TopTop
Begin typing your search above and press return to search.

സാമ്ബത്തിക മാന്ദ്യ കാലത്തെ ആര്‍ഭാട കൊട്ടിക്കലാശങ്ങള്‍

സാമ്ബത്തിക മാന്ദ്യ കാലത്തെ ആര്‍ഭാട കൊട്ടിക്കലാശങ്ങള്‍

ഏറെ പണം ചെലവിട്ട്, വലിയ ആരവാരങ്ങളോടും പ്രഭയോടും ഒരു ആഘോഷത്തിന്റേയോ ഉത്സവകാലത്തിന്റേയോ പരിസാമപ്തി കുറിക്കുന്നതുപോലെയോ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശങ്ങള്‍ എന്തിനാണ്? അതേക്കുറിച്ച്‌ ഒരു പുനര്‍വിചിന്തനത്തിനുള്ള സമയം അതിക്രമിച്ചില്ലേ? വോട്ടെടുപ്പിലേക്ക് വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, അണികളിലും പ്രവര്‍ത്തകരിലും പരമാവധി ആത്മവിശ്വാസം കുത്തിനിറയ്ക്കുന്നതിനും തുടര്‍ ദിവസങ്ങളില്‍ അവരെ കൂടുതല്‍ കര്‍മ്മ നിരതര്‍ ആക്കുന്നതിനും വേണ്ടിയാവണം ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ സമാപ്തികള്‍ രൂപപ്പെട്ടതും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്നതും.

പക്ഷെ മാറുന്ന വിവര സാങ്കേതിക വിദ്യയുടേയും മറ്റും കാലത്ത് വളരെ പണം ചെലവിട്ട് ഇത്തരം ദൃശ്യമാമാങ്കങ്ങളായും കൊണ്ടാടപ്പെടലുകളായും കൊട്ടിക്കലാശങ്ങള്‍ നിലനിര്‍ത്തപ്പെടേണ്ടതുണ്ടോ? ഇന്നലെ ടെലിവിഷനില്‍ തെളിഞ്ഞ കലാശക്കൊട്ടിന്റെ ദൃശ്യങ്ങള്‍ എത്രമാത്രം പണമാണ് ഓരോ മുന്നണിയും ഈ ഒരു കാര്യത്തിനായി മാത്രം ചെലവിട്ടതെന്ന് കാണിച്ച്‌ തരുന്നു. തെരഞ്ഞെടുപ്പ് ചെലവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വളരെ ധനം ഇതിനായി ചെലവിടുന്നുണ്ടന്ന അനുമാനമാണ് ആ ദൃശ്യങ്ങള്‍ നല്‍കുന്നത്. ഞാന്‍ മനസ്സിലാക്കുന്നത് ശരിയാണെങ്കില്‍ 38 ലക്ഷം രൂപയാണ് കമ്മീഷന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടുന്നതിന് ഓരോ സ്ഥാനാര്‍ഥിയ്ക്കും അനുവദിച്ചിട്ടുള്ളത്. എന്നാല്‍ അതിന്റെ എത്ര മടങ്ങ് അധികം ചെലവിട്ട് കാണും ഓരോരുത്തരും.

കേരളവും ഇന്ത്യയും നിലവില്‍ കടന്നുപോകുന്ന സാമ്ബത്തിക സാഹചര്യം കണക്കിലെടുക്കുക. വളരെ വിഷമകരമായ സാമ്ബത്തിക അവസ്ഥയാണ് നമുക്കുള്ളത്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയം കേരളത്തിന്റെ സമ്ബദ്ഘടനയെ അപ്പാടെ തച്ചു തകര്‍ത്തു. രാജ്യത്തെ സമ്ബദ് മേഖല നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ വേറേയും. ഈ സാഹചര്യത്തില്‍ വലിയ തോതില്‍ ആഘോഷങ്ങള്‍ നടത്താന്‍ പറ്റുന്ന സാമൂഹിക മണ്ഡലത്തിലല്ല നമ്മള്‍ ജീവിക്കുന്നത്. തൊഴില്‍ നഷ്ടങ്ങള്‍, വ്യാപാര സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകാന്‍ ആവാതെ തുടര്‍ക്കഥയാവുന്ന പൂട്ടിപ്പകലുകള്‍, ശമ്ബളവും പെന്‍ഷനും നല്‍കാന്‍ വിഷമിക്കുന്ന, ഏന്തിവലിയുന്ന സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍...ഇങ്ങനെ ഒട്ടേറെ അസുഖകരങ്ങളായ കാര്യങ്ങളുടെ നടുവിലാണ് നമ്മള്‍.

ഇവയൊക്കൊക്കെ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഏറ്റവും നിര്‍ണായക നടപടികള്‍ എടുക്കേണ്ടവരാണ് തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയാധികാരത്തിലേക്ക് എത്തുന്നത്. അതിന് മുന്‍കൈ എടുക്കേണ്ട പാര്‍ട്ടികള്‍ തന്നെ സന്ദര്‍ഭത്തിന്റേയും ഗൗരവം കണക്കിലെടുക്കാതെ ആയാലോ? അത്തരത്തിലൊന്ന് ഉണ്ടായെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഈ പണക്കൊഴുപ്പിന്റെ ഒഴിക്കിന് അവസരം സൃഷ്ടിക്കപ്പെടില്ലായിരുന്നു.ഒരു മുന്നണിയും പാര്‍ട്ടിയും ഇക്കാര്യത്തില്‍ പുറകിലല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ നിരീക്ഷണം ഉണ്ടെങ്കിലും പിടിയില്‍ നിന്നും രക്ഷപ്പെടാനായി പലതരം ഇടവഴികള്‍ പാര്‍ട്ടികള്‍ രൂപപ്പെടുത്തുന്നുണ്ടാകണം.

വലിയ ധനം വ്യയം ചെയ്ത് ഉത്സവച്ഛവിയില്‍ കൊണ്ടാടപ്പെടുന്ന നമ്മുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികളെ കുറിച്ച്‌ രാഷ്ടീയ പാര്‍ട്ടികള്‍ പുനഃപരിശോധന നടത്തണം. ജനങ്ങളുടെ പക്കല്‍ നിന്നും സംഭാവനയായി സ്വീകരിച്ച്‌ ഉണ്ടാക്കുന്ന നിധിയില്‍ നിന്നാണ് ഈ പണം ചെലവിടുന്നതെന്നൊക്കെയാണല്ലോ നാം സാമ്ബ്രദായികമായി പറഞ്ഞുപോരുന്നത്. സാധാരണക്കാരുടെ സാമ്ബത്തികാവസ്ഥയെ കുറിച്ച്‌ തെല്ലെങ്കിലും ബോധ്യമുള്ളവര്‍ അവരെ സംഭാവനയുടെ പേരില്‍ ഇക്കാലത്ത് ബുദ്ധിമുട്ടിക്കാന്‍ ചെല്ലുമോ? അത്രമേല്‍ വിഷമാവസ്ഥയിലാണ് നമ്മുടെ ആളുകള്‍. സാധാരണക്കാരുടെ പേര് പറഞ്ഞ് മറ്റ് പല സ്രോതസ്സുകളില്‍ നിന്നുമുള്ള പണം ചെലവിടുകയാവണം എല്ലാ പാര്‍ട്ടികളും. സാമ്ബത്തിക കൈമാറ്റത്തിന് വലിയ പിടിയൊക്കെ വീണിട്ടുണ്ടെന്ന് പറഞ്ഞാലും വഴികളൊക്കെ പാര്‍ട്ടികള്‍ കണ്ടെത്തിയിട്ടുണ്ടാകും. എല്ലാ പാര്‍ട്ടികളേയും തീറ്റിപോറ്റുന്ന ഒരു പറ്റം ധനാഡ്യര്‍ ഇവിടെയുണ്ടല്ലോ? തെരഞ്ഞെടുപ്പ് ഉത്സവമാണെന്നും അതിന്റെ ഒരു ഘട്ടത്തില്‍ ഇത്തരം ദൃശ്യതയാകാമെന്നും അവസാന സമാരോഹം ഇങ്ങനെയൊക്കെത്തന്നെ വേണമെന്നും വിശ്വസിക്കുന്ന പലരേയും കണ്ടിട്ടുണ്ട്. സത്യത്തില്‍ തെരഞ്ഞെടുപ്പ് ഉത്സവമാണോ? അങ്ങനെ കരുതുക വയ്യ.

മിക്കവാറും എല്ലാ ജനാധിപത്യ സമൂഹങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണവും സമാപനവും ഒക്കെയുണ്ട്. ഗ്രാന്റ് ഫിനാലെ ഒക്കെ ഉണ്ടാകും. അവ ഈ തരത്തിലാണോ നടത്തപ്പെടുക? വളരെ ധനം ചെലവിട്ട്, കാടിളക്കി ഇതുപോലെ നടത്തുന്ന എത്ര നാടുകളുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളകള്‍ ജനങ്ങളുമായുള്ള വലിയ സംവാദത്തിനുള്ള അവസരമായിട്ടാണ് പരിഷ്‌കൃത ജനാധിപത്യ സമൂഹങ്ങളൊക്കെ കണക്കിലെടുക്കുന്നത്. വളരെ ഗൗരവാവഹങ്ങളായ സംവാദങ്ങള്‍ നയ സമീപനങ്ങളില്‍ കേന്ദ്രീകരിച്ചും മറ്റും നടക്കാറുമുണ്ട്. പക്ഷെ ഇവിടെ മാധ്യമങ്ങളും മറ്റും നടത്തുന്ന, അവരുടെ താല്പര്യ സംരക്ഷണം മുന്‍നിര്‍ത്തി നടത്തപ്പെടുന്ന ചര്‍ച്ചകളല്ലാതെ ആഴത്തിലുള്ള സംവാദങ്ങള്‍ നടക്കുന്നില്ല. അത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനും സംവാദം നടത്താനും ജനങ്ങള്‍ ശിക്ഷിതരുമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനു പക്വമായ തരത്തിലുള്ള സംവാദാത്മകമായ ജൈവമണ്ഡലത്തിലാണുള്ളതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതായും തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഒന്നും ശരിയാവില്ലെന്ന നിര്‍വേദാവസ്ഥയിലെത്തിയ ജനങ്ങളും അവരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പാര്‍ട്ടികളോടും നേതാക്കളോടും സംവദിക്കാനൊന്നും കാര്യമായി താല്പര്യപ്പെടുന്നുമില്ല.

ഒരു വശത്തുനിന്നുമാത്രം അടിച്ചേല്‍പ്പിക്കപ്പെടുന്ന, ഏകപക്ഷീയമായ മോണോലോഗുകള്‍ മാത്രമാണ് എല്ലാ മുന്നണികളും നടത്തുന്നത്. ചുമരെഴുത്ത്, പോസ്റ്റര്‍ ഒട്ടിക്കലുകള്‍, പ്രസംഗങ്ങള്‍, തന്ത്രം മെനയലുകള്‍, മനപൂര്‍വമുള്ള ഓളം സൃഷ്ടിക്കലുകള്‍... പാര്‍ട്ടികള്‍ ആന്ധ്യത്തോടെ സജ്ജരാക്കി നിര്‍ത്തിയിരിക്കുന്ന അണികള്‍ ഇതെല്ലാം കണ്ട്/ കേട്ട് വെറുതെ കൈയടിക്കും. എതിരാളികളെ സ്‌പെക്ടാക്കിളുകളിലൂടെ മാനസികമായി കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമം. വലിയ നിറങ്ങളും വലിയ ആരവാരങ്ങളും സൃഷ്ടിക്കുന്നവര്‍ മേല്‍ക്കൈ നേടിയെന്ന ധാരണ സൃഷ്ടിക്കല്‍. രാഷ്ട്രീയമായ തീരുമാനങ്ങളിലേക്ക് എത്താത്തവരേയും ചിന്തിക്കാത്തവരേയും ഓളം സൃഷ്ടിച്ച്‌ ഒപ്പം കൊണ്ടുവരുന്ന തന്ത്രം കൂടിയുണ്ടിതില്‍. കുറേ വോട്ടുകള്‍ എല്ലാകാലത്തും അപ്പുറത്തേക്കും ഇപ്പുറത്തേക്കും തുള്ളിക്കളിക്കുന്നുണ്ടെന്നും അവരെ ഈ തരത്തില്‍ സ്വാധീനതയിലാക്കാമെന്നും രാഷ്ട്രീയക്കാര്‍ കരുതുന്നുണ്ടെന്നു തോന്നുന്നു. ജയപരാജയങ്ങളെ നിശ്ചയിക്കുന്ന മാറി വീഴുന്ന വോട്ടുകളെ സ്വാധീനിക്കാനുള്ള സൈക്കളോജിക്കല്‍ ഗെയിം. അതിലെ ഒരുപാട് ഘടകങ്ങളിലൊന്നാവാം കൊട്ടിക്കലാശം.

ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരാവട്ടെ, ഇതിലൊന്നും കാര്യമായ ശ്രദ്ധയൂന്നാതെ, കുനിഞ്ഞ ശിരസ്സുമായി പിറുപിറുത്തുകൊണ്ട് കടന്നുപോകുന്നുണ്ട്. പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് വോട്ട് ചെയ്യുമ്ബോള്‍ തന്നെ അന്യഥാ എന്ന ചിന്ത അവരില്‍ വലിയ പങ്കിനെ ഭരിക്കുന്നുമുണ്ട്. ഈ സാഹചര്യം മാറാതിരിക്കുന്നത് എന്തായാലും ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ഗുണകരമല്ല. വലിയ നിറപ്പകിട്ടോടെ നടത്തപ്പെടുന്ന ആഘോഷങ്ങളല്ല, ഇരുത്തിചിന്തിപ്പിക്കുന്ന, വിവേകത്തോടെ സമ്മതി ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്ന പ്രചാരണ സമ്ബ്രദായങ്ങളാണ് രൂപപ്പെടുത്തേണ്ടത്. പണക്കൊഴുപ്പിലൂടെ ജനത്തിന്റെ കണ്ണ് മഞ്ഞളിപ്പിക്കുന്ന, കാഴ്ചയെ ഇല്ലാതാക്കുന്ന പ്രചാരണ കോലാഹലങ്ങള്‍ ഒരു തരത്തിലും ഗുണാത്മകമായ രാഷ്ട്രീയേച്ഛയെ സൃഷ്ടിക്കില്ല.

കൊട്ടിക്കലാശ ദൃശ്യങ്ങളിലേക്കും നോക്കുക. പൊരിവെയിലില്‍ കടുത്ത ചൂടിനേയും മഴയേയും അവഗണിച്ച്‌ തടിച്ച്‌ കൂടിയതില്‍ ഏറിയ പങ്കും സാധാരണക്കാരായിരുന്നു. എല്ലാ മുന്നണികളുടേയും അവസ്ഥ അത് തന്നെ. മധ്യവര്‍ഗവും ഉപരി മധ്യവര്‍ഗവും ടെലിവിഷന്‍ പെട്ടികള്‍ക്കു മുന്നിലും തണലുകളിലും നിന്നും കാഴ്ച കാണുക മാത്രമായിരുന്നു. പണ്ട് തമ്ബുരാന്‍ വയല്‍ വരമ്ബിലെ ചാരുകസേരയില്‍ കിടക്കും. നാലും കൂട്ടി മുറുക്കും. ചെറുമന്റേയും ചെറുമപ്പെണ്ണിന്റേയും ഞാറുപണി കണ്ട് സന്തുഷ്ടരാകും. അപ്പോള്‍ ചുറ്റിപ്പിടിക്കുന്ന വേപഥുക്കളെ മറക്കാന്‍ അവരുടെ രക്തവും മാംസവും ഉരുക്കിച്ചേര്‍ത്തവര്‍ പാട്ടുകള്‍ പാടിയിരുന്നു. സ്വന്തം വേദന മറക്കാനായി ചെറുമര്‍ പാടിയിരുന്ന പാട്ട്...''തമ്ബുരാന്‍ തന്നുടെ കിന്നാരം കേട്ടിട്ട് വെള്ളം തേവട, തേവാ....'' അത്തരം പാട്ടുകളുടെ ആന്തരിക തലം സമൂഹത്തില്‍ ഇന്നും ജീവത്താക്കി നിര്‍ത്താന്‍ ശ്രമിക്കുന്നവരുടെ മറ്റൊരു ദൃശ്യം കൂടി ഈ കാഴ്ചകളൊക്കെ നല്‍കുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories