അബൂദബിയില്‍ വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി അബൂദബി പൊലിസ്. വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കാത്തതിനാല്‍ ആറുമാസത്തിനുള്ളില്‍ അബൂദബിയില്‍ നടന്നത് പതിമൂവായിരത്തിലേറെ അപകടങ്ങളാണ്. പൊതു നിരത്തില്‍ നിയമലംഘനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അബൂദബി പൊലിസ് മുന്നറിയിപ്പ് നല്കി.
വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് അബുദബി പൊലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോളിംഗ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. മുന്നിലെ വാഹനം അപ്രതീക്ഷിതമായി വേഗത കുറക്കുകയോ നിര്‍ത്തുകയോ ചെയ്യുന്നതാണ് പല ഘട്ടങ്ങളിലും അപകട സാഹചര്യം രൂപപ്പെടുത്തുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 13800ഓളം നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിശ്ചിത അകലം പാലിക്കാത്തവര്‍ക്ക് ഫൈനും ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ.