TopTop
Begin typing your search above and press return to search.

വിശപ്പിനേക്കാള്‍ വലുതല്ല ഒരു രോഗവും, ഫാക്ടറികളുടെ സൈറണ്‍ കാത്തിരിക്കുകയാണ് ഈ മനുഷ്യര്‍

വിശപ്പിനേക്കാള്‍ വലുതല്ല ഒരു രോഗവും, ഫാക്ടറികളുടെ സൈറണ്‍ കാത്തിരിക്കുകയാണ് ഈ മനുഷ്യര്‍

ബംഗാളിന്റെ അങ്ങേയറ്റത്ത് തീസ്ത നദിയുടെ കൈവഴികളിലൊന്നിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഇപ്പോള്‍ ജീവിതം. കഴിഞ്ഞ മഴക്കാലത്താണ് ആദ്യമായി ഇവിടേക്ക് വന്നത്. റോഡുകള്‍ക്ക് ഇരുവശവും അനന്തമായ പച്ചപ്പാണ്. അതിനുമപ്പുറം കാടിന്റെ വന്യതയെ കൈയ്യേറിയ തേയിലത്തോട്ടങ്ങള്‍ നിരന്നങ്ങനെ കിടക്കും. നമ്മള്‍ മൂന്നാറിലൊക്കെ കാണാറുള്ള കുന്നുകളല്ല നാട്ടിലെ വയലുകള്‍ പോലെയുള്ള പരന്ന തേയിലത്തോട്ടങ്ങള്‍.

എവിടെക്കുഴിച്ചാലും വലുതും ചെറുതുമായ ഉരുളന്‍ കല്ലുകളാണ്. കിണഞ്ഞു പരിശ്രമിച്ച് കല്ലുകള്‍ മുഴുവന്‍ പെറുക്കിമാറ്റി കൃഷിയിടം ഒരുക്കിയാല്‍പോലും ഒന്ന് വെള്ളം വീഴുമ്പോള്‍ ഉറച്ചുപോവുന്ന മണ്ണ്. കൃഷി തുടങ്ങാന്‍ ഞാനും കുറേ ബുദ്ധിമുട്ടി. പക്ഷേ ഇത്രയും സുന്ദരമായ ഗ്രാമത്തില്‍ കന്നുകാലി വളര്‍ത്തലൊക്കെ ഉണ്ടായിട്ടും കൃഷിസ്ഥലങ്ങള്‍ കുറവായതെന്താവുമെന്ന ചിന്തയ്ക്ക് അതോടെ ഉത്തരം കിട്ടി.

മറ്റു ഗ്രാമങ്ങളിലേതുപോലെ കൃഷി എന്ന സപ്പോര്‍ട്ട് സിസ്റ്റമോ ഒരു തുണ്ട് ഭൂമിയോ സ്വന്തമായില്ലാത്ത കുടിയേറ്റ തൊഴിലാളികളാണ് ഇവിടുത്തെ ജനത. ടീ എസ്റ്റേറ്റിലെ ജോലിയെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവര്‍. താല്‍ക്കാലികമായി ഉണ്ടാക്കിയ കുഞ്ഞുകുഞ്ഞു ഷെഡുകളില്‍ മതിയായ സൗകര്യങ്ങളില്ലാതെ തിങ്ങിഞെരുങ്ങിയ ജീവിതം.

വര്‍ഷത്തില്‍ 8-9 മാസങ്ങളില്‍ മാത്രമാണ് തോട്ടങ്ങളില്‍ കാര്യമായ പണിയും വരുമാനവും ഉണ്ടാവുക. മഞ്ഞുകാലം തേയിലച്ചെടികള്‍ക്ക് മടിക്കാലമാണ്. മനുഷ്യര്‍ക്ക് വിശപ്പറിയാതെ ശിശിരനിദ്രയില്‍ കഴിയാനുള്ള കഴിവില്ലാത്തതുകൊണ്ട് സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന തൊഴിലാളികള്‍ മറ്റു ജോലികള്‍ തേടിയിറങ്ങും. വളരെ ചെറിയ തോതിലുള്ള സഹായങ്ങള്‍ മാത്രമാണ് ടീ ഗാര്‍ഡന്‍ മാനേജ്‌മെന്റുകള്‍ അവര്‍ക്കുവേണ്ടി ചെയ്യാറുള്ളത്.

മഞ്ഞുകാലത്തിന് ശേഷമുള്ള ഏറ്റവും ഗുണമേന്മയുള്ള തേയില (first flush) നുള്ളിയെടുക്കേണ്ട സമയങ്ങളിലാണ് ഇവിടേക്ക് കോവിഡ് എത്തുന്നത്. സ്വാഭാവികമായും ടീ ഗാര്‍ഡനുകള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീമമായ നഷ്ടം അവരെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികളുടെ ജീവിതത്തിലും പ്രതിഫലിച്ചു തുടങ്ങി. നീക്കിയിരിപ്പുകളില്ലാത്ത കുറേ മനുഷ്യര്‍ ആദ്യദിവസങ്ങളില്‍ തന്നെ പട്ടിണിയിലേക്ക് കൂപ്പുകുത്തി. റേഷന്‍ കിട്ടാറില്ല എന്ന അവരുടെ വാക്കുകള്‍ ശരിവെയ്ക്കുന്നവയായിരുന്നു ഞാന്‍ പിന്നീട് വായിച്ച വാര്‍ത്തകളില്‍ പലതും.

പട്ടിണിയെ തോല്‍പ്പിക്കാന്‍ ചിലര്‍ സുലഭമായ വ്യാജമദ്യത്തെ കൂട്ടുപിടിച്ചു. ആരോഗ്യമുള്ളവര്‍ ജോലിതേടി നടന്നുപോകാവുന്ന ഇടങ്ങളിലേക്ക് ഇറങ്ങി. മരങ്ങള്‍ ധാരാളമുള്ള ഇവിടെ ഇലകള്‍ തൂത്തുവാരി കളയുന്നതും അതിവേഗം പടര്‍ന്നുപിടിക്കുന്ന കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് വഴികള്‍ സഞ്ചാരയോഗ്യമാക്കുന്നതും ഒക്കെയാണ് അവര്‍ക്ക് സ്ഥിരമായി കിട്ടാറുള്ള ജോലികള്‍. എന്നാല്‍ ഗതികേടുകൊണ്ട് തൊഴില്‍തേടിയിറങ്ങുന്ന ഈ മനുഷ്യരെ രോഗവാഹകരായി അവജ്ഞയോടെ കാണുന്ന ഒരു കൂട്ടം മനുഷ്യരുടെ വെറുപ്പിന് കൂടി ഈ കോവിഡ് കാലം സാക്ഷിയാവുന്നുണ്ട്.

സാമൂഹികമായും സാമ്പത്തികമായും പിന്നിലായിപ്പോയ കുറച്ചു മനുഷ്യര്‍ തിങ്ങിനിറഞ്ഞു ജീവിക്കുന്ന ഇടത്ത് ശാരീരിക അകലം എന്നത് ഏറെക്കുറെ അസാധ്യമാണ്. നമ്മുടെ നാട്ടിലേതുപോലെയൊരു ബോധവല്‍ക്കരണത്തിന് വേണ്ടി ഗ്രൗണ്ടില്‍ ഇറങ്ങി വര്‍ക്ക് ചെയ്യാനുള്ള സംവിധാനങ്ങളും പരിമിതമാണ്. ലോക്ക് ഡൌണ്‍ അവസാനിക്കുകയോ ഇളവുകള്‍ വരുകയോ ചെയ്താലുടന്‍ ഫാക്ടറികളിലെ സൈറണ്‍ മുഴങ്ങിത്തുടങ്ങും. അതോടൊപ്പം രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുമേറും. എന്നാല്‍ വിശപ്പിനേക്കാള്‍ വലുതല്ല ഒരു രോഗവും എന്നറിയുന്ന മനുഷ്യര്‍ തൊഴിലിടങ്ങളിലേക്ക് ഇറങ്ങുകയും ചെയ്യും.


Next Story

Related Stories