TopTop
Begin typing your search above and press return to search.

അവിശ്വാസ പ്രമേയത്തില്‍ ആരാണ് തോറ്റത്?

അവിശ്വാസ പ്രമേയത്തില്‍ ആരാണ് തോറ്റത്?


ഒട്ടൊരു നീണ്ട കാത്തിരിപ്പിനൊടുവിൽ ഭരണപക്ഷത്തിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കൂട്ടർക്കും ലഭിച്ച അവസരമായിരുന്നു മുഖ്യമന്ത്രിക്കും അതുവഴി കേരളത്തിലെ ഇടതുമുന്നണി സർക്കാരിനുമെതിരെ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയവും അതിന്മേൽ നടന്ന ചർച്ചയും. കഥ 'പിണറായി വധം ' ആയിരുന്നതിനാൽ അവിശ്വാസ പ്രമേയ ചർച്ചയിലുടനീളം ഫോക്കസ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അദ്ദേഹത്തിന്റെ ഓഫിസിനെതിരെയുള്ള ആരോപണങ്ങളിൽ നിന്നും മാറിപ്പോകാതിരിക്കാൻ പ്രതിപക്ഷത്തു നിന്നും സംസാരിച്ചവരെല്ലാം തന്നെ പരമാവധി ശ്രദ്ധിച്ചു. വിഖ്യാത കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്‌പിയറിന്റെ 'ജൂലിയസ് സീസർ ' എന്ന നാടകത്തിലെ മാർക് ആന്റണിയുടെ പ്രസംഗത്തെ പരാമർശിച്ചും അതിന്റെ ചുവടു പിടിച്ചും ഇതാ മറ്റൊരു മാർക് ആന്റണി പ്രഭാഷണം എന്ന പ്രതീതി സൃഷ്ട്ടിച്ചുകൊണ്ടുമായിരുന്നു കോൺഗ്രസ് നേതാവും പറവൂർ എം എൽ എ യുമായ വി ഡി സതീശൻ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങിയതുതന്നെ. തന്റെ പ്രസംഗത്തിലുടനീളം ഒട്ടും മോശമല്ലാത്ത ടെമ്പോ കാത്തുവെങ്കിലും സീസറിനെ വധിക്കാൻ കൂട്ടുനിന്ന അദ്ദേഹത്തിന്റെ വിശ്വസ്തനെന്നു നാളതുവരെ കരുതിപ്പോന്ന ബ്രൂട്ടസിനെ ബഹുമാന്യനായ വ്യക്തിയായി അവതരിപ്പിച്ചുകൊണ്ട് തന്നെ ജനവികാരം ബ്രൂട്ടസിനും കൂട്ടർക്കും എതിരാക്കി മാറ്റിയ മാർക് ആന്റണിയുടെ പ്രസംഗവുമായി താരതമ്യപ്പെടുത്താൻ പോന്ന ഒന്നായിരുന്നില്ല സതീശന്റെ പ്രകടനം.

വിവാദ സ്വർണക്കടത്തു കേസും മുഖ്യമന്ത്രിയുടെ ഓഫിസുമായി അതിനു ഉണ്ടെന്നു ആരോപിക്കുന്ന പെടുന്ന ബന്ധം, ലൈഫ് മിഷൻ അടക്കമുള്ള ചില സർക്കാർ പ്രോജെക്റ്റുകളുമായി ബന്ധപ്പെട്ടു നടന്നുവെന്ന് പറയപ്പെടുന്ന കോഴ, സ്പ്രിംഗ്ലർ, കൺസൾറ്റൻസി വിവാദങ്ങൾ അങ്ങനെ പിണറായി സർക്കാരിനെതിരെ അടുത്തകാലത്തായി ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും സതീശൻ സഭയിൽ അക്കമിട്ടു തന്നെ നിരത്തി. സതീശന് പിന്നാലെ പ്രതിപക്ഷത്തുനിന്നും സംസാരിച്ചവരെല്ലാം തന്നെ (കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് ഒഴികെ) ഏതാണ്ട് ഇതേ ആരോപണങ്ങൾ തങ്ങളുടേതായ രീതിയിൽ ആവര്‍ത്തിക്കുകയാണുണ്ടായത്. പി ജെ ജോസഫാവട്ടെ അടുത്തകാലത്ത് പത്തനംതിട്ട ജില്ലയിൽ ഉണ്ടായ ഒരു കർഷകന്റെ കസ്റ്റഡി മരണത്തിലേക്കും പ്രസ്തുത മരണത്തിനു ഉത്തരവാദികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അയാളുടെ മൃതദേഹം അടക്കം ചെയ്യപ്പെടാത്ത സംഭവത്തിലേക്കും കൂടി സഭയുടെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ, പി ടി തോമസ് തുടങ്ങിയ കോൺഗ്രസ് സാമാജികർ മാത്രമല്ല മുസ്ലിം ലീഗിൽ നിന്നും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച എം കെ മുനീർ, കെ എം ഷാജി അടക്കമുള്ളവരും 'പിണറായി വധം' ആട്ടക്കഥയിൽ തങ്ങളുടെ വേഷം ഗംഭീരമാക്കാൻ നല്ല ശ്രമം തന്നെ നടത്തി. എന്നാൽ ഭരണ പക്ഷത്തു നിന്നും പ്രരോധം മാത്രമല്ല കടുത്ത പ്രത്യാക്രമണവും ഉണ്ടായി. 1957 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചതിന്റെ ശാപമാണ് കോൺഗ്രസ് ഇപ്പോൾ നേരിടുന്നതെന്നു തുടങ്ങി പിണറായി സർക്കാരിന് തുടര്‍ഭരണം പ്രവചിച്ചുകൊണ്ടുള്ള ഏഷ്യാനെറ്റ് സർവ്വേ വന്നതിനെ തുടർന്ന് പ്രതിപക്ഷ നേതാവിനും കൂട്ടർക്കും സമനില തെറ്റിയിരിക്കുന്നുവെന്നും, ഇതാണ് സർക്കാരിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിലെന്നും ഭരണപക്ഷത്തുനിന്നും ആക്ഷേപം ഉയർന്നു. മുല്ലക്കര രത്നാനാകരൻ അടക്കമുള്ള സി പി ഐ അംഗങ്ങൾ കൂടി മുഖ്യമന്ത്രിക്കും സർക്കാരിനും കവചം തീർത്തതോടെ പ്രതിപക്ഷത്തിന്റെ ആക്രമണത്തിന്റെ മൂർച്ച നഷ്ടപ്പെടുന്നതാണ് കണ്ടത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരൻ തുടങ്ങി ഭരണപരമായ ചില കാര്യങ്ങളിൽ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐ യുടെ നേതാവും റെവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെ പ്രകോപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമവും പാളിപ്പോയി.

