TopTop
Begin typing your search above and press return to search.

നിയമ ലംഘനം;സൗദിയില്‍ പിടിക്കപ്പെട്ടത് 42 ലക്ഷത്തിലേറെ പ്രവാസികള്‍

നിയമ ലംഘനം;സൗദിയില്‍ പിടിക്കപ്പെട്ടത് 42 ലക്ഷത്തിലേറെ പ്രവാസികള്‍

സൗദി അറേബ്യയില്‍ വിവിധ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 42 ലക്ഷത്തിലേറെ വിദേശികളെന്ന് റിപോര്‍ട്ട്. 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന പേരില്‍ ആഭ്യന്തരമന്ത്രാലയം 2017 നവംബര്‍ മുതല്‍ നടത്തുന്ന പരിശോധനയിലാണ് ഇഖാമ, തൊഴില്‍, അതിര്‍ത്തിരക്ഷാ നിയമങ്ങള്‍ ലംഘിച്ച 4,217,722 വിദേശ തൊഴിലാളികളെ പിടികൂടിയത്.

പിടിക്കപ്പെട്ടവരില്‍ നിയമനടപടികള്‍ പൂര്‍ത്തിയായ 1,047,336 തൊഴിലാളികളെ നാടുകടത്തി. സാധുവായ താമസരേഖ (ഇഖാമ) കൈയ്യിലില്ലാത്ത 3,297,278 ആളുകള്‍ അറസ്റ്റിലായതില്‍ പെടുന്നു. തൊഴില്‍ നിയമം ലംഘിച്ചത് 648,458 പേരും അതിര്‍ത്തി നിയമം ലംഘിച്ചത് 271,986 ആളുകളുമാണ്. രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറ്റം നടത്തുന്നതിനിടെ 74,835 ആളുകള്‍ പിടിയിലായി. ഇതില്‍ യമന്‍ പൗരന്മാരും 43 ശതമാനവും എത്യോപ്യന്‍ പൗരന്മാര്‍ 54 ശതമാനവുമാണ്. മറ്റ് വിവിധ രാജ്യക്കാരാണ് ബാക്കി മൂന്ന് ശതമാനം. തെറ്റായ വഴികളിലൂടെ രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 2,924 വിദേശികളും പിടിയിലായതില്‍ പെടും. നിയമലംഘകര്‍ക്ക് താമസ, ഗതാഗത സൗകര്യമൊരുക്കിയ കുറ്റത്തിന് പിടിയിലായ 4,669 പേരില്‍ 1,702 പേര്‍ സൗദി പൗരന്മാരാണ്. അതില്‍ 1,662 ആളുകള്‍ ചോദ്യം ചെയ്യലിനും ശിക്ഷയ്ക്കും വിധേയമായ ശേഷം മോചിപ്പിക്കപ്പെട്ടു. 40 പേര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

പിടിക്കപ്പെട്ടതില്‍ 14,176 വിദേശികള്‍ രാജ്യത്തെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നു. ഇതില്‍ 12,661 പേര്‍ പുരുഷന്മാരും 1,515 പേര്‍ സ്ത്രീകളുമാണ്. 582,142 പേര്‍ക്ക് നിയമലംഘനം പിടിക്കപ്പെട്ട സന്ദര്‍ഭത്തില്‍ തന്നെ സാമ്പത്തിക പിഴ ചുമത്തി. ഇക്കാലയളവില്‍ 1,059,354 വിദേശികളെയാണ് രാജ്യത്തു നിന്ന് നാടുകടത്തിയത്.


Next Story

Related Stories