TopTop
Begin typing your search above and press return to search.

'മോദിയുടെ ലോക്ക് ഡൗണ്‍ തീരുമാനത്തെ ഞാന്‍ പിന്തുണച്ചത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു; എന്നാല്‍ നോട്ട് നിരോധന ദുരന്തത്തെയാണ് ആ പ്രഖ്യാപനം ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത്'

മോദിയുടെ ലോക്ക് ഡൗണ്‍ തീരുമാനത്തെ ഞാന്‍ പിന്തുണച്ചത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു; എന്നാല്‍ നോട്ട് നിരോധന ദുരന്തത്തെയാണ് ആ പ്രഖ്യാപനം ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത്

എന്റെ ഹിന്ദി അധ്യാപകരില്‍ ഒരാളുപോലും 'റായ്ത ഫയ്ലന' എന്ന ഹിന്ദി പ്രയോഗത്തിന്റെ അര്‍ഥം പഠിപ്പിച്ചുതന്നിട്ടില്ല (തൈര് കുഴഞ്ഞു പോകുക എന്നത്, ആവശ്യമില്ലാത്ത ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നു). പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും ഉപയോഗിച്ചുതേഞ്ഞ വെറും അസ്ഥികൂടങ്ങളാകുമ്പോള്‍ മാത്രമായിരിക്കും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. എന്തായാലും കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തൈരും ചോറും കൈകൊണ്ട് കുഴച്ചു കഴിക്കുന്ന എനിക്ക്, ആ ഭാഷാപ്രയോഗത്തിന്റെ അര്‍ഥം ശരിക്കു മനസിലായിട്ടുണ്ട്. കൊറോണോ വൈറസ് പടര്‍ന്നു പിടിച്ചതിനു ശേഷം നടന്ന ലോക്ക് ഡൗണ്‍ ഒരാഴ്ചപിന്നീടുമ്പോള്‍, നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്ത രീതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു പ്രയോഗം കിട്ടാനില്ല.

ഒരുപാടു ഉപയോഗപ്രദമായേക്കാമായിരുന്ന ഒരു വലിയ തീരുമാനം അതിന്റെ നടത്തിപ്പിലെ പാളിച്ചകളിലൂടെ തിരിച്ചടിക്കുന്നതായാണ് കാണുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നരേന്ദ്ര മോദിയുടെ തീരുമാനത്തെ ഞാന്‍ പിന്തുണച്ചത് നിരവധി പേരെ അത്ഭുതപ്പെടുത്തിയിരുന്നു, ഇത്തരമൊരു സാഹചര്യത്തില്‍ ആ തീരുമാനമെടുത്തതിന് മോദിയെ പഴിചാരുന്നതില്‍ വലിയ അര്‍ത്ഥമുണ്ടാകില്ല, അത്, ഈ സാഹചര്യത്തിലെടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം അദ്ദേഹം കൈക്കൊണ്ടു എന്നതുകൊണ്ടല്ല, മറിച്ച് എന്താണ് നല്ലത്, എന്താണ് അസ്വീകാര്യം എന്നതിനെ സംബന്ധിച്ച് യാതൊരു തീര്‍ച്ചയുമില്ലാത്ത പ്രതിസന്ധി ഘട്ടത്തിലാണ് നമ്മള്‍ എത്തി നില്‍ക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നാണത്. ഒരു പക്ഷെ ചരിത്രത്തിന്റെ കണ്ണാടിയില്‍ നമ്മള്‍ വിഡ്ഢികളുടെ പ്രതിബിംബമായായിരിക്കും തെളിയുക. എന്നിരുന്നാലും ലോക ആരോഗ്യ സംഘടനയും അന്തര്‍ദേശീയതലത്തില്‍ മിക്കവാറും രാജ്യങ്ങളും എല്ലാം ചേര്‍ന്ന് കൈക്കൊണ്ട ഇത്തരമൊരു സുരക്ഷാ നടപടിയില്‍ ഭാഗമായതിനു പ്രധാനമന്ത്രിയെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ഇനി അഥവാ അദ്ദേഹം ഈ തീരുമാനമെടുക്കാതെ നീട്ടിവച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ വിമര്‍ശനം കൊണ്ട് നാം നിര്‍ത്തിപ്പൊരിച്ചേനെ. വ്യക്തവും കൃത്യവും ചടുലവുമായ ഒരു രാഷ്ട്രീയ തീരുമാനം ആവശ്യപ്പെടുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. ഇനി, കഴിഞ്ഞയാഴ്ച ലോക്ക് ഡൗണിനു ശേഷം സംഭവിച്ച പാളിച്ചകള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്നതും യുക്തിക്കു നിരക്കുന്നതല്ല, ഇത്തരമൊരു വലിയ തീരുമാനം പാളിപ്പോകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് നാം മനസിലാക്കണം. ലോകമാകമാനമുള്ള മനുഷ്യര്‍ തങ്ങളുടെ ജീവിതത്തിന്റെ താളക്രമം തെറ്റിയതുകണ്ട് അന്ധാളിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ വിസ്തൃതിയും ജനപ്പെരുപ്പവും കണക്കിലെടുത്ത്, സംഭവിക്കാന്‍ സാധ്യതയുള്ള ആശയക്കുഴപ്പവും സംഘര്‍ഷവും നാം കണ്ടില്ലെന്നു നടിക്കരുത്. ഇത്തരമൊരു വലിയ നടപടി പ്രഖ്യാപിച്ചു കഴിയുമ്പോളുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെയും മുന്‍കൂട്ടി കാണുവാന്‍ ഒരു ഭരണാധികാരിക്കും സാധ്യമല്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. ഏതു സര്‍ക്കാരായാലും എടുത്ത തീരുമാനമെന്തു തന്നെയായാലും, അതിന്റെ നടത്തിപ്പ് എങ്ങനെ ഉള്ളതായിരുന്നാലും വിമര്‍ശനങ്ങള്‍ സ്വാഭാവികമായിരുന്നു. എന്നിരുന്നാലും മൂന്ന് ചോദ്യങ്ങള്‍ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ലോക്ക് ഡൗണിനെ കുറിച്ചും അത്തരമൊരു തീരുമാനം എടുക്കാനിടയായാല്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിച്ചിരുന്നുവോ? ലോക്ക് ഡൗണ്‍ ചെയ്യാന്‍ പോകുകയാണെന്ന തീരുമാനം ജനങ്ങളിലേക്ക് വേണ്ട രീതിയിലെത്തിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചുവോ? ഇനി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷം ഉയര്‍ന്നു വന്ന സാഹചര്യത്തോടും വെല്ലുവിളികളോടും വേണ്ട രീതിയില്‍ പ്രതികരിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചോ? ഈ മൂന്ന് ചോദ്യങ്ങള്‍ക്കും നിര്‍ഭാഗ്യവശാലുള്ള ഉത്തരം ഇല്ല എന്നാണ്. വലിയൊരു പകര്‍ച്ചവ്യാധി തടയുന്നതിനും, നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന് ഒരുപാട് സമയം ലഭിച്ചില്ല എന്നത് സത്യമാണ്. എന്നാല്‍ ദുരന്തം വന്നതിനു ശേഷം നിവാരണമാര്‍ഗ്ഗങ്ങളെക്കുറിച്ചന്വേഷിക്കാന്‍ കൊറോണ, ഭൂമികുലുക്കം പോലുള്ള ഒരു സാഹചര്യമല്ല സൃഷ്ടിക്കുന്നത്. വുഹാന്‍ പ്രവിശ്യയില്‍ ചൈന ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് എട്ടാഴ്ചകള്‍ക്കു ശേഷവും, ഇറ്റലി ഭാഗികമായി അടച്ചു നാല് ആഴ്ചകള്‍ക്കും, പൂര്‍ണമായി അടച്ച് രണ്ടാഴ്ചകള്‍ക്കും ശേഷമാണ്, ഇന്ത്യ ദേശവ്യാപകമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. കാര്യങ്ങളെ സംബന്ധിച്ച് ചിട്ടയായി പഠിച്ച്, വേണ്ട നടപടികളെടുക്കുവാന്‍ ഈ സമയം ധാരാളമായിരുന്നു. ദു:ഖകരമായ കാര്യമെന്താണെന്നാല്‍, ഇത്തരമൊരു ആസൂത്രണമോ കരുതലോ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളിലും തീരുമാനങ്ങളിലും ദൃശ്യമല്ല. എന്തുകൊണ്ടാണ് വിളവെടുപ്പുകാലമായിട്ടുകൂടി കൃഷിയും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളും ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കപ്പെട്ട അവശ്യ സര്‍വീസുകളുടെ ആദ്യ ലിസ്റ്റില്‍ വരാതിരുന്നത്? അസംഘടിത മേഖലയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയുന്ന തൊഴിലാളികളുടെ സ്ഥിതിയെ സംബന്ധിച്ചും തിരിച്ചുപോക്കിനെ സംബന്ധിച്ചും കൃത്യമായൊരു പദ്ധതി ആസൂത്രണം ചെയ്യാഞ്ഞതെന്തേ? നിലവിലുള്ള ക്ഷേമ പദ്ധതികളില്‍ പെടാത്തവരെക്കൂടി ഉള്‍കൊള്ളിച്ചുകൊണ്ട് സാര്‍വത്രികമായ റേഷന്‍ സംവിധാനം നടപ്പിലാക്കുവാന്‍ നാം ഇനി പട്ടിണി മരണത്തിന്റെ വാര്‍ത്തകള്‍ വരുവോളം കാത്തിരിക്കേണ്ടതുണ്ടോ? ഗതാഗത സംവിധാനമടയ്ക്കുന്നതിന്റെ പരിണതഫലങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നുവോ? (ആദ്യം പാസ്സഞ്ചര്‍ ട്രെയിനുകള്‍, പിന്നീട് അന്തര്‍ സംസ്ഥാന ട്രെയിനുകള്‍, അതിനുശേഷം അന്തര്‍ദേശീയ, ദേശീയ വിമാന സര്‍വീസുകള്‍). ഗതാഗത സംവിധാനങ്ങളുടെ സ്തംഭനം വിതരണ സംവിധാനത്തെ താറുമാറാക്കുക വഴി അവശ്യവസ്തുക്കളുടെ ക്ഷാമത്തിലേക്കും, കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പോലുള്ള സംവിധാനങ്ങളിലേക്കും നയിക്കും എന്ന് മുന്‍കൂട്ടി കാണുവാന്‍ എന്തുകൊണ്ട് സര്‍ക്കാരിന് സാധിച്ചില്ല? കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാന്‍ ഇനിയും എന്താണ് താമസം? എന്തുകൊണ്ടാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാനുള്ള നടപടികളെടുക്കുവാന്‍ നിയോഗിച്ച പ്രത്യേകാധികാര സംഘങ്ങളോട് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനുള്ള നിര്‍ദേശം നല്‍കുവാന്‍ സര്‍ക്കാര്‍ താമസിച്ചത്? ഈ ചോദ്യങ്ങളെ കുറിച്ച് കൂടുതല്‍ കൂടുതല്‍ ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവുകയാണ്. പെട്ടെന്നെടുത്ത ലോക്ക് ഡൌണ്‍ തീരുമാനത്തിനുശേഷം മാത്രമാണ് പദ്ധതികളും ആസൂത്രണങ്ങളും നടക്കുന്നത്. ആദ്യം അടയ്ക്കുക, പിന്നീട് ഭവിഷ്യത്തുകളെക്കുറിച്ചാലോചിക്കുക എന്ന സമീപനം ഒരു ലോക്ക് ഡൌണ്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങളെ എത്രയോ ഇരട്ടിയാക്കിയിരിക്കുകയാണ്. ഈ ഒരവസ്ഥയില്‍ കൊറോണ ആരോഗ്യത്തിനും ജീവനും ഉയര്‍ത്തുന്ന ഭീഷണിയെക്കാള്‍ ഭീകരമാണ് ജനങ്ങളുടെ ജീവിത മാര്‍ഗങ്ങള്‍ക്ക് മേല്‍ ലോക്ക് ഡൗണ്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍. ആശയവിനിമയത്തില്‍ സംഭവിച്ച അപാകത പെട്ടന്നുള്ള ലോക്ക് ഡൌണ്‍ തീരുമാനത്തില്‍ രണ്ടു കാര്യങ്ങളാണ് ആശങ്കയുണര്‍ത്തുന്നത്. ഒന്ന്, കൃത്യമായ ആസൂത്രണത്തോടെയല്ല മേല്പറഞ്ഞ തീരുമാനം സ്വീകരിച്ചതെന്ന് നമ്മള്‍ കണ്ടതാണ്. രണ്ടാമതായി വെറും നാല് മണിക്കൂറിന്റെ ഇടവേള മാത്രമാണ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്നതിനും നടപ്പിലാക്കുന്നതിനുമിടയില്‍ ജനങ്ങള്‍ക്ക് ലഭിച്ചത്. എട്ടു മണിക്ക് ടെലിവിഷനിലൂടെ വന്നു ജനങ്ങളെ ഞെട്ടിക്കുക എന്ന ചടങ്ങിനോട് പ്രധാനമന്ത്രിക്ക് പ്രത്യേക താല്പര്യമുണ്ട് എന്നതല്ലാതെ മറ്റൊരു സാധൂകരണവും ഈ ധൃതിപിടിച്ച നടപടിക്ക് നല്‍കാനാവില്ല. പേരെടുത്ത ഒരു പ്രാസംഗികന്‍ എന്ന നിലയ്ക്ക് ഒരു ആരോഗ്യ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഭരണാധികാരി രാഷ്ട്രത്തോടു എങ്ങനെ സംസാരിക്കരുത് എന്നതിന് ഉത്തമോദാഹരണമായിരുന്നു മോദിയുടെ പ്രസംഗം. സാഹചര്യത്തിന്റെ രൂക്ഷത വ്യക്തമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജനതയെ മുഴുവന്‍ ആശങ്കാകുലരാക്കുവാന്‍ മാത്രമേ അദ്ദേഹത്തിന്റെ പ്രസംഗം കൊണ്ട് സാധിച്ചുള്ളൂ. സംഭ്രമം ധ്വനിപ്പിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം നിരക്ഷരനെയും വിദ്യാസമ്പന്നനെയും ഒരു പോലെ ആശയകുഴപ്പത്തിലാക്കി. വസൂരി, എലിപ്പനി, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പോലെ രക്ഷയില്ലാത്ത ഒരു മഹാവ്യാധിയാണ് കൊറോണ എന്ന പ്രതീതി വരുത്തുവാന്‍ വസ്തുതകളും വാഗ്ദാനങ്ങളും തീരെയുള്‍പ്പെടുത്താത്ത അദ്ദേഹത്തിന്റെ പ്രസംഗത്തിന് സാധിച്ചു. കൊറോണ വൈറസിന്റെ മരണനിരക്ക് രണ്ടു ശതമാനത്തിനു താഴെയാണെന്ന് തന്റെ കേള്‍വിക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളെ സംബന്ധിച്ച് വിശദീകരിക്കുവാനോ നമ്മുടെ ആരോഗ്യരംഗത്തിന്റെയും, വൈദ്യ ശുശ്രൂഷകരുടെയും, ഗവേഷണങ്ങളുടെയും മികവിനെ കുറിച്ച് പറഞ്ഞ് ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുവാനും അദ്ദേഹത്തിന് സാധിച്ചില്ല. കര്‍ഫ്യുവിനു സമാനമായ ഈ ലോക്ക് ഡൗണില്‍ ലഭ്യമായേക്കാവുന്ന സേവനങ്ങളെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല. തത്ഫലമായി നട്ടപ്പാതിരായ്ക്ക് ജനങ്ങള്‍ കടകളില്‍ കയറിയിറങ്ങി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇതിലും ഗുരുതരമായ പ്രശ്‌നം ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളുടെ ഭക്ഷണവും മറ്റടിസ്ഥാനാവശ്യങ്ങളും ഉറപ്പുവരുത്തുന്ന കാര്യങ്ങളൊന്നും അദ്ദേഹം പറഞ്ഞില്ലെന്നു മാത്രമല്ല, ലോക്ക് ഡൌണ്‍ മൂലം ഉണ്ടായേക്കാനിടയുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനത്തെയും മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. ചുരുക്കത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു സമൂഹത്തെയൊന്നാകെ അകാരണമായ ഭയത്തിനടിമപ്പെടുത്തുകയാണ് ചെയ്തത്. ഉപേക്ഷയും ഉത്തരവാദിത്തമില്ലായ്മയും കലര്‍ന്ന പ്രതികരണങ്ങള്‍ രാജ്യം മുന്‍പ് നേരിട്ടില്ലാത്തവിധം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുമുള്ള സജീവ പ്രതികരണങ്ങള്‍ പ്രശ്ങ്ങളുടെ രൂക്ഷത കുറയ്ക്കാന്‍ സഹായിക്കും. കുംഭമേളയും ദേശീയ തിരഞ്ഞെടുപ്പും പോലുള്ള വന്‍കിട പരിപാടികള്‍ നടത്തുന്ന ഒരു ഉദ്യോഗസ്ഥവൃന്ദത്തിന് അത്തരമൊരു സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും സാധിക്കുമെന്നുറപ്പാണ്. എന്നാല്‍ ആളുകള്‍ കൂട്ടം കൂടുന്നതൊഴിവാക്കാന്‍ പോലീസ്, നിയമ സംവിധാനങ്ങളിലൂടെ ശ്രമിക്കുകയല്ലാതെ മറ്റെല്ലാത്തരത്തിലും ഉപേക്ഷയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടി(ദുരന്താവസ്ഥയില്‍ സര്‍ക്കാരിന് പ്രത്യേക കടമകളും അധികാരങ്ങളും നല്‍കുന്ന നിയമം)ന്റെ വ്യവസ്ഥകള്‍ നടപ്പിലാക്കേണ്ടതിന്റെ (അത് അത്യാവശ്യമായിരുന്നു താനും) ആവശ്യതയെ കുറിച്ച് ആവര്‍ത്തിച്ച പ്രധാനമന്ത്രി പക്ഷെ, അതേ നിയമപ്രകാരം ലോക്ക് ഡൌണ്‍ അനുഭവിക്കേണ്ടി വരുന്ന ജനങ്ങളോട് സര്‍ക്കാരിനുള്ള കടമകളെ കണ്ടില്ലെന്നു നടിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ ഉത്തരവാദിത്തം എപ്പോഴും അതാതു സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ അതല്ലാതെ കാണുന്ന മറ്റൊരു വഴി എന്‍ജിഓകളുടെയും മറ്റു പൗരസമൂഹ സംഘടനകളുടെയും ഇടപെടലാണ്. ഈ പ്രതിസന്ധിയുടെ ഇടയിലും അത് തരണം ചെയ്യുന്നതിനേക്കാളുപരിയായി കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് പത്രങ്ങളുടെ തലക്കെട്ടുകളില്‍ കയറിപ്പറ്റാനാണ്. നിര്‍ധനരെയും ആലംബഹീനരെയും സഹായിക്കുന്നതിനുപകരം കണക്കുകള്‍ കൊണ്ടുള്ള കളികളിലേര്‍പ്പെട്ടിരിക്കുകയാണ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. കൃഷിവകുപ്പ് മന്ത്രിയായ നരേന്ദ്ര സിംഗ് തോമറാകട്ടെ കര്‍ഷകര്‍ക്കായി രൂപീകരിച്ച പദ്ധതികളെക്കുറിച്ചൊന്നും കൃത്യമായി പറഞ്ഞിട്ടില്ല. കൊറോണ വൈറസിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനു പകരം വാര്‍ത്താവിതരണ വകുപ്പ് സീരിയലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്. നരേന്ദ്ര മോദിയെ ചുറ്റിപ്പറ്റി നിര്‍മിച്ച നായകത്വ നിര്‍മിതികള്‍ ബിജെപിയിലെ മറ്റെല്ലാ നേതാക്കളെയും നിഷ്പ്രഭരാക്കിയിരിക്കുന്നു. ഒരു വ്യക്തിയുടെ പാളിച്ചകള്‍ മുഴുവന്‍ വ്യവസ്ഥയുടേതുമായിരിക്കുന്നു; രാജ്യം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ സര്‍ക്കാര്‍ പ്രതിച്ഛായാ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. ഇവിടെ ദുരന്തനിവാരണത്തിനുള്ള സമീപനങ്ങളാണ് ഏറ്റവും വലിയ ദുരന്തങ്ങള്‍. ഇതെല്ലാം എന്നെ 2016-ലെ നോട്ട് നിരോധനത്തിന്റെ കാലത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. എന്നിരുന്നാലും ചരിത്രപരമായ ആ മണ്ടന്‍ തീരുമാനത്തിന്റെ അനന്തരഫലങ്ങളെയും മോദി അതിജീവിച്ചു. പക്ഷെ, ഹിന്ദിയില്‍ പറയുന്നത് പോലെ 'കാത് കി ഹണ്ടി ബാര്‍ ബാര്‍ ആഗ് പേ നഹി ചാടതി', മരത്തിന്റെ പാത്രം ഒരുപാട് തവണ അടുപ്പത്തു വയ്ക്കുവാന്‍ സാധിക്കില്ല; ഈ പഴഞ്ചൊല്ലിന്റെ അര്‍ഥം എന്റെ ഹിന്ദി അധ്യാപിക പറഞ്ഞു തന്നിട്ടുണ്ട്.

ദി പ്രിന്റി

-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ


Next Story

Related Stories