TopTop
Begin typing your search above and press return to search.

മരിച്ചാല്‍ അടക്കം ചെയ്യാന്‍ ഭൂമിയില്ലാത്ത ലക്ഷക്കണക്കിനാളുകളുണ്ട് സഖാക്കളെ ഇവിടെ, ഭൂപരിഷ്ക്കരണ പൈതൃക വിഴുപ്പലക്കല്‍ നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളോടാണ്

മരിച്ചാല്‍ അടക്കം ചെയ്യാന്‍ ഭൂമിയില്ലാത്ത ലക്ഷക്കണക്കിനാളുകളുണ്ട് സഖാക്കളെ ഇവിടെ, ഭൂപരിഷ്ക്കരണ പൈതൃക വിഴുപ്പലക്കല്‍ നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളോടാണ്

ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയിട്ട് അമ്പത് വര്‍ഷം കഴിഞ്ഞു. അതിന്റെ ആഘോഷങ്ങള്‍ സംസ്ഥാനത്തെമ്പാടും നടക്കുകയും ചെയ്യുന്നു. ഈ മാസം ഒന്നാം തീയതി തിരുവനന്തപുരത്ത് സര്‍ക്കാര്‍ തന്നെ 50 -ാം വര്‍ഷത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിച്ചു. ഇഎംഎസ് നമ്പൂതിരിപ്പിടിന്റെയും സി അച്യുതമേനോന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തുള്ള ഫ്‌ളക്‌സുകള്‍ പരിപാടിയുടെ വിളംബരമായി നഗരത്തില്‍ പലയിടത്തും സ്ഥാപിച്ചിരുന്നു.

കേരള ചരിത്രത്തിലെ നിര്‍ണായക സംഭവമെന്ന നിലയിലും സംസ്ഥാനത്തെ മാറ്റി പണിത സുപ്രധാന നയസമീപനമെന്ന നിലയിലും ഭൂപരിഷ്‌ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതുതന്നെയാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമായും ഭുപരിഷ്‌ക്കരണം നടപ്പിലാക്കുന്നതില്‍ ഇഎംഎസ് വഹിച്ച പങ്കിനെക്കുറിച്ചാണ് സംസാരിച്ചത്. റവന്യ മന്ത്രിയും സിപിഐയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഇചന്ദശേഖരന്‍ സി അച്യുതമേനോന്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും സംസാരിച്ചു. അച്യുതമേനോനെ മാറ്റി നിര്‍ത്തി ഭൂപരിഷ്‌ക്കരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പലരുടെയും വാദം കേരളത്തിലെ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയതില്‍ സി അച്യുതമേനോന്റെ പങ്ക് പറയാത്തതിന് സിപിഐ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രം മുഖപ്രസംഗമെഴുതി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌ക്കരണമാണെന്ന് ജനയുഗം എഴുതി. ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുന്നതില്‍ സി അച്യുതമേനോന്‍ സര്‍ക്കാരാണ് നിശ്ചയ ദാര്‍ഢ്യമാണ് പ്രധാന പങ്ക് വഹിച്ചതെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി. കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയാത്ത വിധത്തിൽ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതിനു പിന്നിലെ കഴിവും അച്യുതമേനോൻ്റെതാണെന്ന് സിപിഐ വാദിക്കുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പിണറായി വിജയൻ അദ്ദേഹത്തിൻ്റെ നിലപാടിൽ നിന്ന് പിന്തിരിഞ്ഞില്ല. ആരെയും വേദനിപ്പാക്കാതിരിക്കാനാണ് കൂടുതല്‍ ഒന്നും പറയാത്തതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭൂപരിഷക്കരണത്തിനെതിരെ സിപിഐ പ്രവര്‍ത്തിച്ചുവെന്ന തരത്തില്‍ വ്യാഖ്യാനിക്കാവുന്ന പരമാര്‍ശവും പിന്നീട് നടത്തി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ നടക്കുന്ന സിപിഐ സിപിഎം തര്‍ക്കത്തിന്റെ പുതിയ വിഷയമായി ഭൂപരിഷ്‌ക്കരണത്തെ ഇരുപാര്‍ട്ടികളും ചേര്‍ന്ന് മാറ്റിയെന്ന് അര്‍ത്ഥം. കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തിന്റെ അംസബന്ധ ചര്‍ച്ചകളില്‍ ഒടുവില്ലേത്തതായിരിക്കില്ല, ഭൂപരിഷ്‌ക്കരണത്തിന്റെ പൈതൃകം ആർക്കെന്ന പേരില്‍ നടക്കുന്ന സിപിഐ സിപിഎം പോര്. എന്നാല്‍ ഈ തര്‍ക്കത്തെ അപഹാസ്യമാക്കുന്നത് അത് ഒരു പൈതൃക തര്‍ക്കമായതുകൊണ്ട് മാത്രമല്ല. മറിച്ച് കേരളത്തിലെ ഭൂപരിഷ്‌ക്കരണം എന്നത് ഒരു ചരിത്ര സംഭവമായിരിക്കുമ്പോള്‍ തന്നെ, അതിന്റെ പരിമിതികള്‍ ഇപ്പോഴും ചർച്ചചെയ്യാൻ പൈതൃക തർക്കത്തിൽ ഏർപ്പെട്ടവർ നടത്തുന്നില്ലെന്നതാണ്. ഭൂപരിഷ്ക്കരണ നടപടിയിൽനിന്ന് മാറ്റി നിര്‍ത്തിയ ജനസമൂഹങ്ങൾ സ്വന്തം അവസ്ഥയെ കുറിച്ച് ഇന്ന് ബോധവാന്മാരാണ്. തങ്ങളെ കോളനികളിലേക്ക് തളച്ച രാഷ്ട്രീയത്തെ കുറിച്ചുള്ള ബോധ്യവും അവർക്കിടയിൽ വർധിച്ചുവരുന്നു . കേരളത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ദളിതരുടെയും ആദിവസികളുടെ ഭു അവകാശ സമരങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നുമുണ്ട്. ഇതൊക്കെ നടക്കുമ്പോഴാണ് പൈതൃക തർക്കത്തിലേക്കും ഭൂത കാല രതിയിലേക്കും കേരളത്തിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിൻവാങ്ങുന്നത്. മരിച്ചാൽ അടക്കാൻ ഭൂമിയില്ലാതെ കേരളത്തിൽ രണ്ടര ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ദളിതരും ജീവിക്കുന്നത് കോളനികളിലാണ്. ഇത്തരത്തിൽ സംസ്ഥാനത്ത് കാൽ ലക്ഷത്തിലേറെ കോളനികളാണുള്ളത്. ഇതിന് പുറമെയാണ് ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളും മറ്റ് കോളനികളിലായി ജീവിതം തള്ളിനീക്കുന്ന മൽസ്യതൊഴിലാളികളുമെല്ലാം. ഇതേ കേരളത്തിലാണ് ഒരു ലക്ഷത്തിലേറെ ഏക്കർ ഭൂമി കുത്തകകൾ വ്യാജരേഖ ചമച്ചും മറ്റും കൈയടക്കി വെച്ചിരിക്കുന്നത്. പാട്ടകാലവധി കഴിഞ്ഞ വൻകിടക്കാരെ പോലും ഒഴിപ്പിക്കാൻ ഭൂപരിഷ്ക്കരണത്തിൻ്റെ പൈതൃകത്തിൻ്റെ പേരിൽ തർക്കിക്കുന്നവർ ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ലെന്നതിന് സമീപകാലത്തുപോലും ഉദാഹരണങ്ങൾ ഏറെയുണ്ട് സിപിഎമ്മും സിപിഐയും അവകാശപ്പെടുന്ന പൈതൃകത്തെയാണ് നേരത്തെ സൂചിപ്പിച്ച കോളനികളിൽ ജീവിക്കുന്ന, ഇപ്പോഴും ഭൂമി ഇല്ലാത്തവർ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. 1970 കളില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിന് ശേഷം സാമൂഹ്യ ശാസ്ത്രകാരന്മാര്‍ക്കിടയില്‍ പ്രചാരം കിട്ടിയ കേരള വികസന മാതൃകയുടെ അടിസ്ഥാനങ്ങളില്‍ ഒന്നായി കണക്കാക്കുന്നത് കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണവുമാണ്. ( ഇപ്പോള്‍ കേരള വികസന മാതൃകയെ കുറിച്ച് അതിനെ വ്യാപകമായി പ്രചരിപ്പിച്ച സിപിഎം അനുകൂല ബുദ്ധിജീവികള്‍ പോലും കാര്യമായി പറയാറില്ലെന്നത് വേറെ കാര്യം). ഭൂപരിഷ്‌ക്കരണത്തിന്റെ പരിഗണനയില്‍നിന്ന് ഒഴിവാക്കപ്പെടുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്ത ജാതി സമൂഹങ്ങള്‍ കുറെ വര്‍ഷങ്ങളായി അതിനെ ചോദ്യം ചെയ്യുകയാണ്. ഭൂപരിഷ്ക്കരണത്തെ മാതൃമല്ല, കേരള വികസന മാതൃകയെന്ന സങ്കൽപത്തെയും കോളനികളിലെ അവരുടെ ജീവിതം കേരള വികസന മാതൃകയുടെ മുന്നില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുന്നുമുണ്ട്. ഭൂപരിഷ്‌ക്കരണത്തിന്റെ പരിമിതികള്‍ അവരുടെ ജീവിതങ്ങളും കേരളത്തിലെ പൊതു സമൂഹത്തെ നിരന്തരം ഓര്‍മ്മപ്പിക്കുകയും ചെയ്യുന്നു. ഇതിൻറെയൊക്കെ പശ്ചാത്തലത്തിൽ വലിയ വിഭാഗം ജനങ്ങളെ അരികിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട ഭൂപരിഷ്‌ക്കരണത്തിന്റെ പരിമിതികളാവണമായിരുന്നു ആ നിയമത്തിന്റെ 50 വര്‍ഷത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചര്‍ച്ചചെയ്യേണ്ടയിരുന്നത്. എങ്ങനെയാണ് ഭൂയുടെ അവകാശത്തില്‍നിന്ന് ഒരു വലിയ വിഭാഗം ജനങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടതെന്നും മറ്റുമുളള ചര്‍ച്ചകളിലേക്ക് പരിഹാരങ്ങളിലേക്കും നയിക്കുന്ന ചര്‍ച്ചകള്‍ക്ക് പകരം കേരളത്തിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രിയം പൈതൃകത്തെ കുറിച്ചുള്ള മേനിപറച്ചിലുകളാണ്. നടപ്പിലാക്കിയത് ഇഎംഎസ്സായാലും അച്യുതമേനോനാനായും, സിപിഎം ആയാലും സിപിഐ ആയാലും കേരളത്തിലെ ഭൂപരിഷ്‌ക്കരണം എങ്ങനെ തുടര്‍ന്നു പോകുമെന്ന ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് പകരമാണ്, ഭരണമുന്നണിയിലെ രണ്ട് പ്രധാന കക്ഷികള്‍ ഇപ്പോള്‍ വിഴുപ്പലക്കികൊണ്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയത്തിന്റെ ഒരു സവിശേഷത തന്നെ വിഷയങ്ങളെ വിവാദങ്ങളാക്കി മാറ്റി ഇല്ലാതാക്കുകയെന്നതാണ്. ഭൂപ്രശ്‌നത്തെ ഗൗരവത്തോടെ ചര്‍ച്ച ചെയ്താല്‍ അത് വിവിധ പ്രശനങ്ങളെ വീണ്ടും പുറത്തെക്ക് കൊണ്ടുവരും. കോളനികളിലെ ജീവിതങ്ങളുടെ പ്രശ്‌നങ്ങള്‍, പാട്ടക്കാലവധി കഴിഞ്ഞ എസ്റ്റേറ്റു ഭൂമികള്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാത്തതിന്റെ പ്രശ്‌നങ്ങള്‍, അങ്ങനെ പലതും. തങ്ങള്‍ കെട്ടിപ്പൊക്കി വച്ച രാഷ്ട്രീയ മഹാത്മ്യത്തിന്റെ കഥകള്‍ പലതും അതോടെ തകര്‍ന്നില്ലാതായെന്നും വരും. അതിനെക്കാള്‍ നല്ലത് പൈതൃകത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്. കുറച്ചുദിവസം തര്‍ക്കിച്ചതിന് ശേഷം, മറ്റൊരു വിഷയത്തിലേക്ക് കടക്കാം. അങ്ങനെ വിവാദ പരിപാടി തുടരാം. മറിച്ചാണെങ്കില്‍ രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ പ്രശ്‌നങ്ങള്‍ വരും. വര്‍ത്തമാന കാലത്തെ രാഷ്ട്രീയവും സാമൂഹികവുമായ വെല്ലുവിളികള്‍ നേരിടുകയെന്നത് പിന്നോട്ട് നോക്കി അയവിറക്കുന്നത് പോലെ എളുപ്പമുള്ള കാര്യവുമല്ല


Next Story

Related Stories