TopTop
Begin typing your search above and press return to search.

വിശുദ്ധ ഖുറാന്‍ തൊട്ടുള്ള ചില സത്യ വിശ്വാസങ്ങള്‍, ജലീലിനെതിരെയുള്ള മുസ്ലീംലീഗിന്റെ അത്യാവേശം യു ഡി എഫിന് പാരയാകുമോ?

വിശുദ്ധ ഖുറാന്‍ തൊട്ടുള്ള ചില സത്യ വിശ്വാസങ്ങള്‍, ജലീലിനെതിരെയുള്ള മുസ്ലീംലീഗിന്റെ അത്യാവേശം യു ഡി എഫിന് പാരയാകുമോ?


മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിവരുന്ന പ്രതിക്ഷേധ സമരങ്ങൾ ആറാം ദിവസത്തിലേക്ക് കടന്ന വേളയിൽ തന്നെയാണ് തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ ഐ എ മന്ത്രിയെ ചോദ്യം ചെയ്യലിനായി അതിന്റെ കൊച്ചി ഓഫിസിലേക്കു വിളിപ്പിച്ചത്. അതുകൊണ്ടു തന്നെ പ്രതിക്ഷേധം എല്ലാ അർത്ഥത്തിലും ഒരു തെരുവ് യുദ്ധമായി തന്നെ മാറുകയും രാജിക്കായുള്ള മുറവിളി കൂടുതൽ ശക്തമാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് ദൃശ്യമായത്. തെരുവിൽ യുവജന പ്രക്ഷോഭത്തിന്‌ കരുത്തുപകർന്നുകൊണ്ട് യു ഡി എഫിന്റെയും ബി ജെ പി യുടെയും നേതാക്കൾ മാത്രമല്ല പി സി ജോർജിന്റെ കേരള ജനപക്ഷം പോലും മന്ത്രിക്കും സർക്കാരിനുമെതിരായ ആരോപണങ്ങളുടെ മൂർച്ച കൂട്ടി രംഗത്തുണ്ട്.

മറുഭാഗത്താവട്ടെ മന്ത്രി ജലീലിലുള്ള വിശ്വാസം ആവർത്തിക്കുകയാണ് നിയമ മന്ത്രി എ കെ ബാലനും എൽ ഡി എഫ് കൺവീനർ എ വിജയരാഘവനും ചെയ്തത്. മുഖ്യമന്ത്രിയും സി പി എമ്മും ജലീലിനെ സംരക്ഷിക്കുന്നതിൽ ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐ ക്കു കടുത്ത എതിർപ്പാണുള്ളതെന്ന പ്രതിപക്ഷ വാദത്തിന്റെ മുനയൊടിച്ചുകൊണ്ടു മന്ത്രിക്കു പരസ്യ പിന്തുണയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ രംഗത്തുവന്നു. എൻ ഐ എ ചോദ്യം ചെയ്യുന്നുവെന്നതുകൊണ്ടു മാത്രം മന്ത്രി കുറ്റക്കാരൻ ആവുന്നില്ലെന്നും അതിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്നും കാനം അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു. അന്വേഷണ ഏജൻസി ചോദ്യം ചെയ്തതുകൊണ്ട് മാത്രം മന്ത്രിമാർ മന്ത്രിമാർ രാജിവെക്കാറില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കം ജലീലായി സൃഷ്ടിക്കേണ്ടതില്ലെന്നും കൂടി കാനം വ്യക്തമാക്കുകയുണ്ടായി.

പുറത്തു രാജിക്കുവേണ്ടിയുള്ള മുറവിളി ഉയരുന്ന ഘട്ടത്തിൽ തന്നെ എൻ ഐ എ യുടെ കൊച്ചിയിലെ ഓഫിസിൽ ഇരുന്നുകൊണ്ട് ചില മാധ്യമങ്ങൾക്കു വാട്സ്ആപ് ആയി അയച്ച സന്ദേശത്തിൽ മന്ത്രി ജലീൽ മുസ്ലിം ലീഗ് നേതാക്കളോട് ഒരു വലിയ വെല്ലുവിളി നടത്തിയതായി ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നുന്നു. താൻ പറഞ്ഞത് മുഴുവൻ സത്യമാണെന്നും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന മുസ്ലിം ലീഗ് നേതാക്കൾക്ക് പരിശുദ്ധ ഖുർആനിൽ തൊട്ടു സത്യം ചെയ്യാൻ ധൈര്യമുണ്ടോ എന്ന വെല്ലുവിളിയാണ് ജലീൽ ഉയർത്തിയത്. ദിനേനയെന്നോണം കുന്നുകൂടുന്ന പ്രതിപക്ഷ ആരോപങ്ങളും രാജിക്കായുള്ള മുറവിളികളും തെരുവ് പ്രക്ഷോഭങ്ങളും കേസന്വേഷണം പൂർത്തിയാകും മുൻപേ നടക്കുന്ന വിധി പ്രസ്താവനകളും ഒരു ഭാഗത്തു മുറക്ക് നടക്കുമ്പോൾ തന്നെ ജലീൽ ഉയർത്തിയ വെല്ലുവിളിക്കു വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ ആ വിഷയത്തിൽ ഊന്നിക്കൊണ്ടുള്ള ഒരു വിശകലനമാണ്‌ തല്ക്കാലം ഇവിടെ ഉദ്ദേശിക്കുന്നത്. യു ഇ എ യിൽ നിന്നും തിരുവന്തപുരത്തെ യു എ ഇ കോൺസുലേറ്റു ഓഫിസുവഴി കേരളത്തിലെത്തിച്ച മത ഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയെന്നും പ്രസ്തുത ഗ്രന്ഥങ്ങൾ വിതരണത്തിനായി ഏറ്റുവാങ്ങിയ മന്ത്രി ജലീലിന്റെ അറിവോടു കൂടിയാണ് സ്വർണക്കടത്തിനു പിന്നിലെ ഗൂഢസംഘം സ്വർണം ഒളിച്ചു കടത്തിയതെന്ന ആരോപണം ബി ജെ പി ക്കും കോൺഗ്രെസ്സിനുമൊപ്പം മുസ്ലിം ലീഗും ഉന്നയിക്കുന്നുവെന്നതിനാൽ വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ട വിശ്വാസത്തിൽ ഊന്നിയുള്ള ഒരു വെല്ലുവിളി തന്നെയാണ് ജലീൽ ഉയർത്തിയിരിക്കുന്നതെന്നത് വ്യക്തമാണ്. സ്വർണ
ക്ക
ള്ളക്കടത്തിനെ ഒരു വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിക്കുന്ന മുസ്ലിം ലീഗുകാർ യഥാർത്ഥ വിശ്വാസികൾ അല്ലെന്ന ഒരു വാദം കേരളത്തിലെ ഇസ്‌ലാം വിശ്വാസികൾക്കിടയിൽ ഇതിനകം തന്നെ ഒരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന കാര്യം പരിഗണിക്കുമ്പോൾ ജലീൽ ഇപ്പോൾ ഉയർത്തിയിട്ടുള്ള ഈ വെല്ലുവിളിക്ക് പ്രസക്തിയേറെയുണ്ടെന്നു തോന്നുന്നു. ദിവസങ്ങൾക്കു മുൻപ് ജലീൽ ഉയർത്തിയ മറ്റൊരു വെല്ലുവിളി 'പാണക്കാട് തങ്ങൾ പറയട്ടെ ' എന്നതായിരുന്നു എന്നതുകൂടി കൂട്ടിവായിച്ചാൽ പരിശുദ്ധ ഖുർആനുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിക്കാൻ ഇറങ്ങിത്തിരിച്ച മുസ്ലിം ലീഗുകാർക്കു ജലീൽ നൽകുന്ന മുന്നറിയിപ്പിന്റെ മൂർച്ച ഏതാണ്ട് വ്യക്തമാകും.

സ്വർണക്കള്ളക്കടത്തുപോലുള്ള ഒരു കേസിലേക്ക് വിശുദ്ധ ഖുർആനെ വലിച്ചിഴക്കുന്നതിനെതിരെ പരസ്യമായി ആദ്യം രംഗത്ത് വന്നത് കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ ആയിരുന്നുവെങ്കിലും അതിനും മുൻപ് തന്നെ ഈ വിഷയം മുസ്ലിം ജനസാമാന്യത്തിനിടയിൽ ഒരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞിരുന്നു. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണമെന്നും അതേസമയം കേവല രാഷ്ട്രീയ നേട്ടത്തിനായി വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരു
ന്നു അദ്ദേഹത്തിന്റെ നിലപാട്. തൊട്ടു പിന്നാലെ തന്നെ പ്രസ്തുത നിലപാട് കൂടുതൽ വിശദമാക്കിക്കൊണ്ടു അബുബക്കർ മുസ്ലിയാരുടെ പത്രാധിപത്യത്തിലുള്ള സിറാജിൽ ' രാഷ്ട്രീയ ലാഭത്തിനുള്ള തീക്കളികൾ' എന്ന ശീർഷകത്തിൽ ഒ എം തരുവണയുടെ ഒരു ലേഖനവും പ്രസദ്ധീകരിക്കപ്പെടുകയുണ്ടായി. 'ഭരണത്തിലൊ ഭരണ മികവിലോ ആയിരുന്നില്ല; ഭരണ മാറ്റത്തിലായിരുന്നു എക്കാലത്തും കേരള രാഷ്ട്രീയത്തിന്റെ കണ്ണ് ' എന്നാരംഭിക്കുന്ന പ്രസ്തുത ലേഖനം മുന്നോട്ടുവെക്കുന്ന പ്രധാന വാദം ഇതാണ് . 'പുതിയ രാഷ്ട്രീയ വിവാദം വലിയതോതിൽ സാമുദായിക ധ്രുവീകരണത്തിനും മത സ്പർധക്കും കാരണമാകും. ഖുർആൻ, റമസാൻ , യു എ ഇ , ജലീൽ എന്നൊക്കെ കേട്ടാൽ വികാരം കുത്തിയൊലിക്കാൻ മാത്രം സാമുദായിക പ്രതലം വിഷലിപ്തമായ കാലമാണിത്. വെച്ചത് ജലീലിനാണെങ്കിലും കൊള്ളുന്നത് ഒരു സമുദായത്തിന് ഒന്നാകെയാണ്. ചില്ലറ രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഷ്ട്രീയക്കാർ ഇമ്മാതിരി തീക്കളി കളിക്കരുത് '- ലേഖനം മുന്നറിയിപ്പ് നൽകുന്നു. എ പി അബുബക്കർ മുസ്‌ലിയാർ നയിക്കുന്ന എ പി സുന്നി വിഭാഗം ഒരു കാലത്തു സി പി എമ്മിനൊപ്പം നിന്നിരുന്നു എന്നതിനാൽ ഇതൊന്നും മുസ്ലിം ലീഗിനെ ബാധിക്കില്ലെന്ന വാദം സ്വാഭാവികമായും ഉയരാം. എന്നാൽ മുസ്ലിം സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് മുസ്ലിം ലീഗിനെ എക്കാലവും പിന്തുണച്ചുപോന്ന ഇ കെ സുന്നി വിഭാഗത്തിൽ പെട്ട വലിയൊരു വിഭാഗവും പരിശുദ്ധ ഖുറാനെ വിവാദത്തിലേക്ക് വലിച്ചിഴച്ച മുസ്ലിം ലീഗ് നടപടി അംഗീകരിക്കുന്നില്ല എന്ന് തന്നെയാണ്.

കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗിലെ ചില നേതാക്കൾക്കും അണികൾക്കും കെ ടി ജലീലിനോടുള്ള വ്യക്തി വൈരാഗ്യം തന്നെയാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപങ്ങൾക്കുപിന്നിലെന്നു വിശ്വസിക്കുന്നവർ ലീഗിൽ തന്നെയുണ്ട്. മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ നേതാവായിരിക്കെ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു പുറത്തുപോകുകയും പിന്നീട് സി പി എമ്മിന്റെ ഭാഗമായി മാറുകയും ചെയ്ത ജലീലിനെ ശത്രുപക്ഷത്തു നിറുത്തി ആക്രമിക്കുന്നതിൽ വലിയ എതിര്‍പ്പൊന്നുമില്ലാത്തവരും പരിശുദ്ധ ഖു
ർആ
നെ തൊട്ടുള്ള മുസ്ലിം ലീഗിലെ ചിലരുടെ രാഷ്ട്രീയക്കളി അത്രക്കങ്ങു പിടിച്ചിട്ടില്ലെന്നു മാത്രമല്ല കടുത്ത എതിര്‍പ്പുണ്ട് താനും. ബി ജെ പി യുടെയും സംഘ പരിവാറിന്റെയും മുസ്ലിം വിരുദ്ധ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ പാർലമെന്റിൽ ഘോരം ഘോരം ഗർജിക്കുമെന്നു വീമ്പുപറഞ്ഞുപോയ കുഞ്ഞാപ്പ അവിടെ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല മുത്തലാഖ് വിഷയത്തിലും മറ്റും പാർലമെന്റിൽ എന്തുചെയ്തുവെന്ന ചോദ്യം ഉയരുന്നതിനിടയിൽ തന്നെയാണ് വിശുദ്ധ ഗ്രന്ഥം രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപവും ശക്തമാകുന്നത്. അതോടൊപ്പം തന്നെ ബി ജെ പി നേതാവ് കെ സുരേന്ദ്രനും യുവ മോർച്ച നേതാവ് സന്ദീപ് വാരിയരും ദിനേനയെന്നോണം യാതൊരുവിധ തെളിവും ഇല്ലാതെ ഉയർത്തികൊണ്ടുവരുന്ന ആരോപണങ്ങൾക്ക് പിന്നാലെ പോവുകയാണെന്നും വിവാദങ്ങളിലേക്ക് ഖുർആനെ കൂടി വലിച്ചിഴക്കുകവഴി സംഘ പരിവാർ അജണ്ടക്ക് മുസ്ലിം ലീഗും കോൺഗ്രസ്സും ചൂട്ടുപിടിക്കുകയാണെന്നുമുള്ള ആക്ഷേപവും ശക്തമാവുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories