സൗദി അറേബ്യയില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാര്‍ക്ക് മോചനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഇളവിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഫൈനല്‍ എക്സിറ്റ് ലഭിച്ച ഇവര്‍ക്ക് വിമാന സര്‍വീസ് പുനഃരാരംഭിക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങാം.
അസീര്‍ പ്രവിശ്യയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ക്കാണ് ഇന്ന് ജാമ്യംലഭിച്ചത്. കേരളം കൂടാതെ യുപി, ത്രിപുര, ബീഹാര്‍, മഹാരാഷ്ട്ര, കശ്മീര്‍, എന്നീ സംസ്ഥാനക്കാരായ ഇവര്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട് നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിയവരാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പരിഗണന ലഭിച്ചതിനാലാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള വഴിതുറന്നത്. അബഹ കമ്മ്യൂണിറ്റി വിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചല്‍, ബിജു കെ നായര്‍ എന്നിവരുടെ ജാമ്യത്തില്‍ ഫൈനല്‍ എക്സിറ്റിലാണിവരെ വിട്ടയച്ചത്. സുമനസുകളോടൊപ്പം കഴിയുന്ന ഇവര്‍ക്ക് ഇനി വിമാന സര്‍വീസ് പുനരാരംഭിക്കുന്ന മുറക്ക് നാട്ടിലേക്ക് മടങ്ങാം.