TopTop

നഗരത്തിലെ ഇപ്പോഴത്തെ താൽക്കാലികമായ വൈരസ്യത്തേക്കുറിച്ചാധി പൂണ്ടിരിക്കുന്നതല്ലല്ലോ എന്റെ ശരിമാർഗ്ഗം-ലോക്ക് ഡൗണിനെ കുറിച്ച് യു എ ഖാദര്‍ എഴുതുന്നു

നഗരത്തിലെ ഇപ്പോഴത്തെ താൽക്കാലികമായ വൈരസ്യത്തേക്കുറിച്ചാധി പൂണ്ടിരിക്കുന്നതല്ലല്ലോ എന്റെ ശരിമാർഗ്ഗം-ലോക്ക് ഡൗണിനെ കുറിച്ച് യു എ ഖാദര്‍ എഴുതുന്നു

ഞാൻ വീട്ടിൽ വെറുതെയിരിക്കാറില്ല. പകൽവേളകളിൽ വായനയും ഇടയ്ക്ക് എഴുതണമെന്ന് വല്ലാതെ "തോന്നുമ്പോൾ " മനസ്സിലെ ഉൾവിളിയ്ക്ക് പാകം എഴുതുന്ന സ്വഭാവക്കാരനുമാണ്. അടുക്കളയിൽ വച്ചുണ്ടാക്കുന്ന വീട്ടുകാരിയ്ക്ക് ഒരു കൈ സഹായം എന്ന മട്ടിൽ അടുക്കളയിലേക്ക് ചെല്ലാറുമില്ല. നേരത്തിനും കാലത്തിനും ഭക്ഷണം ഏലാക്കി ഭക്ഷണമേശ മേൽ പിഞ്ഞാണത്തിൽ വിളമ്പി വിളിക്കുമ്പോൾ കഴുകി ചെന്നിരിക്കും. പാകം പോലെ വിളമ്പിയുട്ടുന്ന വീട്ടുകാരി. എന്നെ എന്റെ കർമ്മങ്ങളിൽ തടസ്സെമൊന്നും കൂടാതെ ഒഴുക്കിനനുസരിച്ചും ഒഴുക്കിനെതിരായും ചലിക്കാൻ അവൾ ഒരിക്കലും വിസമ്മതം കാണിക്കാറുമില്ല.

അങ്ങനെ ഒത്തും ഒപ്പിച്ചും പോകുന്നതിന്നിടയിലാണ് വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാത്ത ദുരവസ്ഥ വന്നു പെട്ടിരിക്കുന്നത്. സാധാരണ വൈകുന്നേരങ്ങളിൽ പുറത്തിറങ്ങി ഒന്നു ചുറ്റിയടിച്ച് സന്ധ്യക്ക് തിരിച്ചെത്തും. ഞാൻ പങ്കെടുക്കേണ്ട സാംസ്കാരിക യോഗങ്ങൾ വല്ലതുമുണ്ടെങ്കിൽ അന്നിത്തിരി വൈകുമെന്ന് വീട്ടുകാരിക്കറിയാം. വൈകിട്ടത്തെ ഇറക്കം ഒന്നുകിൽ അളകാപുരിയിലെ ഏതെങ്കിലും സുഹൃത്തിനെ കാണാൻ. ഒന്നിച്ച് അല്‍പനേരം കഴിഞ്ഞതും കടന്നതുമൊക്കെപ്പറഞ്ഞു മനസൊന്നയയാൻ, തുറന്നൊന്നു ചിരിക്കാൻ (തിക്കോടിയൻ വിട്ടുപിരിഞ്ഞ ശേഷം ആ പരിപാടി നിന്നു). എന്നാലും അപൂർവ്വമായി അടുത്ത സുഹൃത്തുക്കളുമായി ഒത്തു കൂടാമെന്ന കമ്പം വച്ചാണ് അളകാപുരിയിലൊന്ന് കയറുന്നത്.
പിന്നെ സായാഹ്നം ചുകപ്പിയ്ക്കുന്നത് മനോഹരമായ കോഴിക്കോട്ടെ കടപ്പുറത്തെ ശിൽപ്പ സൌധങ്ങളുടെ തണൽ തഴപ്പിലിരുന്നാണ്. കോഴിക്കോട്ടെ എല്ലാ തലമുറയിലും പെട്ട ആൾക്കാർ മുക്കാലേയരക്കാലും അവിടെ പകൽവേളകളിലെ 'അങ്ങാടിച്ചൂടാന്തരം ' ഒന്നു തണുപ്പിക്കാൻ എത്തുന്നു. പതിവനുസരിച്ചു ഒരേ തൂവൽ പക്ഷികൾ ഒന്നിച്ചിരുന്നു കൊക്കുരുമ്മുന്ന നല്ല നേരങ്ങൾ കോഴിക്കോട്ടല്ലാതെ മറ്റൊരു ദിക്കിലും ഇങ്ങനെ കാണുകയില്ല.(വെറുതെയല്ല കോഴിക്കോട്ടു തമ്പടിച്ചു കൂടിയ സാഹിത്യകാരന്മാരും കലാകാരന്മാരും കുറ്റിയും പറിച്ച് ഇവിടം വിടാത്തത്) പറഞ്ഞു വന്നത് കോഴിക്കോട്ട് തന്നെ ആടയിരുന്ന എന്റെ ജീവതത്തെ സക്രിയമായും സജീവമായും നിലനിർത്തിയത് ഇവിടത്തെ ആരോഗ്യ കലാ പുഷ്ക്കലമായ അവസ്ഥയും അന്തരീക്ഷവുമാണ്. അതിനെയെല്ലാം ഇല്ലാതാക്കും വിധത്തിലാണല്ലോ കോറോണാ ബാധയുടെ ആശങ്കയുടെ വിഷം നമ്മുടെ ജീവിതാന്തരീക്ഷത്തെ തീണ്ടിയത്.
ആ വിഷം നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഇല്ലാതാക്കാൻ നമ്മുടെ പ്രിയപ്പെട്ട ജനകീയ സർക്കാർ വേണ്ടുന്ന എല്ലാ പരിപാടികളും ഫലപ്രദമാം വിധം ആസൂത്രണം ചെയ്ത് നടപ്പാക്കികൊണ്ടിരിക്കയാണ്. അതിന്റെ പ്രധാന ഇനമാണ് പൊതുസമ്പർക്ക പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുക എന്ന ആഹ്വാനം. അതിനാലാണ് എന്റെ സായാഹ്നങ്ങൾ വീട്ടിൽ തന്നെയാക്കിയത്. ഈ അകന്നു നിൽക്കലിലൂടെയാണ് കോഴിക്കോടൻ പൂരായിരങ്ങളുടെ ഒളി ചിതറും നഷ്ടബോധങ്ങളെ കുറിച്ചോർക്കാൻ തോന്നുന്നത്. ആയിരങ്ങൾ ആഘോഷമാടിയ കടപ്പുറം ശൂന്യം, സംഗീതം തുളുമ്പും തെക്കേപ്പുറം മാളികയിലെ ഹാർമോണിയപ്പെട്ടിയും തൊട്ടരികിലെ തബലയും മൂകം. മാളിക കൂട്ടായ്മ വേണ്ടന്ന് വെച്ചു. തളി പത്മശ്രീയിലെ കർണാട്ടിക്ക് സംഗീത കച്ചേരികൾ നിലച്ചു. ടൌൺ ഹാളും ടാഗോർ ഹാളും കളിവിളക്കുകൾ തെളിയിക്കുന്നത് രോഗാശങ്കകൾ അകന്ന് മാറിയ ശേഷം.

നാടിനെ ഗ്രസിച്ച രോഗ ഭീഷണിക്കെതിരായി സർക്കാരിനൊപ്പം അണിചേർന്ന് പ്രവർത്തിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് കരുതിയിറങ്ങിയവർക്കാവുന്നത് ചെയ്തു കൊടുക്കുകയാണല്ലോ എന്റെയും ചുമതല. നഗരത്തിലെ ഇപ്പോഴത്തെ താൽക്കാലികമായ വൈരസ്യത്തേക്കുറിച്ചാധി പൂണ്ടിരിക്കുന്നതല്ലല്ലോ എന്റെ ശരിമാർഗ്ഗം.


യു എ ഖാദര്‍

യു എ ഖാദര്‍

എഴുത്തുകാരന്‍

Next Story

Related Stories