TopTop
Begin typing your search above and press return to search.

യു ഡി എഫ് ആൾക്കൂട്ട സമരങ്ങൾ നിറുത്തുന്നു; വൈകിയുണ്ടായ ഈ വെളിപാടിന് കരഘോഷം മുഴക്കാൻ മനസില്ല

യു ഡി എഫ് ആൾക്കൂട്ട സമരങ്ങൾ നിറുത്തുന്നു; വൈകിയുണ്ടായ ഈ വെളിപാടിന് കരഘോഷം മുഴക്കാൻ മനസില്ല


കേരളത്തിൽ കോവിഡ് രോഗവ്യാപനവും മരണ നിരക്കും കുതിച്ചുകയറുന്ന സാഹചര്യത്തിൽ യു ഡി എഫ് ആൾക്കൂട്ട സമരങ്ങൾ നിറുത്തിവെക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം തീർച്ചയായും ഒരു വലിയ കൈയ്യടി ആഗ്രഹിക്കുന്നുണ്ട്. തെറ്റിദ്ധരിക്കേണ്ട; അർഹിക്കുന്നുവെന്നല്ല ആഗ്രഹിക്കുന്നു എന്നു തന്നെയാണ് ഉദ്ദേശിച്ചത്. അരുതാത്തതു സംഭവിക്കും എന്നറിയാമായിരുന്നിട്ടും എല്ലാം സംഭവിച്ചതിനു ശേഷമുള്ള ഇത്തരം വേഷംകെട്ടുകൾ മാപ്പ് അർഹിക്കുന്നില്ല എന്നിരിക്കെ വൈകിയുണ്ടായ ഈ വെളിപാടിന് കരഘോഷം മുഴക്കാൻ മനസില്ല എന്നുതന്നെയാണ് ഇപ്പറഞ്ഞതിന്റെ പൊരുൾ. സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്ന ന്യായം അംഗീകരിക്കുമ്പോഴും ഒരു ദുരന്തമുഖത്തു അതിന്റെ ആഘാതം വർധിപ്പിക്കാൻ പോന്ന രീതിയിൽ ആടിത്തിമിർത്തിട്ടു നടത്തുന്ന ഇത്തരം വിലകുറഞ്ഞ 'അയ്യോ പാവം' കളികൾ മനഃപൂർവമല്ലാത്ത നരഹത്യ ആയിപ്പോലും പരിഗണിക്കാനാവില്ലെന്നിരിക്കെ രോഗവ്യാപനവും മരണനിരക്കും അതിന്റെ പാരമ്യതയിലേക്കു നീങ്ങുന്ന ഘട്ടമെത്തിയപ്പോൾ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾക്കു എന്ത് വ്യാഖ്യാനമാണ് നൽകുക? ഒരർത്ഥത്തിൽ ഇതൊരു കുറ്റസമ്മതം തന്നെയാണ്. പക്ഷെ അപ്പോഴും പ്രതി കുറ്റം സർക്കാരിനു മേൽ കെട്ടിവെച്ചു രക്ഷപ്പെടാൻ ശ്രമിക്കുക തന്നെയാണെന്ന് ആൾക്കൂട്ട സമരങ്ങൾ അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനത്തിനൊപ്പം പ്രതിപക്ഷ നേതാവ് പറഞ്ഞ ന്യായങ്ങൾ നിന്നും വ്യക്തം. സത്യത്തിൽ ഇതിനെ ആൾക്കൂട്ട സമരമെന്നല്ല, പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള റോഡ് ഷോ എന്നാണ് വിളിക്കേണ്ടത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു നടത്തിയ ഇത്തരം പ്രക്ഷോഭങ്ങൾ തങ്ങൾക്കെതിരെ തിരിയുന്നുവെന്ന് കാണുമ്പോൾ നടത്തുന്ന ഇത്തരം മലക്കംമറിച്ചിലുകൾ ജാമ്യം അർഹിക്കുന്നില്ല.

ഇപ്പോൾ ആൾക്കൂട്ട സമരങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രക്ഷോഭങ്ങൾക്കും മുൻപ് കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ എന്തായിരുന്നു നിലപാട് എന്നുകൂടി മാന്യ ശ്രീ ചെന്നിത്തല ഗാന്ധി പറയേണ്ടതായുണ്ട് ( പ്രിയ രമേശ് ജിയുടെ അറിവിലേക്കായി ഇത്രകൂടി സൂചിപ്പിച്ചുകൊള്ളട്ടെ; താങ്കളെയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും ചെന്നിത്തല ഗാന്ധിയെന്നും ചോമ്പാൽ ഗാന്ധിയെന്നും വിശേഷിപ്പിക്കുന്നത് കോൺഗ്രസിൽ ഗാന്ധിസം ബാക്കി നിൽക്കുന്ന ചിലർ എന്ന അർത്ഥത്തിൽ തന്നെയാണ്). എങ്കിലും ഒരു ചോദ്യം, ഒരൊറ്റ ചോദ്യം; തുടക്കത്തിൽ കോവിഡ് പ്രതിരോധത്തിൽ സർക്കാരിനൊപ്പം എന്ന് പറഞ്ഞു ആവേശം കൊണ്ട താങ്കൾ എന്തിനാണ് വളരെപ്പെട്ടെന്നു ചുവടു മാറ്റുകയും കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞു രംഗത്ത് വരികയും ചെയ്തത്? നിപ്പ കൈകാര്യം ചെയ്ത ശേഷം കോവിഡിനെയും കൃത്യമായി കൈകാര്യം ചെയ്യുന്ന വനിതയായ ഒരു ആരോഗ്യ മന്ത്രിക്കു കൈവന്ന ആഗോള പ്രശസ്തി കണ്ടിട്ടുള്ള കണ്ണുകടിയോ? എന്തിനായിരുന്നു താങ്കളുടെ കെ പി സി സി പ്രസിഡന്റ് നിപ്പ രാജകുമാരി, കോവിഡ് റാണി എന്നൊക്കെ അവരെ പരിഹസിച്ചത്? താങ്കളോ ശ്രീമാൻ മുല്ലപ്പള്ളി രാമചന്ദ്രനോ സ്ത്രീ പക്ഷ വാദികളല്ലെങ്കിലും സ്ത്രീ വിരുദ്ധർ അല്ലെന്നു വളരെ നന്നായി അറിയുന്നതുകൊണ്ട് കൂടിയാണ് ഈ ചോദ്യം. അന്നൊന്നും സ്വര്‍ണ്ണക്കടത്തു കേസോ ലൈഫ് മിഷൻ കോഴ പോലുള്ള പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലല്ലോ? അപ്പോൾ പിന്നെ താങ്കൾ ഇപ്പോൾ പറയുന്ന ആൾക്കൂട്ട സമരങ്ങൾക്കും മുൻപ് തന്നെ അടുത്ത സർക്കാർ എന്ന ചിന്ത താങ്കളെയും വേട്ടയാടിയിരുന്നില്ലേ? പിന്നെ എന്തിനാണ് കോവിഡ് പ്രമാണിച്ചു ആൾക്കൂട്ട സമരങ്ങൾ നിറുത്തിവെക്കുന്നു എന്നുപറയുമ്പോഴും കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന ഒരു വിചിത്ര വാദം?
ഇത്തരം ചോദ്യങ്ങൾക്കു ഇപ്പോൾ മറുപടി പറയാൻ താങ്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാവും എന്നറിയാം. സാരമില്ല; ഒന്നുകൂടി നന്നായി ഒന്ന് ഓർത്തു പറഞ്ഞാൽ മതി. അല്ലെങ്കിലും ഇത്തരം ചോദ്യങ്ങൾക്കു മറുപടി നൽകുക എന്നത് അത്ര എളുപ്പമല്ലായെന്നു നന്നായി അറിയാം. എങ്കിലും ഒരു കാര്യം, ഒരൊറ്റ കാര്യം ശ്രദ്ധയിൽ കരുതുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. എന്തിനായിരുന്നു വാളയാറിലടക്കം എം പി മാരെയും എം എൽ എ മാരെയും അണിനിരത്തി, കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുള്ള റോഡ് ഷോ? തങ്ങളുടെ റേറ്റിംഗ് ലക്ഷ്യമിട്ടു ടി വി ചാനലുകൾ നൽകാനിടയുള്ള പബ്ലിസിറ്റി? ശരിയാണ് ചക്കിക്കൊത്ത ചങ്കര വേഷം കെട്ടുകയായിരുന്നു അച്ചടി - ദൃശ്യ മാധ്യമങ്ങളിൽ ഭൂരിഭാഗവും. അതിനവർക്ക് അവരുടേതായ ന്യായീകരണവും ഉണ്ടാവും. മാധ്യമ പ്രവർത്തനം എന്നത് കേവലം കച്ചവടത്തിൽ അധിഷ്ഠിതമായ ഒരു കെട്ടുകാഴ്ചയാണെന്നു അവർ എന്നേ തെറ്റിദ്ധരിച്ചുകഴിഞ്ഞിരിക്കുന്നു! ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന സങ്കല്പം തന്നെ കീഴ്മേൽ മറിയുകയും കോർപറേറ്റു താൽപ്പര്യങ്ങൾ വെന്നിക്കൊടി പാറിക്കുകയും ചെയ്യുന്ന ഇക്കാലത്തു അവർക്കു പറഞ്ഞു നില്ക്കാൻ ന്യായങ്ങൾ പലതുണ്ടാകാം. സോളാർ സമര കാലത്തും ഞങ്ങൾ ഇതൊക്കെ തന്നെ ആയിരുന്നില്ലേ ചെയ്തത് എന്ന മട്ടിൽ പലതും. അവരുടെ ന്യായങ്ങളും നിലപാടുകളും അവരെ രക്ഷിക്കട്ടെ!

