ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി ഫ്ലൈ ദുബായും എയര്‍ ഇന്ത്യ എക്സ്പ്രസും യാത്രാ ഒരുക്കങ്ങളുടെ ഭാഗമായി കോവിഡ് -19 പരിശോധനകള്‍ സംബന്ധിച്ചുള്ള പുതിയനിര്‍ദ്ദേശങ്ങള്‍ അറിയിച്ചു. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും കോവിഡ് -19 നെഗറ്റീവ് പിസിആര്‍ പരിശോധന ഫലം കാണിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് ദ്രുതപരിശോധന ഒഴിവാക്കിയതായാണ് ഫ്ലൈ ദുബായി അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ നടത്തിയിരുന്ന റാപിഡ് ടെസ്റ്റ് ആണ് ഒഴിവാക്കിയത്.
ടിക്കറ്റെടുത്ത് മാസ്കും ധരിച്ച് വന്നാല്‍ ഫ്ലൈ ദുബായില്‍ യാത്ര ചെയ്യാമെന്ന് വിമാന അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനം ഉടന്‍ നടപ്പിലാകും. എന്നാല്‍ മറ്റ് വിമാന കമ്പനികളൊന്നും ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പരിശോധന നടത്തുന്നതിനുള്ള റാപിഡ് പരിശോധനാ കേന്ദ്രം വിമാനത്താവളത്തില്‍ നിന്ന് ദുബായ് ശബാബ് അല്അഹ്ലി ഫുട്ബോള്‍ ക്ലബ്ബിലേക്ക് മാറ്റിയിരുന്നു. ഇതോടെ വലിയ തിരക്കാണ് പരിശോധനാ കേന്ദ്രത്തില്‍ അനുഭവപ്പെടുന്നത്.
വെള്ളിയാഴ്ച മുതല്‍ അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണ് വേണ്ടത്. അബുദാബിയില്‍ നിന്ന് ഓഗസ്റ്റ് 21 മുതല്‍ യാത്ര ചെയ്യുന്നവരാണ് കൊവിഡ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്.
ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും സൗജന്യ ടെസ്റ്റിംഗ് സേവനം വാഗ്ദാനം ചെയ്തിരുന്നു, പ്രധാനമായും ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്ന യാത്രക്കാര്‍ ഇത് പ്രയോജനപ്പെടുത്തിയിരുന്നു.