TopTop
Begin typing your search above and press return to search.

കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കും, കര്‍ശന മാനദണ്ഡങ്ങളും പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കും, കര്‍ശന മാനദണ്ഡങ്ങളും പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജിസിസി രാജ്യങ്ങള്‍ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ നടപ്പാക്കി. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നി രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്‍പ്പെടെ വിവിധ യാത്രാ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.

34.8 ദശലക്ഷം ജനസംഖ്യയുള്ള ഏറ്റവും വലിയ ജിസിസി രാജ്യമായ സൗദി അറേബ്യ നിലവില്‍ ഇന്ത്യയില്‍ നിന്നുള്ളതുള്‍പ്പെടെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഭാഗിക വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്, അടുത്ത മാസം വരെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കും. കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തിലേറെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ശേഷം മെയ് 17 ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചു, ചില വിഭാഗത്തില്‍പ്പെട്ട സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും വിദേശയാത്ര അനുവദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈന്യം, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബങ്ങള്‍, വിദേശത്ത് വൈദ്യചികിത്സ ആവശ്യമുള്ള രോഗികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും, വ്യക്തികളുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന തവക്കല്‍ന ആപ്ലിക്കേഷന്‍ പരിശോധന കര്‍ശനമാക്കിയുമുള്ള പരിശോധനകളാണ് നടന്നു വരുന്നത്. ഇതിനായി പ്രത്യേക സുരക്ഷാ ഏജന്‍സികളുടെ സേവനം ലഭ്യമാക്കിയതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റ് വെള്ളിയാഴച മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക വിമാനങ്ങള്‍ക്കും കുവൈത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായതിനു പിറകെയാണ് കുവൈറ്റ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കു പുറമെ മറ്റ് 33 രാജ്യങ്ങള്‍ക്കും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വന്ദേഭാരത് സര്‍വീസ് വഴി കുവൈത്തിലേക്കെത്താന്‍ അനുമതിയുണ്ടായിരുന്നു. ഇതുകൂടി തടഞ്ഞാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരും.

ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രാവിലക്ക് 24 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതു സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഒമാന്‍ സമയം വൈകിട്ട് ആറു മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും. ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 14ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്കുണ്ട്. അതേസമയം, ഒമാന്‍ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍നിന്ന് ഖത്തറിലെത്തുന്നവര്‍ക്കു പുതിയ നിയന്ത്രണം. ഖത്തറിലെത്തിയാല്‍ പത്തുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. അതേസമയം, നേപ്പാള്‍ വഴിയുള്ള യാത്രയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഖത്തറിലെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആണു നിര്‍ബന്ധമാക്കിയിരിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഉത്തരവ് ബാധകമാണ്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ വിവരം അറിയിച്ചത്. നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച രാത്രിയോടെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഏപ്രിൽ 27 മുതൽ കോവിഡ് നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്കു വരുന്നവർക്കും നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ ബഹ്റൈനിലേക്കും ഖത്തറിലേക്കുമാണ് ഇന്ത്യയിൽ നിന്ന് യാത്രാ അനുമതിയുള്ളത്.




Next Story

Related Stories