TopTop
Begin typing your search above and press return to search.

ചെന്നിത്തലയോ സുരേന്ദ്രനോ? പോരാട്ടത്തില്‍ ആര് ജയിക്കും?

ചെന്നിത്തലയോ സുരേന്ദ്രനോ? പോരാട്ടത്തില്‍ ആര് ജയിക്കും?


യു ഡി എഫും ബി ജെ പി യും മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹത്തിന്റെ ഓഫിസിനെയും അതുവഴി സംസ്ഥാന സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ നിറുത്തിയിട്ടുള്ള സ്വർണ കള്ളക്കടത്തു കേസ്, സ്പ്രിംഗ്ളർ, ബെവ്‌കോ ആപ് , കൺസൾട്ടൻസി-കരാർ നിയമന വിവാദങ്ങൾ, സർക്കാരിന്റെ പ്രസ്റ്റീജ് പ്രൊജെക്ടുകളിൽ ഒന്നായ 'ലൈഫ് മിഷൻ' പദ്ധതിയില്‍ പെട്ട വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കോഴ വിവാദം, 'ലൈഫി'നു തീ പിടിക്കുന്നതിനിടയിൽ സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തം-പിണറായി സർക്കാരിനെ വരിഞ്ഞുമുറുക്കുന്ന വിവാദങ്ങൾക്കും അത് ഉയർത്തുന്ന തീക്കും പുകക്കും ഈ കൊറോണക്കാലത്തും ഒട്ടും ശമനമില്ല.

സ്വർണക്കടത്തു കേസിലെ പ്രതികളിൽ ഒരാളായ സ്വപ്‍ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയും ആയിരുന്ന എം ശിവശങ്കറിനെ തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്‌തെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുമുള്ള വിവാദങ്ങൾ അതേപടി തുടരുകയാണ്. ഇതുൾപ്പെടെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ എല്ലാ വിവാദങ്ങളുടെയും തീ അണയാതിരിക്കാൻ യു ഡി എഫും ബി ജെ പി യും ബദ്ധശ്രദ്ധരാണുതാനും. യു ഡി എഫ് എന്നു പറയുമ്പോൾ കോൺഗ്രസ്സും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തന്നെയാണ് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയിട്ടുള്ളത്. മുസ്ലിം ലീഗ് രംഗത്തുണ്ടെങ്കിലും അത്രകണ്ട് സജീവമല്ല. ബി ജെ പിയുടെ ഭാഗത്തു നിന്നും അതിന്റെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന ഇടതു വിരുദ്ധ പോരാട്ടത്തിൽ ഗ്രൂപ്പ് വൈരം മറന്നു ഏതാണ്ട് ഒട്ടെല്ലാ നേതാക്കളും സജീവമായി രംഗത്തുണ്ട്. പോരാത്തതിന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരന്റെ എല്ലാ വിധ പിന്തുണയും സുരേന്ദ്രനും കൂട്ടർക്കും ലഭിക്കുന്നുമുണ്ട്.

തുടക്കത്തിൽ കോവിഡ്- 19 നെ പ്രതിരോധിക്കുന്നതിൽ ഏറെ മുൻപന്തിയിൽ നിന്ന സംസ്ഥാനമായിരുന്നു കേരളം. ഇതിന്റെ പേരിൽ രാജ്യാന്തര തലത്തിൽ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് -19 പ്രതിരോധ പ്രോട്ടോകോളുകൾ ചില തല്പര കേന്ദ്രങ്ങൾ അട്ടിമറിക്കുന്നതാണ് കണ്ടത്. അതിന്റെ ഭാഗമായി കേസുകളുടെ എണ്ണത്തിലും മരണ നിരക്കിലും വർധന രേഖപ്പെടുത്തപ്പെട്ടു. ഒരു ഭാഗത്തു ഇത് സംഭവിക്കുമ്പോഴും പ്രോട്ടോകോൾ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തികൊണ്ടുള്ള പ്രതിക്ഷേധ സമരങ്ങൾക്ക് തലസ്ഥാന നഗരവും ഭരണ സിരാകേന്ദ്രമായ സെക്രെട്ടറിയേറ്റും വേദിയാവുന്ന കാഴ്ച്ചയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

പിണറായി വിജയൻ സർക്കാരിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടിങ്ങിൽ നിന്നും സഭയിലെ ഏക ബി ജെ പി പ്രതിനിധിയായ ഓ രാജഗോപാൽ വിട്ടുനിന്നപ്പോഴും പുറത്തു പിണറായിയുടെ രാജി ആവശ്യം ഉന്നയിച്ചു ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം കത്തിക്കയറി എന്നതും ശ്രദ്ധേയം. സഭകത്തും വെളിയിലും ബി ജെ പി എന്തുകൊണ്ട് വ്യത്യസ്ത നിലപാട് സ്വീകരിച്ചു എന്നത് സംബന്ധിച്ചു വ്യക്തമായ ഒരു വിശദീകരണം ഇനിയും ഉണ്ടായിട്ടുമില്ല.

സഭയിൽ അവിശ്വാസം പരാജയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമായാണ് സെക്രെട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടായതും സെക്രെട്ടറിയേറ്റിൽ തന്നെയുണ്ടായിരുന്ന ചീഫ് സെക്രട്ടറി അവിടെ എത്തുന്നതിനും മുൻപ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുതിച്ചെത്തിയതും സെക്രട്ടറിയേറ്റ് പരിസരം സംഘർഷ വേദിയായതും മറ്റും. തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് കൂടി സ്ഥലത്തെത്തിയതോടെ സംഘർഷം കൂടുതൽ മൂർച്ഛിക്കുന്നതാണ് കണ്ടത്. തീപിടുത്തത്തിന്റെ കാരണം എന്തെന്ന് കണ്ടെത്തുന്നതിനു മുൻപ് ബോധപൂർവം സൃഷ്ടിക്കപ്പെട്ടുവെന്നു തന്നെ സംശയിക്കേണ്ടുന്ന ഈ സംഘര്‍ഷത്തിന് നേതൃത്വം നൽകിയവർ കോവിഡ് കേസുകളുടെ വർധനവിന്റെ കാര്യം വരുമ്പോൾ അതിന്റെ പഴിയും ചാർത്തുന്നത് സർക്കാരിനുമേൽ തന്നെയാണ് എന്നതാണ് ഏറെ വിചിത്രമായ കാര്യം.

പറഞ്ഞുവരുന്നത് സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അന്വേഷണം ആവശ്യപ്പെടുന്നില്ല എന്നല്ല. സ്വർണ കടത്തുകേസിൽ ഉൾപ്പെടെ പലതിലും അന്വേഷണം നടക്കുകയാണ്. എൻ ഐ എ അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുന്നതിനിടയിൽ ഈ കൊറോണക്കാലത്തു അരങ്ങേറുന്ന സമര കോലാഹലങ്ങളുടെ ഔചിത്യത്തെക്കുറിച്ചു മാത്രമാണ് സംശയം.

ഇതൊക്കെ പറയുമ്പോഴും കേരള രാഷ്ട്രീയത്തിൽ മേൽക്കൈ നേടാനായി രണ്ടു നേതാക്കൾ നടത്തുന്ന അദ്ധ്വാനവും കാണാതെ പോകാനാവില്ല. യു ഡി എഫ് ഭാഗത്തു നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി യിൽ നിന്നും ആ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തികഞ്ഞ മത്സര ബുദ്ധിയോടുകൂടിതന്നെയാണ് കേരളത്തിലെ പിണറായി സർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു എന്നതുമാത്രമല്ല ഇരു നേതാക്കളുടെയും ഇപ്പോഴത്തെ ഈ കഠിനാധ്വാനത്തിന് പിന്നിൽ. അവരെ അതിലേക്കു നയിച്ച ഒരു സംഭവം ഈ അടുത്തകാലത്തുണ്ടായി. യു ഡി എഫിനെയും ബി ജെ പി യെയും ഒരേപോലെ അസ്വസ്ഥമാക്കാൻ പോന്ന ഒരു സർവ്വേ ഫലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതേ, സ്വർണക്കടത്തു കേസും മറ്റും കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്നതിനും മുൻപ് ഏഷ്യാനെറ്റ് പുറത്തുവിട്ട സർവ്വേ ഫലത്തെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 4 നായിരുന്നു കേരള രാഷ്ട്രീയത്തിൽ ഭൂകമ്പം സൃഷ്ട്ടിക്കാൻ പോന്ന ആ സർവ്വേ ഫലം ഏഷ്യാനെറ്റ് പുറത്തുവിട്ടത്. അടുത്ത് തന്നെ സംസ്ഥാനത്തു നടക്കേണ്ട തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടു കോവിഡ്-19 ന്റെ കൂടി പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് സി ഫോർ എന്ന സ്ഥാപനവുമായി ചേർന്ന് ജൂൺ മാസത്തിൽ നടത്തിയ സർവ്വേയുടെ ഫലം ആയിരുന്നു അത്. കോവിഡ്-19 നെ പ്രതിരോധിക്കുന്നതിൽ കേരള സർക്കാരും കേന്ദ്ര സർക്കാരും എത്രകണ്ട് ക്രിയാത്‌മകമായി പ്രവർത്തിച്ചു, ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവരുടെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നൊക്കെ അന്വേഷിച്ച സർവ്വേ സംസ്ഥാനത്തു നടക്കാനിരിക്കുന്ന തദ്ദേശ, നിയസഭ തിരഞ്ഞെടുപ്പുകളിൽ കേരളം ആർക്കൊപ്പം നിൽക്കും എന്നൊരു അന്വേഷണം കൂടി നടത്തിയിരുന്നു.

കോവിഡ്-19 നെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനെയും മറ്റു സംസ്ഥാന സർക്കാരുകളെയും അപേക്ഷിച്ചു കേരളം മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നായിരുന്നു സർവേയുടെ കണ്ടെത്തൽ. കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ വലിയ അതൃപ്തിയാണ് സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷവും രേഖപ്പെടുത്തിയത്. കോവിഡിന് മുൻപ് കേരളത്തിലുണ്ടായ രണ്ടു പ്രളയങ്ങളെയും നിപ രോഗത്തെയും നേരിട്ട രീതി കൂടി സർവേക്ക് വിധേയമാക്കിയിരുന്നു എന്നാണ് ഏഷ്യാനെറ്റ് അവകാശപ്പെട്ടത്. ഇവ കേരള സർക്കാർ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തുവെന്നും സർവ്വേ ഫലം പുറത്തുവിട്ടുകൊണ്ടു ഏഷ്യാനെറ്റ് അവകാശപ്പെടുകയുണ്ടായി. ദുരന്തങ്ങൾ കൈകാര്യം ചെയ്ത രീതിവെച്ചു മുഖ്യമന്ത്രി പിണറായി വിജയന് 84 % മാർക്കും ആരോഗ്യ മന്ത്രി കെ കെ ഷൈലജക്കു 97% മാർക്കും ലഭിച്ചു. കേരളത്തിൽ ഇനി നടക്കാനിരിക്കുന്ന തദ്ദേശ ഭരണ, നിയമ സഭ തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് മേൽക്കൈ പ്രവചിച്ച സർവ്വേ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വോട്ടും നൽകിയത് പിണറായി വിജയനായിരുന്നു. വലിയ മാർജിനിൽ ആണെങ്കിൽ കൂടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാമതെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറെ പിന്നിൽ പോയി.

എന്തുകൊണ്ടും കേരളത്തിലെ യു ഡി എഫ്, ബി ജെ പി നേതാക്കളെയും പ്രവർത്തകരെയും സംബന്ധിച്ചിടത്തോളം ഞെട്ടൽ ഉളവാക്കാൻ പോന്ന ഒന്നായിരുന്നു ഏഷ്യാനെറ്റ് -സി ഫോർ സർവ്വേ ഫലം. ഒപ്പം ഒരു ആത്മ പരിശോധനക്ക് വക നൽകുന്നതും. സർവ്വേ യുടെ ഉദ്ദേശ്യ ലക്ഷ്യത്തെ ഇവിടെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അത് കോവിഡ് കാലത്തു കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. അത്തരത്തിലൊരു കോളിളക്കം തന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇക്കാലമത്രയും ഹീറോ പരിവേഷവുമായി നിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിറുത്തുന്ന ആരോപണങ്ങളുടെ ഒരു വേലിയേറ്റം തന്നെയായിരുന്നു പിന്നീടിങ്ങോട്ട്. ആരോപണങ്ങൾ അതിന്റെ പൂർണ അർത്ഥത്തിൽ തെളിയിക്കപ്പെട്ടിട്ടുകഴിഞ്ഞിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇമേജിനെ ഇടിച്ചു കാണിക്കാൻ ഒരു പരിധി വരെ കഴിഞ്ഞു എന്ന കാര്യത്തിൽ തർക്കമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories