TopTop
Begin typing your search above and press return to search.

എല്ലാം സ്വയംഭരണമാവുമ്പോൾ; ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍

എല്ലാം സ്വയംഭരണമാവുമ്പോൾ; ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍

സ്വയംഭരണ കോളേജുകളെ കുറിച്ച് കേരളത്തിന്റെ പൊതുമണ്ഡലം ഏറെ ചർച്ച ചെയ്തതാണ്. 2013 ൽ അന്നത്തെ യുഡിഫ് സർക്കാർ കേരളത്തിലാദ്യമായി സ്വയഭരണ കോളേജുകൾ അനുവദിച്ചപ്പോൾ വലിയ പ്രക്ഷോഭങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ആഴ്ച, സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾക്ക് യുജിസി സ്വയംഭരണ പദവി നൽകികൊണ്ട് ഉത്തരവിറക്കിയ്യപ്പോൾ വീണ്ടും ചർച്ചകൾ സജീവമായി. സ്വയംഭരണ കോളേജുകളെ എതിർത്തിരുന്ന ഇടതുപക്ഷ നയം തിരുത്തി എന്ന നിലയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർ തന്നെ രംഗത്തെത്തി. ആ ചർച്ച ചൂടുപിടിക്കുന്നതിനിടയിലായാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുതിയ ഉന്നത വിദ്യഭ്യാസ നയം പുറത്തിറിക്കിയത്. അതിലെ പ്രധാനപ്പെട്ട നിർദേശങ്ങളിൽ ഒന്ന്, അടുത്ത പതിനഞ്ച് വർഷം കൊണ്ട് രാജ്യത്തെ അഫിലിയേറ്റിംഗ് സംവിധാനം നിർത്തി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റും എന്നാണ്. ( ഇനി അങ്ങനെ മാറാൻ സാധിക്കാത്ത സ്ഥാപങ്ങൾ ഉണ്ടെങ്കിൽ, ഒന്നുകിൽ അടച്ചു പൂട്ടപ്പെടുകയോ അല്ലെങ്കിൽ മാതൃ സർവകലാശാലയുടെ കോണ്‍സ്റ്റിറ്റ്യുന്റ് കോളേജ് ആയി മാറ്റണമെന്നാണ് നയം നിർദേശിക്കുന്നത്). ഉന്നത വിദ്യഭ്യാസ രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു നയമാണിത്; വിശിഷ്യ, 2018 ലെ സ്വയംഭരണ കോളേജുകളെ കുറിച്ചുള്ള യുജിസി റെഗുലേഷന്റെ പശ്ചാത്തലത്തിൽ.

1970 കളുടെ മധ്യത്തിലാണ് രാജ്യത്ത് ആദ്യമായി സ്വയംഭരണ കോളേജുകൾ ആരംഭിക്കുന്നത്. മാതൃ സർവകലാശാലയുടെ അനുമതിയോടെ നൽകപ്പെടുന്ന അപേക്ഷ പരിഗണിച്ച് യുജിസിയാണ് സ്വയംഭരണ പദവി അനുവദിച്ചിരുന്നത്. 2013 ൽ അന്നത്തെ യുഡിഫ് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി കേരളവും സ്വയംഭരണ കോളേജുകൾ അനുവദിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ സർവകലാശാല നിയമം അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലും സംസ്ഥാന നിയമസഭ ഭേദഗതി ചെയ്തു. സർവകലാശാലകൾക്ക് സ്വയംഭരണ കോളേജുകൾക്ക് മുകളിൽ പരിമിതമായ നിയന്ത്രണാധികാരങ്ങൾ മാത്രം നൽകിയ ആ ഭേദഗതിയിലെ പല വ്യവസ്ഥകളും പരസ്പരവിരുദ്ധമായിരുന്നു. ഇത് പിൽക്കാലത്ത് സർവകലാശാലകളും സ്വയംഭരണ കോളേജുകളും തമ്മില്‍ നിരവധി നിയമയുദ്ധങ്ങൾക്കു തന്നെ വഴിവെച്ചു. സർവകലാശാല ഭരണസംവിധാനത്തിലുള്ള പോലെ യാതൊരു തരത്തിലുമുള്ള ജനാധിപത്യ സ്വഭാവവും സംവിധാനങ്ങളും സ്വയംഭരണ കോളേജുകളിൽ ഇല്ലായിരുന്നു. കേരളത്തിലെ സ്വയംഭരണ കോളേജുകളെ സംബന്ധിച്ചു നടന്ന പഠനങ്ങളൊക്കെ സ്വയംഭരണ കോളേജുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചിരുന്നു.

1970 കളിൽ തുടങ്ങിയ ഒരു സംവിധാനമാണെങ്കിലും 2018 വരെ യുജിസിയുടെ മാർഗരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് സ്വയംഭരണ കോളേജുകൾ അനുവദിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും. വേണമെങ്കിൽ, സംസ്ഥാന സർക്കാരുകൾക്കും സർവ്വകലാശാലകൾക്കും സ്വയംഭരണ കോളേജുകളുടെ സുതാര്യതയും ഗുണപരതയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്താനുള്ള അവസരം ഉണ്ടായിരുന്നു.. എന്നാൽ അന്നത്തെ സർക്കാർ അത്തരത്തിൽ ഒരു വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തിയില്ല. ഒരു സർക്കാർ കോളേജടക്കം 19 കോളേജുകൾക്കാണ് കഴിഞ്ഞ യുഡിഫ് സർക്കാറിന്റെ കാലത്തു സ്വയംഭരണ പദവി നൽകിയത്.

സ്വയംഭരണ കോളേജുകളുടെ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ 2017 ൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. സ്വയംഭരണ കോളേജുകളിൽ വിദ്യാർത്ഥി പ്രവേശനവും, പരീക്ഷകളും റിസൾട്ടും ഏറെക്കുറെ സമയബന്ധിതമായി നടക്കുന്നുണ്ടെങ്കിലും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒരു മാറ്റം കൊണ്ട് വരാൻ സ്വയംഭരണ കോളേജുകൾക്ക് സാധിച്ചിട്ടില്ല എന്നതാണ് ആ കമ്മിറ്റിയുടെ പ്രധാന കണ്ടെത്തൽ. അത് പോലെ, സ്വയംഭരണ കോളേജുകൾക്ക് മുകളിൽ സാമൂഹ്യ നിയന്ത്രണവും, സുതാര്യതും, ഗുണമേന്മയും ഉറപ്പു വരുത്തുന്നതിന് നിലവിലെ ആക്ട് ഭേദഗതി ചെയ്യണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആക്ട് ഭേദഗതി അടക്കമുള്ള പ്രവർത്തങ്ങളുമായി സർക്കാർ മുന്നോട്ട് പോയി.

യുജിസി ഓട്ടോണോമിസ് കോളേജ് റെഗുലേഷൻ 2018

അതിനിടയിലാണ്, യുജിസി സ്വയംഭരണ കോളേജുകളുമായി ബന്ധപ്പെട്ട് ഒരു റെഗുലേഷൻ പുറപ്പെടുവിക്കുന്നത്- UGC (Conferment of Autonomous Status upon Colleges and Measures for Maintenance of Standards in Autonomous Colleges) Regulation, 2018. നിലവിലെ ആക്ടിൽ സർക്കാരിനും സർവ്വകലാശാലകൾക്കും ഉണ്ടായിരുന്ന പരിമിതമായ നിയന്ത്രണാധികാരം പോലും എടുത്തു കളഞ്ഞ് സ്വയംഭരണ കോളേജുകളെ പൂർണമായും സ്വകാര്യ മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാക്കി റെഗുലേഷൻ മാറ്റി. സ്വയംഭരണ കോളേജുകളുടെ സമ്പൂർണ അധികാര ചുമതലയുള്ള ഗവേർണിംഗ് കൗൺസിലിൽ ആകെയുള്ള 12 അംഗങ്ങളിൽ 9 പേരും മാനേജ്മെന്റ് ശുപാർശ ചെയ്യുന്നവരാകും. സ്വാഭാവികമായും അത്തരമൊരു സംവിധാനത്തിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ ആരുടെ താല്പര്യത്തിനു അനുസരിച്ചാകുമെന്നു ഊഹിക്കാവുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ, ഉന്നത വിദ്യഭ്യാസ മേഖലയിൽ നിന്ന് സർക്കാർ പിന്മാറ്റത്തിന്റെ ഭാഗമായാണ് റെഗുലേഷൻ കൊണ്ടുവന്നതെന്ന വിമർശനം ശക്തമാണ്.

സ്വയംഭരണ കോളേജുകൾക്ക് സർവകലാശാലയുടെ അനുമതിയില്ലാതെ തന്നെ ആവശ്യാനുസരണം കോഴ്സുകൾ തുടങ്ങാനും ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരമടക്കം ഈ റെഗുലേഷൻ നൽകുന്നു. ഇന്ത്യയെ പോലുള്ള സാമൂഹ്യ അന്തരീക്ഷത്തിൽ വലിയ പ്രത്യാഘാതങ്ങളാകും ഇത് സൃഷ്ടിക്കുക. സാധാരണക്കാർക്കു പോലും ഉന്നത വിദ്യഭ്യാസത്തിൻറെ ചിലവ് താങ്ങാൻ പറ്റില്ല. ഒരു പുതിയ കോഴ്സ് തുടങ്ങുമ്പോൾ അതിനാവശ്യമായ സൗകര്യങ്ങൾ ആ സ്ഥാപനത്തിൽ ഉണ്ടെന്നു ഉറപ്പിക്കാനുള്ള സംവിധാനങ്ങൾ പോലും പുതിയ റെഗുലേഷനിൽ ഇല്ല. ഈ റെഗുലേഷൻ അക്കാഡമിക് സ്വയംഭരണം എന്ന കാഴ്ചപ്പാടിനെ തകർക്കുക മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയെ സമ്പൂർണമായി കച്ചവടവത്കരിക്കുമെന്നും സാമൂഹ്യ നീതിയും മെറിറ്റും അട്ടിമറിക്കുമെന്നും കേരള സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗൺസിലടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. റെഗുലേഷന്റെ ചുവടുപിടിച്ച് സർവ്വകലാശാലകൾക്ക് അഫിലിയേഷൻ ഫീസ് പോലും അടയ്ക്കാതെ സ്വന്തം നിലക്ക് പല സ്വയംഭരണ കോളേജുകളും കേരളത്തിലടക്കം പുതിയ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്.

സ്വയംഭരണ കോളേജുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താനുള്ള സംവിധാനമൊരുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്ന റെഗുലേഷൻ, സംസ്ഥാന സർക്കാരിന് ആകെ നൽകിയിട്ടുള്ള അധികാരം സ്വയം ഭരണ കോളേജുകളിലെ ഭരണ സംവിധാങ്ങളിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ ശുപാർശ ചെയ്യാനുള്ള അവകാശം മാത്രമാണ്. മാനേജ്മെന്റുകൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംവിധാനങ്ങൾ എന്ന നിലയിലാണ് സ്വയംഭരണ കോളേജുകളിലെ എല്ലാ അധികാര ചട്ടക്കൂടുകളും രൂപപ്പെടുത്തിയിരിക്കെന്നതെന്ന് ഓർക്കണം.

സർവ്വകലാശാലകൾക്കും പരിമിതമായ അധികാരങ്ങൾ മാത്രമാണ് റെഗുലേഷൻ നൽകുന്നത്. സ്വയംഭരണ പദവിക്കായി കോളേജുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ യുജിസിക്ക് സമർപ്പിക്കുക എന്നതാണ് സർവകലാശാലയുടെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തം. (മാതൃ സർവകലാശാലക്ക് അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം യുജിസിക്കും ഒരു കോപ്പി നേരിട്ട് സമർപ്പിക്കണമെന്ന് കോളേജുകളോട് യുജിസി ആവശ്യപ്പെടുന്നുണ്ട്). ഇനി, ഏതെങ്കിലും കാരണവശാൽ സർവകലാശാല യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലെങ്കിൽ പോലും യുജിസിക്കു തങ്ങളുടെ നടപടികളുമായി മുന്നോട് പോവാൻ റെഗുലേഷൻ അനുവാദം നൽകുന്നു. സംസ്ഥാന സർക്കാരിനെ പോലെ തന്നെ, സർവ്വകലാശാലക്കുള്ള അധികാരം ഗവേർണിംഗ് കൗണ്‍സിലിലേക്കും അക്കാഡമിക് കൗൺസിലിലേക്കും തങ്ങളുടെ പ്രതിനിധികളെ ശുപാർശ ചെയ്യുക എന്നതു മാത്രമാണ്. മാത്രമല്ല, സംസ്ഥാന സർക്കാരും, സർവകലാശാലയും തങ്ങളുടെ പ്രതിനിധികളെ നൽകിയില്ലെങ്കിൽ പോലും, യുജിസിക്ക് അപേക്ഷ സമർപ്പിച്ച കോളേജുകൾ നേരിട്ട് വന്നു പരിശോധിച്ച് സ്വയംഭരണ പദവി നൽകാനുള്ള അധികാരം റെഗുലേഷൻ നൽകുന്നു. ചുരുക്കത്തിൽ, സംസ്ഥാന സർക്കാരിന്റെയോ, സർവകലാശാലകളുടെയോ അനുവാദമില്ലാതെ തന്നെ നിലവിലെ സാഹചര്യത്തിൽ കോളേജുകൾക്ക് സ്വയംഭരണ പദവി നേടിയെടുക്കാം. കൺകറന്റ് ലിസ്റ്റിൽ ഉള്ള ഒരു വിഷയത്തിൽ സംസ്ഥാനങ്ങളുടെ എല്ലാ അവകാശത്തെയും ചോദ്യം ചെയ്യുന്ന ഈ റെഗുലേഷൻ അതുകൊണ്ട് തന്നെ ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവുമാണ്. (ഇപ്പോൾ സ്വയംഭരണ പദവി ലഭിച്ച മൂന്നു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾക്കും കേരളം ടെക്നിക്കൽ സർവകലാശാല എൻഒസി നൽകിയിരുന്നില്ല). സ്വയംഭരണ കോളേജുകൾ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമായി നാക് ഗ്രേഡ് 3.25 നു മുകളിലുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ ഓൺസൈറ്റ് പരിശോധന പോലുമില്ലാതെ സ്വയംഭരണ പദവി നൽകാനുള്ള അധികാരം പോലും യുജിസിക്ക് ഈ റെഗുലേഷൻ നൽകുന്നു.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ നയം അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ എല്ലാ കോളേജുകളും സ്വയംഭരണമാകണം എന്ന കാഴ്ചപ്പാട് മുൻപോട്ടു വെക്കുന്നത്. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ശക്തമായ നിയമ സംവിധാനം ഉറപ്പു വരുത്തണമെന്നും സർവകലാശാലകളുടെ സ്വയംഭരണം ശക്തിപ്പെടുത്തണമെന്നും എൻ ഇ പി ഡ്രാഫ്റ്റിംഗ് സമിതിയോട് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ നിയമങ്ങളെ പോലും അപ്രസക്തമാക്കുന്ന നയമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വെക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതമാവും ഈ നയം സൃഷ്ടിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ഡോ. ഷഫീഖ് വടക്കന്‍

ഡോ. ഷഫീഖ് വടക്കന്‍

കേരള സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗൺസിലിലെ റിസർച്ച് ഓഫീസർ

Next Story

Related Stories