TopTop
Begin typing your search above and press return to search.

വിജിലന്‍സ് വലയില്‍ ഏഴോളം മുന്‍ യു ഡി എഫ് മന്ത്രിമാര്‍, 'ബജറ്റ് കള്ളന്‍' എന്നു വിളിക്കപ്പെട്ട മാണിക്ക് സ്മാരകം, ഇതും സോളാര്‍ പോലെ മറ്റൊരു തിരഞ്ഞെടുപ്പ് പൊറാട്ടോ?

വിജിലന്‍സ് വലയില്‍ ഏഴോളം മുന്‍ യു ഡി എഫ് മന്ത്രിമാര്‍, ബജറ്റ് കള്ളന്‍ എന്നു വിളിക്കപ്പെട്ട മാണിക്ക് സ്മാരകം, ഇതും സോളാര്‍ പോലെ മറ്റൊരു തിരഞ്ഞെടുപ്പ് പൊറാട്ടോ?

2018 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചോദ്യത്തിന് മറുപടിയായി മുൻ ഉമ്മൻ ചാണ്ടി സർക്കാറിൽ മന്ത്രിമാരായിരുന്ന ഒൻപതു പേർക്കെതിരെ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ വിഭാഗം കേസെടുത്തിട്ടുണ്ടെന്നും അവർക്കെതിരെ അന്വേഷണം നടന്നു വരികയാണെന്നും കേരള നിയമസഭയെ അറിയിക്കുകയുണ്ടായി. മുൻ മന്ത്രിമാരായ കെ എം മാണി, സി എൻ ബാലകൃഷ്ണൻ, കെ ബാബു, അബ്ദു റബ്‌, എം കെ മുനീർ, വി എസ് ശിവകുമാർ, കെ പി മോഹനൻ (ഇപ്പോള്‍ എല്‍ ഡി എഫില്‍), അടൂർ പ്രകാശ്, പി കെ കുഞ്ഞാലികുട്ടി എന്നിവർക്കെതിരെയാണ് കേസെന്നും അന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കുകയുണ്ടായി. മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണനെതിരെ സഹകരണ മേഖലയിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടു മൂന്ന് കേസുകളും മുൻ ധന മന്ത്രി കെ എം മാണിക്കെതിരെ ബാർ കോഴ ഉൾപ്പെടെ രണ്ടു കേസും ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടു മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കേസ് മുഖ്യമന്ത്രിയുടെ അന്നത്തെ വെളിപ്പെടുത്തലിനു ശേഷമാണ് ഉത്ഭവിച്ചത്.

കെ എം മാണിയും സി എൻ ബാലകൃഷ്ണനും ഇതിനകം മരണപ്പെട്ടു എന്നതിനാൽ കേസിന്റെ പൊല്ലാപ്പുകൾ ഇനി അവരെ ബാധിക്കില്ല. ശേഷിക്കുന്ന മുൻ മന്ത്രിമാരിൽ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടു എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഒരുവട്ടം ചോദ്യം ചെയ്തു കഴിഞ്ഞു. ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണം തകൃതിയായി നടക്കുന്നു. ഒരു പക്ഷെ ഇബ്രാഹിം കുഞ്ഞിനെ അധികം വൈകാതെ തന്നെ അറസ്റ്റ് ചെയ്‌തേക്കും എന്നും കേൾക്കുന്നുണ്ട്. അതിനിടയിലാണ് മറ്റൊരു മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെയുള്ള അന്വേഷണം തുടരാൻ ഗവർണർ അനുമതി നൽകിയിരിക്കുന്നത്. അനധികൃത സ്വത്തു സമ്പാദനം തന്നെയായാണ് ശിവകുമാറിനെതിരെയും ഉള്ള കേസ്. എം പി, എം എൽ എ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്തു ശിവകുമാർ സ്വന്തം പേരിലും ബിനാമി ആയും സ്വത്തു സമ്പാദിച്ചു എന്ന പരാതിയിന്മേലാണ് അന്വേഷണം. ഇനിയിപ്പോൾ അറിയേണ്ടത് ശേഷിക്കുന്ന മുൻ മന്ത്രിമാരിൽ അടുത്ത ഊഴം ആരുടേത് എന്നത് മാത്രമാണ്. കാരണം അവരും ഇപ്പോൾ ക്യുവിലാണല്ലോ !

തനിക്കെതിരെ എൻഫോഴ്‌സ്‌മെന്റിനു തെളിവൊന്നും കിട്ടിയിട്ടില്ലെന്നും കേസ് ചാർജ് ചെയ്ത മുൻ വിജിലൻസ് മേധാവി ഒരു തിരു മണ്ടൻ എന്നൊക്കെ ആയിരുന്നു മുൻ എക്‌സ്‌സൈസ് മന്ത്രി ബാബുവിന്റെ തള്ളെങ്കിൽ തനിക്കെതിരേയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതം ആണെന്നാണ് മുൻ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്റെ പ്രതികരണം. തുടക്കത്തിൽ ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഇബ്രാഹിം കുഞ്ഞും പ്രതികരിച്ചിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ കുറ്റവും മുൻ പൊതുമരാമത്തു വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനുമേലാണ് കെട്ടിവെക്കുന്നത്. ബാബുവിനും ഇബ്രാഹിം കുഞ്ഞിനും പിന്നാലെ ശിവകുമാർ കൂടി വിജിലൻസ് അന്വേഷണം നേരിടുമ്പോൾ ഒരു കാര്യം വ്യക്തമാണ്. പിണറായി സർക്കാർ അടുത്തു നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും തൊട്ടു പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ തന്നെ കുട്ടനാട് ഉപ തിരഞ്ഞെടുപ്പും നടക്കാനുണ്ട് എന്നാൽ ലിസ്റ്റിൽ ശേഷിക്കുന്നവർക്കു ഉടനെ പിടി വീഴുമോ അതോ നിയസഭ തിരെഞ്ഞെടുപ്പ് കാലത്തായിരിക്കുമോ അതെന്നു മാത്രമേ ഇനി അറിയേണ്ടതായുള്ളു. നിലവിൽ വിജിലൻസ് കേസുകൾ നേരിടുന്ന മുൻ യു ഡി എഫ് മന്ത്രിമാരെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ആരോപണ വിധേയരായ ടൈറ്റാനിയം അഴിമതി കേസ് കൂടിയുണ്ട്. ഈ കേസ് ഇപ്പോൾ സി ബി ഐ യുടെ പരിഗണനയിലാണ്. കേസ് അന്വേഷിക്കണമോ വേണ്ടയോ എന്നതായാണ് സി ബി ഐ ഇപ്പോൾ പരിശോധിക്കുന്നത്. അന്വേഷിക്കാൻ തീരുമാനിച്ചാൽ വരാനിരിക്കുന്ന തിരെഞ്ഞെടുപ്പ് കാലം യു ഡി എഫിനെ സംബന്ധിച്ചിടത്തോളം കടുത്ത രാഷ്ട്രീയ വെല്ലുവിളി നിറഞ്ഞതാകും എന്ന കാര്യത്തിൽ തർക്കം വേണ്ട. ഇതൊക്കെ പറയുമ്പോഴും കഴിഞ്ഞ തദ്ദേശ, നിയമ സഭ തിരെഞ്ഞെടുപ്പ് കാലത്തു ഇടതു മുന്നണി ഉയർത്തിക്കൊണ്ടുവന്ന സോളാർ, ബാർ കോഴ കേസുകൾ ഇനിയും എവിടെയും എത്തിയില്ലെന്നു മാത്രമല്ല ബാർ കോഴ കേസിൽ ഏറ്റവുമൊടുവിൽ കെ എം മാണിക്ക് അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയ സംഭവവും അതിനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതും കാണാതെ പോകാനാവില്ല. ബാർകോഴയുടെ പേരിൽ എൽ ഡി എഫ് വേട്ടയാടിയ കെ എം മാണിക്ക് സ്മാരകം നിർമിക്കുന്നതിനുവേണ്ടി ഈ സർക്കാർ ഇത്തവണത്തെ ബഡ്ജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയതും ഏറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രം നടക്കുന്ന ഒരു പൊറാട്ടു നാടകം മാത്രമായി വിജിലൻസ് കേസുകൾ മാറിയാൽ പൊതുജനത്തിന് അവയിലുള്ള വിശ്വാസം നഷ്ട്ടമാകും എന്നത് കൂടി ഓർത്താൽ നന്നായിരിക്കും. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories