TopTop
Begin typing your search above and press return to search.

കാറിലിരുന്ന ഹരേന്‍ പാണ്ഡ്യയുടെ വൃഷ്ണത്തില്‍ മുകളിലെ മൂന്നിഞ്ച് വിടവിലൂടെ എങ്ങനെ വെടിവച്ചു? വിരമിക്കുമ്പോഴും ജസ്റ്റിസ് അരുണ്‍ മിശ്ര ബാക്കി വയ്ക്കുന്ന കാര്യങ്ങള്‍

കാറിലിരുന്ന ഹരേന്‍ പാണ്ഡ്യയുടെ വൃഷ്ണത്തില്‍ മുകളിലെ മൂന്നിഞ്ച് വിടവിലൂടെ എങ്ങനെ വെടിവച്ചു? വിരമിക്കുമ്പോഴും ജസ്റ്റിസ് അരുണ്‍ മിശ്ര ബാക്കി വയ്ക്കുന്ന കാര്യങ്ങള്‍

പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച സുപ്രീം കോടതി വിധി ഇന്ത്യയിലെ പൊതുസമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചുവെന്ന് പറയുന്നത് ഒരു സാധാരണ വാർത്തയായിരിക്കും. പലര്‍ക്കും അതിശയവും കോപവും ഉണ്ടാക്കിയിട്ടുള്ള ഈ വിഷയത്തില്‍ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ഉള്‍പ്പെടുന്നു. പ്രശാന്ത്‌ ഭൂഷണിനെ ശിക്ഷിക്കുന്നത് വഴി പൗരസ്വാതന്ത്ര്യത്തിന് - അഭിപ്രായ സ്വാതന്ത്ര്യം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം, വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം- ഏല്‍ക്കാവുന്ന ക്ഷതം കണക്കിലാക്കിയാണ് ഭൂരിഭാഗം പ്രതിഷേധങ്ങളും ഉണ്ടായിരിക്കുന്നത്. ഈ സ്വാതന്ത്ര്യങ്ങള്‍ ഒന്നുമില്ലാതെ ജനാധിപത്യത്തിനു നിലനില്‍ക്കാന്‍ ആവില്ല. എന്നാല്‍ ഈ വിധിയുടെ ഒരു വശത്തിന് മാത്രം വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല: രാജ്യത്തെ അന്തിമ അപ്പീൽ കോടതിയാണ് സുപ്രീം കോടതി. എന്നാല്‍ ഈ കേസില്‍ പ്രോസിക്യൂട്ടറും ജഡ്ജിയും സുപ്രീം കോടതി തന്നെ. Quis custodiet ipsos custodes? എന്ന ലാറ്റിന്‍ വാക്യം സൂചിപ്പിക്കുന്നത് പോലെ ആരാണ് കാവല്‍ക്കാരുടെ കാവലിനുള്ളത്? ഭൂഷണെതിരെ ഒരു suo moto (സ്വമേധയാ) കേസ് ഫയല്‍ ചെയ്യുന്നതിലൂടെ ഈ ചോദ്യം ചോദിക്കുന്നത്തിന് സുപ്രീം കോടതി പ്രേരിപ്പിച്ചിരിക്കുകയാണ്. ആ ചോദ്യത്തിന് ഒരുത്തരമേയുള്ളു: ആ ചുമതലയിപ്പോള്‍ ജനങ്ങളുടെ മേലെയാണ്. സുപ്രീം കോടതിക്ക് മേല്‍ വിധിന്യായം നടത്താന്‍ ഇന്ന് നമ്മള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇപ്പോള്‍ നമുക്ക് ഒരു കടമ നിറവേറ്റാനുണ്ട്.

സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരോടുമായി....

ഒരു ചോദ്യം ചോദിച്ചു കൊണ്ട് എന്നെ തുടരാന്‍ അനുവദിക്കുക. ചീഫ് ജസ്റ്റിസിന് പുറമെ 33 ജഡ്ജിമാര്‍ സുപ്രീം കോടതിയിലുണ്ട്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പ്രശാന്ത് ഭൂഷന്‍റെ അപേക്ഷ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ശ്രദ്ധിക്കാഞ്ഞതും ജസ്റ്റിസ് അരുൺ മിശ്ര തലവനായി വരുന്ന മറ്റൊരു ബെഞ്ചിന് ഈ വിഷയത്തില്‍ വിധി പറയുന്നതിനുമായി തിരഞ്ഞെടുത്തതും? പ്രശാന്ത് ഭൂഷണുമായി ശത്രുത ഉണ്ടായിരുന്ന ആളാണ്‌ അരുണ്‍ മിശ്ര എന്നിവര്‍ക്കറിയാമായിരുന്നോ? 2003ൽ അഹമ്മദാബാദിൽ നടന്ന ബിജെപി നേതാവ് ഹരേൻ പാണ്ഡ്യയുടെ കൊലപാതകത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാൽപര്യ ഹർജി നൽകാൻ ധൈര്യപ്പെട്ടതിന് മിശ്ര ഒരു വർഷം മുമ്പ് കോടതിയിൽ അദ്ദേഹത്തെ നിശിതമായി ശാസിച്ചപ്പോഴും ഈ ശത്രുത പ്രകടമായിരുന്നു. സിബിഐയുടെ അന്വേഷണം നിറയെ അബദ്ധങ്ങള്‍ നിറഞ്ഞതായിരുന്നു. ഇതിനെ തുടര്‍ന്ന് 2007ല്‍ വിചാരണ കോടതി ശിക്ഷിച്ച പന്ത്രണ്ടു പേരെ കുറ്റവിമുക്തരാകുന്നതിന് ഗുജറാത്ത് ഹൈക്കോടതി നിര്‍ബന്ധിതരായി. സംഭവത്തിൽ, മിശ്രയും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനുമായ ജസ്റ്റിസ് വിനീത് സരൺ എന്നിവര്‍ ഗുജറാത്ത് ഹൈക്കോടതിയുടെ 2011ലെ വിധിയെ തിരുത്തി എഴുതി. അവരുടെ വിവാദമായ വിധിന്യായത്തെക്കുറിച്ച് നമുക്ക് പിന്നീട് കൂടുതൽ പരിശോധിക്കാം. സെന്‍റര്‍ ഫോർ പബ്ലിക് ഇന്റററസ്റ്റ് ലിറ്റിഗേഷനു (സിപിഐഎല്‍) വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കേസില്‍ പുതിയ വിവരങ്ങൾ പുറത്തുവന്നതിനാൽ മുഴുവൻ അന്വേഷണവും പുന:പരിശോധിക്കാൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2003 മുതൽ ഗുജറാത്തിൽ നടന്ന വിവിധ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ പോലീസിന്‍റെ പങ്കാളിത്തം, ആ കേസുകളിലെ പോലീസ് സാക്ഷികളുടെ പ്രസ്താവനകളും 2011-ൽ കുറ്റവിമുക്തരാക്കപ്പെട്ട 12 പേര്‍ക്ക് പുറമേ മറ്റു പലരെയും വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു. പോലീസിനിത് നിഷേധിക്കാന്‍ കഴിഞ്ഞില്ല.

യഥാർത്ഥ കുറ്റവാളികള്‍ പിടിയിലായിട്ടില്ലെന്ന് മനസ്സിലായിരുന്നതിനാല്‍ പാണ്ഡ്യയുടെ കുടുംബം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയെ റദ്ദാക്കുന്നതിനൊപ്പം സുപ്രീം കോടതിയുടെ സമയം പാഴാക്കിയതിന് സി‌പി‌ഐഎല്ലിന് മിശ്ര 50,000 രൂപ പിഴയും ചുമത്തി. അതിനാൽ, സുപ്രീം കോടതിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ചീഫ് ജസ്റ്റിസ് ബോബ്ഡെ ആഗ്രഹിച്ചിരുന്നുവെങ്കിൽ, ജസ്റ്റിസ് മിശ്രയല്ലാതെ മറ്റേതെങ്കിലും ജഡ്ജി കോടതിയലക്ഷ്യ വിഷയം കേൾക്കണമെന്ന ഭൂഷന്‍റെ അപേക്ഷയും അദ്ദേഹം ശ്രദ്ധിക്കേണ്ടതല്ലേ? ഭൂഷനെ ശിക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ട ട്വീറ്റിൽ ചീഫ് ജസ്റ്റിസ് എന്ന നിലയില്‍, ജസ്റ്റിസ് ബോബ്ഡെയ്ക്ക് പ്രത്യേകം ബാധ്യതയുണ്ട്. കാരണം കോടതിക്ക് മുന്‍പില്‍ എല്ലാവരും സമന്മാരാണെന്ന ബോധം ഉണ്ടാക്കേണ്ടത് അദ്ദേഹത്തിന്‍റെ ആവശ്യമാണ്. എന്നിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല ഭൂഷൺ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ സാധ്യതയുള്ള ഒരു ജഡ്ജി കേസ് പരിഗണിക്കുമെന്ന് ഉറപ്പ് വരുത്തി.

ഹരേൻ പാണ്ഡ്യയുടെ കൗതുകകരമായ കേസ്

ജസ്റ്റിസ് മിശ്ര എന്തുചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് ഇത്രയധികം ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ടായിരിക്കാം? ഗുജറാത്ത് ഹൈക്കോടതിയുടെ ഹരേൻ പാണ്ഡ്യ കൊലപാതക കേസ് വിധി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് തിരുത്തിയത് ഒരുപക്ഷേ ജുഡീഷ്യറിയുടെ അല്ലെങ്കില്‍ സുപ്രീംകോടതിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വിധിന്യായമാണ്. അത് എന്തുകൊണ്ടെന്ന് അറിയണമെങ്കില്‍ ഹരേൻ പാണ്ഡ്യ കൊലപാതകത്തിന്‍റെയും വിധിന്യായത്തിന്‍റെയും ചരിത്രം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

2003 മാര്‍ച്ച്‌ 26ാം തീയതി രാവിലെ 7:20-നാണ് ഹരേൻ പാണ്ഡ്യ എന്നും രാവിലെ നടക്കാന്‍ ഇറങ്ങുമായിരുന്ന അഹമ്മദാബാദിലെ ലോ ഗാര്‍ഡന്‍സിനു സമീപം തന്‍റെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടത്. ഗുജറാത്ത് പോലീസിന്‍റെ അന്വേഷണത്തില്‍ നിന്നും പുറത്ത് വന്ന വിവരം: എല്ലാ ദിവസവും രാവിലെ ചെയ്യുന്നത് പോലെ പാണ്ഡ്യ നടക്കാൻ ലോ ഗാർഡനിൽ പോയിരുന്നു. അദ്ദേഹം കാർ പാർക്ക് ചെയ്യുന്നതിനിടയിൽ, അസ്ഗർ അലി എന്ന് പേരുള്ള ഹൈദരാബാദിൽ നിന്നുമുള്ള ഒരു കൊലയാളി അദ്ദേഹത്തിന്‍റെ കാറിനടുത്തെത്തി ഡ്രൈവറുടെ വശത്തുള്ള പാളിയിലെ മൂന്ന് ഇഞ്ച് വരുന്ന വിടവില്‍ കൂടി അഞ്ച് തവണ വെടിവച്ചു. അഹമ്മദാബാദിലെ ലാൽ മസ്ജിദിലെ പുരോഹിതനായ മുഫ്തി സുഫിയാനും ഉള്‍പ്പെടുന്ന സംഘമാണ് അസ്ഗർ അലിയെ ഇതിനായി നിയോഗിച്ചത് എന്നും ഇവരാണ് ഗൂഡാലോചന നടത്തിയത് എന്നും പോലീസ് പറയുന്നു. ഗോധ്രയില്‍ വെച്ചു നടന്ന കൊലപാതകത്തിന്‍റെ പ്രതികാര നടപടിയായിരുന്നു ഇതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പാണ്ഡ്യയുടെ മരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ആരംഭിച്ച സിബിഐ അന്വേഷണത്തിന് നേതൃത്വം വഹിച്ചത് ഐപിഎസ് ഉദ്യോഗസ്ഥനായ വൈ സി മോദി ആയിരുന്നു. പോലീസിന്‍റെ വാദം വിശ്വസിക്കുന്നതിന് മോദിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. പാകിസ്താന്‍റെ ഐ‌എസ്‌ഐയുമായും ഗുജറാത്തിലെയും ആന്ധ്രാപ്രദേശിലെയും മുസ്ലീം അധോലോകത്തിലെ ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം ഉൾക്കൊള്ളുന്ന വിപുലമായ ഗൂഡാലോചനാ സംഘത്തെ സിബിഐ കണ്ടെത്തിയെന്ന് അദ്ദേഹം ഉടൻ തന്നെ സ്ഥിരീകരിച്ചു. സിബിഐ ആറുമാസത്തിനുള്ളിൽ അന്വേഷണം അവസാനിപ്പിച്ച് 2003 സെപ്റ്റംബർ 8 ന് കുറ്റപത്രം സമർപ്പിച്ചു.

സിബിഐയുടെ കണ്ടെത്തലിനെ അടിസ്ഥാനമാക്കി, 2007 ജൂൺ 25ന് ഭീകരവാദ നിരോധന നിയമപ്രകാരം (POTA) വിളിച്ചുചേർത്തപ്രത്യേക കോടതി 12 പേരെ ശിക്ഷിച്ചു. ആരും ഇന്നേവരെ വിശദീകരിച്ചിട്ടില്ലാത്ത കാരണങ്ങളാല്‍ 'സുരക്ഷാകാരണങ്ങള്‍' എന്ന പേരില്‍, മുഴുവൻ വിചാരണയും സബർമതി ജയിലിനുള്ളിൽ വെച്ചാണ് നടന്നത്. ഇത് ഈ വിചാരണയെ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ നിന്ന് മാറ്റുന്നതിന് സഹായിച്ചു. അസ്ഗർ അലിയെ അയാളുടെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചു; ശേഷിക്കുന്ന 11 പേരിൽ എട്ട് പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. മറ്റ് രണ്ട് പേർക്ക് ഏഴ് വർഷവും മൂന്നാമത്തേയാള്‍ക്ക് അഞ്ച് വര്ഷവുമാണ് ശിക്ഷ വിധിച്ചത്.

മോശം അന്വേഷണത്തിന് സിബിഐയെ ഹൈക്കോടതി കുറ്റപ്പെടുത്തി

6 വർഷത്തിനുശേഷം, 2011 ഓഗസ്റ്റ് 29 ന് ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവിച്ചു. ഇപ്പോഴത്തെ കേസിന്‍റെ രേഖകളില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം, ഹരേൻ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം എല്ലായിടത്തുവച്ചും തുരങ്കം വയ്ക്കപ്പെട്ടിട്ടുള്ളതായി ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിക്കുന്നു എന്നതാണ്. അനിൽ യാദ്രാം എന്നൊരു ദൃക്‌സാക്ഷിയെ മാത്രം വളരെയധികം ആശ്രയിച്ചതിന് കോടതി സിബിഐ യെ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ ചില പ്രത്യേകതകള്‍ കാരണം അദ്ദേഹത്തിന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്നുള്ള കണ്ടെത്തലാണ് കോടതി നടത്തിയത്. അദ്ദേഹത്തിന്‍റെ ദൃക്സാക്ഷിവിവരണവും ഫോറൻസിക് തെളിവുകളും തമ്മിലുള്ള പൊരുത്തക്കേട് കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഒരു പിസ്റ്റളിൽ നിന്നോ റിവോൾവറിൽ നിന്നോ ഉള്ള ആറ് അല്ലെങ്കില്‍ ഏഴ് ഷോട്ടുകൾ ഉപയോഗിച്ച് ഒരാൾ കൊല്ലപ്പെട്ടതിന് ശേഷം കാറിൽ രക്തത്തിന്‍റെ അഭാവം ഉണ്ടായിരുന്നതായി ഫോറന്‍സിക് കണ്ടെത്തിയത് അന്വേഷണ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയേയും അതു വഴി കേസിലുണ്ടായ അനീതിയെയും, കേസുമായി ബന്ധപ്പെട്ട ആളുകള്‍ക്കുണ്ടായ പീഡനങ്ങളെയും കോടതിക്കുണ്ടായ സമയനഷ്ടത്തെയും സൂചിപ്പിക്കുന്നു.

തന്‍റെ അന്വേഷണ വൈദഗ്ധ്യത്തിന്റെ മോശം തെളിവ് ഉണ്ടായിരുന്നിട്ടു കൂടി ആറു വര്‍ഷത്തിനു ശേഷം 2017ല്‍ വൈ സി മോദി എൻഐഎ തലവനായി അവരോധിക്കപ്പെട്ടു.

കുറ്റവാളികളെ വിട്ടയച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാരും സിബിഐയും സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്തു. എന്നാല്‍ 2011ലെ ആ വിധിക്ക് ശേഷം നീണ്ട ഏഴു വര്‍ഷക്കാലത്തേക്ക്, 2018 ഒക്ടോബറില്‍ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിനു മുന്‍പില്‍ ഈ കേസ് മുൻ‌ഗണനാടിസ്ഥാനത്തിൽ എത്തുന്നത് വരെ കാര്യമായ ഒരു പുരോഗതിയുമുണ്ടായില്ല.

ജസ്റ്റിസ് അരുണ്‍ മിശ്ര ഹൈക്കോടതി വിധി അസാധുവാക്കുന്നു.

2019 ജനുവരി 31-ന് ഈ രണ്ടംഗ ബെഞ്ച് ഈ കേസില്‍ വിധി പറയുന്നത് മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുന്നതായി അറിയിച്ചു. ജസ്റ്റിസ് മിശ്ര കേസില്‍ വിധി പറയുന്നത് 2019 ജൂലൈ അഞ്ചിനായിരുന്നു. ഇത് ലോക്സഭ തിരഞ്ഞെടുപ്പിന് ആറാഴ്ചകള്‍ക്ക് ശേഷം നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചുവന്നതിനു ശേഷമായിരുന്നു. നിയമലോകത്തെ ആകെ ഞെട്ടിച്ചുകൊണ്ട് വളരെ അസാധാരണമായ ഒരു നീക്കത്തിലൂടെ മിശ്രയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച്, ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ട, പാണ്ഡ്യയുടെ കൊലപാതകത്തില്‍ ബന്ധമുണ്ടെന്നു കരുതിയ പന്ത്രണ്ടു പേരെ വീണ്ടും പിടികൂടണമെന്ന വിധി പ്രഖ്യാപിച്ചു.

കീഴ്ക്കോടതികളുടെ വിധിയെ സുപ്രീം കോടതി തിരുത്തി എഴുതുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. 2018ല്‍ ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ സുപ്രീം കോടതിയിലേക്ക് അപ്പീലുകളായി എത്തിയ ക്രിമിനല്‍ കേസുകളില്‍ 55.3 ശതമാനവും തിരുത്തി എഴുതിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ശിക്ഷിക്കപ്പെട്ടവരെ ഹൈക്കോടതി മോചിപ്പിച്ച ഒരു കേസില്‍ പിന്നീട് വിധി മാറ്റി എഴുതുന്ന സംഭവം ഈ വളരെ വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ. 2008ൽ ജസ്റ്റിസുമാരായ ആർ.വി രവീന്ദ്രനും ദൽ‌വീർ ഭണ്ഡാരിയും ചേർന്ന് ഗുരേ ലാൽ vs സ്റ്റേറ്റ് ഓഫ് യുപി എന്ന കേസില്‍, 'കുറ്റവിമുക്തരാക്കപ്പെടുന്നവരെ വീണ്ടും ശിക്ഷിക്കുന്നതിനുള്ള' ചില മാർഗ്ഗനിർദ്ദേശ തത്വങ്ങൾ പുറപ്പെടുവിച്ചിരുന്നു.

"വിധിയുടെ ചുരുക്ക രൂപം: കുറ്റവിമുക്തനാക്കുന്നതിനെതിരായ അപ്പീലുകൾ കൈകാര്യം ചെയ്യുന്നതിൽ അപ്പീൽ കോടതികൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ ഞങ്ങൾ ശ്രമിച്ചു. കുറ്റവിമുക്തരാക്കുന്നതിനെതിരായ അപ്പീലുകളില്‍ പൊതുവായി ചില കാര്യങ്ങള്‍ കണ്ടുവരുന്നു. സ്വന്തം നിഗമനങ്ങളിൽ എത്തുന്നതിനുള്ള തെളിവുകൾ അവലോകനം ചെയ്യാൻ അപ്പീൽ കോടതിക്ക് വിശാലമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഈ അധികാരം വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയും പ്രയോഗിക്കണം. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്, അപ്പീൽ കോടതി കീഴ്‌ക്കോടതിയുടെ തീരുമാനത്തിന് ഉചിതമായ പരിഗണന നല്‍കണം. കാരണം ശിക്ഷിക്കപ്പെടുന്നവര്‍ നിരപരാധികള്‍ ആണെന്നുള്ള ധാരണ കുറ്റവിമുക്തനാക്കപ്പെടുന്നതിലൂടെ കൂടുതൽ ശക്തിപ്പെടുന്നു. അതിനാൽ, "വളരെ കാര്യമായതും നിർബന്ധിതവുമായ കാരണങ്ങൾ" ഉള്ളപ്പോൾ മാത്രമേ അപ്പീൽ കോടതി കീഴ്ക്കോടതിയുടെ അത്തരം ഒരു തീരുമാനത്തെ നിരാകരിക്കാന്‍ പാടുള്ളൂ'."

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ ശേഷം പ്രതി കൊലപാതക കേസില്‍ കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഒരു കേസിലാണ് ആർ. വി. രവീന്ദ്രനും ദൽ‌വീർ ഭണ്ഡാരിയും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. എന്നാല്‍ ഹരേൻ പാണ്ഡ്യയുടെ കേസിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് നേരെ മറിച്ചാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ അപ്പോള്‍ ഹൈക്കോടതിയുടെ അത്തരം ഒരു വിധിയെ അസാധുവാക്കുന്നതിന് മതിയായ കാരണങ്ങള്‍ നിരത്തണം. ജസ്റ്റിസ് മിശ്രയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനും അതിനു മതിയായ കാരണങ്ങള്‍ നിരത്തിയോ? നമുക്ക് രേഖകള്‍ പരിശോധിക്കാം. "സിബിഐ കേസ് സമഗ്രമായും സൂക്ഷ്മമായും അന്വേഷിച്ചുവെന്നും പ്രതികൾ തമ്മിലുള്ള ഗൂഢാലോചന സ്ഥിരീകരിച്ചതായി കണ്ടെത്തിയതായും ജഡ്ജിമാർ ഉത്തരവിൽ പറഞ്ഞു. ഹൈക്കോടതി നിരീക്ഷിച്ചതുപോലെ, അന്വേഷണം അന്യായമോ, പരാജയപ്പെട്ടതോ, ഏതെങ്കിലും വിധത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ ആണെന്ന് പറയാനാവില്ല". അതിനുശേഷം നിർണായക കാര്യങ്ങളെക്കുറിച്ചുള്ള ഹൈക്കോടതിയുടെ നിഗമനങ്ങളെ നിരസിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ ബെഞ്ച് ശ്രമിച്ചു.

കാർ വിൻഡോയുടെ 3 ഇഞ്ച് വിടവിലൂടെ എങ്ങനെയാണ് വെടി വയ്ക്കാന്‍ കഴിയുക?

പാണ്ഡ്യ ഇരിക്കുന്ന കാറിന്‍റെ വലത് വിന്‍ഡോ ഗ്ലാസ്‌ വളരെ ഉയരത്തിൽ കയറ്റിയിട്ടിരിക്കുകയായിരുന്നതിനാല്‍ പ്രതിക്ക് കാറിന്‍റെ ജനാലയിലൂടെ വെടിയുതിര്‍ക്കുന്നത് അസാധ്യമായിരുന്നു എന്നുള്ള, സംഭവത്തിന്‍റെ ഒരേയൊരു ദൃക്‌സാക്ഷി അനിൽ യാദ്രം പട്ടേലിന്റെ വെളിപ്പെടുത്തലിലൂടെയാണ് ഹൈക്കോടതി, പാണ്ഡ്യയെ വെടി വെച്ചത് അസ്ഗർ അലി ആകില്ല എന്നുള്ള നിഗമനത്തില്‍ എത്തിയത്. എന്നാല്‍ അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്‌ ഹൈക്കോടതിയുടെ ഈ നിഗമനത്തെ തീര്‍ത്തും അവിശ്വസനീയമായ കാരണങ്ങള്‍ പറഞ്ഞു നിരാകരിക്കുകയാണുണ്ടായത്.

കേസിലെ പ്രധാന സാക്ഷിയായ അനിൽ പട്ടേലിന്റെ മൊഴി ഉദ്ധരിച്ച് ഹൈക്കോടതി പറഞ്ഞത്, സാക്ഷി വിവരിച്ച രീതിയിൽ ചെറിയ കാർ വിൻഡോ വിടവിലൂടെ അസ്ഗർ അലിക്ക് പാണ്ഡ്യക്കു നേരെ വെടിയുതിർക്കാൻ സാധ്യമാകുമായിരുന്നില്ല എന്നാണ്. എന്നാൽ ഹൈക്കോടതിയുടെ നിഗമനം അരുൺ മിശ്രയുടെ ബെഞ്ച് തള്ളിക്കളഞ്ഞു. വിൻഡോയുടെ വിടവ് എങ്ങനെ കൃത്യമായിട്ടു പറയാൻ കഴിയുമെന്നാണ് സുപ്രീം കോടതി ചോദിച്ചത്. സാക്ഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് ഊഹം മാത്രമായിരിക്കുമെന്നും അരുൺ മിശ്രയുടെ ബെഞ്ച് പറഞ്ഞു. ഇങ്ങനെ പറയുന്നതിലൂടെ ജസ്റ്റിസ് മിശ്ര നിരാകരിച്ചത് ദൃക്‌സാക്ഷിയുടെ വാക്കുകള്‍ മാത്രമല്ല. സംഭവസ്ഥലത്തു നിന്നും എടുത്തിട്ടുള്ള ചിത്രങ്ങളും കൂടിയാണ്. പാണ്ഡ്യയുടെ ശരീരം കാറില്‍ നിന്നും നീക്കം ചെയ്തിരുന്നപ്പോള്‍ പോലീസുകാരുടെ ശ്രദ്ധയിലും ഈ മൂന്നിഞ്ച് വിടവ് ശ്രദ്ധയില്‍ പെട്ടിരുന്നു.

അസ്ഗര്‍ അലിക്കും അദ്ദേഹത്തിന്‍റെ കൂട്ടാളികള്‍ എന്ന് കരുതപ്പെടുന്ന പതിനൊന്നു പേര്‍ക്കും എതിരെയുള്ള കുറ്റം അനിൽ യാദ്രം എന്നൊരു ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലുകളില്‍ ഊന്നിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ വിശ്വാസ്യത സൗകര്യാര്‍ഥം മാറ്റിമറിക്കുന്നത്, രവീന്ദ്രൻ-ഭണ്ഡാരി ബെഞ്ച്‌ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.

വിചാരണകോടതിയില്‍ പോലീസ് സമര്‍പ്പിച്ച പാണ്ഡ്യയുടെ കാറിന്റെ ചിത്രം; വിന്‍ഡോ ഗ്ലാസിന്റെ മുകളിലെ മൂന്നിഞ്ച് വിടവിലൂടെ വെടിവച്ചു എന്നാണ് പോലീസ് അവകാശപ്പെട്ടത്

എങ്ങനെയാണ് അഞ്ചു വെടിയുണ്ടകള്‍ ഏഴു മുറിവുകള്‍ ഉണ്ടാക്കിയത്?

വിചാരണ കോടതി അവഗണിക്കുകയും, ഹൈക്കോടതി പരിഗണിക്കുകയും ചെയ്ത ഫോറന്‍സിക് തെളിവുകളെയും അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിരാകരിക്കുകയാണുണ്ടായത്. അതു മാത്രമല്ല പാണ്ഡ്യയുടെ ശരീരത്തില്‍ അഞ്ചു വെടിയുണ്ടകള്‍ക്ക് പകരം ഏഴു വെടിയുണ്ടകളാകാം തറച്ചതെന്നുള്ള വളരെ നീണ്ട വാദങ്ങളും അദ്ദേഹം നിരത്തുകയുണ്ടായി. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഉണ്ടായിട്ടുള്ള രണ്ട് അധിക മുറിവുകള്‍, വെടിയുണ്ട ശരീരത്തില്‍ പ്രവേശിക്കാതെ ശരീരത്തില്‍ കൂടി ഉരസിപ്പോയതിന്‍റെ ഫലമായി ഉണ്ടായതാകാം എന്നായിരുന്നു അരുണ്‍ മിശ്രയുടെ വാദം.

ഈ കണ്ടെത്തല്‍ രണ്ടു കാരണങ്ങള്‍ കൊണ്ട് ഒട്ടും വിശ്വാസയോഗ്യമല്ല. ഒന്നാമതായി ഒരു സാങ്കല്പിക സംഭവത്തെയാണ് യാഥാർഥ്യമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. അതായത്, അഞ്ചു വെടിയുണ്ടകള്‍ മാത്രമാണ് പാണ്ഡ്യക്കു നേരെ പ്രയോഗിച്ചതെങ്കില്‍ ബാക്കി രണ്ടു മുറിവുകള്‍ ആ വെടിയുണ്ടകള്‍ ഉണ്ടാക്കിയിട്ടുള്ള അനുബന്ധ മുറിവുകള്‍ ആകാനുള്ള സാധ്യത വളരെ കുറവാണ്. രണ്ടാമതായി വാസ്തവത്തില്‍ ലഭ്യമായ വിവരങ്ങളെ ഇത് നിരാകരിക്കുന്നു. കാരണം ഫോറന്‍സിക്ക് ലബോറട്ടറിയുടെ കണ്ടെത്തല്‍ 8 മില്ലിമീറ്റര്‍ ആഴത്തിലുള്ള അഞ്ചു മുറിവുകളും, 5 മില്ലിമീറ്റര്‍ ആഴത്തിലും, 4 മില്ലി മീറ്റര്‍ ആഴത്തിലുമുള്ള മറ്റു രണ്ടു മുറിവുകളും, പോരാത്തതിന് കൈത്തണ്ടയിലുള്ള ആഴമേറിയ ഒരു മുറിവുമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനര്‍ത്ഥം പാണ്ഡ്യയുടെ ശരീരത്തില്‍ രണ്ട് ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാം എന്നതാണ്. എന്നാല്‍ യാദ്രാം പറയുന്നത് ഒരു തോക്കു മാത്രം ഉപയോഗിച്ചു വെടിയുതിര്‍ത്തു എന്നതാണ്.

കാറിലിരിക്കുന്ന പാണ്ഡ്യയുടെ വൃഷ്ണത്തില്‍ മുകളില്‍ നിന്ന് വെടിവച്ചുകൊല്ലുന്നതെങ്ങനെയാണ്?

ഗുജറാത്ത് ഹൈക്കോടതി ചോദിച്ച മറ്റൊരു ചോദ്യം മൂന്നിഞ്ചു മാത്രം വിടവുണ്ടായിരുന്ന ഒരു ജാലകത്തിന്‍റെ ഇടയിലൂടെ വൃഷ്ണത്തിനു മുകളിലായി വെടിയേല്‍ക്കുക എന്നത് എങ്ങനെ സാധ്യമാകും എന്നതായിരുന്നു. ഈ കണ്ടെത്തലിനെ നിരാകരിക്കുന്നതിനും വെടിയുണ്ടകള്‍ പാണ്ഡ്യയുടെ വൃഷ്ണത്തില്‍ നിന്നും ആമാശായത്തിന്‍റെ ഭാഗത്തേക്ക് എങ്ങനെ എത്തിയെന്നും വിശദീകരിക്കുന്നതിനായി ജസ്റ്റിസ്‌ അരുണ്‍ മിശ്ര ഒരിക്കല്‍ കൂടി യാദ്രാമിന്‍റെ ദൃക്‌സാക്ഷി വിവരണത്തില്‍ വീണ്ടും ചില മാറ്റങ്ങള്‍ വരുത്തി. അതായത് പാണ്ഡ്യക്ക് വെടിയേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ ശരീരം തല കുത്തനെ നിന്നു എന്ന്!

അവരുടെ ഈ കണ്ടെത്തല്‍ സുപ്രീം കോടതിയുടെ മറ്റൊരു കേസിലെ വിധി ന്യായത്തിനു വിരുദ്ധമാണ്. 2013ല്‍ മൃത്യുഞ്ജോയ് ബിശ്വാസ് വേഴ്സസ്. പ്രണബ് @ കുതി ബിശ്വാസ് എന്ന കേസില്‍ സുപ്രീം കോടതിയുടെ വിധിന്യായം: "കോടതിയുടെ കാഴ്ചപ്പാടില്‍ തെളിവുകള്‍ വിവേകപൂര്‍ണമല്ലെങ്കില്‍ അത് വാദിഭാഗത്തിന്‍റെ ഒരു വീഴ്ചയായി കണക്കാക്കും". നമുക്ക് യാദ്രാമിന്‍റെ സത്യവാങ്‌മൂലം ടെസ്റ്റ്‌ ഓഫ് പ്രുഡന്‍സ് പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാം. വെടിയേറ്റപ്പോള്‍ പാണ്ഡ്യ കാറിന്‍റെ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. കാര്‍ മാരുതി 800 ആയിരുന്നു, ഇന്ത്യയില്‍ ലഭ്യമായ ചെറിയ കാറുകളിൽ ഒന്ന്. അതുകൊണ്ട് കാറിന്‍റെ വലതു വശത്തെ ജാലകത്തില്‍ കൂടി ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുമ്പോള്‍ അദ്ദേഹം കുഴഞ്ഞുവീഴുകയും കാലുകള്‍ മേല്‍പ്പോട്ടുയരുകയും ചെയ്തു. സാധാരണഗതിയില്‍ അവ എത്രത്തോളം ഉയര്‍ന്നിട്ടുണ്ടാകും?

ഒരു കാറിനുള്ളില്‍ വെച്ച് നിരവധി തവണ വെടിയേറ്റ ഒരാള്‍ രക്തത്തിന്‍റെ പാടുകള്‍ ഒന്നും അവശേഷിപ്പിക്കാതിരുന്നതിന്‍റെ കാരണം എന്താകാം?

ഹൈക്കോടതിയുടെ ഈ ചോദ്യം മെഡിക്കല്‍ തെളിവുകളുടെ പിന്‍ബലത്തോടെ നിരസിക്കുകയാണെന്നായിരുന്നു അരുണ്‍ മിശ്രയുടെ ബെഞ്ചിന്‍റെ വാദം. രക്തം കാണാതിരുന്നതിന്‍റെ കാരണം പലതാകാം. ശരീരത്തിനേറ്റ മുറിവുകള്‍ ആന്തരികമാണെങ്കില്‍ രക്തം പുറമേ കണ്ടുകൊള്ളണം എന്നില്ല. ഫോറന്‍സിക് വിദഗ്ദര്‍ക്ക് കണ്ടെത്താനായത് വളരെ ചെറിയൊരളവിലുള്ള രക്തമായിരുന്നു. അഞ്ച് ബുള്ളറ്റുകള്‍ കൊണ്ട് ക്ലോസ് റേഞ്ചില്‍ നിന്നും വെടിയുതിര്‍ക്കുമ്പോള്‍ രക്തസ്രാവം ഉണ്ടാകാതിരിക്കുന്നത് എങ്ങനെയാണ്? ഒരു മനുഷ്യന്‍റെ ഉടലിനു താഴെ വൃഷ്ണഭാഗത്തു കൂടി ധാരാളം രക്തക്കുഴലുകള്‍ കടന്നു പോകുന്നുണ്ട്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിരകളില്‍ ഒന്നായ ഇന്‍ഫീരിയര്‍ വീനക്കാവ (inferior Vena Cava) അതില്‍ ഒന്നാണ്. ഒരു ബുള്ളറ്റ് കൊണ്ടുണ്ടാകുന്ന മുറിവ് തീര്‍ച്ചയായും ധാരാളം രക്തം വാര്‍ന്നു പോകുന്നതിനു കാരണം ആയേക്കാം. എന്നാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് ബാധിച്ചിരിക്കുന്ന ഒരു അസുഖമാണ് ഹുങ്ക്. വിധികർത്താക്കൾ അവരുടെ വിധിന്യായങ്ങൾ പൊതുജനങ്ങളുടെ പരിശോധനയ്ക്ക് വിധേയമാക്കാതിരിക്കാൻ വളരെയധികം വളർന്നു, അവരിൽ ഏറ്റവും മികച്ചവർ മാത്രമാണ് ഇപ്പോൾ യുക്തി, സ്ഥിരത, വ്യക്തത തുടങ്ങിയ നിസ്സാര വിഷയങ്ങളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. അതു കൊണ്ട് ഹരേന്‍ പാണ്ഡ്യയെ ആരു കൊലപ്പെടുത്തി എന്നുള്ള ചോദ്യം ഉയര്‍ന്നു വരാതിരിക്കാന്‍ ജസ്റ്റിസ്‌ അരുണ്‍ മിശ്ര തീരുമാനിച്ചുറച്ചിരിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. അതിന്‍റെ കാരണങ്ങള്‍ കണ്ടെത്തുക എന്‍റെ ജോലിയല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


പ്രേം ശങ്കര്‍ ഝാ

പ്രേം ശങ്കര്‍ ഝാ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നിരവധി പുസ്തകങ്ങളുടെ രചയിതാവും

Next Story

Related Stories