ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 276 ആയി. മൂവായിരത്തിലേറെ പേര്‍ക്ക് ഇന്നലെയും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫിലെ കൊവിഡ് രോഗികളുടെ എണ്ണം 49,954 ആയി. ആറ് മരണം കൂടിയായതോടെ യുഎഇയില്‍ കോവിഡ് മരണ സംഖ്യ 82 ആയി. വിവിധ രാജ്യക്കാരാണ് മരിച്ച ആറ് പേരും. സൗദിയില്‍ 5 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 144ല്‍ എത്തി. ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ട് പേര് മരിച്ച കുവൈറ്റില്‍ മരണസംഖ്യ 22 ആണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 21 ആയി.
സൗദിയില്‍ രോഗികളുടെ എണ്ണം പതിനെണ്ണായിരം കടന്നു. ഇന്നലെ മാത്രം 1289 പേര്‍ക്കാണ് രോഗം ഉറപ്പിച്ചത്. യു.എ.ഇയെ പിന്തള്ളി രോഗികളുടെ എണ്ണത്തില്‍ ഖത്തറാണ് രണ്ടാമത്. 957 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധയേറ്റവരുടെ എണ്ണം 11244 ആയി. കുവൈത്തില്‍ 213ഉം ബഹ്റൈനില്‍ 76ഉം ഒമാനില്‍ 51ഉം പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു.
രോഗം ഭേദമാകുന്നവരുടെ എണ്ണവും ഉയര്‍ന്നു. ഗള്‍ഫില്‍ എണ്ണായിരത്തിലേറെ പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടു. കൂടുതല്‍ വാണിജ്യ കേന്ദ്രങ്ങളും മറ്റും തുറന്നതോടെ യുഎഇയില്‍ ജനജീവിതം തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. കുവൈത്തിലും ഖത്തറിലും മറ്റും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവില്ല. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ചുവടെയും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് സംവിധാനം ഏര്‍പ്പെടുത്തി.