TopTop
Begin typing your search above and press return to search.

കൊവിഡ് 19: കായിക മല്‍സരങ്ങള്‍ റദ്ദാക്കി ഗള്‍ഫ് രാജ്യങ്ങള്‍

കൊവിഡ് 19: കായിക മല്‍സരങ്ങള്‍ റദ്ദാക്കി ഗള്‍ഫ് രാജ്യങ്ങള്‍

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രധാന കായിക മല്‍സരങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഊര്‍ജിതമായ ബോധവത്കരണ പരിപാടികള്‍ നടക്കുന്നു. രാജ്യത്തിന് അകത്തും പുറത്തും വിദ്യാര്‍ഥികള്‍ ഒത്തുകൂടുന്ന വലിയ പരിപാടികള്‍ തത്കാലം വേണ്ട എന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികള്‍ക്ക് പ്രതിരോധശേഷി കുറവായതിനാല്‍ രാജ്യത്തെ നഴ്സറികള്‍ രണ്ടാഴ്ച അടച്ചിടണമെന്നും നിര്‍ദേശമുണ്ട്.

അബുദാബിയില്‍ അന്താരാഷ്ട്ര സൈക്ലിങ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന റിപോര്‍ട്ടുകള്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. അബുദാബിയില്‍ നടക്കാനിരിക്കുന്ന പ്രധാന കായിക പരിപാടികള്‍ റദ്ദാക്കി. 2020 ഐ.ടി.യു. വേള്‍ഡ് ട്രയാത്ലണ്‍, അബുദാബി പാരാട്രയാത്ലണ്‍ വേള്‍ഡ് കപ്പ്, അബുദാബി മിക്സഡ് റിലേ എന്നീ കായിക പരിപാടികളാണ് ഉപേക്ഷിച്ചത്. കരുതല്‍ നടപടിയെന്നോണം ഇന്റര്‍നാഷണല്‍ ട്രയാത്ലണ്‍ യൂണിയനും അബുദാബി സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്. മാര്‍ച്ച് അഞ്ച് മുതല്‍ ഏഴുവരെ യാസ് ഐലന്‍ഡില്‍ നടത്താനിരുന്ന ഈ മത്സരങ്ങള്‍ മാര്‍ച്ച് അവസാനമോ, ഏപ്രിലിലോ നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. യാത്രാവിലക്കേര്‍പ്പെടുത്തുകയും വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുകയും ചെയ്ത രാജ്യങ്ങളില്‍ നിന്നടക്കമുള്ളവര്‍ മത്സരങ്ങള്‍ക്കെത്തേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം. മൂവായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന കായിക പരിപാടിയാണിത്.

ഖത്തറില്‍ അടുത്ത വാരം നടക്കേണ്ട മോട്ടോ ജിപി മല്‍സരവും മാറ്റി വെച്ചവയില്‍ ഉള്‍പ്പെടും. ഇറ്റലി ഉള്‍പ്പെടെ കൊവിഡ് 19 പടര്‍ന്ന രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ കൂടി ഉള്‍പ്പെടുന്നതിനാലാണ് മുന്‍കരുതല്‍ എന്ന നിലക്ക് പ്രധാന കായിക മല്‍സരങ്ങള്‍ മാറ്റിവെക്കാനുള്ള തീരുമാനം. കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകളും യു.എ.ഇയില്‍ നഴ്‌സറി സ്ഥാപനങ്ങളും ഈ മാസം പകുതി വരെ അടച്ചിടാനാണ് തീരുമാനം. ഏതൊരു അടിയന്തര സാഹചര്യവും നേരിടുന്നതിന്റെ ഭാഗമായി സൗദിയില്‍ 25 ആശുപത്രികള്‍ സജ്ജമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യയില്‍ രോഗബാധിതരുടെ എണ്ണം 1200 കവിഞ്ഞു. കുവൈറ്റില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 56 ആയി. പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇറാന്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയവര്‍ക്കാണ് രോഗബാധയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനില്‍ 6 പേര്‍ക്ക് കൂടിയാണ് ഇന്നലെ രാത്രിയോടെ രോഗം ഉറപ്പിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 47 ആയി. ഖത്തറില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ 21ഉം ഒമാനില്‍ ആറും കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്.


Next Story

Related Stories