TopTop
Begin typing your search above and press return to search.

ഈ രാജ്യം ആരുടെ ചൊല്‍പടിയിലാണ്? ജാവദേക്കര്‍ക്കും മുരളീധരനും മുകളിലെ അദൃശ്യ ശക്തി

ഈ രാജ്യം ആരുടെ ചൊല്‍പടിയിലാണ്? ജാവദേക്കര്‍ക്കും മുരളീധരനും മുകളിലെ അദൃശ്യ ശക്തി

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ വെടി ഉതിർത്ത ശേഷം ഞാനും ഞാനും ഒന്നുമേ അറിഞ്ഞില്ലായിരുന്നേ എന്ന മട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമൊക്കെ പ്രതികരിച്ചത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു വടക്കു കിഴക്കൻ ഡൽഹിയിൽ ഇക്കഴിഞ്ഞ മാസം അരങ്ങേറിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ടു ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്കെതിരെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ കാര്യാലയം ഏർപ്പെടുത്തിയ 48 മണിക്കൂർ വിലക്ക് പ്രതിക്ഷേധങ്ങൾക്കൊടുവിൽ പിൻവലിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇത്തരത്തിൽ ഒരു വിശദീകരണം. പ്രധാനമന്ത്രി നേരിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും പ്രസ്തുത നടപടിയിൽ അദ്ദേഹം നടുക്കം രേഖപ്പെടുത്തി എന്ന കാര്യവും ജാവദേക്കർ തന്നെയാണ് വെളിപ്പെടുത്തിയത് എന്നതിനാലും ആ പ്രസ്താവനയിൽ മോദിജി ഇതുവരെ തിരുത്തലൊന്നും വരുത്തിയിട്ടില്ല എന്നതിനാലും ജാവദേക്കർ പറഞ്ഞതിനെ മുഖവിലക്കെടുക്കുകയെ തൽക്കാലം നിർവാഹമുള്ളൂ. അല്ലെങ്കിലും മോദിജി വല്ലാത്തൊരു ത്രില്ലിൽ ആയിരുന്നല്ലോ. അതേ; വനിതാ ദിനം പ്രമാണിച്ചു തന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം , യു ട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒരു ദിവസത്തേക്ക് വനിതകൾക്ക് വിട്ടുകൊടുക്കുന്നതിന്റെ ത്രില്ലിൽ. അത്തരം ആനക്കാര്യങ്ങൾക്കിടയിൽ മാധ്യമ വിലക്കുപോലുള്ള ചേനക്കാര്യത്തിനു എന്ത് പ്രസക്തി എന്നും കരുതിയിട്ടുണ്ടാവാം. പക്ഷെ നടക്കാനുള്ളതൊക്കെ അതിനിടയിൽ തന്നെ നടന്നു കഴിഞ്ഞിരുന്നു. മാധ്യമ വിലക്കിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്നു. വിലക്കു ഏർപ്പെടുത്തപ്പെട്ട ചാനലുകളിൽ ഒന്നായ ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണം വെള്ളിയാഴ്ച പുലർച്ചെ 1. 30 ഓടുകൂടി തന്നെ പുനഃസ്ഥാപിക്കപ്പെട്ടു. മീഡിയ വണിന്റെ ആൾക്കാർ കേസുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ പിറ്റേ ദിവസം രാവിലെ 9.30 നും പുനഃസ്ഥാപിക്കപ്പെട്ടു. ഇതേക്കുറിച്ചു വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയിൽ പറഞ്ഞത് വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചെന്നും എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും എന്നുമായിരുന്നു. കൂട്ടത്തിൽ അദ്ദേഹം ഒരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു. അത് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ തന്നോട് സംസാരിച്ച ശേഷമാണ് സംപ്രേഷണം പുനഃസ്ഥാപിക്കാൻ തീരുമാനം ഉണ്ടായതെന്ന്. എന്നുവെച്ചാൽ ബി ജെ പി രാജ്യ സഭ അംഗം കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ സംപ്രേഷണം തിരക്കിട്ടു പുനഃസ്ഥാപിച്ചെന്നു സാരം. അപ്പോൾ പിന്നെ മീഡിയ വണ്ണിന്റെ സംപ്രേഷണം പുനഃസ്ഥാപിക്കാൻ എന്തുകൊണ്ട് വൈകി എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരം കേന്ദ്ര മന്ത്രിയും മലയാളിയുമായ വി മുരളീധരൻ തന്നെ തരും. അദ്ദേഹം ഇങ്ങനെ പറയുന്നു: " നിയമങ്ങൾ പാലിക്കാത്തതിനാലും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിനുമാണ് മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ക്ഷമ ചോദിച്ചതുകൊണ്ടു വിലക്ക് പിൻവലിച്ചു. ഒരേ വിഷയത്തിൽ രണ്ടു ശിക്ഷ പാടില്ലാത്തതുകൊണ്ടാണ് മീഡിയ വണ്ണിന്റെ വിലക്ക് പിൻവലിച്ചത്." പ്രകാശ് ജാവദേക്കർ എങ്ങനെയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും മീഡിയ വൺ ചാനലുമെതിരെ ഏർപ്പെടിത്തിയ വിലക്ക് വെറും പൊയ് വെടിയായിരുന്നില്ലായെന്നു വി മുരളീധരന്റെ വിശദീകരണത്തിൽ നിന്നും വ്യക്തമാണ്. ഇരുകൂട്ടരും ചെയ്തത് ആർ എസ് എസ്സിനും അതുവഴി കേന്ദ്ര സർക്കാരിനും അഹിതം ഉണ്ടാക്കുന്ന കുറ്റം തന്നെയാണെന്ന് മുരളീധരന്റെ പ്രസ്താവനയിലെ ' മാധ്യമ സ്വാതന്ത്ര്യം എന്ന മൂല്യത്തിനായി ജയിലിൽ കിടന്നവരാണ് ബി ജെ പി നേതാക്കൾ. അതേസമയം രാജ്യത്തെ നിയമം അനുസരിക്കാൻ മാധ്യമങ്ങളും ബാധ്യസ്ഥരാണ് ' എന്ന വാചകത്തില്‍ നിന്നും വ്യക്തമാണ്. എന്താണ് മുരളീധരൻ അര്‍ത്ഥമാക്കുന്ന രാജ്യത്തെ ഈ നിയമം എന്നത് മാധ്യമ വിലക്കുമായി ബന്ധപ്പെട്ടു കഴിഞ്ഞ രണ്ടു ദിവസമായി ചർച്ച ചെയ്യപ്പെട്ട വിഷയമായതിനാൽ വീണ്ടും അതിലേക്കു കടക്കുന്നില്ല. അല്ലെങ്കിൽ തന്നെ ഇഷ്ടക്കാരായ ചിലരെ വിളിച്ചുവരുത്തി പൊങ്ങച്ചം വിളമ്പുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ മാധ്യമങ്ങൾക്കു എന്ത് വിലയാണ് കല്പിച്ചിട്ടുള്ളതെന്നത് ഏറെക്കുറെ എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. മുരളീധരനെ വിട്ടു വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ ' ഞാനൊന്നും അറിഞ്ഞില്ലേ ' എന്ന പ്രസ്താവനയിലേക്കു തന്നെ തിരിച്ചു പോകാം. താൻ അറിയാതെയാണ് മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയതെന്ന അദ്ദേഹത്തിന്റെ വാദം അത്ര വിശ്വസനീയമല്ല. എങ്കിലും ഈ പ്രസ്താവത്തെ വളരെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. വകുപ്പ് മന്ത്രിക്കും മുകളിൽ ഒരു അദൃശ്യ ശക്തി ഉണ്ടെന്ന ഒരു തോന്നൽ തീർച്ചയായും ഈ പ്രസ്താവം ജനിപ്പിക്കുന്നുണ്ട്. അത് സാക്ഷാൽ മോദിജിയോ അതോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഇനിയിപ്പോൾ ആർ എസ് എസ് മേധാവി തന്നെയോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരാം. അടുത്തകാലത്തായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിൽ അത്ര സ്വരചേർച്ചയിൽ അല്ലെന്ന തരത്തിലുള്ള ചില ഗോസിപ്പുകളും പ്രചരിക്കുന്നുവെന്നതിനാൽ സ്വാഭാവികമായും അമിത് ഷാക്കെതിരെ സംശയ നോട്ടങ്ങൾ ഉയരാം. എന്നാൽ ഇത്തരം ഗോസ്സിപ്പുകളൊക്കെ ഒരു തരം നമ്പറുകൾ ആണെന്ന് ആർക്കാണ് അറിയാത്തത്. ഇനിയിപ്പോൾ ജാവദേക്കർ മന്ത്രി അറിയാതെ അദ്ദഹത്തിന്റെ ഡിപ്പാർട്ടുമെന്റിൽ ഉള്ള ഏതെങ്കിലും മേധാവികളുടെ തലയിൽ ഉദിച്ച ആശയം ആയിരുന്നിരിക്കുമോ മാധ്യമ നിരോധനം. ചില വകുപ്പ് തലവന്മാർ അങ്ങനെയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞതുപോലെ രാജ്യം ഭരിക്കുന്നവന്റെ ഇംഗിതം അറിഞ്ഞു പ്രവർത്തിക്കുന്നവർ എന്തും ചെയ്യാൻ മടിക്കാറില്ല. ഒരു പക്ഷെ അങ്ങനെയും ആവാം നടന്നിരിക്കുക എന്ന് കരുതിയാൽ തന്നെ അപ്പോൾ ഈ രാജ്യം ആരുടെ ചൊല്പടിയിലാണ് എന്ന ചോദ്യം ഉയരും. ലോക് സഭയിൽ കോൺഗ്രസ് എം പി മാരെ സസ്‌പെൻഡ് ചെയ്ത നടപടിയിലും മാധ്യമ വിലക്കിലും പ്രതിഷേധിച്ച് കെ മുരളീധരൻ എം പി ഒരു ഭീഷണി മുഴക്കിയിട്ടുണ്ട്. ഇങ്ങനെ പോയാൽ ഒരൊറ്റ കേന്ദ്ര മന്ത്രിയെയും കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്നാണ് മുരളി പറയുന്നത്. കേന്ദ്ര മന്ത്രിമാരെ തടഞ്ഞതുകൊണ്ടു മാത്രം പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ അല്ല ഇതൊക്കെ എന്നേ കരുണാകര പുത്രനോട് തല്ക്കാലം പറയുന്നുന്നുള്ളു. പറയാനുള്ളതൊക്കെ അങ്ങ് ഡൽഹിയിൽ പറയാൻ വേണ്ടിയാണ് ലോക് സഭയിലേക്കു തിരഞ്ഞെടുത്തു അയച്ചത്. അവിടെ പറയേണ്ട കാര്യങ്ങൾ അവിടെ പറയാതെ ഇങ്ങു വടകരയിലും കോഴിക്കോടുമൊക്കെ വന്നു പറയുന്ന ഏർപ്പാടിന്റെ പേരാണ് മുരളീജി 'തിണ്ണ മിടുക്ക്' കാട്ടൽ എന്നു പറയുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories