TopTop
Begin typing your search above and press return to search.

രക്ഷാപ്രവര്‍ത്തകരും യന്ത്രങ്ങളും വേണ്ടിടത്ത് വി ഐ പി രാഷ്ട്രീയ നേതാക്കള്‍ക്ക് എന്താണ് കാര്യം?

രക്ഷാപ്രവര്‍ത്തകരും യന്ത്രങ്ങളും വേണ്ടിടത്ത് വി ഐ പി രാഷ്ട്രീയ നേതാക്കള്‍ക്ക് എന്താണ് കാര്യം?

കരിപ്പൂര് വിമാന ദുരന്തം സംഭവിച്ചിരുന്നില്ലെങ്കില്‍ രാഷ്ട്രീയ നേതൃത്വം പെട്ടിമുടിയിലേക്ക് പോകുമായിരുന്നോ? കഴിഞ്ഞ തവണ പുത്തുമലയിലും കവളപ്പാറയിലും സമാന ദുരന്തം ഉണ്ടായപ്പോള്‍ ആദ്യ ദിനങ്ങളിലെ വി ഐ പി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രാഷ്ട്രീയ നേതൃത്വം ഒന്നാകെ മാതൃക കാണിച്ചിരുന്നു. എന്നാല്‍ 45 പേര്‍ ഇപ്പൊഴും മണ്ണിനടിയില്‍ കിടക്കുന്ന പെട്ടിമുടിയിലേക്ക് വി ഐ പി സന്ദര്‍ശനത്തിന്റെ നീണ്ട നിര ഇന്ന് പ്രതീക്ഷിക്കാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെട്ടിമുടി സന്ദര്‍ശിക്കുന്ന കാര്യം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരനും പെട്ടിമുടി സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചു.

അതേസമയം ഇടുക്കിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് വിവേചനമാണ് എന്ന പ്രസ്താവനയുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിക്കഴിഞ്ഞു. ആദ്ദേഹം പ്രധാനമായും മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ്; 'മുഖ്യമന്ത്രി ഇന്നലെ തന്നെ പെട്ടിമുടിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചു, എന്തുകൊണ്ട് വന്നില്ല എന്നു മുഖ്യമന്ത്രി വിശദീകരിക്കണം, കരിപ്പൂരിലും പെ
ട്ടിമുടിയിലും മരണപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച ധന സഹായത്തില്‍ വിവേചനം കാണിച്ചു'

'ദുരന്തത്തിൽ കാണാതായ 45 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിക്കുകയാണ്. ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ല എന്ന് ബോധ്യമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍ക്കുള്ള വഴി തുറക്കുന്നത്, ഇതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു' എന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് വ്യാപിച്ച രണ്ടാം ഘട്ടത്തിലും ഇടുക്കിയോട് വിവേചനം കാണിക്കുന്നു എന്ന സമാന ആരോപണവുമായി ഡീന്‍ രംഗത്തെ
ത്തുകയും തൊടുപുഴയില്‍ നിരാഹാര സമരമിരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് ഇന്നലെ തന്നെ തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു, അതിങ്ങനെ;
രാജമലയിലെയും കരിപ്പൂരിലെയും ദുരന്തം രണ്ട് തരത്തിലുള്ളതാണ്. രാജമലയിൽ ആദ്യഘട്ടത്തിലുള്ള ധനസഹായമാണ് പ്രഖ്യാപിച്ചത്. അവിടെ രക്ഷാപ്രവർത്തനം തന്നെ ഇപ്പോഴും പൂർത്തിയായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി അതിനുശേഷമേ വിലയിരുത്താനാകൂ. നഷ്ടവും പിന്നീടേ കണക്കാക്കാനാകൂ. അതിന്റെ അടിസ്ഥാനത്തിൽ തുടർ സഹായങ്ങളും ഉണ്ടാകും.

"എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് പെട്ടിമുടിയിൽ. ഉറ്റവർ നഷ്ടപ്പെട്ടുപോയ ജനതയെ ചേർത്തുപിടിക്കേണ്ട അവസ്ഥയാണ് വന്നുചേർന്നത്. ആളുകൾക്ക് ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം ഉറപ്പ് വരുത്താനുള്ള ബാധ്യത സാധാരണ നിലയിൽ സർക്കാരിനുണ്ട്. രക്ഷാപ്രവർത്തനം കഴിഞ്ഞ് മാത്രമേ പ്രശ്‌നങ്ങൾ മനസിലാക്കാനാകൂ." മുഖ്യമന്ത്രിയുടെ വിശദീകരണം ദേശാഭിമാനി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെട്ടിമുടി സന്ദര്‍ശിക്കാത്തതിനെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ;

"രാജമലയിൽ പോയില്ല, കോഴിക്കോട് പോയി എന്നൊരു പ്രചരണവും കണ്ടു. അതിൽ രണ്ട് കാര്യമാണ് നോക്കേണ്ടത്. രക്ഷാപ്രവർത്തനമാണ് അതീവ ഗൗരവമായി നടക്കേണ്ടത്. അതിന് വിവിധ ഏജൻസികളെയും വിഭാഗങ്ങളെയും ഏകോപിപ്പിക്കണം. ആ പ്രവർത്തനം രാജമലയിൽ ഇപ്പോഴും നടന്നുവരികയാണ്. ഇന്നലെത്തന്നെ രാജമലയിൽ എത്തിപ്പെടാൻ ആലോചിച്ചിരുന്നു. എന്നാൽ അതിന് സാധിക്കാത്ത കാലാവസ്ഥയായിരുന്നു. മൂന്നാറിലെങ്കിലും എത്താൻ കഴിയുമോ എന്നും ആലോചിച്ചുവെങ്കിലും അതിന് സാധിക്കുന്ന സാഹചര്യമല്ലായിരുന്നു. ഇപ്പോൾ മന്ത്രിമാരായ എം എം മണിയും ഇ ചന്ദ്രശേഖരനും ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്." (ദേശാഭിമാനി)

അതേസമയം പെട്ടിമുടിയില്‍ വി ഐ പി സന്ദര്‍ശനം വലിയ പ്രായോഗിക പ്രശ്നം ഉണ്ടാക്കുമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തം നടന്ന സ്ഥലത്തേക്ക് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് റോഡിനുള്ളത്. കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരും യന്ത്രങ്ങളും എത്തിക്കേണ്ട സാഹചര്യമാണ് ഇപ്പൊഴും ഉള്ളത്. അപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും സന്ദര്‍ശനം രക്ഷാ ദൌത്യത്തിന് പ്രതിബന്ധമുണ്ടാക്കിയേക്കാം എന്ന ആശങ്കയാണ് പൊതുവേ ഉള്ളത്. ഒപ്പം മഴയും കടുത്ത തണുപ്പും കോടമഞ്ഞും അടക്കമുള്ള പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ദുര്‍ഘടമാക്കുന്നുണ്ട്.

കൂടാതെ കഴിഞ്ഞ ദിവസം നടന്ന കൂട്ട ശവസംസ്കാരത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബന്ധുക്കള്‍ അടക്കം 100 കണക്കിനു ആളുകളാണ് പെട്ടിമുടിയില്‍ എത്തിയത്. യാതൊരു കോവിഡ് പ്രോട്ടോക്കോളും അവിടെ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് രക്ഷാ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും ബാധിച്ചേക്കാം എന്ന ആശങ്കയും പങ്കുവെയ്ക്കപ്പെടുന്നുണ്ട്. രക്ഷാ ദൌത്യത്തില്‍ പങ്കെടുക്കുന്ന ഒരു അഗ്നിശമന സേനാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്.

എന്നാല്‍ തന്റെ കൂടെ കൂടുതല്‍ ആളുകള്‍ ഉണ്ടാവില്ലെന്നും ചെറിയ സംഘമായിരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

കഴിഞ്ഞ രണ്ടു പ്രളയകാലത്തും അതാതിടങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. പൊതുവേ കാണാറുള്ള വി ഐ പി സന്ദര്‍ശങ്ങള്‍ ഒഴിവാക്കപ്പെട്ടത് സമൂഹത്തില്‍ നിന്നും വലിയ പ്രശംസ നേടിയിരുന്നു. പുത്തുമലയില്‍ എം പിയായ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് ഏറെ ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു.
2017ല്‍ ഒഖി ആഞ്ഞടിച്ചപ്പോള്‍ മുഖ്യമന്ത്രി എത്തിയില്ല എന്ന വിമര്‍ശനം ഉയരുകയും പിന്നീട് വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനം വിഴിഞ്ഞത്ത് ജനങ്ങള്‍ തടയുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമാവുകയും ദുരന്ത പ്രദേശങ്ങളില്‍ രക്ഷാ ദൌത്യത്തിന് തടസ്സം നില്‍ക്കുന്ന രീതിയില്‍ വി ഐ പികള്‍ എത്തേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ച ഉയരുകയും ചെയ്തിരുന്നു.Next Story

Related Stories