TopTop
Begin typing your search above and press return to search.

യാത്രകളുടെയും ഓര്‍മ്മകളുടേയും കഥാകാരന്‍; സി വി ശ്രീരാമന്റെ രചനകളിലൂടെ ഒരു സഞ്ചാരം

യാത്രകളുടെയും ഓര്‍മ്മകളുടേയും കഥാകാരന്‍; സി വി ശ്രീരാമന്റെ രചനകളിലൂടെ ഒരു സഞ്ചാരം


പക്വവും കര്‍ക്കശവുമായി രചനകള്‍. കഥാതന്തുവിനെ മുറിക്കി മീട്ടിയ കഥകള്‍. സി.വി. ശ്രീരാമന്റെ രചനാപ്രപഞ്ചത്തെ എന്‍.എസ് മാധവന്‍ വിലയിരുത്തിയത് ഇങ്ങനെയാണ്. പരമ്പരാഗതമായ കഥപറച്ചിലുകളിലൂടെ, ജിവത്താര്‍ന്ന ദൃശ്യരൂപങ്ങളിലൂടെ കാന്തികതയോടെ വായനക്കാരനെ വലിച്ചടിപ്പിക്കുന്ന ആ കഥാപ്രപഞ്ചം സവിശേഷാര്‍ത്ഥത്തില്‍ എല്ലുറപ്പുള്ള രാഷ്ട്രീയം പറയുന്നു. ജീവിതത്തിന്റെ എല്ലാ സമഗ്രതയും പേറുന്ന രാഷ്ട്രീയം. വലിയ വര്‍ണ്ണനകളും പകിട്ടുകളും കൊത്തിവെയ്ക്കാതെ പ്രകടമായ ശാന്തതയ്ക്കടിയില്‍ നിരന്തരം പാരായണവും പര്യാലോചനയും ആവശ്യപ്പെടുന്ന ചുഴികളും മലരികളും അന്തര്‍ധാരകളും സൃഷ്ടിക്കുന്നു. ശ്രീരാമന്‍ എഴുതിയത് യാത്രകളുടേയും ഓര്‍മ്മകളുടേയും കഥകളാണ്. ഉപഭൂഖണ്ഡത്തില്‍ നിരന്തരം യാത്രചെയ്ത കഥാകൃത്ത് താന്‍ കണ്ടതും മനസ്സിലാക്കിയതുമായ ആഴത്തില്‍ വേരുകളുള്ള പരുക്കന്‍ മനുഷ്യരുടെ അനുഭവ മണ്ഡലങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വൈവിദ്ധ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടു തികഞ്ഞ ചാരുതയോടെ നിരാര്‍ഭാടങ്ങളായി വെളിപ്പെടുത്തുന്നു.

സാഹിത്യത്തിലെ ഭിന്നകള്ളികളില്‍ സ്വയം പ്രതിഷ്ഠിക്കാതെ, മനുഷ്യാവസ്ഥയുടെ ആഴത്തിലുള്ള അപഗ്രഥനങ്ങളാകുന്ന കഥ പറച്ചില്‍ കാരനായി നിലനില്‍ക്കാനാണ് സി.വി. ശ്രീരാമന്‍ തല്പരനാകുന്നത്. താന്‍ ഉത്തരാധുനികനോ ആധുനികനോ ഒന്നുമല്ലെന്നും കഥ പറയുക എന്നതല്ലാതെ അതിന്റെ പിന്നില്‍ മറ്റു ലക്ഷ്യങ്ങളൊന്നുമില്ലെന്നും ശ്രീരാമന്‍ പറഞ്ഞിട്ടുണ്ട് നേരിട്ടു കണ്ടതും അനുഭവിച്ചതുമായ പല സംഭവങ്ങളും ചേര്‍ന്നവയാണ് എഴുതിയതൊക്കെയും. ആദ്യമായി അച്ചടിച്ചുവന്ന കഥയും രണ്ടാമത്തെ കഥയും തമ്മിലുള്ള അകലം 24 വര്‍ഷങ്ങളാണ്. ആദ്യ കഥയെഴുതിയതിന്റെ ഭവിഷ്യത്ത് ഭയാനകമായിരുന്നു. അപകടകാരികളെന്ന് തരംതിരിച്ച് നിരീക്ഷിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടു. പോലീസുകാര്‍ അത് തീയിടുകയായിരുന്നുവെന്നും ശ്രീരാമന്‍ എഴുതിയിട്ടുണ്ട്.

സി.വി ശ്രീരാമന്റെ രചനകളില്‍ അന്തമില്ലാത്ത യാത്രകളുണ്ട്. ഭൂമിയുടെ നടുവിലൂടെ താന്‍ യാത്ര ചെയ്തുതീര്‍ക്കാത്ത അനന്തപ്രഹര്‍ഷങ്ങള്‍ വിതാനിച്ച ഈ ഭാസുരഭൂവിന്റെ സമസ്താനുഭവങ്ങളിലൂടെ, അതിലേറെ മനുഷ്യപ്രകൃതിയെന്ന പിടിതരാത്ത ഭാവതലങ്ങളുള്ള നിഗൂഢപ്രപഞ്ചങ്ങളിലൂടെയുള്ള അന്തമില്ലാത്ത സഞ്ചാരങ്ങള്‍. സ്ഥല കാലങ്ങളിലൂടെയുള്ള യാത്രകള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും യാത്ര ചെയ്ത ശ്രീരാമന്റെ എഴുത്തുകളിലുടനീളം അത്തരം യാത്രകളില്‍ നിന്നും ശേഖരിച്ച വിഭവങ്ങളുടെ സമൃദ്ധി കാണാം. ബര്‍മ്മയുടേയും ശ്രീലങ്കയുടേയും പല ഭാഗങ്ങളിലും ദീര്‍ഘകാലം കഴിഞ്ഞിട്ടുണ്ട്. കണ്ണും കാതും മനസ്സും തുറന്നുള്ള യാത്രകള്‍. കഥാവസ്തുക്കള്‍ ഇത്തരം യാത്രകളില്‍ നിന്നും ശേഖരിയ്ക്കുന്നു.യാത്രയ്ക്കിടയില്‍ മനസ്സില്‍ വീഴുന്ന തീപ്പൊരി കഥാവസ്തുവായി മാറുന്നു, പിന്നീട് കഥയാവുന്നു.

''തെരഞ്ഞെടുത്ത കഥകള്‍ ഈയിടെ ഒന്നു വായിക്കാന്‍ കഴിഞ്ഞു. അപ്പോള്‍ ഒന്ന് മനസ്സിലാകുന്നു. തീവണ്ടിയോട് തീര്‍ത്താല്‍ തീരാത്ത വിസ്മയം.'' സമാഹാരമായി സഞ്ചയിച്ച സ്വന്തം കഥകള്‍ വായിച്ചശേഷം സി.വി. ശ്രീരാമന്‍ കുറിച്ചതാണിത്. അന്തമില്ലാത്ത യാത്രയെ കുറിക്കുന്ന രൂപകമാണ് തീവണ്ടി. സ്ഥലങ്ങളിലൂടെ, കാലങ്ങളിലൂടെ കുതിച്ചുപായുന്ന തീവണ്ടി. ഓരോ കാലത്തും ഓരോ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന, തികച്ചും ഭിന്നരായ സഹയാത്രികരെ നല്‍കുന്ന തീവണ്ടി. ശ്രീരാമന്‍ കഥകള്‍ അത്തരം, ഭിന്ന പ്രകൃതികളിലൂടെയുള്ള, ഭിന്നങ്ങളായ മനുഷ്യാവസ്ഥകളിലൂടെയുള്ള ഒടുങ്ങാത്ത സഞ്ചാരങ്ങളാണ്. അതുകൊണ്ടാണ്, യാത്ര എന്ന മോട്ടീഫ് തന്റെ കഥകളില്‍ എത്രമേല്‍ നിറഞ്ഞുനില്‍ക്കുന്നതായി ശ്രീരാമന്‍ സ്വയം വിലയിരുത്തുന്നത്.

ശ്രീലങ്കയിലെ അനുരാധപുരത്ത് ചിലവിട്ട ബാല്യവും അവിടെ ഓരോ രണ്ടാഴ്ചകൂടുമ്പോഴും നടത്തിയിരുന്ന ട്രെയിന്‍ യാത്രകളുമായിരുന്നു അതിനു കാരണമെന്നും അദ്ദേഹം തന്നെ വിശദീകരിക്കുന്നു. ശ്രീരാമന്റെ അച്ഛന്‍ ശ്രീലങ്കന്‍ റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. യൂറോപ്യന്‍ ചിട്ടയില്‍ പടുത്തെടുത്തതായിരുന്നു ശ്രീരാമന്റെ ബാല്യം. നന്നെ ചെറുപ്പത്തിലേ തന്നെ ഷേക്‌സ്പിയറും മറ്റും പരിചയിച്ചു. അനുരാധപുരത്ത് നിന്നും കൊളംബിലേക്ക് നടത്തിയിരുന്ന യാത്രകള്‍. അതില്‍ മാറിമറിഞ്ഞുകൊണ്ടിരുന്ന ചിത്രങ്ങള്‍. തീവണ്ടികളോടുള്ള തീരാവിസ്മയമായി അത് വളര്‍ന്നുവെന്ന് അദ്ദേഹം തന്നെ പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്. എത്രയാത്ര ചെയ്താലും മതിവരാത്തവണ്ണം തന്നെ പുതുക്കിക്കൊണ്ടിരിക്കുന്ന റെയില്‍ യാത്രകള്‍. ഒട്ടേറെ കഥകളില്‍ അത്തരം യാത്രകള്‍ കടന്നുവന്നിട്ടുണ്ട്. 'റെയില്‍പ്പാളങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ തന്നെ ശ്രീരാമന്‍ കഥ എഴുതുകയുണ്ടായി.

