TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തുന്ന പൗരന്‍മാര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; പ്രതിഷേധം

ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തുന്ന പൗരന്‍മാര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; പ്രതിഷേധം

ഇന്ത്യയില്‍നിന്ന് തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. മെയ് മൂന്നിനുശേഷം തിരിച്ചെത്തുന്നവര്‍ക്കാണ് ശിക്ഷ. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നല്‍കുന്നതുപോലുള്ള ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായാണ് താല്‍ക്കാലികമായാണെങ്കിലും ഓസ്‌ട്രേലിയ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. തീരുമാനത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മെയ് മൂന്നിന് 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്ത ഓസ്ട്രേലിയന്‍ പൗരന്മാരെയും ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരെയുമാണ് തീരുമാനം ബാധിക്കുക. യാത്ര ചെയ്തശേഷം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കെതിരെ 51000 ഡോളര്‍ വരെ പിഴയും അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ചുമത്താന്‍ പൊലീസിന് അധികാരം നല്‍കി. ജനതയുടെ ആരോഗ്യം ഉറപ്പാക്കാനും ക്വാറന്റീന്‍ സംവിധാനം ശക്തിപ്പെടുത്താനും ഇത്തരമൊരു നടപടി അനിവാര്യമാണെന്നാണ് തീരുമാനത്തെ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് ന്യായീകരിച്ചത്. ലാഘവത്തോടെയല്ല, അതീവ ഗൗരവത്തോടെ എടുത്ത തീരുമാനമാണ്. ജനം അക്കാര്യം മനസിലാക്കണം. മെയ് 15ന് സ്ഥിതിഗതി വിലയിരുത്തിയശേഷം തുടര്‍നടപടികളെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹ്യൂമന്‍ റൈറ്‌സ് വാച്ച് രംഗത്തെത്തി. സര്‍ക്കാരിന്റേത് അതിരുകടന്ന തീരുമാനമായിപ്പോയി. സ്വന്തം നാട്ടില്‍ തിരിച്ചെത്തുക ഒരു പൗരന്റെ മൗലികമായ അവകാശമാണ്. നിലവിലെ ക്വാറന്റീന്‍ സംവിധാനം ശക്തിപ്പെടുത്താതെ ഇങ്ങനെ ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും സംഘടന ചോദിക്കുന്നു. വംശീയ പ്രശ്‌നങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ വംശജരും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ, കോവിഡ് ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ആഴ്ച ആദ്യം മുതല്‍ വിലക്കുണ്ടെങ്കിലും പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്‌ട്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രതിദിനം ശരാശരി 23 പോസിറ്റീവ് കേസുകള്‍ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. 2020 മാര്‍ച്ച് മുതല്‍ അതിര്‍ത്തികള്‍ അടച്ചിട്ടാണ് ഓസ്‌ട്രേലിയ കോവിഡ് വ്യാപനത്തിന് തടയിട്ടത്.


Next Story

Related Stories