TopTop
Begin typing your search above and press return to search.

സൗകര്യങ്ങള്‍ ഉണ്ടായിട്ടും സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ മണല്‍ ചുഴിയില്‍

സൗകര്യങ്ങള്‍ ഉണ്ടായിട്ടും സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ മണല്‍ ചുഴിയില്‍

ഇന്ത്യൻ ഫുട്ബോൾ ഒരു മണൽച്ചുഴിയിൽ അകപ്പെട്ടത് പോലെയാണ്. പുറത്തു വരാൻ ശ്രമിക്കുന്തോറും അത് കൂടുതൽ ആഴ്ന്നു പോയ്കൊണ്ടിരിക്കുന്നു. ഐ ലീഗിന് മുകളിൽ ഇന്ത്യൻ സൂപ്പർലീഗിനെ പ്രതിഷ്ഠിച്ചു കൊണ്ട് ഈ അവസ്ഥയ്ക്കു മാറ്റം വരുത്താൻ ലക്‌ഷ്യം വെച്ചുള്ള ഇടപെടലുകളാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഈ കാലത്തായി നടത്തി വരുന്നത്. ഈ രണ്ടു ലീഗുകളും മേൽക്കോയ്മയ്ക് വേണ്ടിയുള്ള മത്സരത്തിൽ ആണെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് ആയിരിക്കും ഇന്ത്യയുടെ പ്രീമിയർ ലീഗ് എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ എ എഫ് സി. കളിയുടെ നിലവാരം കൊണ്ട് സ്ഥാപിച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും ഒരു ലീഗ് മറ്റൊന്നിനെക്കാൾ മുകളിലാണെന്നാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ.റിലയൻസ് സാമ്പത്തികമായി പിന്താങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയായിരിക്കും സമ്പന്നതയുടെ കാര്യത്തിൽ മുന്നിൽ എന്നതിന് സംശയമില്ല. അവിടെയാണ് അതിന്റെ പ്രശ്നവും കിടക്കുന്നത്. ഐ എസ് എ ല്ലി ന്റെയോ ഐ എല്ലിന്റെയോ ആവിർഭാവമുണ്ടായി എന്നതല്ലാതെ നിലവാരത്തിന്റെ കാര്യത്തിൽ കാര്യമായ മാറ്റമൊന്നും ഇന്ത്യൻ ഫുട്ബോളിൽ ഉണ്ടായിട്ടില്ല. കൂടുതൽ വിദേശികൾ ലീഗ് ടീമുകളിൽ കളിക്കുന്നുണ്ട് എന്നതല്ലാതെ ഇന്ത്യൻ കളിക്കാർക്ക് ഇത് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തിട്ടില്ല. നഷ്ടപ്പെടുത്തുന്ന പാസ്സുകളും പക്വമല്ലാത്ത ടാക്ലിംങുകളും നിസ്സാരമായ തെറ്റുകളും സ്കോർ ചെയ്യാൻ സാധിക്കാത്ത അവസ്ഥകളും പരിതാപകരമായ ഫിനിഷിങ്ങും 20-30 വര്‍ഷങ്ങള്‍ക്കു മുൻപെന്നതു പോലെ തന്നെ ഇന്ത്യൻ ഫുട്ബോളിൽ തുടരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചിരിക്കുന്നു, വളരെ കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കുന്നു, പഴയതിലും ഒരുപാടു മടങ്ങ് സാമ്പത്തിക സഹായം ലഭിക്കുന്നു എന്നീ വസ്തുതകളിൽ തർക്കമില്ല. ഇത്രയധികം പ്രത്യാശാവഹമായ മാറ്റങ്ങൾ ഉണ്ടായിട്ടു കൂടി നമ്മൾ വളർത്തിയെടുക്കേണ്ടിയിരുന്ന തരത്തിൽ ഉള്ള കളിക്കാരെ മാറ്റിയെടുക്കാൻ നമുക്കിനിയും സാധിച്ചിട്ടില്ല. ഇതൊരു കുഴയ്ക്കുന്ന സമസ്യയാണ്. ഫുട്ബോളിനെ കുറിച്ച് പറയാറുള്ള ഒരു സിദ്ധാന്തമുണ്ട്. അതായതു ഒരു രാജ്യം ഒരു ഫുട്ബോൾ ശക്തിയായി വളർന്നുവരാൻ കുറഞ്ഞത് 40-50 വര്‍ഷം എടുക്കുമെന്നതാണത്. ഉന്നത നിലവാരമുള്ള ധാരാളം ഫുട്ബോൾ കളിക്കാർ ഉണ്ടായി വരാൻ വേണ്ടി അതിനു തക്കതായ സാഹചര്യത്തിലേക്ക് ഒരു രാജ്യത്തെ എത്തിക്കാൻ പോന്ന ശക്തമായ ഒരു ഫുട്ബോൾ സംസ്കാരം ആ രാജ്യത്തിൽ ഉണ്ടാവേണ്ടതുണ്ട്. ഇന്ത്യയിൽ ഈ സംസ്കാരം ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല, ഹോക്കിയിൽ അല്ലാതെ രാജ്യാന്തര തലത്തിൽ അത്രയ്ക്കൊന്നും സ്പോർട്സ് പാരമ്പര്യം അവകാശപ്പെടാനില്ല താനും. ഇത് തിടുക്കത്തിൽ നികത്താൻ കഴിയുന്ന ഒരു കുറവല്ല. ഒരു ഫുട്ബോൾ സംസ്കാരം വളർത്തിയെടുക്കാൻ സമയമെടുക്കും. ഉദാഹരണം ജപ്പാനാണ്. ജപ്പാൻ ഇന്ന് യൂറോപ്യൻ ടീമുകൾക്ക് പോലും പേടിസ്വപ്നമാകുന്ന തരത്തിൽ ഫുട്ബോളിലെ ഒരു ശക്തിയാണ്. കഴിഞ്ഞ ലോക കപ്പിൽ ബെൽജിയം അവരുടെ കരുത്ത് അറിഞ്ഞതുമാണ്. ജപ്പാൻ ടീമിന് ആവശ്യത്തിൽ അധികം സാമ്പത്തിക മൂലധനം ലഭിക്കുന്നുണ്ട്. എന്നിരുന്നാൽ പോലും കളിജീവിതത്തിൻ്റെ അവസാനഘട്ടങ്ങളിൽ നിൽക്കുന്ന യൂറോപ്യൻ കളിക്കാർക്ക് ഭീമാകാരമായ തുക വാഗ്ദാനം ചെയ്യുന്ന ചൈനീസ് ലീഗിനോളം വരില്ല അത്. യൂറോപ്യൻ കളിക്കാരെ സ്വന്തം ടീമുകളിൽ അത്യാവശ്യത്തിനു ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നല്ല കളിക്കാരെ സൃഷ്ടിച്ചെടുക്കാൻ കെല്പുള്ള ഒരു ഫുട്ബോൾ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ ജപ്പാന് വിജയകരമായി തന്നെ സാധിച്ചിട്ടുണ്ട്. ചൈനീസ് ലീഗിലെ വിദേശ കളിക്കാരിൽ നിന്ന് വ്യത്യസ്തമായി ജപ്പാൻ ടീമിലെ വിദേശ കളിക്കാർക്കു ജപ്പാനിലെ പ്രാദേശിക ഫുട്ബോൾ സംസ്കാരവുമായി ഇഴുകി ചേരാൻ സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളുടെ അനുഭവങ്ങൾ പഠിച്ചു കൊണ്ട് ഇന്ത്യ സ്വീകരിക്കേണ്ട വഴികളെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഇതിനു ഐ എല്ലും ഐ എസ് എല്ലും ഒരു തുടക്കം എന്ന നിലയിൽ ചില കർത്തവ്യങ്ങൾ നിർവഹിക്കുന്നുണ്ടെങ്കിൽ കൂടിയും ഇന്ത്യയ്ക്കു ഒരു പ്രത്യാശാവഹമായ ഫുട്ബോൾ ഭാവി ഇത് ഉറപ്പു തരുന്നില്ല. എന്തുകൊണ്ടാണ് മികച്ച രീതിയിൽ പ്രതിഭകളെ പരിപാലിക്കാനും മുന്നോട്ട് കൊണ്ടുവരാനും സാധിക്കാത്തതു എന്നതിനെ കുറിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചിന്തിക്കേണ്ടതുണ്ട്. ഇന്ത്യൻ ക്യാപ്റ്റനായ സുനിൽ ഛേത്രിയെ തന്നെ ഉദാഹരണമായി എടുക്കാം. വളരെ പരിശ്രമിച്ചിട്ടും അയാൾക്കു പകരം വെക്കാൻ മറ്റൊരാളെ കണ്ടെത്താൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കരിയറിന്റെ ഏറ്റവും അവസാന ഘട്ടത്തിൽ ആണെങ്കിൽ കൂടിയും ഇന്ത്യൻ ടീമിലെ ഏറ്റവും അർഹനും മികച്ചവനുമായ കളിക്കാരനായി അദ്ദേഹം തന്നെ തുടരുന്നു. ഫോർവേഡ് ലൈനിൽ അദ്ദേഹത്തെ വെല്ലാൻ കെല്പുള്ള മറ്റൊരു കളിക്കാരനും ഇന്നും നമുക്കില്ല. ഛേത്രി കളിക്കാത്ത ദിവസങ്ങളിൽ സ്കോർ ചെയ്യാൻ നമ്മൾ പാടു പെടുന്നു പോലുമുണ്ട്. ഒരു തുടർ സ്‌ട്രൈക്കർ അല്ലായിരുന്നിട്ടു കൂടി സ്കോർ ബോർഡ് നിലച്ച പോലെ മാച്ചുകൾ മരവിച്ചു നിൽക്കും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ. മിഡ് ഫീൽഡിൽ നിന്നു ഉള്ളിലേക്ക് വരുന്ന ഓഫ് ബോളുകൾ ഫീഡ് ചെയ്തു കൊണ്ട് സെൻട്രൽ സ്‌ട്രൈക്കർക്കു പിന്നിലായി നിലയുറപ്പിച്ചു കളിക്കാനിഷ്ടപ്പെടുന്ന കളിക്കാരൻ ആണ് അദ്ദേഹം. അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് നല്ല പ്രതിഭകളെ വാർത്തെടുക്കാൻ ഉള്ള നമ്മുടെ സംവിധാനങ്ങളുടെ കഴിവുകേടിനെ ചൂണ്ടിക്കാണിക്കുന്ന ഒരു സാക്ഷ്യപത്രം കൂടിയാണ്. അതെ, നമുക്കു റൈറ്റ് ഫ്ലാങ്കിൽ ഫാസ്റ്റ് റെയ്ഡർ ആയ ഉദന്ത സിങ്ങുണ്ട്. മിഡ്‌ഫീൽഡിൽ താരമായി വരുന്ന സാഹിത് അബ്ദുൽ സമദും ഗോൾ കീപ്പിങ്ങിൽ പ്രാഗൽഭ്യം ഉള്ള ഗുർപ്രീതും നമുക്കുണ്ട്. പക്ഷെ അത്രയും മാത്രമേ നമുക്ക് അവകാശപ്പെടാൻ ഉള്ളു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടുത്ത കാലത്തായി ഒട്ടേറെ കളിക്കാരെ സംഭാവന ചെയ്തിട്ടുണ്ട്. വേഗവും ചുറുചുറുക്കുമുള്ള കളിക്കാരുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തന്നെയാണ് ഫുട്ബോൾ ഏറ്റവും ആരോഗ്യപരവും പ്രത്യാശാവഹവുമായ തരത്തിൽ ഇന്നുള്ളത്. മണിപ്പൂർ, മിസോറം, നാഗാലാ‌ൻഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ മലമ്പ്രദേശങ്ങളിൽ നിന്നാണ് ഇന്ത്യൻ ടീമിലെ മൂന്നിലൊന്നു കളിക്കാരെങ്കിലും വരുന്നത്. പരമ്പരാഗതമായി ഫുട്ബോളിൽ ശക്തരായിരുന്ന ഗോവ , ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങൾ കളിയിൽ പുറകോട്ടു പോകുന്ന അവസ്ഥയിലാണ്. ഇത് അത്ഭുതകരമാണ്. ഇപ്പറഞ്ഞ സംസ്ഥാനങ്ങളിൽ ക്രിക്കറ്റിനോടുള്ള ആഭിമുഖ്യം കൂടിയിട്ടുണ്ട്. പക്ഷെ ഫുട്ബോളിന്റെ പിന്നോട്ട് പോക്കിൽ ഇതൊരു കാരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. ഡെംപോ, സാൽഗോക്കർ, സെസ ഗോവ എന്നീ ക്ലബുകളുടെ വീഴ്ചയോടെ ഗോവ അതിവേഗത്തിൽ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ജെ സി ടി മിൽസിന്റെ വീഴ്ച പഞ്ചാബിനെയും പിന്നിലാക്കി. ബംഗാളിലെ അതികായരായിരുന്ന മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകളുടെ വീഴ്ചയോടെ ഇവർ രണ്ടാം നിരയിലേക്ക് താഴ്ത്തപ്പെട്ടു. കൊൽക്കത്ത ആസ്ഥാനമായുള്ള രണ്ടു പ്രധാനപ്പെട്ട ക്ലബുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ ഉടൻ ചേരുമെന്നും സൂചനകളുണ്ട്. ഈ ക്ലബുകളുടെ നിലനിൽപ്പിനു ഇത് അനിവാര്യമാണ്. ഗോകുലം എഫ് സി പോലുള്ള ചെറിയ ടീമുകൾ അതികായരായ ഐ ലീഗിൽ ഈ ടീമുകൾ ഇപ്പോൾ കളിക്കുന്നുണ്ട്. ചെറിയ പ്രതിഭകൾക്ക് ചിറകുകൾ നൽകാൻ അണ്ടർ 8, അണ്ടർ 10 , അണ്ടർ 12 ടൂർണമെന്റുകളെ പ്രോത്സാഹിപ്പിക്കാൻ എ ഐ എഫ് എഫ് നല്ല പരിശ്രമങ്ങൾ കാഴ്ച വെക്കുന്നുണ്ടെങ്കിൽ കൂടിയും ഇതെല്ലാം നഗരങ്ങളിലേക്കായി പരിമിതമാണ്. നഗരകേന്ദ്രങ്ങൾക്കു പുറത്തേക്കു ഈ പരിശ്രമങ്ങളുടെ ഫലങ്ങൾ എത്തി ചേരുന്നില്ല. യഥാർത്ഥ പരിശ്രമം ഇത്തരം പ്രോത്സാഹനങ്ങൾ/ സംരംഭങ്ങൾ ഗ്രാമങ്ങളിലേക്ക് കൂടി എത്തിക്കുക എന്നതാണ്. എങ്കിൽ മാത്രമേ നമുക്ക് വൈവിധ്യമുള്ള പ്രതിഭകളെ കണ്ടെത്താൻ സാധിക്കൂ. ഇതിനു കൃത്യമായ പ്ലാനിങ്ങും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. നഗരങ്ങളിൽ ഒട്ടനവധി സ്പോർട്സ് അക്കാദമികൾ ഉണ്ടായി വരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് ഒരുപാടു കുട്ടികളെ ആകർഷിക്കാൻ സാധിക്കുന്നുമുണ്ട്. ഇതിൽ ചില അക്കാദമികൾ 2-3 ലക്ഷം വരെ കുട്ടികളിൽ നിന്ന് ഈടാക്കുമ്പോൾ മറ്റ് ചില സ്ഥാപനങ്ങൾ അറുപതിനായിരവും എഴുപതിനായിരവും ഫീസായി വാങ്ങുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഇത് തീർച്ചയായും താങ്ങാനാവുന്ന തുകയല്ല. അതുകൊണ്ട് തന്നെ തങ്ങളുടെ കൂടെ കൂടുതൽ സമയം ഉണ്ടാകുമെന്നു അക്കാദമികൾ വിലയിരുത്തുന്ന ചില പ്രതിഭകൾക്ക് അവർ സ്കോളര്‍ഷിപ്പുകൾ നൽകുന്നുണ്ട്. ഈ അക്കാദമികളെ കൂടുതൽ പഠിക്കുകയും മനസിലാക്കുകയും ചെയ്തുകൊണ്ട് എവിടെയാണ് പിന്നോക്ക സാഹചര്യത്തിലെ കുട്ടികൾക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുക എന്ന് വിലയിരുത്തേണ്ടത് എ ഐ എഫ് എഫിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ ഏറ്റവും വലിയ പ്രശ്നം കോച്ചിങ് മേഖലയിലാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള ഇന്ത്യൻ കോച്ചുകളുടെ നിലവാരം അടിയന്തിരമായി ഉയർത്തേണ്ടതുണ്ടെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഫുട്ബോളിന്റെ ആധുനിക യാഥാർഥ്യങ്ങളെ കുറിച്ച് അവർക്കു ധാരണയുള്ളതായി തോന്നുന്നില്ല. ഇത് അടിയന്തിരമായി അഭിമുഖീകരിക്കേണ്ട വിഷയമാണ്. ലോകോത്തര നിലവാരമുള്ള കോച്ചിങ് ക്ലാസുകളെ അടിസ്ഥാനമാക്കി എ ഐ എഫ് എഫ് ഒരു കോച്ചിങ് മാതൃക നിർമ്മിക്കുകയും അതു കുട്ടികളുടെ പരിശീലനത്തിനായി ഇത്തരം അക്കാദമികൾക്കു ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. സാധ്യമെങ്കിൽ ദേശീയ കോച്ചുകൾക്ക് ല മാസിയയിൽ നിന്നോ ബാർസിലോണ , നെതർലണ്ടിലെ അജാക്സ് എഫ് സി, എന്നീ ക്ലബുകളിൽ നിന്നോ പരിശീലനം നൽകേണ്ടതുണ്ട്. ഉയർന്നു വരുന്ന കളിക്കാർക്ക് ശെരിയായ പരിശീലനം നല്കാൻ കഴിവുള്ള തരത്തിൽ വ്യക്തിപരമായ കഴിവുകളും, ടീം എത്തിക്സ്, ഫിറ്റ്നസ്, സാങ്കേതിക മികവുകൾ എന്നീ തലങ്ങളിൽ കോച്ചിങ് പ്രോഗ്രാമുകൾ രൂപീകരിക്കപ്പെടണം. ദീർഘകാല പദ്ധതികൾക്കൊപ്പം തന്നെ ഹൃസ്വകാല ലക്ഷ്യങ്ങളും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. സാക്ഷാത്ക്കരിക്കാൻ കഴിയുന്ന തരത്തിലുള്ള ചെറിയ ലക്ഷ്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്നതു പ്രയോജനം ചെയ്യും. ഉദാഹരണത്തിന് ഏഷ്യയിലെ ആദ്യ അഞ്ചില്‍ വരുക എന്നത് ഒരു ലക്ഷ്യമായി കരുതാം. ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി അറേബ്യ എന്നിവർ ആണ് ഈ പ്രവിശ്യയിലെ കരുത്തർ. ഇവരുടെ പ്രതിയോഗികൾ ഖത്തർ, ഇറാക്ക്, സിറിയ, ഉത്തര കൊറിയ, ചൈന എന്നീ രാജ്യങ്ങളാണ്. ദക്ഷിണ ഏഷ്യയിൽ എങ്കിലും കരുത്തരായ ഫുട്ബോൾ രാജ്യമാകാൻ ലക്‌ഷ്യം വെച്ച് കൊണ്ടുള്ള പ്രയത്നങ്ങൾ നമുക്ക് എവിടെയെങ്കിലും തുടങ്ങേണ്ടതുണ്ട് (ബംഗ്ളാദേശ് ശക്തമായ ഒരു വെല്ലുവിളി അടുത്ത കാലത്തു ഉയർത്തിയെങ്കിലും ). അതിനു ശേഷം ദക്ഷിണ കിഴക്കൻ ഏഷ്യയിലെയും കിഴക്കൻ ഏഷ്യയിലെയും കരുത്തരായ വളരാൻ ലക്‌ഷ്യം വെക്കേണ്ടതുണ്ട്. അതുവരെ നമുക്ക് മണൽ ചുഴികളെ അതിജീവിക്കാൻ ശ്രമിക്കാം

Next Story

Related Stories