ആ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: '' അയാള്‍ ചുറ്റും നോക്കി. ആളൊഴിഞ്ഞിരിക്കുന്നു. അയാള്‍ അപ്പോള്‍ റെയില്‍പ്പാളത്തിലേക്ക് നോക്കി ഇരുന്നു. തന്റെ ഏകാന്തതയുടെ എക്കാലത്തേയും സഹചാരിയായ റെയില്‍പ്പാളങ്ങള്‍...ഒപ്പത്തിനൊപ്പം എന്നും ഒന്നിച്ച് ഓടിയിട്ടും രണ്ടായിത്തന്നെ നില്‍ക്കുന്ന റെയില്‍പ്പാളങ്ങള്‍.''

വലിയ മുഴക്കത്തോടെ സംസാരിക്കുന്ന എഴുത്തുകാരനല്ല ശ്രീരാമന്‍. ഒതുങ്ങിമാറി നിന്ന് പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന ഒരാള്‍. അലങ്കാരങ്ങളില്ലാതെ കഥപറയുന്ന ഒരാള്‍. ആധുനികതയുടെ വലിയ മുഴക്കങ്ങള്‍ സൃഷ്ടിച്ച തലമുറയ്‌ക്കൊപ്പമോ അതിനോട് ചേര്‍ന്നോ ആവണം ശ്രീരാമന്റെ രചനകള്‍ പ്രത്യക്ഷപ്പെടുന്നത്. കേവല ദാര്‍ശനികഭാവാദികളില്ലാതെ, സങ്കേതബദ്ധമായ ആഖ്യാനങ്ങളില്ലാതെ തീര്‍ത്തും മനുഷ്യസാധാരണമായി കഥകള്‍ പറഞ്ഞുപോവുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത്. ഓരോ കഥയും കഥനത്തിനായി ആവശ്യപ്പെട്ട സമ്പ്രദായം. അല്ലാതെ, ഏതെങ്കിലും സ
മ്പ്ര
ദായത്തെ പരിചയപ്പെടുത്തുന്നതിനോ അവതരിപ്പിക്കുന്നതിനോവേണ്ടി, അതിബൃഹത്തായ സാഹിത്യ പരിചയവും ലോകപരിചയവും ഉണ്ടായിരുന്ന ഈ എഴുത്തുകാരന്‍ കഥകളെഴുതിയിരുന്നില്ല.

ശ്രീരാമന്‍ നിത്യപ്രവാസിയായിരുന്നുവെന്ന് പറയാം. ജീവിതത്തിന്റെ മധ്യാഹ്നത്തിലാണ് അദ്ദേഹം കേരളത്തില്‍ സ്ഥിരതാമസക്കാരനാകുന്നതും ഇവിടത്തെ സാമൂഹികാനുഭവങ്ങളില്‍ പങ്കാളിയാകുന്നതും. ബാല്യകൗമാരങ്ങള്‍ രാജ്യത്തിനുപുറത്താണ് കഴിഞ്ഞത്. ദീര്‍ഘകാലം കേരളത്തിനുപുറത്ത് ജോലിയും ചെയ്തു. ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊക്കെ അദ്ദേഹം പ്രവാസത്തിലായിരുന്നു. പലതിനും നേര്‍സാക്ഷിയായി, പങ്കാളിയായി, അനുഭവങ്ങള്‍ പതിച്ചെടുത്തു. ഒന്നാം ലോകമഹായുദ്ധത്തിന്റെ കഥകള്‍ കേട്ടുവളര്‍ന്നതായിരുന്നു കുട്ടിക്കാലം. അച്ഛന്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ പട്ടാളക്കാരനായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുഴുവന്‍ ചുറ്റിയിട്ടുണ്ടായിരുന്നു. അമ്മാവനും സൈനികനായി മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞതാണ്. അവരുടെ കഥകള്‍ സമ്പന്നമാക്കിയതായിരുന്നു ശ്രീരാമന്റെ ബാല്യം. അവര്‍ വിതച്ച കഥകളുടെ വിസ്മയം അദ്ദേഹത്തിന്റെ ബാല്യകൗമാരങ്ങളില്‍ ഒരുപോലെ നിറഞ്ഞുനിന്നു. ആ അനുഭവങ്ങളുടെ കണ്ണാടിയിലൂടെയാണ് ശ്രീരാമന്‍ കാലടികള്‍ വച്ചതും ലോകത്തെ കണ്ടു തുടങ്ങിയതും.

രണ്ടാം ലോക മഹായുദ്ധത്തില്‍ കൊളംബോ പട്ടണം ചിന്നിച്ചിതറുന്നത് കൗമാരക്കാരനായ ശ്രീരാമന്‍ നേരില്‍ കണ്ടതും അനുഭവിച്ചതുമാകുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ എട്ടൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് ശ്രീരാമന്‍ ആന്‍ഡമാനിലെത്തിയത്. അവിടെ കണ്ടകാഴ്ചകള്‍ അദ്ദേഹം പറയുന്നു: 'അപ്പോഴും അവിടത്തെ മുഴുവന്‍ മുഖങ്ങളും മ്ലാനമായിരുന്നു. അതീവവിചിത്രങ്ങളായ പടക്കോപ്പുകള്‍ തെരുവോരങ്ങളില്‍ അനാഥമായി കിടന്നിരുന്നു. യുദ്ധക്കപ്പലുകള്‍ കടലോരങ്ങളില്‍ ദ്രവിച്ച് ധൂളികളാകാന്‍ തുടങ്ങിയിരുന്നു. ഹിരോഹിതോ ചക്രവര്‍ത്തിയുടെ സൈന്യം പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് ലംബലെയിന്‍ എന്ന സ്ഥലത്ത് മണ്ണില്‍മൂടിവെച്ചതില്‍ നിന്നും ഒരു ബോംബുപൊട്ടി അവിടെ പണിയെടുത്തിരുന്ന രണ്ടു തമിഴ് കൂലിക്കാര്‍ മരിച്ചു. ആന്‍ഡമാനിലെ രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും ഒടുവിലെ ഇരകള്‍''

ഇത്തരം അനുഭവങ്ങള്‍ പില്‍ക്കാലത്ത് ശ്രീരാമന്‍ കഥകളുടെ വിഭവങ്ങളായി തീരുന്നു. യുദ്ധം, വിഭജനം, യാത്രകള്‍, പ്രാന്തവല്‍കൃതരുടെയും കീഴാളരുടേയും ജീവിതങ്ങള്‍, അന്തസ്‌തോഭങ്ങള്‍, അഗമ്യഗമനങ്ങള്‍ എന്നു തുടങ്ങി ശ്രീരാമന്‍ സ്വന്തം ജീവിതത്തില്‍ കണ്ടറിഞ്ഞവയെല്ലാം തന്നെ മനുഷ്യാവസ്ഥയെക്കുറിച്ച് തീഷ്ണാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന രചനകളായി നമുക്ക് മുന്നിലെത്തി. മനുഷ്യാവസ്ഥയുടെ സൂക്ഷപ്രപഞ്ചങ്ങളിലേക്ക് തന്റെ വട്ടക്കണ്ണടകളിലൂടെ അദ്ദേഹം സൂക്ഷിച്ചു നോക്കി. അവ ഒപ്പിയെടുത്ത് മനസ്സില്‍ സൂക്ഷിച്ചു. മറ്റാര്‍ക്കും സാധ്യമാകാത്ത തെളിമയോടെ ശ്രീരാമന്‍ എഴുതി. വളരെ ബൃഹത്തും വിപുലവുമാണ് ശ്രീരാമന്റെ കഥാപ്രപഞ്ചം.


ചേര്‍ത്തു നിര്‍ത്തുന്ന അനുഭവങ്ങള്‍; ചേര്‍ന്നു നില്‍ക്കുന്ന കഥകള്‍
ആന്‍ഡമാനില്‍ ശ്രീരാമന്‍ കണ്ട മലയാളികള്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും അവരുടെ അനുഭവങ്ങള്‍ അതിലേറെ അദ്ദേഹത്തെ വ്യാകുലപ്പെടുത്തകയും ചെയ്തു. മലയരാ എന്ന ഖിലാഫത്ത് മാപ്പിളമാരെ. അവര്‍ അവിടെ എത്തിയവരായിരുന്നില്ല, അവരെ അവിടെ കൊണ്ടുവന്നതായിരുന്നു. ഖിലാഫത്ത് കാലത്ത് പതിനെട്ട് തികഞ്ഞ എല്ലാവരേയും കരുവാരക്കുണ്ട് സ്‌കൂളിലേക്ക് കൊണ്ടുവന്ന് കൈകള്‍ പിന്നില്‍ക്കെട്ടി കരുവാരക്കുണ്ട് മുതല്‍ എടരിക്കോട് വരെ നടത്തിക്കൊണ്ടുപോയത്, അനേകം ജയലുകളില്‍ പാര്‍പ്പിച്ചത്, ഒടുവില്‍ മഹാരാജ എന്ന ആവിക്കപ്പലില്‍ പോര്‍ട്ട്ബ്ലയറില്‍ എത്തിച്ചതും പിന്നീട് സൗത്ത് ആന്‍ഡമാനിലെ ബസ്തികളിലേക്ക് കൊണ്ടുപോയതും ഒക്കെ ശ്രീരാമന്‍ അവരില്‍ നിന്നും അറിഞ്ഞു.

എത്ര വേപഥുക്കള്‍ നിറഞ്ഞതാണ് മനുഷ്യര്‍ക്ക് ജീവിതം എന്നു കാണിച്ചുകൊടുക്കുന്നതായിരുന്നു ശ്രീരാമന്റെ ആന്‍ഡമാന്‍ വാസം. യുദ്ധത്തിന്റെ കഥകളില്‍ നിന്നും യുദ്ധം എന്ന അനുഭവത്തിലേക്ക് അവിടെ നിന്നും കടലിനു നടുവിലെ തടവനുഭവം പോലെ ജീവിതം നൊന്തുതീര്‍ക്കുന്നവരുടെ നടുവിലേക്ക്...ശ്രീരാമന്‍ എത്തപ്പെട്ട ഇടങ്ങളെല്ലാം പൊള്ളുന്നവയായിരുന്നു. ജീവിതത്തിന്റെ ഈ കാരുണ്യരഹിതമായ പൊള്ളിക്കലാവാം അലങ്കാരരഹിതമായ ഭാഷയില്‍ അനുഭവങ്ങളെ പകര്‍ത്താന്‍ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നതും.

ആന്‍ഡമാനും ബംഗാള്‍ ജീവിതവും ഒക്കെ പ്രമേയമായ പല കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് 'ഒട്ടുചെടി'യാണെന്നു തോന്നുന്നു. ഹൃദയഹാരിയാണ് ആ കഥ. മനുഷ്യത്വത്തിന്റെ അഗാധ ചാരുതയും അതിന്റെ കരുത്തും വിളംബരം ചെയ്യുന്ന രചന. മനുഷ്യാവസ്ഥയെ കുറിച്ചുള്ള അത്യന്ത ശോഭയാര്‍ന്ന പാഠം. ആ കഥയുടെ തുടക്കം ഇങ്ങനെയാണ്: 'ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഈ ദ്വീപസമുഹത്തില്‍ ഒരു അന്യനായി എല്ലാം അകലെ നിന്നു കാണാന്‍ മാത്രം എത്തിയിരിക്കുന്നു. യാത്ര ചെയ്യുന്നു. മിഴികള്‍ മലര്‍ക്കെ തുറന്നിരുന്നുകൊണ്ടു നിദ്രാടനം നടത്തുന്നു.'' ഒരു പക്ഷെ സി.വി. ശ്രീരാമെന്റ രചനകളെ മുഴുവന്‍ ചേര്‍ത്തു പറയാവുന്നതാവണം ഈ വാചകങ്ങള്‍. ഇരുണ്ട കാട്ടിലൂടെ സഞ്ചരിച്ച് തെളിഞ്ഞ സ്ഥലത്തേക്ക് എത്തുന്ന യാത്ര. കൗസല്യ നഗര്‍. ബക്കുള്‍തല. വളരെ കുടുംബങ്ങള്‍ ഭൂമി ഉപേക്ഷിച്ചു പോയതിനാല്‍ നിലങ്ങളുടെ നടക്കും കുറ്റിക്കാടുകള്‍ വസൂരിക്കലകള്‍ പോലെ ആ ഗ്രാമത്തെ അവലക്ഷണമാക്കിയിരുന്നു.

''അന്നൊക്കെ ഇവിടെ മുഴുവന്‍ ഒറ്റയടിപ്പാതകളായിരുന്നു. ഒറ്റയടിപ്പാതയിലേക്കു വീണുകിടക്കുന്ന പാഴ്‌ച്ചെടികളെ വകഞ്ഞുവെച്ച്, തികച്ചും കാലുകള്‍ കുഴഞ്ഞും ദൂരത്തെ ശപിച്ചും നടന്നിരുന്ന ഓരോ നിമിഷവും ഓര്‍മ്മയിലുണ്ട്. ദിനംപ്രതി പത്തും പതിനഞ്ചും നാഴികകള്‍ നടക്കുമായിരുന്നു. ഇരുമ്പുകാലിന്റെ കുട തോളില്‍ വച്ചുനടന്നിട്ട് എല്ലാ ഷര്‍ട്ടിലും തോളില്‍ ഇരുമ്പുകറയുണ്ടായിരുന്നു''

ബിശ്വേശ്വര്‍ ഗരാമിയും മൈഥിലി പരമാണികും ആണ് ഒട്ടുചെടിയിലെ പ്രധാന കഥാപാത്രങ്ങള്‍. വിഭജനകാലത്ത് സ്വന്തം ഇടം വിട്ട് ഓടിപ്പോരേണ്ടിവന്നവര്‍. ഒരാള്‍ക്ക് ഭാര്യയേയും മറ്റയാള്‍ക്ക് ഭര്‍ത്താവിനേയും പിരിയേണ്ടി വന്നു. ഇവരെ രണ്ടുപേരേയും ജീവിതത്തില്‍ ചേര്‍ത്തുവെയ്ക്കുകയാണ് അഭയാര്‍ത്ഥി ക്യാമ്പിലെ ഉദ്യോഗസ്ഥനായ കഥയിലെ ആഖ്യാതാവ്. അയാള്‍ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങളും അതിനുശേഷം അതേ ഇടത്തിലേക്ക് വീണ്ടും കഥാകാരന്‍ പതിറ്റാണ്ടുകള്‍ക്കുശേഷം എത്തുന്നതും ഒരു കൃഷിയിടത്തില്‍ വച്ച് ഗരാമിയെ കണ്ടെത്തുന്നതും അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നതുമൊക്കെ അത്യസാധാരണമായ ചാരുതയോടെയാണ് വിവരിക്കുന്നത്.

ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥകളില്‍ ഒന്നാവണം ഒട്ടുചെടി. മനുഷ്യാവസ്ഥയുടെ അത്യന്തസങ്കീര്‍ണ്ണങ്ങളായ തലങ്ങളിലേക്ക് ഈ കഥ വായനക്കാരനെ കൊണ്ടുപോകുന്നുണ്ട്. അതിജീവനത്തിനും അഭയാര്‍ത്ഥി ക്യാമ്പിലെ പ്രവേശനത്തിനും വേണ്ടിയായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹം കഴിക്കുമ്പോള്‍ രണ്ടുപേര്‍ക്കും അവരുടെ പൂര്‍വ വിവാഹങ്ങളില്‍ മക്കളുണ്ടായിരുന്നു. അവരേയും കൂട്ടിയാണ് പുതിയ ജീവിതം അഭയാര്‍ത്ഥി ക്യാമ്പില്‍ ആരംഭിക്കുന്നത്. ഒരിയ്ക്കലും ചേരാന്‍ ഇടയില്ലാത്ത രണ്ടു ഗോത്ര വിഭാഗങ്ങളില്‍ പെട്ടവരായിരുന്നു ബിശേശ്വറും മൈഥിലിയും. പക്ഷെ അവര്‍ ഒരുമിച്ചു. ഇതു കണ്ട ഫിലോസഫി പ്രഫസറായ ദാസ് ഗുപ്ത ബാബു പറയുന്നുണ്ട്: '

ഹ്യൂമണ്‍ ബീയിംങ്‌സ് യു കേന്‍ എക്‌സ്‌പെളെയിന്‍. ബട്ട് നോട്ട് ഹ്യൂമന്‍ ലൈഫ്.' ജീവിതത്തെ വിശദീകരിക്കുക എന്നത് ഏറ്റവും വേദനാജനകവും ക്ലേശകരവുമായ അനുഭവമാണെന്ന് തിരിച്ചറിയുന്നു തത്വചിന്തകനായ പ്രഫസര്‍.

പതിറ്റാണ്ടുകള്‍ക്കുശേഷം കൗസല്യനഗറിലെത്തിയ ആഖ്യാതാവ് ബിശ്വേശ്വറിന്റെ വീട്ടിലെത്തിയപ്പോള്‍ മൈഥിലി ചോദിക്കുന്നുണ്ട്: ''അങ്ങയുടെ നാട്ടില്‍ ബംഗാളികളുണ്ടോ?''

''നീ എന്തു മണ്ടത്തരമാണ് ചോദിക്കുന്നത് അദ്ദേഹത്തിന്റെ നാട് കേരളമല്ലേ, അവിടെയെങ്ങനെ ബംഗാളികളുണ്ടാകും?''

''ഞാന്‍ ചോദിക്കാന്‍ കാരണമുണ്ട്. ഇത്ര വര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹം ബംഗ്‌ളഭാഷ സംസാരിക്കുന്നു''

''നിങ്ങളൊക്കെയല്ലേ എന്നെ ബംഗ്‌ളഭാഷ പഠിപ്പിച്ചത്. നിങ്ങളുടെ ദുഖത്തിലൂടെയല്ലേ ഞാന്‍ ആ ഭാഷ പഠിച്ചത്. അത് ദുഖത്തിന്റെ ഭാഷയാണ്. എങ്ങനെ മറക്കാനാ. അതുപോട്ടെ നിങ്ങളുടെ പെണ്‍കുട്ടികളൊക്കെ...''

ദുഖത്തിന്റെ മറക്കാത്ത ഭാഷയാകുന്നു സാഹിത്യം. മൈഥിലിയുടെ ആദ്യ ഭര്‍ത്താവ് എങ്ങനെയോ ഒരിക്കല്‍ അന്വേഷിച്ചു വന്നു. അവളെ കാണാന്‍. യാത്രയാക്കാന്‍ പോകുന്നതിനിടെ ബിശ്വേശ്വര്‍ ആ സംഭവം പറഞ്ഞു. '' ... എനിക്ക് ആ മനുഷ്യനോട് ഒരു വെറുപ്പും തോന്നിയില്ല. അത്ര നല്ല മനുഷ്യന്‍. പക്ഷെ, അവള്‍ ആ മനുഷ്യനെ കാണാന്‍ വിസമ്മതിച്ചു. അവള്‍ പറഞ്ഞു. എന്റെ ഏറ്റവും ദുരിതം പിടിച്ച നാളുകളില്‍ ദൈവം പോലുള്ള ആ മദ്രാസി ബാബുവാണ് നമ്മളെ കൂട്ടിയിണക്കിയത്. ഈ ജീവിതത്തില്‍ എനിക്കിനി ഈ ബന്ധം മതി.''

''ഇതു പറയുമ്പോള്‍ എന്തിന് ബിശ്വേശ്വര്‍ ഗരാമി കരയുന്നു എന്നറിഞ്ഞില്ല. അയാളുടെ കണ്ണുകളും നിയന്ത്രണം വിട്ടിരുന്നു. പക്ഷെ ആ കണ്ണുനീര്‍ ദുഖത്തിന്റേത് ആയിരുന്നില്ല. താന്‍ പിടിപ്പിച്ച ഒട്ടുചെടിയുടെ വീറിനെക്കുറിച്ചോര്‍ത്തപ്പോള്‍ തോന്നിയ ആനന്ദം. അതൊന്നുമാത്രം.''

ഇത്തരത്തില്‍ ഓരോ കഥകളും വ്യത്യസ്തങ്ങളും അഗാധമായ അനുഭവങ്ങളെ പകരുന്നതുമാകുന്നു. 'ചിദംബരം' എന്ന കഥ തന്നെ എടുക്കുക. സ്വാസ്ഥ്യം തേടി അലഞ്ഞ് ചിദംബരത്ത് എത്തിച്ചേരുന്ന ഒരാളുടെ അവസ്ഥകള്‍, അതിന്റെ ഭിന്നതലങ്ങള്‍ അവ വെളിവാക്കുകയാണ് കഥാകാരന്‍.

'നട തുറക്കുമ്പോള്‍, നടരാജ വിഗ്രഹം കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, തനിക്ക് എന്ത് അപേക്ഷിക്കാനുണ്ട്. കരള്‍ വ്യാധി മാറ്റിത്തരണമെന്നോ, മനസ്സിനു സ്വസ്ഥത നല്‍കണമെന്നോ, മോക്ഷപ്രാപ്തിക്ക് അനുഗ്രഹിക്കണമെന്നോ?'

ഇതെല്ലാം ആലോചിച്ചുകൊണ്ട് ദുര്‍ഗ്ഗ സദൃശ്യമായ ആ ദേവാലയത്തില്‍ നിന്നും പുറത്തിറങ്ങി. ചെരുപ്പ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ഇടത്തേയ്ക്കു ചെന്നു. ആരാണിത് ? കഴുത്തില്‍ മഫ്‌ളര്‍ കെട്ടിയ ആ സ്ത്രീ രൂപം? ആ രൂപത്തിനു പിന്നില്‍ പഴയ 'പാപ്പാ' ഉണ്ടോ? അവളുടെ ഊരും പേരും ചോദിച്ചാലോ? ചോദിച്ചു. മുഖത്തടിച്ചതുപോലെയായിരുന്നു മറുപടി. ''ഹേ...സ്വാമിയാരേ... കാവിയുമുടുത്ത് മോക്ഷം തേടി നടക്കുന്ന നിങ്ങള്‍ക്ക് എന്‍രെ പേര് അറിഞ്ഞിട്ടെന്തുകിട്ടാനാണ്... നിങ്ങള്‍ നിങ്ങളുടെ പാട്ടിനു പോകൂ. അയാള്‍ ചെരുപ്പ് കാലില്‍ അണിഞ്ഞു തിരിഞ്ഞുനോക്കാതെ നടന്നു''

തിരിഞ്ഞുനോക്കാത്ത ഇത്തരം നടപ്പുകള്‍ മനുഷ്യാവസ്ഥയ്ക്ക് എത്രമേല്‍ അനിവാര്യമാണെന്നത് വളരെ ചേര്‍ത്തുനിര്‍ത്തുന്ന ആഖ്യാനത്തിലൂടെ വിവരിച്ചു തരികയാണ് സി.വി. ശ്രീരാമന്‍. മനുഷ്യസഹജമായ എല്ലാ തന്മകളും അദ്ദേഹം ആ കഥയുടെ അന്തസാരത്തിലേക്ക് ചേര്‍ത്തുവെയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഓരോ കഥയും സവിശേഷവും ശ്രദ്ധേയവുമാകുന്നു. പറച്ചിലിന്റെ സ്വാഭാവികത പേറുന്നതുപോലെ തന്നെ, അസാധാരണമായതരത്തില്‍ ദൃശ്യതയും ശ്രീരാമന്റെ രചനകളെ വ്യത്യസ്തമാക്കുന്നു. ചലച്ചിത്രങ്ങളുടെ പൂര്‍ണ്ണാനുഭവങ്ങള്‍ നല്‍കുന്നവയാണ് അദ്ദേഹത്തിന്റെ കഥകളിലെ ഏറിയപങ്കും. ഇരിക്കപിണ്ഡം, ചിദംബരം, വാസ്തുഹാര, പൊന്തന്‍മാട, ശീമത്തമ്പുരാന്‍ തുടങ്ങിയവ സിനിമകളാവുകയും ചെയ്തു. ചലച്ചിത്രങ്ങളുടെ വിപുലമായ സംസ്‌കാരം തന്റെ രചനകള്‍ക്ക് ഇന്ധനം പകര്‍ന്നിരിക്കാമെന്ന ശ്രീരാമന്‍ തന്നെ പറഞ്ഞിട്ടുണ്ട്.


മറ്റെഴുത്തുകാരില്‍ നിന്നും ഭിന്നമായി അദ്ദേഹം സജീവമായി രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു. സിപിഎം അംഗമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ രചനകളാവട്ടെ ''മനുഷ്യജീവിതത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തെ സര്‍ഗാത്മകമായി അനാവരണം'' ചെയ്യുകയും. സ്ഥൂല രാഷ്ട്രീയത്തിന്റെ വഴികളില്‍ നിന്നും കുതറിമാറി നില്‍ക്കുകയാണ് ചെയ്യുന്നത്. ചരിത്രവും രാഷ്ട്രീയവും ആത്മീയതയും മനസ്സിന്റെ നിഗൂഢങ്ങളായ ചോദനകളും എന്നുവേണ്ട മനുഷ്യാവസ്ഥയുമായി ചേര്‍ന്നുനില്‍ക്കുന്ന എല്ലാം അദ്ദേഹത്തിന്റെ കഥയ്ക്കു വിഷയങ്ങളാകുന്നുണ്ട്. ആന്‍ഡമാനെന്നതുപോലെ തീര്‍ത്ഥഘട്ടങ്ങളിലും അമ്പലമുറ്റങ്ങളിലുമൊക്കെ അദ്ദേഹത്തിന്റെ കഥകള്‍ വികസിക്കുന്നു. അസാധാരണമായ വ്യക്തിത്വമുള്ളവരാണ് അദ്ദേഹം സൃഷ്ടിച്ച സ്ത്രീകഥാപാത്രങ്ങള്‍. എല്ലായിടങ്ങളിലും സ്വയം ആര്‍ജ്ജിച്ച മൂല്യങ്ങളാല്‍ ജീവിതത്തെ അളക്കാന്‍ ശ്രമിച്ചവര്‍, സമൂഹം നല്‍കിയ ആണധികാര വാര്‍പ്പ് മൂല്യപദ്ധതികളോട് ചേര്‍ന്നു നില്‍ക്കാത്തവര്‍. നിശിതമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍.
കടന്നുപോന്ന വഴികളില്‍ നിന്നും ശേഖരിച്ചുവെച്ചതെല്ലാം ശ്രീരാമന് എഴുതുവാനിയിട്ടുണ്ടാവില്ല. അത്രമേല്‍ സമ്പന്നമാകുന്നു അദ്ദേഹത്തിന്റെ അനുഭവ പ്രപഞ്ചം. ആര്‍ജ്ജിച്ചതും അറിഞ്ഞതുമായ അനുഭവത്തിന്റെ പത്തിലൊന്നുപോലും കടലാസിലിറക്കാന്‍ കഴിഞ്ഞില്ലെന്ന് സി.വി. ശ്രീരാമന്‍ തന്നെ കുറിച്ചിട്ടുമുണ്ട്. കഥാവശേഷനാകാതിരിക്കുന്നതിനാല്‍ അതില്‍ ഖേദമില്ലെന്നും. അത് തീര്‍ച്ഛയാണ്. ഒരു കാലത്തിനും കഥാവശേഷമാക്കാന്‍ കഴിയുന്നവയല്ല ശ്രീരാമന്‍ കഥകള്‍.

അവലംബം
1. ശ്രീരാമന്റെ കഥകള്‍-സി.വി. ശ്രീരാമന്‍, കറന്‍റ് ബുക്‌സ്, തൃശൂര്‍
2. സി.വി. ശ്രീരാമന്‍; യാത്രയുടെ അകവും പുറവും-എന്‍.എസ്. മാധവന്‍, മാതൃഭൂമി ദിനപത്രം, ഒക്ടോബര്‍ 10, 2012
3. സി.വി ശ്രീരാമനുമായുള്ള അഭിമുഖങ്ങള്‍, വിവിധ പഠനങ്ങള്‍


Next Story

Related Stories