TopTop
Begin typing your search above and press return to search.

ഫെമിനിസം വിജിലന്റിസമല്ല, ഭാഗ്യലക്ഷ്മിയും കേരളത്തിലെ ഫെമിനിസ്റ്റുകളും റോസ പാര്‍ക്സിൽ നിന്ന് പഠിക്കേണ്ടത്

ഫെമിനിസം വിജിലന്റിസമല്ല, ഭാഗ്യലക്ഷ്മിയും കേരളത്തിലെ ഫെമിനിസ്റ്റുകളും റോസ പാര്‍ക്സിൽ നിന്ന് പഠിക്കേണ്ടത്

അസഭ്യം പറയുന്ന, ആക്രമണം നടത്തുന്ന രക്ഷാ സംഘങ്ങളെ (Vigilantes) സംസ്ഥാനത്തെ റോസാ പാര്‍സ്‌ക്കായി ചിത്രീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മാക് -ഡോര്‍ക്കിന്‍ സ്വഭാവമുള്ള ചില തീവ്ര ലിബറല്‍ ഫെമിനിസ്റ്റുകള്‍. (അമേരിക്കന്‍ തീവ്ര ഫെമിനിസ്റ്റുകളാണ് കാതറിന്‍ മെക് കിന്നോനും ആന്‍ഡ്രിയ ഡോര്‍കിനും).

കഴിഞ്ഞ ദിവസം, അവാര്‍ഡ് ജേതാവായ ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കുറച്ച് സ്ത്രീകള്‍, കേരളത്തിലെ വിഖ്യാതരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് വൃത്തികേടുകള്‍ പറഞ്ഞ യൂട്യൂബര്‍ വിജയ് പി നായറുടെ ലോഡ്ജില്‍ അതിക്രമിച്ചുകടക്കുകയും അദ്ദേഹത്തെ കൈകാര്യം ചെയ്യുകയും ചെയ്തു.

ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റെന്ന് സ്വയം അവകാശപ്പെടുന്ന നായര്‍, പാണ്ഡിത്യത്തോടെയെന്ന ഭാവത്തില്‍ സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ച് മന:ശാസ്ത്രപരമായി അവലോകനം ചെയ്യുന്ന 'ജനപ്രിയ' പരിപാടി യൂട്യൂബില്‍ നടത്തുന്നുണ്ടായിരുന്നു.

അക്രമത്തിന്റെ അടിയന്തര കാരണം, കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഷഡ്ഢി ധരിക്കുന്നില്ലെന്നും അത് അവരുടെ ലൈംഗിക അരജാകത്വം കൊണ്ടാണെന്നുമുള്ള നായരുടെ പ്രസ്താവനയാണ്.

നായര്‍ക്കെതിരെ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്തതാണ് തങ്ങളുടെ നടപടിക്ക് കാരണമെന്നാണ് അയാളുടെ മുറിയില്‍ അതിക്രമിച്ച് കയറി ക്യാമറയ്ക്ക് മുന്നില്‍ വെച്ച് അയാളെ ആക്രമിച്ച സ്ത്രീകള്‍ പറയുന്നത്. പോലീസ് നടപടിയെടുക്കാത്തതിനാല്‍ ആക്രമണം നടത്തുക മാതമായിരുന്നു പോംവഴി. ഇത് പക്ഷെ പേടിപ്പെടുത്തുന്ന അവസ്ഥയാണ്. കേരളത്തിന്റെ നിയമ, ക്രമസമാധാന സംവിധാനത്തിന്റെ കാര്യത്തില്‍ പരസ്യമായി തന്നെ അഭിമാനിക്കുന്നവരും നിയമക്രമമില്ലാത്ത കിരാതാന്മാരെന്ന് വടക്കെ ഇന്ത്യയിലുള്ളവരെ ആക്ഷേപിക്കുന്നവരാണ് ഫെമിനിസ്റ്റുകളും അല്ലാത്തവരുമൊക്കെയായ മലയാളികള്‍.

എത്ര വൈകിയാലും നായര്‍ക്കെതിരെ നടപടി വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ആക്രമണത്തിനുള്ള ന്യായീകരണമാകുന്നില്ല. ആക്രമണം നിയമവിരുദ്ധമാണ്, അത് സ്ത്രീകള്‍ ചെയ്താലും പുരുഷന്മാര്‍ ചെയ്താലും അത് അങ്ങനെ തന്നെ. കേരളം പോലുളള സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും അഭിമാനം കൊള്ളുന്ന ഒരു സമുഹത്തില്‍ പ്രത്യേകിച്ചും. അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു കാര്യം കേരളത്തിലെ ഒരു വിഭാഗം ഫെമിനിസ്റ്റുകള്‍ ഇവരെ റോസാ പാർക്ക്സായി ചിത്രീകരിക്കുന്നുവെന്നതാണ്. ഇത്തരമൊരു ചിന്താഗതിക്ക് ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ട്. ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് ആക്രമണം നടത്തുന്നവരെ, 'നിശബ്ദതയുടെ ശക്തി' എന്ന തന്റെ ആശയം കൊണ്ട് അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിയ റോസാ പാര്‍ക്ക്സുമായി താരതമ്യം ചെയ്യുന്നതില്‍ പകരം അപമാനകരമായി അവര്‍ക്ക് മറ്റൊന്നുമില്ല. അമേരിക്കയിലെ പൗരാവാകാശ പ്രസ്ഥാനത്തെക്കുറിച്ച് എത്രമാത്രം അജ്ഞരാണ് തങ്ങളെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ചെയ്യുന്നത്.

അവരുടെ ധീരതയെ പകര്‍ത്താന്‍ മാധ്യമ ക്യാമറകള്‍ ഇല്ലാത്ത 1955-ല്‍ ഏതാനും വാക്കുകളിലൂടെ അമേരിക്കന്‍ പൗരാവാകാശ പ്രസ്ഥാനത്തിന് തിരികൊളുത്തിയ വനിതയാണ് പാര്‍ക്സ്.

എന്തായിരുന്നു പാര്‍ക്ക്‌സിന്റെ ധീരത? ഡ്രൈവര്‍ നിര്‍ദ്ദേശിച്ചിട്ടും അവര്‍ക്ക് അവകാശപ്പെട്ട ബസ് സീറ്റ് വെള്ളക്കാരി സ്ത്രീക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ഡ്രൈവറെ തല്ലിയോ, വെള്ളക്കാരിയായ സ്ത്രീയെ അധിക്ഷേപിച്ചോ ആയിരുന്നില്ല അവര്‍ അത് ചെയ്തത്. മറിച്ച് 'പറ്റില്ല' എന്ന ഒറ്റ വാക്കിലൂടെയായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പൗരാവാകാശ പ്രസ്ഥാനം ആരംഭിക്കുന്നതിലേക്ക് നയിച്ചത്, 'നിയമം ലംഘിച്ചതി'നും 'അസ്വീകാര്യമായ പെരുമാറ്റ'ത്തിനും പാര്‍ക്ക്‌സിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധമായിരുന്നു. അത്രയും കരുത്തുണ്ടായിരുന്നു 'പറ്റില്ല' എന്ന അവരുടെ വാക്കിന്.

അതായിരുന്നു റോസാ പാര്‍ക്ക്സ്. ഒരു സിംഹത്തിന്റെ ധീരതയായിരുന്നു അവര്‍ക്ക്. അവരുടെ ഉള്‍ക്കരുത്തായിരുന്നു അമേരിക്കന്‍ ചരിത്രം മാറ്റിയത്.

ഭീഷണിപ്പെടുത്തുന്ന, അസഭ്യം വര്‍ഷം നടത്തുന്നവര്‍ കേരളത്തിലെ സ്ത്രീകള്‍ക്കായി എന്താണ് ചെയ്യുക എന്ന് ആലോചിച്ചു പോകുന്നു. ചുരുങ്ങിയത് ചരിത്രത്തെയെങ്കിലും ശരിയായി മനസ്സിലാക്കുകയാണ് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ചെയ്യേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ലൈംഗികത, മതം, ആണത്തം എന്നിവയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മനോഭാവങ്ങള്‍ ഉരുത്തിരിയുന്നത് നിരീക്ഷിക്കുന്നു. മതം, പോണോഗ്രഫി, സ്വയംഭോഗം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

Next Story

Related Stories