ഇവിടെ പ്രശ്നം മാധ്യമങ്ങളോ അവർ ഉൽപാദിക്കുന്ന വാർത്തകളോ അല്ലെങ്കിലും താങ്കളും ശ്രീമാൻ മുല്ലപ്പള്ളിയുമൊക്കെ ബി ജെ പിയോട് ഒട്ടി നിൽക്കുന്ന ഒരു ചാനൽ, മനഃപൂർവം എന്നുതന്നെ പറയേണ്ടിവരുന്ന ഒരു സർവ്വേ നടത്തി അതിന്റെ ഫലം പുറത്തുവിട്ടതിനെ തുടർന്നുണ്ടായ അങ്കലാപ്പ് തന്നെയാണ് പ്രധാന പ്രശ്നം. അവിടെയാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്റെ നോക്കിനടത്തിപ്പ് സംസ്ഥാന സർക്കാരിൽ നിഷിപ്തമാവുമ്പോഴും അത് സംസ്ഥാനത്തെ മൊത്തം ജനതയും പാർട്ടി-മത-ജാതി ഭേദമന്യേ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കണക്കിലെടുത്തു വളരെ ഗൗരവതരമായി കണ്ടു വർത്തിച്ചിരുന്നുവെന്ന യാഥാർഥ്യം കാണേണ്ടത്. കേരളത്തിലെ ബൈപോളാർ സിസ്റ്റത്തെ തകിടം മറിച്ചു മോദിതമായ ഒരു കേരളം സൃഷ്ട്ടിക്കാൻ നിൽക്കുന്ന ആരെങ്കിലും പറയുന്നതുകേട്ടു അന്തം വിടേണ്ട കാര്യമൊന്നും ഇല്ലെങ്കിലും താങ്കളുടെയും താങ്കളുടെ പാർട്ടിയുടെയും ഒളിപ്പിച്ചുപിടിക്കുന്ന ആ പേടി ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുന്നു എന്ന് പറയാതെ തരമില്ല. ശബരിമല വിഷയത്തിൽ സുവർണാവസരം മുന്നിൽ കണ്ട സംഘ പരിവാറിനെ നിങ്ങൾ ഇപ്പോഴും വെറുതെ ഭയപ്പെടുന്നു, അവർ സ്വപ്നം കണ്ട സുവർണാവസരം പിന്നീട് മുതലാക്കിയത് നിങ്ങൾ ആയിരുന്നുവെങ്കിലും ഇപ്പോഴും ഗാന്ധിസം, ഗാന്ധിത്തൊപ്പി, ഗാന്ധി കൗപീനം എന്നൊക്കെ വലിയ തൊള്ളയിൽ എഴുന്നള്ളിച്ചിരുന്നവരുടെ സംഘി പാളയ യാത്ര വല്ലാതെ ഭയപ്പെടുത്തുന്നുണ്ടാവണം. ഭയം വേണ്ടിടത്തു അത് ഉണ്ടാവുക സ്വാഭാവികം. എന്നുകരുതി തങ്ങളുടെ യുദ്ധം ബി ജെ പി ക്കെതിരെന്നു പറയുമ്പോഴും കേരളത്തിൽ അവര്‍ക്കൊപ്പം നിന്ന് കോവിഡ് വ്യാപനം ശക്തമാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ ആൾക്കൂട്ട സമരങ്ങൾ ഉപേക്ഷിക്കുന്നുവെന്ന ഈ അഴകൊഴമ്പൻ പ്രഖ്യാപനം മാത്രം മതിയാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories