TopTop
Begin typing your search above and press return to search.

ചക്ക വീഴുമ്പോള്‍ തകരുന്നതല്ല കേരള മോഡല്‍ എന്ന് വി മുരളീധരന് അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല

ചക്ക വീഴുമ്പോള്‍ തകരുന്നതല്ല കേരള മോഡല്‍ എന്ന് വി മുരളീധരന് അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല

പിഴവുകളില്ലാത്തതോ തകര്‍പ്പെടാന്‍ സാധിക്കാത്തതോ ഒന്നല്ല കേരള മോഡല്‍ എന്ന വികസന പദ്ധതി. അതൊരു പരീക്ഷണമാണ്. സ്വാഭാവികമായും ജയവും തോല്‍വിയും അതില്‍ അടങ്ങിയിട്ടുമുണ്ട്. സാമ്പത്തിക വികസനം എന്നത് മൊത്തം ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അവരുടെ ജീവിതനിലവാരത്തില്‍ ഉന്നമനം വരുത്തുക എന്ന ലക്ഷ്യത്തില്‍ അധിഷ്ടിതമായിരുന്ന ഒന്നാണ് എന്ന് തെളിയിക്കാനുള്ള ഒരു ശ്രമം എന്ന നിലയില്‍ വേണം കേരള മോഡലിനെ പരിഭാഷപ്പെടുത്താന്‍. നടപ്പാക്കിലിലുള്ള പിഴവുകളും കാലാകാലങ്ങളില്‍ മാറിമാറി ഭരിച്ച ഇടതു-വലത് രാഷ്ട്രീയ കക്ഷികളുടെ മൂല്യവിചാരങ്ങളിലുണ്ടായ ക്ഷയവും നിമിത്തം ധാരാളം പരിമിതികളും പ്രതിസന്ധികളും കേരള മോഡലിന് ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇനിയും ഒരടിപോലും മുന്നോട്ട് ചലിച്ചിട്ടില്ലാത്ത ആദിവാസി, ദളിത് വിഭാഗങ്ങളുടെ തല്‍സ്ഥിതി തന്നെ ഇതിന് പ്രത്യക്ഷ ഉദാഹരണവുമാണ്.ഭൗതീക വികസനത്തിന്റെ കാര്യത്തില്‍ കേരളം പിന്നോക്കമാണ് എന്ന് അലമുറയിടുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ടതായ ചില വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ട്. വികസനം വ്യവസായങ്ങളിലൂടെ എന്ന മുദ്രാവാക്യം എല്ലാക്കാലത്തും ഇടത്, വലത് കക്ഷികള്‍ ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഉന്നയിച്ചിട്ടുള്ളതാണ്. ഇതിന്റെ പ്രത്യക്ഷമായ നടപ്പാക്കല്‍ എന്ന നിലയില്‍ മാവൂരിലെ ഗ്വാളിയര്‍ റയോണ്‍സിനെ കാണാവുന്നതുമാണ്. പക്ഷെ ആ കമ്പനി ചാലിയാറിലും കേരളത്തിന്റെ വനഭൂമികയിലും ഉയര്‍ത്തി ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പ്രത്യക്ഷമായത് നമ്മുടെ ഓര്‍മ്മകളെ വേട്ടയാടുന്നതുമാണ്. സി ശരത്ചന്ദ്രനും പി ബാബുരാജും ചേര്‍ന്ന് നിര്‍മ്മിച്ച 'ബാക്കിപത്രം' എന്ന ഡോക്യുമെന്ററി കേരളത്തിന്റെ ഇത്തരം വികസന മാര്‍ഗ്ഗങ്ങളെ രൂക്ഷമായി ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു. കേരളത്തിന്റെ പരിസ്ഥിതിയെയും ജനസംഖ്യാ വിന്യാസത്തെയും കണക്കിലെടുക്കാതെയുള്ള ഇത്തരം വികസന പദ്ധതികളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതായിരുന്നു ആ ഡോക്യുമെന്ററി. കേരള മാതൃകയില്‍ ഉള്‍ക്കൊള്ളിക്കപ്പെടാതിരുന്ന പിന്നോക്ക, ന്യൂനപക്ഷ വര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെട്ട തിരസ്‌കൃതരായിരുന്നു ഇത്തരം വികസനപ്രവര്‍ത്തനങ്ങളിലൂടെ അകലങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടതും.അതായത്, കേരള മോഡല്‍ എന്ന് പ്രചുരപ്രചാരം നേടിയ ഒരു ബദല്‍ മാര്‍ഗ്ഗത്തിന്റെ ചില ന്യൂനതകളാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്. ഈ ന്യൂനതകള്‍ പക്ഷെ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഈ ലേഖകന് ലഭിക്കുന്നത് അതേ കേരള മാതൃക നല്‍കുന്ന ചില സൗകര്യങ്ങളാണ്. അത് നമ്മെ ഇത്രകാലം ഭരിച്ചിരുന്ന കേരള സംസ്ഥാന രൂപീകരണാനന്തര നയങ്ങളുടെ മാത്രം ഭാഗമല്ല താനും. കേരളം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കാത്ത ഒരു ഭൂപ്രദേശത്ത് നിലനിന്നിരുന്ന ജാതീയ മേല്‍ക്കോയ്മകള്‍ക്ക് നേരെ സ്വജാതികളില്‍ നിന്നും ഉയര്‍ന്നുവന്ന വലിയ സമരങ്ങളുടെ ഭാഗം കൂടിയായിട്ടാണ് ഈ മാതൃക സംഭവിച്ചത്. അത് വെങ്ങന്നൂരില്‍ അയ്യങ്കാളി സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചതായാലും ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയതായാലും തിടപ്പള്ളിയില്‍ വച്ച് പ്രാപിച്ച നായര്‍ പെണ്ണിനെ ആജീവനാന്തം കൂടെ കൂട്ടാന്‍ പറ്റാതിരുന്ന വിടി ഭട്ടത്തിരിപ്പാടിന്റെ കുറ്റബോധത്തിലായാലും തെളിഞ്ഞ് കിടക്കുന്നു. പിന്നോക്ക ജാതികളിലുള്ള സ്ത്രീകളുടെ വളരുന്ന മുലയ്ക്ക് പോലും കരം ഏര്‍പ്പെടുത്തിയിരുന്ന (അക്ഷരാര്‍ത്ഥത്തില്‍ അത് വളരുന്ന മുലയ്ക്കുള്ള കരമായിരുന്നില്ലെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ട അധമമായ മറ്റ് നികുതികള്‍ക്ക് എതിരായിരുന്നു പ്രതിഷേധമെന്നും ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും) വ്യവസ്ഥിതിയെ തോല്‍പ്പിക്കല്‍ കൂടിയായിരുന്നു ആ പ്രബോധനങ്ങള്‍.ചരിത്രത്തിന്റെ ഈ വികാസത്തെ തോല്‍പ്പിക്കേണ്ടത് ചില വ്യക്തികളുടെ പ്രത്യേകിച്ചും എംഎസ് ഗോള്‍വാക്കറുടെ ശിഷ്യന്മാര്‍ക്ക് അനുപേക്ഷണീയമാണ്. കാരണം, നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു എന്ന തലക്കെട്ടിലുള്ള പുസ്തകത്തില്‍ ആ മാന്യദേഹം ഇങ്ങനെ അവകാശപ്പെടുന്നു: "This great Hindu Race professes its illustrious Hindu Religion, the only Religion in the world worthy of being denominated, which in its variety is still an organic whole, capable of feeding the noble aspirations of all men, of all stages, of all grades, aptitudes and capabilities, enriched by the noblest philosophy of life in all its functions, and hallowed by an unbroken, interminable succession of divine spiritual geniuses, a religion of which any sane man may be justly proud."ഇത്തരത്തിലുള്ള ഒരു രാഷ്ട്ര നിര്‍മ്മാണത്തിനെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ചിന്താപദ്ധതികള്‍ ഉയര്‍ന്നുവന്നിരുന്നു. പെരിയോര്‍ തമിഴ്‌നാട്ടില്‍ നടത്തിയ ചിന്താപദ്ധതിയെ ആ നിലയില്‍ വേണം വായിച്ചെടുക്കാന്‍. പക്ഷെ, ഇത്തരം ചിന്താപദ്ധതികള്‍ നിയമമായി പരിണമിച്ചത് കേരളത്തില്‍ മാത്രമാണ്. എങ്ങനെ ഈ മുന്നേറ്റത്തെ തടയാമെന്നായിരുന്നു കേരളത്തില്‍ പോലുമുള്ള പല മുദ്രാവാക്യങ്ങളും. 'പാളേ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും, ചാത്തന്‍ പൂട്ടാന്‍ പോകട്ടെ, ചാക്കോ നാട് ഭരിക്കട്ടെ,' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ തന്നെയാണ് മുഴങ്ങിയതും.

ആ സ്‌കൂളില്‍ പഠിക്കാനാണ് കേന്ദ്ര മന്ത്രി വി മുരളീധരന് താല്‍പര്യം. കുറ്റങ്ങളും കുറവുകളും ഉള്‍ക്കൊള്ളുന്നതാണ് കേരള മോഡല്‍. പക്ഷെ ആ പരീക്ഷണത്തെ ചിത്പവന്‍ ബ്രാഹ്മണര്‍ക്ക് വേണ്ടി തള്ളിക്കളയേണ്ട കാര്യം കേരള ജനതയ്ക്കില്ല. എല്ലായ്പ്പോഴും തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു കേന്ദ്രമന്ത്രിയോട് അനുകമ്പാ പൂര്‍വം!


Next Story

Related Stories