വാഹനമോടിക്കുമ്പോള്‍ ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ്. പിഴ കൂടാതെ നിയമം ലംഘിക്കുന്നവര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും. മറ്റുള്ളവര്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നവരെക്കുറിച്ച് പോലീസ് ഹോട്ട് ലൈനില്‍ വിവരമറിയിക്കണം. താമസക്കാര്‍ക്ക് കൂടുതല്‍ സമാധാനവും സ്വസ്ഥതയും നല്‍കുന്നതിനാണ് അധികൃതരുടെ ശ്രമം. അര്‍ധരാത്രിയില്‍ വാഹനങ്ങളില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം താമസക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. അനധികൃത കാര്റേസിങ്ങിനെതിരേയും നിയമനടപടി സ്വീകരിക്കും. വാഹനമോടിക്കുന്നവര്‍ ഹോണ്‍ അമിതമായി ഉപയോഗിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കണം. പ്രത്യേകിച്ച് ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്ക് സമീപവും ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.
അശ്രദ്ധമായി വാഹനമോടിച്ചാല്‍ 2000 ദിര്‍ഹമാണ് പിഴ. കൂടാതെ 23 ബ്ലാക്ക് പോയന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനത്തിന്റെ എന്ജിന്ഭാഗങ്ങള് ഉചിതമല്ലാത്ത രീതിയില്‍ പരിഷ്കരിച്ചാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.