കുവൈറ്റില്‍ കൊവിഡ് 19 വ്യാപിച്ച ഇന്ത്യന്‍ വംശജരുടെ എണ്ണം വര്‍ധിച്ചതായി റിപോര്‍ട്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരില്‍ നാല്‍പ്പത്തിരണ്ട് പേര് ഇന്ത്യക്കാരാണ്. പുതിയ കണക്ക് കൂടി ചേര്‍ത്താല്‍ രാജ്യത്ത് രോഗം സ്ഥിരീകരിച്ച 417 പേരില്‍ 115 പേരും ഇന്ത്യക്കാരാണ്. 24 മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ 75 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.
സ്വദേശികള്‍ കഴിഞ്ഞാല്‍ കുവൈറ്റില്‍ ഏറ്റവും അധികമുള്ള വിദേശി സമൂഹമാണ് ഇന്ത്യന്‍ പൗരന്മാര്. അതു കൊണ്ട് തന്നെ കൊവിഡ് 19 ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് സ്വദേശികളിലും വിദേശികളിലും ആശങ്കയുളവാക്കുന്നുണ്ട്. 42 ഇന്ത്യക്കാര്‍ക്ക് പുറമെ, 11 കുവൈറ്റ് പൗരന്മാര്, 10 ബംഗ്ലാദേശ് പൗരന്മാര്, 8 ഈജിപ്ത് പൗരന്മാര് ഒരു നേപ്പാള്‍ പൗരന്, ഒരു ഇറാഖി, ഒരു ഫിലിപ്പിനോ എന്നിങ്ങനെയാണ് പുതിയ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്.
26 ഇന്ത്യക്കാര്‍, 4 കുവൈറ്റികള്‍, 3 ബംഗ്ലാദേശികള്‍, മൂന്നു ഈജിപ്തുകാര്‍ എന്നിവര്‍ക്ക് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. നേരത്തെ ചികിത്സയില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ കൂടി രോഗമുക്തനായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയി. നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പതിനാറു പേര് തീവ്രപരിചരണവിഭാഗത്തിലാണ്.