TopTop
Begin typing your search above and press return to search.

നീതിബോധത്തെ കോടതിയിൽ മാത്രമായി വീണ്ടെടുക്കാനാവില്ല; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി വിധിക്കുമ്പോള്‍

നീതിബോധത്തെ കോടതിയിൽ മാത്രമായി വീണ്ടെടുക്കാനാവില്ല; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി വിധിക്കുമ്പോള്‍

സുപ്രീം കോടതി സ്വന്തം നിഴലിനെ വരെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ദുർബലമായ എതിർപ്പുകൾ മാത്രമാണ് സുപ്രീം കോടതിയുടെ ന്യായാധിപ സംവിധാനത്തിനുള്ളിൽ നിന്നും ഉയരുന്നത്. സാമൂഹ്യ ഇടപെടലുകളുടെ (Judicial Activism) കോടതിക്കാലത്തു നിന്നും വെറും നടത്തിപ്പ് കോടതിയായി സുപ്രീം കോടതി മാറിയിരിക്കുന്നു.

പൊതുതാത്പര്യ ഹര്‍ജികളിലൂടെ രാജ്യത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ ഗതി മാറ്റുകയും പുത്തൻ നിയമനിര്‍മാണങ്ങൾക്ക് വഴി തെളിക്കുകയും ചെയ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ കോടതി അലക്ഷ്യത്തിന് കുറ്റക്കാരനെന്നു വിധിച്ച സുപ്രീം കോടതിയുടെ നടപടി, അതൊരു സർക്കാർ അനുബന്ധ സ്ഥാപനമായി മാറി എന്ന് വീണ്ടും തെളിയിക്കുകയാണ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഒരു ബിജെപി നേതാവിന്റെ ആഡംബര ഇരുചക്ര വാഹനമോടിക്കുന്ന ചിത്രത്തെക്കുറിച്ച് ചെയ്ത ട്വീറ്റും, കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഇന്ത്യൻ ജനാധിപത്യത്തെ തകർത്തതിൽ സുപ്രീം കോടതിയുടെ പങ്കും, അതിൽത്തന്നെ കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്കും ഭാവിയിൽ വിലയിരുത്തപ്പെടും എന്നുമുള്ള ട്വീറ്റുമാണ് ഇപ്പോൾ ഭൂഷണെ കുറ്റക്കാരനെന്ന് വിധിച്ച കോടതിയലക്ഷ്യക്കേസിന്റെ ആധാരം. ഒപ്പം തന്നെ 11 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെഹൽക്ക കേസിൽ അന്നത്തെ അമിക്കസ് ക്യൂറി ഹരീഷ് സാൽവെ നൽകിയ ഹർജിയിൽ ചുമത്തിയ കോടതിയലക്ഷ്യക്കേസും കോടതി പൊടിതട്ടിയെടുത്തു.

ആയിരക്കണക്കിന് കേസുകൾക്കിടയിൽ നിന്നാണ് കഴിഞ്ഞ എട്ടു വർഷമായി നടപടികളില്ലാതിരുന്ന ഈ കേസ്, ഓണ്‍ലൈന്‍ ഹിയറിങ്ങുകള്‍ മാത്രം നടക്കുന്ന ഈ സമയത്ത് കോടതി തിടുക്കപ്പെട്ട് പൊക്കിക്കൊണ്ടുവന്നത്. സി ബി ഐ ഡയറക്ടരുടെ നിയമനവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവിന്റെ ഒരു കുറിപ്പിനെപ്പറ്റി നടത്തിയ പരാമർശത്തിൽ വസ്തുതാപരമായ പിശക് തിരുത്തിയിട്ടും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഭൂഷണെതിരായ കോടതിയലക്ഷ്യ പരാതി പിൻവലിക്കുകയാണെന്നു പറഞ്ഞിട്ടും ആ കേസ് കേൾക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര നയിക്കുന്ന ബഞ്ച്, അതംഗീകരിക്കാൻ തയ്യാറായില്ല എന്നോർക്കണം. അതേ ജസ്റ്റിസ് അരുൺ മിശ്രയാണ് ഭൂഷണെതിരെ ഒരു സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചതും. കോടതിക്ക് ബാഹ്യമായ താത്പര്യങ്ങൾ മാത്രമാണ് ഇതിലുള്ളത് എന്നത് പകൽപോലെ വ്യക്തമാണ്. സുപ്രീം കോടതിയുടെ നീതിനടത്തിപ്പിനോ അതിന്റെ പ്രവർത്തനങ്ങൾക്കോ വിഘാതമാകുന്ന ഒന്നും തന്നെ ഭൂഷന്റെ ട്വീറ്റുകളിലില്ല. മറിച്ച് അത് പരാമർശിക്കുന്നത് എങ്ങനെയാണ് സുപ്രീം കോടതി അതിന്റെ ഭരണഘടനാപരമായ ചുമതലകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും വഴിമാറിപ്പോയത് എന്നതാണ്. കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാർ ആ പ്രക്രിയയെ എത്രമാത്രം സഹായിച്ചു എന്നതാണ്. ഇതൊരു വിമർശനമാണ്. കോടതിയലക്ഷ്യത്തിന് കാരണമായി പറയുന്ന 'scandalizing the court' എന്നതിന്റെ പരിധിയിൽ ഇത് വരുന്നതേയില്ല.

വാസ്തവത്തിൽ കോടതിയലക്ഷ്യം എന്നാൽ കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാൻ അനുവദിക്കാതിരിക്കുക, നടപ്പാക്കാതിരിക്കുക, കോടതി നടപടികളെ പ്രത്യക്ഷമായി തടസപ്പെടുത്തുക എന്നിങ്ങനെ കോടതിക്കുള്ളിലും പുറത്തും നടക്കുന്ന രണ്ടു തരം പ്രവർത്തനങ്ങളാണ്. Common law അനുസരിച്ച് in facie curiae എന്നാൽ കോടതിക്ക് മുന്നിൽ നടക്കുന്ന കോടതിയലക്ഷ്യ പ്രവർത്തികളും Iex facie curiae എന്നാൽ കോടതിക്ക് പുറത്തു നടക്കുന്ന കോടതിയലക്ഷ്യ പ്രവർത്തികളുമാണ്. ഇത് രണ്ടും കോടതിയുടെ നീതിനടത്തിപ്പിലും നിര്‍വഹണത്തിലും ഉണ്ടാക്കുന്ന തടസങ്ങളെക്കുറിച്ചാണ് പറയുന്നത്. കോടതി ഉത്തരവുകൾ അനുസരിക്കാതിരിക്കുകയും അവ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുകയുമൊക്കെ ചെയ്യുന്നത് Civil Contempt ആണ്. എന്നാൽ Scandalizing the court എന്ന കോടതികൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന, Criminal Contempt എന്ന് വിളിക്കുന്ന ഒരു അവ്യക്തമായ പഴുതിലൂടെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കോടതികൾക്ക് നേരെയുള്ള വിമർശനത്തിന്റെയും കഴുത്തിനു കുത്തിപ്പിടിക്കുന്നതിനു ഇന്ത്യയിൽ കോടതികൾ മുതിരുന്നത്. ഇന്ത്യയിൽ സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കുമാണ് കോടതിയലക്ഷ്യ നടപടികളെടുക്കാൻ അധികാരമുള്ളത്.

കോടതിയലക്ഷ്യം എന്ന ആശയം ഇന്ത്യൻ നീതിന്യായ സംവിധാനത്തിലേക്ക് പകർത്തുന്നത് മറ്റു മിക്ക നീതിനിർവ്വഹണ വിചാരങ്ങളെയും പോലെ ബ്രിട്ടനിൽ നിലനിന്നിരുന്ന നിയമങ്ങളുടെ ചുവട് പിടിച്ചാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് 1926-ലാണ് ഇന്ത്യയിൽ ആദ്യത്തെ Contempt of Court Act നിലവിൽ വരുന്നത്. എന്നാൽ ഇതിനു മുമ്പുതന്നെ കോടതികളുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നതും കോടതി നടപടികൾ തടസപ്പെടുത്തുന്നതുമൊക്കെ കുറ്റകരമായ പ്രവർത്തികളായിത്തന്നെ കൈകാര്യം ചെയ്തിരുന്നു. വാസ്തവത്തിൽ കോടതിയലക്ഷ്യം എന്ന ആശയം ഉണ്ടാകുന്നത് രാജാവിനെതിരെയുള്ള ഒരു കുറ്റകൃത്യം എന്ന നിലയ്ക്കാണ്. നിയമം എന്നത് രാജകല്പനയായി കണക്കാക്കുന്ന ഒരു കാലത്തിലാണ് നിയമം നടപ്പാക്കുന്ന കോടതികളോടുള്ള വിമർശനത്തെ രാജാവിനെതിരായ വിമർശനമാണ് കണക്കാക്കിയത്. അതുകൊണ്ടുതന്നെ കോടതികൾക്കെതിരായ ഏതു തരത്തിലുള്ള എതിർപ്പും രാജാവിനെതിരായുള്ള എതിർപ്പായി കണ്ടാണ് ശിക്ഷിച്ചതും. രാജാവിൽ നിന്നും വ്യത്യസ്തമായി കോടതികൾക്ക് പ്രത്യേകിച്ചൊരു അസ്തിത്വം ഉണ്ടായിരുന്നില്ല.

എന്നാൽ മറ്റേത് നിയമത്തെയും പോലെ ഒരു നിയമത്തിനു അതിന്റേതായ നടത്തിപ്പ് രീതികൾ രൂപപ്പെട്ടു വരും. അതിന്റെ സമ്പ്രദായങ്ങളെ ചിട്ടപ്പെടുത്തി വെക്കേണ്ടിവരും. അതിനെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ എന്ന രീതിയിൽ അത് ക്രമേണ കണക്കാക്കപ്പെടും. പക്ഷെ രാജാവും ഭരണാധികാരവും ഇത്തരത്തിലുള്ള പല അടരുകളുടേയും അടിയിൽ കിടക്കുന്നുണ്ട്.

ഹെൻറി നാലാമന്റെ മകനായ രാജകുമാരൻ ഹാളിനെ അന്നത്തെ ചീഫ് ജസ്റ്റിസ് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത് രാജശാസനത്തിന്റെ പ്രതിരൂപമായ കോടതിയെ ധിക്കരിച്ചതിനാണ്. ഹാളിന്റെ ഒരു സേവകനെ ഗൗരവമേറിയൊരു കുറ്റകൃത്യത്തിന് തടവിലാക്കിയപ്പോൾ അയാളെ സ്വതന്ത്രനാക്കാൻ ഹാൾ ആവശ്യപ്പെട്ടു. പക്ഷെ ചീഫ് ജസ്റ്റിസ് ഗാസ്‌കോയിൻ അത് നിരസിച്ചു. അത് ചെവിക്കൊള്ളാഞ്ഞ ഹാളിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുകയായിരുന്നു.

ഇംഗ്ളണ്ടിൽ R v . Almon (1765) കേസിലാണ്, ചില സാങ്കേതികകാരണങ്ങളാൽ വിധിയായി വന്നില്ലെങ്കിലും, ജസ്റ്റിസ് വിൽമോട്ടിന്റെ നിരീക്ഷണങ്ങൾ കോടതിയലക്ഷ്യ നിയമത്തിന്റെ പൊതു മാനദണ്ഡമായി Common Law പിന്തുടരുന്ന മിക്ക രാജ്യങ്ങളിലും മാറിയത്. കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ളതാണെങ്കിൽ (scandalizes the court) ഒരു ന്യായാധിപനെതിരെയോ കോടതിക്കെതിരായോ ഉള്ള വിമർശനങ്ങൾ ശിക്ഷിക്കപ്പെടണം എന്നായിരുന്നു വിൽമോട്ടിന്റെ നിരീക്ഷണം.

ഇതിന്റെ ഏറ്റവും കർക്കശമായ രൂപമായിരുന്നു ഇന്ത്യയടക്കമുള്ള കോളനികളിൽ ബ്രിട്ടീഷ് രാജ് നടപ്പാക്കിയത്. വാസ്തവത്തിൽ അതിന് കോടതി വിമർശനത്തെക്കാൾ ബ്രിട്ടീഷ് ഭരണത്തോടുള്ള വിമര്‍ശനവുമായിട്ടായിരുന്നു ബന്ധം. ഒരർത്ഥത്തിൽ ഭരണനിർവഹണ സംവിധാനത്തിനുവേണ്ടി കോടതി വിമതശബ്ദങ്ങളെ നിശബ്ദമാക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ രൂപം എന്ന് പറയാം. രാജ നന്ദകുമാർ കേസ് ഇതിന്റെ ചരിത്രസാക്ഷ്യമാണ്. ബംഗാളിലെ ഒരു വൻകിട ഭൂവുടമ/സമീന്ദാർ ആയിരുന്നു രാജ നന്ദകുമാർ. അന്നത്തെ ഗവർണർ ആയിരുന്ന വാറൻ ഹേസ്റ്റിംഗ്സിനെതിരെ നന്ദകുമാർ 1775 മാർച്ചിൽ സുപ്രീം കൗൺസിലിൽ ഒരു കത്തു നൽകി. ഒരു മുൻ നവാബിന്റെ ഭാര്യയായ മുന്നാ ബീഗത്തിന്റെ കയ്യിൽ നിന്നും സമീന്ദാരി അനുവദിച്ചുകൊടുക്കുന്നതിനായി ഹേസ്ടിംഗ്സ് വൻ തുക കോഴ വാങ്ങി എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നന്ദകുമാറിനെതിരെ തട്ടിപ്പിന് കേസെടുക്കുകയായിരുന്നു കോടതി ചെയ്തത്. 1775 ജോൺ 7-ന് ആരംഭിച്ച വിചാരണ കേവലം എട്ടു ദിവസംകൊണ്ടു പൂർത്തിയാക്കുകയും 1775 ആഗസ്റ്റ് 5-ന് രാജ നന്ദകുമാറിനെ തൂക്കിക്കൊല്ലുകയും ചെയ്തു.

ഇത് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുണ്ടാക്കിയ ഒരു ധാരണയായിരുന്നു. അതായത് രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാകുകയും രാജാധികാരത്തെ സംരക്ഷിച്ചു നടപ്പാക്കുന്ന കോടതി, രാജാവിന്റെയോ ഭരണകൂടത്തിന്റെയോ മറ്റൊരു മുഖമാവുകയോ ചെയ്യുന്ന ഒരു സംവിധാനത്തിന്റെ ഫലമായിരുന്നു ആ വിധി. ഈ രണ്ടു സ്ഥാപങ്ങൾക്കെതിരെയും ശബ്ദമുയർത്താൻ ആരും ധൈര്യപ്പെടരുത് എന്നതാണ് അതിലെ സന്ദേശം.

ജനാധിപത്യത്തിന്റെ വികാസഗതിയിൽ 'Almon' കേസിലെ ജസ്റ്റിസ് വിൽമൊട്ടിന്റെ നിരീക്ഷണങ്ങൾ ക്രമേണ കൂടുതൽ വിശാലമായ വ്യാഖ്യാനങ്ങൾക്ക് വിധേയമായി. കോടതിയലക്ഷ്യം എന്നത് കോടതികളുടെ നിയമനിർവ്വഹണ സംവിധാനത്തെ നേരിട്ട് തടസപ്പെടുത്തുന്നതിന് മാത്രം ചുമത്താവുന്ന കുറ്റമായി.

എന്നാൽ ഇന്ത്യയടക്കമുള്ള കോളനികളിൽ ഇത്തരത്തിലുള്ള നിയമവികാസം കൊണ്ടുവരുന്നതിന് കൊളോണിയൽ ഭരണകൂടം തയ്യാറായില്ല. അതിന്റെ പ്രധാന കാരണം ജനാധിപത്യം എന്ന രാഷ്ട്രീയസങ്കല്പത്തെ ഇന്ത്യൻ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാനുള്ള ഒരു വഴിയും തുറക്കുന്നതിന് അവർ തയ്യാറല്ലായിരുന്നു എന്നതാണ്. ജനാധിപത്യത്തിൽ കോടതികൾക്കെതിരായ വിമർശനങ്ങൾ സ്വാഭാവികമാണ് എന്ന നിലപാട് രൂപപ്പെടുന്നത് വിമർശനം അധികാര കുത്തകയെ ചോദ്യം ചെയ്യുകയും ഭയചകിതരാക്കുകയും ചെയ്യുന്ന ജനങ്ങളുടെ തെരഞ്ഞെടുകൾക്കപ്പുറമുള്ള ഒരു സംവിധാനം ജനാധിപത്യമെന്ന ആശയത്തിൽ പാകമല്ല എന്നതുകൊണ്ടാണ്. കോടതികളാകട്ടെ സർക്കാരുകളുടെ നിശ്ചിതകാല ഭരണകാലാവധികളിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്രാധികാരങ്ങളുള്ള നീതിയുടെ വ്യാഖ്യാതാക്കളായി കണക്കാക്കപ്പെടുകയും ചെയ്തു. അതായത് താത്ക്കാലിക സംഭവങ്ങൾക്കും നേട്ടങ്ങൾക്കുമപ്പുറം നീതിയുടെ വ്യാഖ്യാനത്തിനു ഒരു നൈരന്തര്യമുണ്ടാക്കുക എന്നത് ജനാധിപത്യത്തിൽ അനുപേക്ഷണീയമായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ജനാധിപത്യത്തിലെ നിരന്തര പ്രതിപക്ഷമാകേണ്ടി വന്നു കോടതികൾ. ഒരു സങ്കല്പം എന്ന തലത്തിലാണിത് എങ്കിൽപ്പോലും അതിലേക്കുള്ള ഒരു പരിശ്രമം ഉണ്ടെങ്കിൽ മാത്രമാണ് കോടതികളുടെ നീതിവ്യാഖ്യാനങ്ങൾക്ക് പൊതുസമൂഹത്തിന്റെ സാധൂകരണം ലഭിക്കുമായിരുന്നുള്ളു.

ഈ പ്രക്രിയ ഇന്ത്യയടക്കമുള്ള കോളനികളിൽ ആവശ്യമില്ലാതെ വന്നു. പൊതുസമൂഹത്തിന്റെ സാധൂകരണം ആവശ്യമില്ലാത്ത നിയമസംവിധാനമാണ് തങ്ങൾ നടപ്പാക്കുന്നത് എന്നതുകൊണ്ടുതന്നെ അത്തരത്തിലൊരു ധാർമികതയുടെയും ആവശ്യം ഭരണകൂടത്തിനില്ലായിരുന്നു. കോടതികളും ഇതേ വഴി തന്നെയാണ് സ്വാഭാവികമായും തെരഞ്ഞെടുത്തത്. നിരക്ഷരരും അപരിഷ്‌കൃതരുമായ കോളനികളിലെ ജനതക്ക് ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ പരിഷ്‌ക്കാരങ്ങൾ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് നീതിന്യായസംവിധാനവും തീർപ്പാക്കി. McLeod v. St . Aubyn (1899) കേസിൽ പ്രിവി കൗണ്സിലിന്റെ വാദം ഈ വഴിക്കായിരുന്നു- "Committals for contempt of court by scandalizing the court itself have become obsolete in this country… But it must be considered that in small colonies consisting principally of colored populations, the enforcement in proper cases of committal for contempt of court for attack on the courts may be absolutely necessary to preserve in such a community the dignity of and the respect for the court"- എന്നായിരുന്നു പ്രിവി കൌൺസിൽ പറഞ്ഞത്.

എന്നാൽ യു എസ്, കാനഡ പോലുള്ള രാജ്യങ്ങളെല്ലാം കാലക്രമേണ കോടതിയലക്ഷ്യത്തെക്കുറിച്ചുള്ള സമീപനം വളരെ അയവുള്ളതാക്കി. നീതിനിർവ്വഹണത്തിന് വ്യക്തവും നിലനിൽക്കുന്നതുമായ ഒരു അപകടം ഉണ്ടാക്കുന്നുണ്ടെങ്കിൽ മാത്രമേ കോടതിയലക്ഷ്യ നടപടികൾക്ക് സാധ്യതയുള്ളൂ എന്ന് നിരവധി കേസുകളിൽ യു എസ് സുപ്രീം കോടതി വിധിച്ചു (Bridges v California (1941), Pennekamp v. Florida (1946), Wood v. Georgia (1962)).

കാനഡയിൽ R v . Kopyto (1987) കേസിൽ 'scandalizing the court' എന്നതിന് വളരെ പ്രകടമായ തരത്തിൽ നീതിനിർവ്വഹണത്തിനുള്ള തടസം ഉണ്ടാക്കുന്നു എന്ന് സർക്കാർ തെളിയിക്കേണ്ടതുണ്ടെന്ന് ഭൂരിപക്ഷ വിധി വ്യക്തമാക്കി.

എന്നാൽ ഇന്ത്യൻ കോടതികൾ ഇക്കാര്യത്തിൽ കൊളോണിയൽ വിഴുപ്പുഭാണ്ഡം കളയാൻ തയ്യാറായില്ല. ജനാധിപത്യത്തോടും പൗരാവകാശങ്ങളോടുമുള്ള കൊളോണിയൽ ചിന്തയുടെ പ്രേതബാധയായിരുന്നു മറ്റു പലതിലുമെന്ന പോലെ നിയമങ്ങളുടെ കാര്യത്തിലും ഇന്ത്യൻ കോടതിയെ നയിച്ചത്. ഇന്ത്യയുടെ നിയമസംവിധാനം കൊളോണിയൽ കാലത്ത് നിന്നുള്ള ഒരു വിച്ഛേദമായിരുന്നില്ല, മറിച്ച് അതിന്റെ തുടർച്ചയായിരുന്നു. ജനാധിപത്യം എന്ന സങ്കല്പനത്തെ പൂർണ രീതിയിൽ ഉൾക്കൊളളാൻ ഇന്ത്യൻ കോടതികൾ ഏറെക്കാലമെടുത്തു. അപ്പോഴും അതൊരു ആശയം എന്ന നിലയിലല്ലാതെ പൗരാവകാശങ്ങളുടെ നടത്തിപ്പിലേക്ക് മാറ്റുന്നതിന് കോടതികൾക്ക് മിക്കപ്പോഴും കഴിഞ്ഞില്ല. അതിനു കാരണം കോടതികളുടെ വർഗ്ഗസ്വഭാവമായിരുന്നു. ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായുള്ള ഒരു വർഗസമീപനം കൈക്കൊള്ളാൻ കോടതികൾക്കാവാഞ്ഞത് ഒരേ വർഗപ്രതിബദ്ധതയായിരുന്നു ഇരുവർക്കും എന്നതുകൊണ്ടാണ്.

സ്വതന്ത്ര ഇന്ത്യയിലെ കോടതിയലക്ഷ്യ കേസുകളിൽ ഈ വർഗപ്രതിബദ്ധതയുടെ മാറ്റുരച്ചുനോക്കിയ ആദ്യത്തെ കേസ് E.M.S.Namboodirippad v. T. Narayanan Nambiar (AIR 1970,SC 2015) ആയിരുന്നു. കോടതികളുടെ വർഗ പക്ഷപാതിത്വവും, നീതിന്യായസംവിധാനം 'അടിച്ചമർത്തുന്നതിനുള്ള ഒരുപകരണവും', ന്യായാധിപന്മാർ 'വർഗ പക്ഷപാതിത്വവും വർഗപരമായ മുൻവിധികളും' പേറുന്നവരുമാണെന്ന ഇഎംഎസിന്റെ നിരീക്ഷണത്തെയാണ് കോടതികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവിശ്വാസമുണ്ടാക്കാനും അപകീർത്തി പരത്താനും ശേഷിയുള്ളതാണെന്നു പറഞ്ഞുകൊണ്ട് ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി ശിക്ഷാർഹമാണെന്ന് കണ്ടെത്തിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ഹിദായത്തുള്ളയാകട്ടെ ഇഎംഎസിന് മാർക്സിസം അറിയില്ലെന്നതുവരെ പറഞ്ഞുകളഞ്ഞു. കോടതികളുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ച് മറിച്ചൊരു നിരീക്ഷണമായിരുന്നു നടത്തിയിരുന്നെങ്കിലാണ് ഇഎംഎസിന് മാർക്സിസത്തിലുള്ള അവഗാഹം ചോദ്യം ചെയ്യേണ്ടതുള്ളൂ എന്നതാണ് വസ്തുതയെങ്കിലും.

എന്നാൽ മൊത്തത്തിലെടുത്താൽ കോടതിയലക്ഷ്യ കേസുകളിൽ എടുക്കേണ്ട നിലപാടിനെക്കുറിച്ച് വളരെ വ്യക്ത്യാധിഷ്ഠിതമായ ഒരു സമീപനമാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് ന്യായാധിപന്മാരെയും കക്ഷികളെയും ആശ്രയിച്ചിരിക്കുന്നു എന്നുവേണം പറയാൻ. ഇഎംഎസ് പറഞ്ഞ അഭിപ്രായത്തിനു സമാനമായി, അതിലെ വർഗ്ഗരാഷ്ട്രീയ വിശകലനത്തെ ഒഴിവാക്കിപ്പറഞ്ഞ, ആ സമയത്ത് നിയമമന്ത്രി കൂടിയായ പി. ശിവശങ്കറിനെതിരായ കേസിൽ (P.N. Duva v. P. Shivasankar, AIR 1988,SC 1212) സുപ്രീം കോടതി ഒരു തരത്തിലുള്ള ശിക്ഷാനടപടിയും എടുത്തില്ല. ഇത്തരത്തിലുള്ള വിരുദ്ധ നിലപാടുകൾ മറ്റു പലപ്പോഴും സുപ്രീം കോടതി ഈ വിഷയത്തിലെടുത്തു. എങ്കിലും കോടതിയലക്ഷ്യത്തെ-scandalizing the court - എന്നതിനെ കയ്യൊഴിയാൻ കോടതി ഒരവസരത്തിലും തയ്യാറായില്ല.

ഈ നിയമത്തിന്റെ മൂലക്കല്ലിരിക്കുന്ന ബ്രിട്ടനിൽ ഇതപ്പാടെ തിരസ്കരിച്ചിട്ടും ഇന്ത്യൻ കോടതിയുടെ അപ്രമാദിത്ത സിദ്ധാന്തത്തന് ഉടവുണ്ടായില്ല. യു.കെയിൽ 1981-ൽ കൊണ്ടുവന്ന English Contempt of Courts Act വകുപ്പ് 2 അനുസരിച്ച് നീതിനിർവ്വഹണത്തെ പ്രത്യക്ഷമായി അപകടത്തിലാക്കുന്ന, കുഴപ്പത്തിലാക്കുമ്പോൾ മാത്രമാണ് scandalizing the court എന്നത് strict liability വരുന്ന ഒരു കുറ്റമാകുന്നത്. അതിൽത്തന്നെ വകുപ്പ് 5 അനുസരിച്ച് ഉത്തമവിശ്വാസത്തിൽ പൊതുതാത്പര്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഇക്കാര്യത്തിൽ ന്യായമായ ഒരു പ്രതിരോധമായി ഉയർത്താവുന്നതുമാണ്. യു.കെ കൂടി അംഗമായ European Convention of Human Rights-നോട് ഒത്തുപോകുന്നതാണ് ഈ മാറ്റം. ഇതിനൊക്കെ പുറമെ അറിയേണ്ടത്, 1931-ലാണ് യു.കെയിൽ കോടതിയെ അപകീർത്തിപ്പെടുത്തിയതിന് -scandalizing the court - ഒരു വിചാരണ നടന്നത് എന്നാണ്. കോടതികളെ അപകീർത്തിപ്പെടുത്തുക എന്നത് 2013-ൽ ഔദ്യോഗികമായി യു കെയിൽ ഒരു ക്രിമിനൽ കുറ്റമല്ലാതാക്കുകയും ചെയ്തതോടെ കോടതിയലക്ഷ്യത്തിന്റെ മൂലക്കല്ല് ബ്രിട്ടനിൽ നിന്നും ഇന്ത്യൻ കോടതികൾ ഭക്ത്യാദരപൂർവ്വം ഏറ്റെടുത്തു എന്ന് പറയാം.

ഇത്തരത്തിലുള്ള ഒരു നീതിവിചാരം ഇന്ത്യയിൽ ഉരുത്തിരിഞ്ഞില്ല എന്ന് മാത്രമല്ല കൊളോണിയൽ ജനതയെക്കുറിച്ച് വെള്ളക്കാരൻ നടത്തിയ അതെ വംശീയ നിരീക്ഷണങ്ങൾ ഒരു മാറ്റിയും കൂടാതെ പകർത്തുന്ന മട്ടിലായിരുന്നു സുപ്രീം കോടതി ഇക്കാര്യത്തിലെടുത്ത സമീപനം. അതായത് കോടതിയെ അപകീർത്തിപ്പെടുത്തുക എന്നതു കുറ്റകരമാക്കിയില്ലെങ്കിൽ നിരക്ഷരരും വേണ്ടത്ര പൗരബോധമില്ലാത്തവരുമായ ജനത അതിനെ ദുരുപയോഗം ചെയ്യും എന്ന പ്രിവി കൗൺസിലിന്റെ വാദം 2002-ൽ അരുന്ധതി റോയ്‌ കേസിൽ സുപ്രീം കോടതി ആവർത്തിച്ചു. ദരിദ്രരും, വിവരമില്ലാത്തവരും, വിദ്യാഭ്യാസമില്ലാത്തവരും, പെട്ടന്ന് വഴിതെറ്റാൻ സാധ്യതയുള്ളവരുമായ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനതയെയും സാമൂഹ്യ-സാമ്പത്തിക സംവിധാനത്തെയും കണക്കിലെടുത്താണ് ("the ground realities and prevalent socio-economic system in India, the vast majority of whose people are poor, ignorant, uneducated, easily liable to be misled. But who have the tremendous faith in the dispensers of justice") അരുന്ധതി റോയിയുടെ 'സുപ്രീം കോടതി വിമതശബ്ദങ്ങളെ ഞെരുക്കുന്നു' എന്ന പരാമർശം കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീം കോടതി അവരെ ശിക്ഷിച്ചത്. 1899-ൽ പ്രിവി കൗൺസിലിന്റെ നിരീക്ഷണത്തോട് എത്രമാത്രം ഭീതിദമായാണ്, ലജ്ജാശൂന്യമായാണ് ചേർന്നുനിൽക്കുന്നത് എന്നതാണ് നമ്മെ അമ്പരപ്പിക്കേണ്ടത്. 1971-ലെ കോടതിയലക്ഷ്യ നിയമത്തിന് 2006-ൽ കൊണ്ടുവന്ന ഭേദഗതി അപകീർത്തി ആരോപണത്തെ നേരിടാൻ 'സത്യം' - truth -എന്നത് ഒരു പ്രതിരോധമായി ഉപയോഗിക്കാം എന്ന് ഭേദഗതി ചെയ്‌തെങ്കിലും അതെല്ലാം കേവലം ആത്മനിഷ്ഠമായ ന്യായാധിപവ്യാഖ്യാനങ്ങളിൽ കുരുങ്ങി ശ്വാസം മുട്ടി മരിക്കുകയാണ് പതിവ്.

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ വിധിയെ സുപ്രീം കോടതിയുടെ ഈ ജനാധിപത്യ വിരുദ്ധതയുടെ പശ്ചാത്തലത്തിൽക്കൂടി കാണണം. ഇത് നീതിയുടെ തത്വശാസ്ത്രത്തിന്റെ ചരിത്രപരമായ ഉരുത്തിരിയിലിന്റെ പശ്ചാത്തലമാണ്. എന്നാൽ ഇത് മാത്രമായി ഇപ്പോൾ സുപ്രീം കോടതി ചരിച്ചുകൊണ്ടിരിക്കുന്ന ഗതികളെ കണക്കാക്കാനാകില്ല. വ്യാപകമായി വലതുപക്ഷവത്കരിക്കപ്പെട്ട ഇന്ത്യയുടെ രാഷ്ട്രീയ-പൗര സമൂഹത്തെക്കൂടി ഇതുമായി ചേർത്തു കാണേണ്ടിയിരിക്കുന്നു. പൗരസമൂഹത്തിന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ എല്ലാ തരത്തിലും അടിച്ചമർത്തുന്ന സംഘപരിവാറിന്റെ സമഗ്രാധിപത്യ ഭരണകൂടവാഴ്ചയുമായി കരുതിയതിലും വേഗത്തിൽ ചേർന്നുപോകുന്ന സുപ്രീം കോടതിയെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

പൗരാവകാശങ്ങളോടും ജനാധിപത്യ, മതേതര ഭരണഘടനാ റിപ്പബ്ലിക്ക് എന്ന ആശയത്തോടും അതിവേഗം അകലുന്ന സംഘപരിവാറിന്റെ ഫാഷിസ്റ്റ് അജണ്ടയെ മുന്നോട്ടുകൊണ്ടുപോവുകയാണ് സുപ്രീം കോടതി ചെയ്തുകൊണ്ടിരിക്കുന്നത്. പൗരന്മാരുടെ രാഷ്ട്രീയാവകാശങ്ങൾ സംബന്ധിച്ച നിരവധി തർക്കങ്ങളിൽ ഭരണകൂടത്തിന്റെ ഈ സമഗ്രാധിപത്യ സ്വഭാവത്തെ സാധൂകരിക്കുന്ന വിധികളാണ് സുപ്രീം കോടതി നൽകിയത്. ഭീമ കൊറേഗാവ് - എൽഗാർ പരിഷദ് കേസിൽ മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും അറസ്റ്റ് തുടരുമ്പോൾ സുപ്രീം കോടതി നിശബ്ദത പാലിക്കുന്നു. രാജ്യത്തിന്റെ ഘടനയെത്തന്നെ മാറ്റുകയും ഫെഡറൽ സ്വഭാവത്തെ തകർക്കുകയും ചെയ്തുകൊണ്ട് ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ആ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്ത്തുകയും ചെയ്ത വിഷയത്തിൽ ഭരണഘടനാ വിരുദ്ധമായ ആ നടപടിയെ മരവിപ്പിക്കാൻ പോലും കോടതി തയ്യാറായില്ല. കാശ്മീർ ജനതയുടെ ജനാധിപത്യാവകാശങ്ങളുടെ ധ്വംസനത്തെ അടിയന്തര പ്രാധാന്യമുള്ള വിഷയമായി കാണാൻ പോലും കോടതി തയ്യാറായില്ല. കാശ്മീരില്‍ തണുപ്പല്ലേ, അവിടെയെന്തിനാണ് ഇപ്പോൾ പോകുന്നത് എന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ഹർജിയിൽ പരിഹസിച്ചത്. കാശ്മീരിലെ ജനതയുടെ പൗരാവകാശ നിഷേധത്തിനെതിരെ നൽകിയ ഹർജിയിൽ, തങ്ങൾ സർക്കാരിനെയാണ് വിശ്വസിക്കുന്നത് എന്ന് തുറന്ന കോടതിയിൽ പ്രഖ്യാപിക്കാനും പരമ്മോന്നത നീതിപീഠം മടിച്ചില്ല.

അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ ദേശീയ പൗരത്വ പട്ടികയെന്ന സങ്കുചിത ദേശീയതയുടെ സംഘപരിവാർ അജണ്ടക്ക് ആശീർവാദം നൽകി നടത്തിപ്പ് നിർവ്വഹിച്ചതും ആദ്യം സുപ്രീം കോടതിയായിരുന്നു. റാഫേൽ, ഇലക്ട്‌റൽ ബോണ്ട്, നിയമസഭാംഗങ്ങൾ രാജിവെച്ചു കൂറുമാറുന്നത്, അയോധ്യ കേസ്, ശബരിമല വിധിയുടെ പുനഃപരിശോധന തുടങ്ങി നിരവധി തർക്കങ്ങളിൽ സംഘപരിവാറിനും കേന്ദ്ര സർക്കാരിനും ആവശ്യമായ വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കേവലം യാദൃശ്ചികത എന്നതിലുപരി പ്രത്യയശാസ്ത്രപരമായ ഒരു വലതുപക്ഷ വീക്ഷണത്തിന്റെ വെളിപാടുകളായിരുന്നു ഈ വിധിന്യായങ്ങളെല്ലാം.

ഇത്തരത്തിൽ ഭരണകൂടത്തിന്റെ സമഗ്രാധിപത്യസ്വഭാവം വെളിപ്പെടുന്ന ഘട്ടത്തിലെല്ലാം അതിനോട് ഒട്ടും താമസിക്കാതെ ചേർന്നുനിൽക്കാൻ ഇന്ത്യൻ സുപ്രീം കോടതി മുതിർന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലം ഇതിന്റെ ചരിത്രസാക്ഷ്യമാണ്. സ്വാതന്ത്ര്യാനന്തരം ആദ്യഘട്ടത്തിൽ സ്വകാര്യസ്വത്തവകാശത്തിനുള്ള ഫ്യൂഡൽ ബന്ധങ്ങൾക്കായി ഭരണഘടന വ്യാഖ്യാനിച്ച കോടതി, പിന്നീട് ഇന്ത്യൻ സമൂഹത്തിൽ കാർഷികസമരങ്ങൾ വലിയ ചലനങ്ങളുണ്ടാക്കുകയും അതൊരു രാഷ്ട്രീയ മുന്നേറ്റമായി മാറുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഭൂമിക്ക് മുകളിലുള്ള സമൂഹത്തിന്റെ പൊതുതാത്പര്യത്തെ അംഗീകരിക്കുന്നത്. ഇതുതന്നെയാണ് മൗലികാവകാശങ്ങളുടെയും പൗരന്മാരുടെ രാഷ്ട്രീയാവകാശങ്ങളുടെയും കാര്യത്തിൽ സംഭവിച്ചതും. ഭരണഘടന തലയ്ക്കൽ വെച്ചുറങ്ങിയ നീതിയുടെ അന്തഃപുരങ്ങളിൽ വരെ പാതിരാവിൽ പോലീസുകാർ മുട്ടിവിളിച്ച അടിയന്തരാവസ്ഥക്കാലത്ത് സുപ്രീം കോടതി മൗലികാവകാശങ്ങളെ റദ്ദ് ചെയ്ത് (ADM Jabalpur v. S S Shukla ,1976 ) ഇന്ദിരാഗാന്ധിക്കും ഭരണകൂടത്തിനും മുന്നിൽ വിനീത വിധേയരായി. വിയോജന വിധി പുറപ്പെടുവിച്ച ന്യായാധിപനെ - എച്ച്. ആർ ഖന്ന - ചീഫ ജസ്റ്റിസ് ആക്കാതെ കീഴ്വഴക്കങ്ങൾ ലംഘിച്ച സർക്കാർ ഉത്തരവ് കൈപ്പറ്റിയ ദിവസവും മറ്റെല്ലാ ന്യായാധിപന്മാരും പതിവുപോലെ നീതിനിർവ്വഹണത്തിനായി സുപ്രീം കോടതിയിലെത്തി. ആർക്കും ഒരു ധാർമിക പ്രതിഷേധവും ഉണ്ടായില്ല. നീതിയും അതിന്റെ മൂല്യബോധവും തങ്ങളും തമ്മിലുള്ള അകലം തരാതരം പോലെ മാറ്റാനുള്ള തങ്ങളുടെ മെയ്‌വഴക്കം അവർ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. രാജ്യത്തെങ്ങും ജനാധിപത്യത്തിനായുള്ള പ്രതിഷേധത്തെ തുറുങ്കിലടക്കുകയും ഉരുട്ടിക്കൊല്ലുകയും ചെയ്തിരുന്ന കാലത്ത് സുപ്രീം കോടതി നാവടക്കി പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു.

കേരളം പോലുള്ള അപൂർവം ചില അപവാദങ്ങളൊഴിച്ചാൽ രാജ്യത്തെങ്ങുമുള്ള ജനത അടിയന്തരാവസ്ഥയുടെ രാഷ്ട്രീയത്തേയും അതിനു നേതൃത്വം നൽകിയവരേയും തങ്ങൾക്ക് കിട്ടിയ ആദ്യ അവസരത്തിൽത്തന്നെ അധികാരത്തിൽനിന്നും പുറത്താക്കിയതോടെ കോടതിയുടെ നിയമവ്യവഹാരങ്ങൾ വീണ്ടും ഭരണഘടനയുടെ അടിസ്ഥാനമൂല്യബോധത്തെ വീണ്ടെടുക്കാൻ നിർബന്ധിതമായി. ഇത്തരത്തിൽ തങ്ങളുടെ വ്യവഹാരത്തെ പുതുക്കിപ്പണിയാൻ അതിനെ പ്രേരിപ്പിക്കുന്നത് സമൂഹത്തിലെ രാഷ്ട്രീയ മാറ്റങ്ങളാണ്. തുടർന്നുള്ള വലിയൊരു കാലയളവ് പൗരാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, സമഗ്രാധിപത്യത്തിനെതിരായ ജാഗ്രത എന്നിവയുടെയെല്ലാം പ്രതിഫലനമായിരുന്നു പല സുപ്രീം കോടതി വിധികളും. ഒപ്പംതന്നെ സർക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു നിയമവ്യാഖ്യാനബോധം സുപ്രീം കോടതി രൂപപ്പെടുത്തിയെടുക്കുന്ന ഒരു പ്രക്രിയകൂടി നടന്നു.

അതുകൊണ്ടുതന്നെ വലതുപക്ഷ രാഷ്ട്രീയം എല്ലാ മേഖലകളിലേക്കും പടർന്നിറങ്ങിയ ഈ കാലഘട്ടത്തിൽ കോടതി തങ്ങളുടെ നിയമവ്യവഹാരത്തെ വലതുപക്ഷത്തിനു സ്വീകാര്യമാകുന്ന നിലയിലേക്ക് മാറ്റുന്നത് ഇന്ത്യയുടെ സുപ്രീം കോടതിയുടെ ചരിത്രവുമായി ചേർന്നുനിൽക്കുന്നതാണ്. കാരണം അത് കൃത്യമായി സമൂഹത്തിലെ രാഷ്ട്രീയ അധീശ മണ്ഡലത്തോട് എക്കാലത്തും സൗഹൃദം സ്ഥാപിച്ചിരുന്നു.

ഇപ്പോഴുള്ള അവസ്ഥ ഇതുവരെയില്ലാത്തത്ര പ്രകടമായ വിധേയത്വം പ്രകടിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'genius' എന്നും മറ്റു പലവിധത്തിലുള്ള സ്തുതിവചനങ്ങൾക്കൊണ്ടും സന്തോഷിപ്പിക്കാൻ ശ്രമിച്ച ജസ്റ്റിസ് അരുൺ മിശ്രയെപ്പോലുള്ള ഒരു ന്യായാധിപനാണ് സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യക്കുറ്റത്തിന് ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്. അതായത് വാറൻ ഹേസ്റ്റിങ്സിനെതിരെ ആരോപണം ഉന്നയിച്ച രാജ നന്ദകുമാറിനെ ഉടനടി മറ്റൊരു കേസിൽക്കുടുക്കി തൂക്കിക്കൊന്ന കൊളോണിയൽ കോടതിയിൽ നിന്നും സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രീം കോടതി ഏറെയൊന്നും അതിന്റെ ഉള്ളടക്കത്തിൽ മാറിയില്ല എന്ന് കാണാം. അതായത് സർക്കാർ തന്നെയാണ് കോടതി എന്നുവരുന്നു. അതിനും മുമ്പുള്ള കാലത്തേക്ക് നോക്കിയാൽ രാജാവ് തന്നെയാണ് കോടതി എന്നും. ആ യുക്തിയിലാണ് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ ആക്രമണം.

തനിക്കെതിരെ ഉയർന്ന ലൈംഗികപീഡനക്കേസിൽ പരസ്യമായി എല്ലാതരത്തിലുള്ള നിയമവാഴ്ചയെയും ലംഘിക്കുകയും സുപ്രീം കോടതിയെ തന്റെ ഭാഗം ന്യായീകരിക്കാൻ ദുരുപയോഗം ചെയ്യുകയും ചെയ്ത മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, തന്നെ രക്ഷിച്ചെടുത്തതിനുള്ള കടപ്പാട് കേന്ദ്രസർക്കാരിനനുകൂലമായ നിരവധി വിധികളിലൂടെയാണ് പ്രകടിപ്പിച്ചത്. അക്കാലത്ത് ഗോഗോയ് കോടതിമുറിയിൽ നിരന്തരം പറഞ്ഞിരുന്ന ഒരു കാര്യം 'ഒരു സംഘം' സുപ്രീം കോടതിയെ കയ്യടക്കാനും തന്നെപ്പോലുള്ള ന്യായാധിപരെ ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നത് എന്ന്. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയും പൊതുതാത്പര്യ ഹർജികളിലൂടെയും സാമൂഹ്യനീതിക്ക് വേണ്ടി നിയമത്തെ ഉപയോഗിക്കാൻ തയ്യാറായിരുന്ന വിഭാഗത്തെയാണ് ഗോഗോയ് ഇതുകൊണ്ട് ഉന്നംവെച്ചത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് നടത്തുന്ന നീക്കം. ഭരണഘടനാ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ-പൗരസമൂഹത്തിന്റെയും വലതുപക്ഷവത്കരണത്തിന്റെയും ഏറ്റവും ഭീഷണമായ പ്രകടനമാണ് സുപ്രീം കോടതി ഇപ്പോൾ നടത്തുന്നത്. ഒരു ഭരണഘടനാ സ്ഥാപനം ബഹുമാനം പിടിച്ചുവാങ്ങുന്ന കാഴ്ച ഈ രാജ്യത്തിന്റെ ജനാധിപത്യസമര ചരിത്രത്തിലെ പുതിയ വെല്ലുവിളിയാണ്.

സമൂഹത്തിന്റെ നിശിതമായ വിമർശനങ്ങളിലൂടെ മാത്രമേ നീതിയുടെ തത്വവിചാരം വികസിക്കൂ എന്നും അല്ലെങ്കിൽ സമൂഹത്തിന്റെ നിരന്തരമായ സംവാദസംഘാതങ്ങളാണ് നീതിബോധത്തെ രൂപപ്പെടുത്തുന്നതെന്നുമുള്ള നീതിവിചാരത്തിൽ നിന്നും ഇന്ത്യയിലെ സുപ്രീം കോടതി എത്രയോ അകന്നുപോയിരിക്കുന്നു. അഥവാ ഇന്ത്യൻ റിപ്പബ്ലിക്ക് അകന്നുപോയിരിക്കുന്നു. ("Justice is not a cloistered virtue; she must be allowed to suffer the scrutiny of respectful, even though outspoken comments of ordinary men." - Lord Atkin) ആ നീതിബോധത്തെ കോടതിയിൽ മാത്രമായി വീണ്ടെടുക്കാനാവില്ല എന്നതാണ് നീതി ഒരു രാഷ്ട്രീയ-സാമൂഹ്യ സങ്കൽപ്പമാണ് എന്ന് തിരിച്ചറിയുമ്പോൾ ഒരു ജനത മനസിലാക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories