TopTop
Begin typing your search above and press return to search.

ഡല്‍ഹിയില്‍ കെജ്രിവാള്‍ ജയിച്ചിട്ടും പരുക്കേൽക്കാത്ത ഹിന്ദുത്വ രാഷ്ട്രീയം

ഡല്‍ഹിയില്‍ കെജ്രിവാള്‍ ജയിച്ചിട്ടും പരുക്കേൽക്കാത്ത ഹിന്ദുത്വ രാഷ്ട്രീയം

ഡല്‍ഹിയില്‍ മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടി വിജയത്തിലെത്തിയിരിക്കുന്നു. ആ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടാണ് ഇത്തവണത്തെ വിജയം. രണ്ടാം തവണ വര്‍ധിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന് സംസ്ഥാനങ്ങളില്‍ ഏല്‍ക്കുന്ന തുടര്‍ച്ചയായ പരാജയത്തിന്റെ ഒടുവിലത്തേതാണ് ഡല്‍ഹിയിലെത്തേത്. ഇനി ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ ബിഹാര്‍ തെരഞ്ഞൈടുപ്പാണ് നടക്കാനുള്ളത്.

രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം തീവ്രമായി ബിജെപിയുടെ അടിസ്ഥാന നയങ്ങള്‍ നടപ്പിലാക്കുന്നതിനാണ് മോദി സര്‍ക്കാര്‍ പ്രധാന്യം നല്‍കിയത്. ഇതിന്റെ ഭാഗമായി അവര്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു. അന്താരാഷ്ട്ര രംഗത്തുനിന്ന് വലിയ എതിര്‍പ്പുണ്ടായിട്ടും ആറ് മാസത്തിനു ശേഷവും കാശ്മീര്‍ തടവറയിലാണ്. നേതാക്കള്‍ അറസ്റ്റില്‍ തുടരുന്നു. ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നതിന് വേഗത കൈവന്നിരിക്കുന്നു. പിന്നെയുള്ളത് ഏകീകൃത സിവില്‍ നിയമമാണ്. ആ നിയമം ഏത് സമയവും അവതരിപ്പിച്ചേക്കുമെന്ന സൂചന ഇപ്പോള്‍ തന്നെ പുറത്തുവന്നു തുടങ്ങിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഹാട്രിക്ക് വിജയം നേടിയത്. അത്രയും പ്രധാന്യം അതിനുണ്ട്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ ഉളള ചെറുത്തുനില്‍പ്പിന്റെ വിജയമായി കണക്കാക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. പ്രത്യയശാസ്ത്രാനന്തര കാലത്തെ രാജ്യത്തെ ആദ്യത്തെ പാര്‍ട്ടിയായി (post ideological party) ചില രാഷ്ട്രീയ മീമാംസകര്‍ ആം ആ്ദ്മി പാര്‍ട്ടിയെ വിലയിരുത്തിയിട്ടുണ്ട്. ആംആദ്മി എന്നത് താല്‍ക്കാലിക പ്രതിഭാസമെന്നായിരുന്നു മറ്റ് ചിലരുടെ വിലയിരുത്തല്‍. അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ പിന്നിലെ വലിയ പ്രയോജകര്‍ ആര്‍എസ്എസ്സ് ആണെന്ന് ഇതിനകം വ്യക്തമായതാണ്. എന്നാല്‍ ആ അഴിമതി വിരുദ്ധ സമരത്തിന്റെ സൃഷ്ടിയായ ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ശക്തമായ എതിരാളിയായി വളര്‍ന്നുവെന്നതാണ് മറ്റൊരു വൈരുദ്ധ്യം. ആദ്യഘട്ടത്തില്‍ മോദിക്കെതിരെയും ബിജെപിയ്ക്കുമെതിരെ അതിനിശിതമായ വിമര്‍ശനവും പോരാട്ടവും നടത്തിയ കെജ്രിവാള്‍ പിന്നീട് തന്റെ നിലപാട് മാറ്റുകയാണ് ചെയ്തത്. അക്രമോല്‍സുക രാഷ്ട്രീയത്തിന് ഡല്‍ഹി അംഗീകരിക്കില്ലെന്ന തോന്നാലാവും ഇത്തരമൊരു നിപാട് മാറ്റത്തിന് പിന്നില്ലെന്നാണ് കരുതുന്നത്. പൂര്‍ണ സംസ്ഥാനപദവി ആവശ്യപ്പെട്ടും ലഫ്റ്റന്റന്റ് ജനറലിന്റെ ഇടപെടലുകള്‍ക്കെതിരായും മറ്റും നടത്തിയ സമരോല്‍സുക രാഷ്ട്രീയത്തില്‍നിന്ന് മാറി മറ്റൊരു നിലപാടിലേക്ക് കേജ്‌റിവാളും ആം ആദ്മിയും മാറുകയായിരുന്നു.

ജനപ്രിയ നടപടികളിലൂടെ, രാജ്യത്ത് പ്രബലമായ നിയോ ലിബറല്‍ സമീപനങ്ങളില്‍നിന്ന് കുതറി മാറിയെന്നതാണ് കേജ്‌റിവാളിന്റെ ഏറ്റവും വലിയ നേട്ടം. ഇന്ത്യയിലെ സമീപകാലത്തെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് പോലും സാധ്യമാകാത്ത രീതിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും നടത്തിയും മറ്റ് ഭരണപരമായ കാര്യങ്ങളില്‍ സുതാര്യത നിലനിര്‍ത്തിയുമാണ് ആം ആദ്മി സര്‍ക്കാര്‍ ഭരണ രംഗത്ത് ബദല്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ ഭരണരംഗത്ത് കാണിച്ച ഈ ബദല്‍ സമീപനങ്ങള്‍ രാഷ്ട്രീയ സമീപനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തിയെന്നതു കൊണ്ട് കൂടിയാണ് ഹിന്ദുത്വ അധിനിവേശ കാലത്ത് വിജയം നേടാന്‍ ആം ആദ്മിക്ക് സാധിച്ചതെന്ന് വേണം മനസ്സിലാക്കാന്‍. ഭരണരംഗത്ത് ഇപ്പോഴത്തെ മുഖ്യധാര സമീപനങ്ങളില്‍നിന്ന് വ്യത്യസ്ത സമീപനം സ്വീകരിച്ച് ജനകീയ നയങ്ങളുമായി മുന്നോട്ടുപോകുകയും രാഷ്ട്രീയ സമീപനങ്ങളില്‍ ഹിന്ദുത്വത്തെ ദ്രോഹിക്കാതിരിക്കുകയും ചെയ്യുകയെന്ന തന്ത്രപരമായ സമീപനമാണ് കെജ്രിവാള്‍ സ്വീകരിച്ചത്. ഇതിന് ഉദാഹരണമായി വേണം കാശ്മീര്‍ സമീപനത്തെ കാണേണ്ടത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ക്കെതിരെ കേന്ദ്രം നിലപാടെടുത്തപ്പോള്‍ അതിനെ അനുകൂലിച്ച ഇന്ത്യയിലെ പ്രബല നേതാവാണ് അരവിന്ദ് കെജ്രിവാള്‍. അതുപോലെ പൗരത്വ നിയമത്തെ വാക്കുകൊണ്ട് എതിര്‍ക്കുമ്പോഴും അതിനെതിരായ എല്ലാ പ്രക്ഷോഭങ്ങളില്‍നിന്ന് മാറി നില്‍ക്കുകയുമാണ് കെജ്രിവാള്‍ ചെയ്തത്. ഇങ്ങനെ ചെയ്തതിലൂടെ തന്റെ ഭരണസമീപനങ്ങളെ അനുകൂലിക്കുന്ന മധ്യവര്‍ഗക്കാരായ അതേസമയം പൊതുവില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരുടെ വോട്ടാണ് അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിട്ടത്. അതായത് പൗരത്വബില്ലിനെതിരായ എതിര്‍പ്പിന്റെ മുഖമായി രംഗത്തുവരാതെ, ഷഹിന്‍ബാഗിലെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാതെ, ജാമിയയി്ല്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയുടെ പ്രതിഷേധത്തില്‍ പങ്കാളികളാവാതെയാണ് കെജ്രിവാള്‍ ഡല്‍ഹി വീണ്ടും പിടിച്ചത്. യഥാര്‍ത്ഥ രാജ്യസ്‌നേഹം തങ്ങുടെതാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നാണ് മനീഷ് സിസോഡിയ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികരിച്ചത്. അതയാത് ബിജെപി ഉണ്ടാക്കിയെടുത്ത ഇക്കോസിസ്റ്റത്തിനുള്ളില്‍നിന്നുകൊണ്ടാണ് ആം ആദ്മി തങ്ങളുടെ വിജയം നേടുന്നതെന്ന് സാരം. ബിജെപി സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ ഇക്കോസിസ്റ്റത്തിലേക്ക് വീഴുകയെന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി ചെയ്യാനുള്ളതെന്ന സൂചന കൂടി തരുന്നുണ്ട് കെജ്രിവാളിന്റെ വിജയം. താൻ ഹനുമാൻ ഭക്തനാണെന്ന് സ്ഥാപിച്ചെടുക്കാൻ കെജ്രിവാൾ നടത്തിയ ശ്രമങ്ങളൊക്കെ ഇതിൻ്റെ ഉദാഹരണങ്ങളാണ്.

വിവിധ വിഷയങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ സംബന്ധിച്ച് സംശയാസ്പദമായ നിലപാട് സ്വീകരിക്കുമ്പോഴും മുസ്ലീങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ സമീപനം കൊണ്ടുകുടിയാണ് കെജ്രിവാളിന് ഇത്ര വലിയ ജയം സാധ്യമായത്. അവര്‍ കോണ്‍ഗ്രസിനെ പൂര്‍ണമായി കൈയൊഴിയുകയും കെജ്രിവാളിന് പിന്നില്‍ അണിനിരക്കുകയും ചെയ്തു. ബിജെപിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യുകയെന്നതാണ് കഴിഞ്ഞ കുറേക്കാലത്തെ മുസ്ലീം വോട്ടിന്റെ സ്വഭാവം. അത്രയും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം മാത്രമെ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നുള്ളൂവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഫലത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ അങ്ങേയറ്റം ധ്രുവീകരിക്കാന്‍ ബിജെപിയ്ക്ക് കഴിയുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ്. മുസ്ലീം വിരുദ്ധ സമീപനത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്തും മധ്യവര്‍ഗം ചെന്നടിയുന്നുണ്ട് എന്നതാണ് ബിജെപിയ്ക്ക് കൂടുതലായി കിട്ടിയ വോട്ടിംങ് ശതമാനം തെളിയിക്കുന്നതെന്ന് വേണം അനുമാനിക്കാന്‍. ത്രികോണ മല്‍സരം നടന്നിരുന്നുവെങ്കില്‍ അത് ആം ആ്ദ്മി പാര്‍ട്ടിക്ക് ചിലപ്പോള്‍ ദോഷകരമായി മാറിയേനെ. അതില്‍നിന്ന് അവരെ രക്ഷിച്ചത് മുസ്ലീങ്ങളുടെ കോണ്‍ഗ്രസിനെ കൈയൊഴിയാനുള്ള തീരുമാനം കൂടിയാകണം.

ചുരുക്കത്തില്‍, കെജ്രിവാള്‍ ജയിച്ചത് കടുത്ത മല്‍സരത്തിന് ശേഷമാണ് എങ്കിലും അതില്‍ ഇപ്പോള്‍ ഇന്ത്യയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ വികാരം ഉണ്ടെന്ന് കാണുന്നത് ഒരു ആഗ്രഹ ചിന്ത മാത്രമായിരിക്കും. കാരണം ആ വിഷയം ചര്‍ച്ച ചെയ്യാന്‍ ബോധപൂര്‍വം തയ്യാറാകാതിരുന്ന, അതിനെ വളരെ ശക്തമായി എതിര്‍ക്കാതിരുന്ന, ആ വിഷയം ചര്‍ച്ചയാവാതിരിക്കാന്‍ ബുദ്ധിപൂര്‍വം പരിശ്രമിച്ച ഒരു പാര്‍ട്ടിയുടെ സ്വന്തം നിലയിലുള്ള വിജയം മാത്രമാണ്. അതില്‍ ബിജെപി തോറ്റു. അത്രമാത്രം. ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് സ്വാധീനം കൂടുന്നുവെന്നൊന്നും വായിച്ചെടുക്കാന്‍ അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് സാധിക്കില്ലെന്ന് തോന്നുന്നു.


Next Story

Related Stories