കേരള കോൺഗ്രസ് ജോസ് വിഭാഗം എം എൽ എ മാർ സഭയിൽ നിന്നും വിട്ടുനിന്നത് ചൂണ്ടിക്കാട്ടി യു ഡി എഫ് ശിഥിലമായി എന്ന വാദം ഉന്നയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മറുപടി പ്രസംഗം ആരംഭിച്ചതുതന്നെ. തുടർന്ന് തന്റെ സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ പിണറായി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും വലിയ വികസനം കൊണ്ടുവരാൻ തന്റെ സർക്കാരിനു കഴിഞ്ഞുവെന്നും അവകാശപ്പെട്ടു. നാലുവർഷം മുൻപ് കേരളത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത നേട്ടമാണ് ഈ സർക്കാരിന്റെ കാലത്തു കൈവരിക്കാൻ കഴിഞ്ഞതെന്നും അതിലുള്ള അങ്കലാപ്പുമൂലമാണ് സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നതെന്നും അവിശ്വാസ പ്രമേയം അതിന്റെ ഭാഗമാണെന്നും സ്ഥാപിക്കാനുമായിരുന്നു മുഖ്യമന്ത്രി പ്രധാനമായും ശ്രമിച്ചത്. അതിനിടയിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷത്തെ ചില അംഗങ്ങൾ നടുത്തളത്തിലിറങ്ങി സഭാ നടപടികൾ അലങ്കോലപ്പെടുത്താൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും ചെറിയൊരു ബ്രേക്ക് എടുത്ത ശേഷം മുഖ്യമന്ത്രി വീണ്ടും കത്തിക്കയറി. വടികൊടുത്തു അടിവാങ്ങിയ അനുഭവം ആയിരുന്നു പിന്നീട് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം. മതേതര സർക്കാരുകളെ കോൺഗ്രസ് താഴെ ഇറക്കിയതും ഒടുവിൽ അതിനവർക്ക് കനത്ത വിലനൽകേണ്ടി വന്നതുമൊക്കെ വിസ്തരിച്ചു പറഞ്ഞ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഏതാണ്ട് മൂന്നര മണിക്കൂർ നീണ്ടു. ഒടുവിൽ 40 - 87 നു അവിശ്വാസം പരാജയപ്പെടുത്താനായെങ്കിലും ചില കാതലായ ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു.

അതിൽ പ്രധാനമായത് തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനെക്കുറിച്ചു പ്രധാന ഘടക കക്ഷിയായ സി പി ഐ യിൽ നിന്നുപോലും നേരത്തെ ആക്ഷേപം ഉയർന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി അയാളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നതുതന്നെയാണ്. ഒരു ഭരണാധികാരി എന്ന നിലയിൽ തന്റെ പ്രാഗൽഭ്യം നേരത്തെ തന്നെ തെളിയിച്ചിട്ടുള്ള ആളാണ് പിണറായി വിജയൻ. 2016 ലെ നിയമസഭാ തിരെഞ്ഞെടുപ്പ് കാലത്തു ഇപ്പോൾ പ്രതിപക്ഷത്തുള്ള പല നേതാക്കളും ഇതെഴുതുന്ന ആൾ അടക്കമുള്ളവരോട് പ്രധാനമായും അന്വേഷിച്ചിരുന്ന കാര്യം പിണറായി വിജയൻ തന്നെയായിരിക്കുമോ ഇടതു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നതാണ്. പിണറായി മുഖ്യമന്ത്രിയാവുന്നതിനെ അവർ വല്ലാതെ ഭയപ്പെട്ടിരുന്നു. ഡൽഹിയിലും മുംബയിൽ നിന്നുമൊക്കെ വന്ന ചാനൽ പ്രതിനിധികൾക്കും അറിയേണ്ടിയിരുന്നത് അതുതന്നെയായിരുന്നു. എന്നാൽ അതേ പിണറായി വിജയന് സംഭവിക്കാൻ പാടില്ലാത്ത ജാഗ്രതക്കുറവ് ചുരുങ്ങിയ പക്ഷം ശിവശങ്കരനെ പോലുള്ള ഒരു ഉദ്യോസ്ഥനെ മനസ്സിലാക്കുന്നതിൽ സംഭവിച്ചു എന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. ആരൊക്കെ എങ്ങനെയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഇക്കാര്യത്തിലുണ്ടായ ജാഗ്രതക്കുറവ് ജാഗ്രതക്കുറവ് ആവാതിരിക്കില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories