടങ്ങളായ രചനകള്‍ രൂപപ്പെട്ടിട്ടുള്ളത്. പൊട്ടിപ്പൊളിഞ്ഞ നഗ്ദയിലെ 12-ാം നൂറ്റാണ്ടിലെ ക്ഷേത്രവും പരിസരങ്ങളും ശ്ലഥമായ വിചാരങ്ങളുടെ വര്‍ണസഞ്ചാരങ്ങളിലേക്ക് തന്നെ എത്തിച്ചതായി രാമചന്ദ്രന്‍ തന്നെ കുറിക്കുന്നുണ്ട്. യെല്ലോ ബട്ടര്‍ഫ്ളൈസ് ഓണ്‍ ബ്ലൂ ലോട്ടസ്, റെയിന്‍ വാഷ്ഡ് ലോട്ടസ് പോണ്ട്, ലോട്ടസ് പോണ്ട് ഇന്‍ ദ മണ്‍സൂണ്‍ വിന്‍ഡ്, ലോട്ടസ് പോണ്‍ഡ് ഇന്‍ ആഫ്റ്റര്‍നൂണ്‍ സണ്‍ലൈറ്റ്, ലോട്ടസ് പോണ്ട് ഓണ്‍ സ്റ്റാറി നൈറ്റ് തുടങ്ങിയ എണ്ണച്ചായചിത്രങ്ങള്‍ ഈ ശ്രേണിയില്‍ എടുത്തുപറയേണ്ടവയാണ്. ഡ്രീമിംങ് ഏകലിഞ്ചി ഇന്‍ യുഎസ്‌എ എന്ന ചിത്രങ്ങളുടെ പരമ്ബരയും ആര്‍ട്ടിസ്റ്റ്സ് ആസ് ഇന്‍സെക്റ്റ്സ് ഓണ്‍ ലോട്ടസ് ലീഫ് എന്ന വെങ്കല ശില്പവും തന്റെ മോട്ടിഫിനെ ആവര്‍ത്തിച്ച്‌ ഉറപ്പിക്കുന്ന ഇടങ്ങളായി പരിണമിച്ചിരിക്കുന്നു.

സ്വയം പര്യാപ്തങ്ങളായി ഗ്രാമങ്ങള്‍ എന്ന ഗാന്ധിയന്‍ വീക്ഷണത്തിന്റെ കാതല്‍ നഷ്ടമായി കഴിഞ്ഞിരിക്കുന്നത് ചിത്രകാരനെ അലട്ടുന്നുണ്ട്. ഇത്തരം നഷ്ടങ്ങളുടേയും ലോപങ്ങളുടേയും വ്യവഹാര പരിസരത്ത് നിന്ന് ചിത്രകാരന്‍ സ്വയം നിര്‍വചിക്കാന്‍ ശ്രമിക്കുന്നതാണ് രചനകളുടെ പൊതുപരിസരം. രാഷ്ട്രീയമായ ഉള്‍ക്കാമ്ബുള്ളവയാണ് രചനകളെല്ലാം. സ്വന്തം മാതൃക അദ്ദേഹം അക്കാര്യത്തില്‍ സൃഷ്ടിക്കുന്നുമുണ്ട്. പരിസ്ഥിതിയുടെ രാഷ്ട്രീയത്തിലും അദ്ദേഹം ഊന്നുന്നു. സൂക്ഷ്മമായ പ്രകൃതി നിരീക്ഷണം അതില്‍ ശക്തിമത്തായ അന്തര്‍ധാരയായും ഭവിച്ചിരിക്കുന്നു.

കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ നിന്ന് കലാപഠനം പൂര്‍ത്തിയാക്കി എ. രാമചന്ദ്രന്‍ 1964 മുതല്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിത്രകാരനാണ്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ രാമചന്ദ്രന്‍ മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് ശാന്തി നികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പഠനത്തിനു പോയത്. 2013 ല്‍ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തന്നെയായിരുന്നു രാമചന്ദ്രന്റെ കേരളത്തിലെ ആദ്യ കലാപ്രദര്‍ശനം നടത്തിയത്. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ കൂടിയായ രാമചന്ദ്രന്‍ പദ്മഭൂഷണ്‍ പുരസ്‌ക്കാരം, കാളിദാസ് സമ്മാന്‍, രാജ രവിവര്‍മ്മ പുരസ്‌ക്കാരം തുടങ്ങയിവ നേടിയിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച പ്രദര്‍ശനം 31വരെ നീളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories