കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നാല് ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ ദിവസം പുറത്തു വിട്ട ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാകാരമാണിത്. രാജ്യത്ത് 1.16 ലക്ഷം സ്വദേശികള്‍ക്കും 2.84 ലക്ഷം വിദേശികള്‍ക്കുമാണ് ജോലി നഷ്ടമായത്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സ്വദേശികളായ 53,000-ത്തിലധികം ജീവനക്കാര്‍ രാജി സമര്‍പ്പിച്ചതായും അതേ കാലയളവില്‍ 36,000-ത്തിലധികം സൗദി കരാറുകള്‍ കാലഹരണപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം 11,000 ത്തിലധികം സ്വദേശികള്‍ അവരുടെ തൊഴില്‍ കരാറുകള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം പാദത്തില്‍ ജോലി ഉപേക്ഷിച്ച മൊത്തം സ്വദേശികളുടെ എണ്ണം 116,000 ആണ്. രണ്ടാം പാദത്തില്‍ 284,000 വിദേശ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ 60,000 തൊഴിലാളികള്‍ രാജി നല്കി. 2020 ന്റെ ആദ്യ പാദത്തെ(11.8 ശതമാനം) അപേക്ഷിച്ച് സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനത്തിലെത്തിയതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു.
രണ്ടാം പാദത്തില്‍ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം 0.03 ശതമാനം കുറഞ്ഞ് 13.63 ദശലക്ഷമായി. 2020 ന്റെ ആദ്യ പാദത്തില്‍ 13.635 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മാസത്തിനുള്ളില്‍ 5,000 ജീവനക്കാരുടെ കുറവാണ് കാണിച്ചത്. രണ്ടാം പാദം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ എണ്ണം 3.17 ദശലക്ഷമായി കുറഞ്ഞു. കഴിഞ്ഞ പാദത്തില്‍ ഇത് 3.203 ദശലക്ഷമായിരുന്നു. സൗദി പുരുഷ തൊഴിലാളികളുടെ എണ്ണം ഏകദേശം 2.055 ദശലക്ഷത്തിലെത്തി, ആദ്യ പാദത്തിലെ 2.066 ദശലക്ഷം തൊഴിലാളികളില്‍ നിന്ന്, സൗദി വനിതാ തൊഴിലാളികളുടെ എണ്ണം 1.115 ദശലക്ഷമായി കുറഞ്ഞു, ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇത് 1.136 ദശലക്ഷമായിരുന്നു.