TopTop
Begin typing your search above and press return to search.

കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടര്‍ന്നാല്‍ മോദി സര്‍ക്കാര്‍ വെട്ടിലാകുമോ? 2020ലേക്ക് നീളുന്ന പൗരത്വ നിയമ പ്രതിഷേധം

കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടര്‍ന്നാല്‍ മോദി സര്‍ക്കാര്‍ വെട്ടിലാകുമോ? 2020ലേക്ക് നീളുന്ന പൗരത്വ നിയമ പ്രതിഷേധം

തങ്ങളാണ് ശരിയെന്നും തങ്ങൾ മാത്രമാണ് ശരിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും. അങ്ങനെ തന്നെ സിന്ദാബാദ് എന്നു ബി ജെ പിയും മറ്റ് സംഘ പരിവാർ സംഘടനകളും. ഇന്ത്യൻ ജനതയെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനും അതു വഴി ഒരു സമ്പൂർണ ഹിന്ദു രാഷ്ട്രമെന്ന ആർ എസ് എസ് അജണ്ട നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ പൗരത്വ (ഭേദഗതി) നിയമം വിതച്ചിട്ടുള്ള ഭീതിയും ആശങ്കയും വിട്ടൊഴിയാതെയാണ് രാജ്യം പുതുവർഷത്തിലേക്കു കടന്നിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം കൊണ്ടു ഒരൊറ്റ ഇന്ത്യക്കാരനും ഒരു ദോഷവും സംഭവിക്കില്ലെന്നും പ്രതിപക്ഷ കക്ഷികളും മറ്റും പ്രചരിപ്പിക്കുന്നതുപോലെ ഏതെങ്കിലും ഒരു പ്രത്യേക മതത്തെ ലക്‌ഷ്യം വെച്ചുള്ളതല്ല ഈ നിയമമെന്നും പറയുമ്പോഴും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഈ വിഷയത്തിൽ ഒരു തുറന്ന സംവാദത്തിനു ഇപ്പോഴും തയ്യാറല്ലായെന്നതു പുതുവർഷത്തെ കൂടുതൽ അന്ധരകാരത്തിലേക്കു തള്ളിവിടുന്നു. കളവുകൾക്കുമേൽ കളവുകൾ ചേർത്തുവെച്ചു വലിയൊരു കോട്ട തന്നെയാണ് മോദി ഭരണകൂടവും സംഘപരിവാറും കെട്ടി ഉയർത്തികൊണ്ടിരിക്കുന്നത്.

ഇത്തരം ഒരു അവസ്ഥയിൽ തീർത്തും പ്രതീക്ഷാരഹിതമായ ഒരു പുതുവര്‍ഷത്തിലേക്കാണോ നമ്മൾ കാലെടുത്തുവെച്ചിരിക്കുന്നതെന്ന സംശയം ബലപ്പെടുന്നത് തികച്ചും സ്വാഭാവികം മാത്രം. മോദിയും ഷായും മാത്രമല്ല പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിന്റെ കഞ്ഞികുടി മുട്ടിക്കുമെന്നു ഭീഷണി മുഴക്കുന്ന ഗോപാലകൃഷ്ണമാരുടെയും കള്ളക്കേസുകളിൽ പെടുത്തി വശംകെടുത്തിക്കളയും എന്നു ആക്രോശിക്കുന്ന സന്ദീപ് വാര്യർമാരും ഭേദഗതി നിയമത്തെ എതിർക്കുന്ന സകലരെയും പാകിസ്ഥാനിലേക്ക് അയക്കുമെന്നു ഭീഷണി മുഴക്കുന്ന സകലമാന സംഘികളും തേർവാഴ്ച തുടരുമ്പോൾ പ്രതീക്ഷക്കു എന്തു വകയാണുള്ളത്? എങ്കിലും പ്രതീക്ഷക്കു വക നൽകുന്ന ഒരു വലിയ സംഭവം കേരളത്തിൽ ഇന്നലെ ഉണ്ടായി. കേന്ദ്രം കൊണ്ടുവന്ന പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിക്കൊണ്ടു കേരളം ഇതര സംസ്ഥാനങ്ങൾക്കു മാതൃകയായി. കേരള നിയമസഭയിലെ ഏക ബി ജെ പി അംഗം ഒഴികെയുള്ളവർ ഒറ്റക്കെട്ടായിട്ടാണ് പ്രമേയം പാസ്സാക്കിയത്. പാർലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനെതിരെ ഏതെങ്കിലും ഒരു സംസ്ഥാനം പ്രമേയം പാസ്സാക്കിയതുകൊണ്ടു എന്തു പ്രയോജനം എന്നു ചോദിക്കുന്നവരുണ്ട്. നിയമം കൊണ്ടുവന്നത് കേന്ദ്ര സർക്കാർ ആണെങ്കിലും അതു നടപ്പിലാക്കേണ്ടത് സംസ്ഥാന ഭരണകൂടങ്ങൾ ആണെന്നതിനാൽ കേരളത്തിന്റെ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടർന്നാൽ കേന്ദ്രം വെട്ടിലാകും എന്നതാണ് അവർക്കുള്ള മറുപടി. പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്നു പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റു ബി ജെ പി ഇതര സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എൻ ഡി എ യുടെ സഖ്യകക്ഷികളായ ജെ ഡി യുവും ശിരോമണി അകാലിദളുമൊക്കെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നുവെന്നതും നിയമം നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണയിലാണെന്നതും എല്ലാറ്റിനുമുപരിയായി ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിക്ഷേധവും പ്രക്ഷോഭവും കൂടുതൽ ശക്തി പ്രാപിക്കുകയാണെന്നതും മോദിയുടെയും ഷായുടേയുമൊക്കെ ഉറക്കം കെടുത്താൻ പോന്ന കാര്യങ്ങൾ തന്നെ.

അതിനിടെ കേരള നിയമസഭ ഇന്നലെ പ്രമേയം പാസ്സാക്കിയ നടപടിക്കെതിരെ സംഘ പരിവാർ അരയും തലയും മുറുക്കി രംഗത്തു വന്നുകഴിഞ്ഞു. പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാൻ നേതൃത്വം നൽകിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിരിക്കുകയാണ് ജി വി എൽ നരസിംഹ റാവു എന്ന ബി ജെ പിയുടെ രാജ്യ സഭാംഗം. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് നൽകിയ പരാതി ഈ മാസം 3 നു പരിഗണിച്ചേക്കുമെന്നാണു മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നത്. ഇനിയിപ്പോൾ രാജ്യസഭാ ചെയർമാൻ പിണറായി വിജയന്റെ മൂക്ക് ചെത്തിക്കളയുമോ എന്നതു വൈകാതെ അറിയാം. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories